കാളി-ദാരിക യുദ്ധം
ഹിന്ദുമത ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ഒരു യുദ്ധമാണ് കാളി-ദാരിക യുദ്ധം. ലിംഗപുരാണത്തിലാണ് കാളി ദാരിക യുദ്ധം പ്രതിപാദിച്ചിട്ടുള്ളത്. ദാരികനിഗ്രഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകൾ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉണ്ട്. അതു പോലെ ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നിരവധി അനുഷ്ഠാന കലകളും പ്രചാരത്തിലുണ്ട്. ഭരണി (ഉത്സവം), പൊങ്കാല, കുത്തിയോട്ടം, മുടിയാട്ടം, പറണേറ്റ്, കളമെഴുത്തുപാട്ട്, പടയണി തുടങ്ങിയ ആഘോഷങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഇതിവൃത്തം കാണാം.
ദാരികനിഗ്രഹ കഥ
[തിരുത്തുക]ഹൈന്ദവ ഗ്രന്ഥമായ ലിംഗപുരാണത്തിലെ ദാരികനിഗ്രഹകഥ പ്രതിപാദിക്കുന്നത്.
ദേവാസുരയുദ്ധത്തിൽ അസുരന്മാർ പരാജയപ്പെട്ടതിൽ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ച രാക്ഷസ സഹോദരിമാരായ ദാരുമതിയും ദാനവതിയും ബ്രഹ്മാവിനെ തപസ് ചെയ്തു, അതിശക്തന്മാരായ പുത്രന്മാർ ഉണ്ടാകണം എന്ന വരം വാങ്ങി. കാലക്രമേണ ദാരുമതിയ്ക്ക് ദാരികൻ എന്നും ദാനവതിയ്ക്ക് ദാനവൻ എന്നും പേരോടുകൂടിയ പുത്രന്മാർ ഉണ്ടായി. ദാരികൻ അസുരന്മാരുടെ ചക്രവർത്തി ആവുകയും ദാനവൻ ദൈത്യ സേനാനായകനുമായി മാറി. ദാരികൻ എന്ന അസുര ചക്രവർത്തി ബ്രഹ്മാവിന്റെ കടുത്ത ഭക്തനായിരുന്നു. മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം പ്രപഞ്ച ചക്രവർത്തി ആകുവാൻ ബ്രഹ്മാവിനെ തപസ് ചെയ്ത ദാരികവീരൻ, സ്ത്രീപുരുഷ സംയോഗത്തിലൂടെ പിറക്കാത്ത ഒരു സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ കഴിയൂ എന്ന വരം വാങ്ങുന്നു, അതും ഒരു തുള്ളി രക്തം പോലും വീഴാതെ, കൂടാതെ പതിനായിരം ആനകളുടെ ശക്തിയും, ബ്രഹ്മദണ്ഡും, ബ്രഹ്മ മന്ത്രവും വരമായി നേടി.[1] യുദ്ധത്തിൽ ഒരു തുള്ളി രക്തം താഴെവീണാൽ അതിൽ നിന്ന് ആയിരം ദാരികന്മാർ ജനിക്കും എന്നതായിരുന്നു വരം.[1] ഈ അനുഗ്രഹത്താൽ വളരെ ശക്തനായ ദാരികൻ, ഭൂമിയിലും സ്വർഗ്ഗത്തിലും നാശം വിതയ്ക്കുന്നു. സ്ത്രീകൾ അമ്പലകളും അംഗരാഗങ്ങളിൽ ഭ്രമിക്കുന്നവരും ആണെന്ന് ചിന്തിച്ച ദാരികന് സ്ത്രീകളോട് പുച്ഛമായിരുന്നു. തന്നെ വധിക്കുവാൻ ആർക്കും സാധിക്കില്ലെന്ന് കരുതിയ ദാരികൻ തനിക്ക് അമരത്വം സിദ്ധിച്ചതായി കരുതി. സർവ്വ ലോകങ്ങളും ദാരികന്റെ ആധിപത്യത്തിൽ വരുന്നു.
ദാരികന്റെ അതിക്രമത്തിൽ എല്ലാം നഷ്ടപെട്ട ദേവന്മാർ മഹാവിഷ്ണുവിൽ അഭയം തേടുന്നു. ഭഗവാന്റെ ഉപദേശപ്രകാരം എല്ലാവരും കൈലാസത്തിലെത്തി മഹാദേവനെ കണ്ടു സങ്കടം പറയുന്നു. ദാരികന് സ്ത്രീകളോട് പുച്ഛമാണ് എന്നറിഞ്ഞ പരമശിവൻ, അവന്റെ അന്തകിയെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നു. ശിവന്റെ ഉപദേശപ്രകാരം ത്രിമൂർത്തികളുടെ മൂന്ന് അംശങ്ങളും സുബ്രഹ്മണ്യൻ, ഇന്ദ്രൻ, വരുണൻ, യമൻ ഇവരുടെ നാല് അംശങ്ങളും കൊണ്ട്, ദേവശക്തികളായ ആറു സ്ത്രീകളെ (സപ്തമാതാക്കളിൽ ഉൾപ്പെടുന്ന ആറു പേർ) സൃഷ്ടിച്ച് ദാരിക നിഗ്രഹത്തിനയച്ചു. ബ്രഹ്മാവിൽ നിന്നും ബ്രാഹ്മി, വിഷ്ണുവിൽ നിന്നും വൈഷ്ണവി, മഹാദേവനിൽ നിന്നും മഹേശ്വരി, ഇന്ദ്രനിൽ നിന്നും ഇന്ദ്രാണി, വരാഹ ഭഗവാൻ, യമൻ, വരുണൻ തുടങ്ങിയവരുടെ ശക്തികൾ ചേർന്ന് വാരാഹി, സുബ്രഹ്മണ്യനിൽ നിന്നും കൗമാരി എന്നിവരായിരുന്നു ആ ആറുദേവിമാർ.[2] എന്നാൽ ദാരികനും ആറു മാതാക്കളും തമ്മിൽ നടന്ന യുദ്ധത്തിൽ ദാരികൻ ആണ് വിജയിച്ചത്. ദാരികന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും അനേകം ദാരികന്മാർ ഉണ്ടായി വന്നു. ദാരികന് നേർമാർഗം ഉപദേശിക്കാൻ മഹാദേവൻ നാരദരെ അയക്കുന്നു. എന്നാൽ ശിവദൂതനായ നാരദനെ ദാരികൻ രാജസഭയിൽ വച്ചു വധിക്കാൻ ശ്രമിക്കുന്നു. നാരദൻ ശിവപാദങ്ങളിൽ അഭയം തേടുന്നു. [2]
ഇതിൽ കോപിഷ്ടനായ, ശിവൻ തന്റെ മൂന്നാം കണ്ണ് തുറക്കുകയും, തൃക്കണ്ണിലെ അഗ്നിയിൽ നിന്ന്, ലോകമാതാവായ ആദിപരാശക്തി ശ്രീ ഭദ്രകാളി രൂപത്തിൽ സർവായുധധാരിയായി മനോഹരമായ കറുത്ത നിറത്തോടെയും, കോടി സൂര്യന്മാരുടെ തേജസോടെയും പ്രത്യക്ഷപ്പെടുന്നു. ദാരികനെ വധിച്ചു ലോകത്തിന് മംഗളം ചെയ്യുവാൻ ശിവൻ ഭദ്രകാളിയോട് ആവശ്യപ്പെടുന്നു. വേതാളിയുടെ തോളിലേറി അതിവേഗത്തിൽ ഭഗവതി ദാരികാപുരിയിലെക്ക് കുതിച്ചു. കാളികൂളികളും ശിവന്റെ ഭൂതഗണങ്ങളും ദേവിക്ക് അകമ്പടി സേവിച്ചു. ദാരികാപുരിയിൽ എത്തിയ ഭദ്രകാളി ഉഗ്രരൂപം പ്രാപിച്ചു. ഭദ്രകാളിയുടെ പോർവിളിയിൽ ദാരികാപുരി നടുങ്ങി. ദാരികന്റെ ഉള്ളിൽ നേരിയ ഭയം ഉണ്ടായെങ്കിലും തന്റെ വിജയത്തിന് വേണ്ടി ബ്രഹ്മമന്ത്രം നിരന്തരം ചൊല്ലാൻ ഭാര്യയെ ഉപദേശിച്ചു അയാൾ സർവ സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പുറപ്പെട്ടു. എന്നാൽ ആകാശ യുദ്ധം നടത്തിയിട്ടു പോലും വീരനായ ദാരികനെ വധിക്കുവാൻ ആദ്യം ഭഗവതിക്ക് കഴിയുന്നില്ല. ഭദ്രയ്ക്ക് നേരിട്ട ഈ പ്രതിസന്ധി മനസിലാക്കിയ ശ്രീ പാർവതി യുദ്ധക്കളത്തിൽ ദുർഗ്ഗാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ദുർഗ്ഗാ ഭഗവതി ദാരികനെ വധിക്കാനുള്ള രഹസ്യമായ ബ്രഹ്മമന്ത്രം അയാളുടെ ഭാര്യ മനോദരിയിൽ നിന്നും മനസിലാക്കി അത് കാളിക്ക് ഉപദേശിച്ചു വിജയാശംസ നേരുന്നു.[3] അതോടെ ഭദ്രകാളി പൂർവാധികം ശക്തിയോടെ അടർക്കളത്തിൽ എത്തുന്നു. തുടർന്ന് കാളിയും ദാരികനുമായി ഭയങ്കരമായ യുദ്ധം നടക്കുന്നു. അവസാനം ദാരികൻ ബ്രഹ്മദണ്ഡ് കൊണ്ട് ഭഗവതിയെ അടിക്കാൻ ശ്രമിച്ചു. എന്നാൽ ബ്രഹ്മ ദണ്ഡ് ബലമായി പിടിച്ചു വാങ്ങിയ ഭദ്രകാളി അതുകൊണ്ട് ദാരികനെ തല്ലാൻ തുടങ്ങി. ദേവിയെ ഭയന്ന് ഓടിപ്പോയ ദാരികൻ ഒരു ഗുഹയിൽ കയറി ഒളിച്ചു. ദാരികനെ ഭഗവതി എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. വിശ്വരൂപം പൂണ്ട കാളി തന്റെ നാവ് പുറത്തേക്ക് നീട്ടി സൂര്യനെ വിഴുങ്ങി. ഇരുട്ട് പരന്നപ്പോൾ രാത്രി ആയെന്നു കരുതി പുറത്തു വന്ന ദാരികനെ തൽക്ഷണം കാളി വധിക്കുന്നു.[1] ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാൻ അനുവദിക്കാതെ അയാളുടെ രക്തവും മാംസവും ദേവി വാഹനമായ വേതാളിയും ഭൂതഗണങ്ങളും ഭക്ഷിക്കുന്നു. ഈ സമയം ബ്രഹ്മാദി ദേവകൾ ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി ഭഗവതിയെ സ്തുതിക്കുന്നു. അങ്കക്കലി അടങ്ങാതെ ഭദ്രകാളി ദാരികാപുരി ഇടിച്ചു തകർത്തുതരിപ്പണമാക്കുന്നു. തുടർന്ന് ദാരിക ശിരസ്സും കയ്യിലേന്തി ഭദ്രകാളിയും കൂട്ടരും വിജയാരവത്തോടെ കൈലാസത്തിലേക്ക് തിരിച്ചു.[1]
അനുഷ്ഠാനകലകളും ആചാരങ്ങളും
[തിരുത്തുക]ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നിരവധി അനുഷ്ഠാന കലകൾ കേരളത്തിൽ പ്രചാരത്തിലുണ്ട്.
മുടിയേറ്റ്
[തിരുത്തുക]യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്.[4] കുറുപ്പ്, മാരാർ സമുദായത്തിൽ പെട്ടവരാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്.[5]
കൊടുങ്ങല്ലൂർ ഭരണി
[തിരുത്തുക]കാളീ-ദാരികയുദ്ധം തുടങ്ങുന്നു എന്ന സങ്കൽപ്പത്തിൽ ആണ് കൊടുങ്ങല്ലൂർ ഭരണിയിലെ പ്രധാന ചടങ്ങ് ആയ "കോഴിക്കല്ലു മൂടൽ" നടത്തപ്പെടുന്നത്. ഭദ്രകാളി ദാരികനുമായുള്ള യുദ്ധത്തിൽ വിജയം വരിച്ചതായി വിശ്വസിക്കുന്ന രേവതിനാളിലാണ് പ്രസിദ്ധമായ "രേവതി വിളക്ക്" നടത്തപ്പെടുന്നത്.[6] മീനമാസത്തിലെ തിരുവോണം നാളിൽ കോഴിക്കല്ല് മൂടി കാളിയും ദാരികനും യുദ്ധത്തിന് സമയം കുറിച്ച്, തുടർന്നുള്ള ഉത്രട്ടാതി നാളിൽ പരസ്പരം യുദ്ധം ചെയ്ത്, ഒടുവിൽ രേവതിനാളിൽ ത്രിസന്ധ്യയോടെ പ്രതീകാത്മകമായി ദാരികന്റെ തലയറുത്ത് ലോകത്തിന് പ്രകാശം പരത്തുന്നതാണ് രേവതിവിളക്കിൻ്റെ ഐതീഹ്യം. തുടർന്ന് അശ്വതി നാളിൽ പ്രത്യേക പൂജയും കാവ് തീണ്ടലും നടക്കുന്നു.[7]
നിണബലി
[തിരുത്തുക]വടക്കൻ കേരളത്തിലെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രചാരത്തിലുള്ള ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കിയുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് നിണബലി.[8] മലയ ജനവിഭാഗം, ബാധ ഒഴിപ്പിക്കൽ ചടങ്ങുകളുടെ ഭാഗമായി വീടുകളിൽ അവതരിപ്പിക്കുന്നതാണ് ഈ കലാരൂപം.[8]
കാളിദാരികൻ
[തിരുത്തുക]ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന അനുഷ്ഠാന നാടകമാണ് കാളിദാരികൻ. കാളിയും ദാരികാസുരനുമായുള്ള പോർവിളിയും ഒടുവിൽ കാളി ദാരികനെ കൊല്ലുന്നതുമാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. മദ്ധ്യകേരളത്തിൽ, തൃശൂർ, പാലക്കാട് ജില്ലകളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാന നാടകം അവതരിപ്പിച്ചു വരുന്നു.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാൽ ക്ഷേത്രത്തിലെ പൂരം തൃശ്ശൂർ ചേലക്കര അന്തിമഹാകാളൻ കാവിലെ വേല എന്നിവ കാളിദാരികന് പ്രസിദ്ധമാണ്.[9] കാളിദാരികൻ നാടകത്തിലെ പ്രധാന ഭാഗമായ കാളിയും ദാരികനും ആയുള്ള സംവാദം കാട്ടകാമ്പാലിൽ വായ്പ്പോര് എന്നും അന്തിമഹാകാളൻ കാവിൽ പെശക്കം എന്നുമാണ് അറിയപ്പെടുന്നത്.[9]
പടയണി
[തിരുത്തുക]ദാരികനെ പരാശക്തിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന മറ്റൊരു അനുഷ്ഠാന കലയാണ് പടയണി. ദാരികനെ വധിച്ചിട്ടും ദേവിയുടെ കോപം ശമിച്ചില്ല, തുടർന്ന് ശിവൻ കോപാകുലയായ കാളിയുടെ മുന്നിൽ കുട്ടികളുടെ രൂപത്തിൽ ഗണപതിയെയും നന്ദിയെയും അയച്ചു. കുട്ടികളെ കണ്ടപ്പോൾ കാളിയുടെ മനസ്സ് മാതൃസ്നേഹത്താൽ നിറഞ്ഞു, ഇതാണ് പടയണിയിൽ അവതരിപ്പിക്കുന്നത്.[1]
വട്ടമുടി
[തിരുത്തുക]കേരളത്തിൽ പഴയ വള്ളുവനാട് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാളി-ദാരിക യുദ്ധം അടിസ്ഥാനമാക്കിയുള്ള ഒരു അനുഷ്ഠാന കലയാണ് വട്ടമുടി. പ്രധാനമായും കേരളത്തിലെ പറയ സമുദായക്കാർ ആചരിക്കുന്ന അനുഷ്ഠാനകലയാണ് വട്ടമുടി.[10] വട്ടമുടി അണിയുന്ന ആളിനെ ഭഗവതിയുടെ പ്രതിരൂപമായാണ് കാണുന്നത്.[11]
കളമെഴുത്തും പാട്ടും
[തിരുത്തുക]ദാരികവധം അടിസ്ഥാനമാക്കി ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും. ഭദ്രകാളിയുടെ രൂപം കളം വരച്ചു ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകളോടെയാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിലെ ആദി കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ഭഗവതിയെ സ്തുതിക്കുന്ന രീതിയിലും ഇത് പാടാറുണ്ട്. കാളി ദാരിക കഥ ഇതിവൃത്തമായി ഇതിൽ വരാറുണ്ട്.[2]
കാളിയൂട്ട്
[തിരുത്തുക]കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇതിവൃത്തമാക്കി കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്.[12] തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശാർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട് എന്നാണ് വിശ്വാസം.[12]
കാളി തീയാട്ട്
[തിരുത്തുക]കാളിദാരിക യുദ്ധം അടിസ്ഥാനമാക്കി കളത്തിനു മുന്നിൽ അരങ്ങേറുന്ന ഒരു അനുഷ്ടാന നൃത്തമാണ് കാളി തീയാട്ട്.[13] വിവിധ കഥാപാത്രങ്ങളായി ഒരു വേഷം തന്നെ അഭിനയിക്കുന്ന പകർന്നാട്ടം ഈ അനുഷ്ഠാനത്തിൻ്റെ ഒരു പ്രത്യേകതയാണ്.[13]
നങ്ങ്യാർ കൂത്ത്
[തിരുത്തുക]മാർഗ്ഗി ഉഷ തൊഴുവൻകോട് ദേവീക്ഷേത്രത്തിൽ ദാരികവധം കഥ നങ്ങ്യാർ കൂത്ത് രൂപത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്.[14]
തെയ്യം
[തിരുത്തുക]ദാരികനെ വധിച്ച കാളിയുടെ ഭാവത്തിൽ ആരാധിക്കുന്ന ഒരു തെയ്യമാണ് കുണ്ടോറ ചാമുണ്ഡി.[15] വേലന്മാർ ആണ് ഈ തെയ്യം കെട്ടുന്നത്. ഈ സമുദായക്കാർ കെട്ടിയാടിവരുന്ന കുറത്തി, പരവച്ചാമുണ്ഡി, തൊരക്കാർ, മോന്തിക്കോലം തുടങ്ങിയ തെയ്യങ്ങളിലെ ആരാധനാമൂർത്തിയും ഇതുതന്നെയാണ്.[15]
നാടകങ്ങൾ
[തിരുത്തുക]കാളി നാടകം
[തിരുത്തുക]അതിന്റെ 25-ാം വർഷത്തിൽ, കൊച്ചി ആസ്ഥാനമായുള്ള ലോകധർമ്മി തിയേറ്റർ ഗ്രൂപ്പ് കാളിദാരിക യുദ്ധം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന നാടകമാണ് 'കാളി നാടകം'.[16][17] സജിത മഠത്തിൽ തിരക്കഥയെഴുതി മുഖ്യ വേഷം ചെയ്യുന്ന നാടകം സംവിധാനം ചെയ്യുന്നത് ചന്ദ്രദാസൻ ആണ്.[16] സ്ത്രീയുടെ ശക്തി അടിച്ചമർത്തപ്പെടുന്ന ആധുനിക സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കാളിയുടെയും ദാരികൻ്റെയും പുരാണത്തെ ചിത്രീകരിക്കുന്നതാണ് നാടകമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.[16]
ചലച്ചിത്രങ്ങൾ
[തിരുത്തുക]ദൃഷ്ടാന്തം
[തിരുത്തുക]മുരളി നായകനായ ദൃഷ്ടാന്തം എന്ന മലയാള ചലച്ചിത്രവും കാളി-ദാരികയുദ്ധം പശ്ചാത്തലമാക്കിയ കലയെ അടിസ്ഥാനമാക്കിയുള്ളതാണ്.[18] ഇതിൽ മുരളി അനുഷ്ഠാന കലാരൂപമായ തീയ്യാട്ട് കലാകാരനായി വേഷമിടുന്നു.[18]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Myth behind the art form of Padayani | Kerala Tourism" (in ഇംഗ്ലീഷ്). Retrieved 2023-04-14.
- ↑ 2.0 2.1 2.2 "ഭദ്രകാളിക്ക് വസൂരി വന്നത് എങ്ങനെ എന്നറിയാമോ? കളമെഴുത്തും പാട്ടിനും പിന്നിലെ ഐതിഹ്യം ഇങ്ങനെ!". Retrieved 2023-04-14.
- ↑ "ശാർക്കര മഹാകാളിക്ക് കാളിയൂട്ട്". Retrieved 2023-04-14.
- ↑ "UNESCO - Mudiyettu, ritual theatre and dance drama of Kerala". ich.unesco.org (in ഇംഗ്ലീഷ്). Retrieved 2023-04-14.
- ↑ "മുടിയേറ്റ് - മധ്യകേരളത്തിലെ കാളി ക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകല, കേരള ടൂറിസം". Kerala Tourism. Retrieved 2023-04-14.
- ↑ "രേവതി വിളക്ക് വ്യാഴാഴ്ച്ച; തൊഴുതാൽ അക്ഷയ പുണ്യം". 2023-03-22. Retrieved 2023-04-14.
- ↑ "കൊടുങ്ങല്ലൂർ ഭരണി ഇന്ന് അശ്വതി കാവുതീണ്ടൽ". Retrieved 2023-04-16.
- ↑ 8.0 8.1 "നിണബലി". Deshabhimani. 20 May 2018. Retrieved 2023-03-04.
- ↑ 9.0 9.1 "കാളിദാരിക വധം". Retrieved 2023-04-14.
- ↑ "നിറഞ്ഞാടും വട്ടമുടിയും തിറയും". Deshabhimani.
- ↑ "TCV News". tcvlive.in. Archived from the original on 2023-03-28. Retrieved 2023-04-14.
- ↑ 12.0 12.1 "Spirituality enlightenes human beings and life". Retrieved 2023-04-14.
- ↑ 13.0 13.1 "ഭദ്രകാളിത്തീയാട്ട്". Retrieved 2023-04-16.
- ↑ Cheerath, Bhavani. "Darika’s tale". www.thehindu.com. The Hindu.
- ↑ 15.0 15.1 Haridas, Harikrishnan (2022-03-24). "കുണ്ടോറച്ചാമുണ്ഡി". Retrieved 2023-04-16.
- ↑ 16.0 16.1 16.2 "The tale of Kaali who is oppressed". Archived from the original on 2023-04-16. Retrieved 2023-04-16.
- ↑ "Kaali Naadakam Review - Mahindra Excellence in Theatre Awards" (in ഇംഗ്ലീഷ്). Archived from the original on 2023-04-16. Retrieved 2023-04-16.
- ↑ 18.0 18.1 "Indian panorama 2006 catalogue". Directorate of Film Festivals, Ministry of Information and Broadcasting, Government of India. Retrieved 2023-04-16.