Jump to content

ചെങ്ങമനാട് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്ങമനാട് ശ്രീ മഹാദേവക്ഷേത്രം. കിരാതമൂർത്തിയായ പരമശിവനും പാർവ്വതീദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ, ഉപദേവതകളായി ഗണപതി (മൂന്ന് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി, മഹാവിഷ്ണു, അയ്യപ്പൻ, ഉമാമഹേശ്വരന്മാർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ മഹാദേവനെ പ്രതിഷ്ഠിച്ചത് ജംഗമൻ എന്നുപേരുള്ള ഒരു മഹർഷിയാണ്. ജംഗമമഹർഷി തപസ്സിരുന്ന സ്ഥലം എന്ന നിലയിൽ ജംഗമനാട് എന്നറിയപ്പെട്ടിരുന്ന പേരാണ് ചെങ്ങമനാടായി മാറിയതത്രേ. സപ്തമാതൃക്കൾക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുകളിലൊന്ന് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ, ധനുമാസത്തിലെ തിരുവാതിര ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവവും, കുംഭമാസത്തിലെ ശിവരാത്രിയുമാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

മഹാശിവഭക്തനായിരുന്ന ജംഗമമഹർഷി തന്റെ ദേശാടനത്തിനിടയിൽ ഈ ദേശത്ത് വരാനിടയായി. പെരിയാറിന്റെ തീരത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ ദേശം അദ്ദേഹത്തെ ആകർഷിയ്ക്കുകയും തുടർന്ന് അദ്ദേഹം ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അങ്ങനെ ജംഗമനാട് എന്ന പേരിൽ ഈ ദേശം അറിയപ്പെട്ടുതുടങ്ങുകയും കാലാന്തരത്തിൽ, അത് ലോപിച്ച് ചെങ്ങമനാടാകുകയും ചെയ്തു. ഇന്ന് മുനിയ്ക്കൽ ഗുഹാലയം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്താണ് അദ്ദേഹം താമസമാക്കിയത്. തദ്സ്ഥാനത്ത് ഇന്നൊരു സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നു. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതിയും അയ്യപ്പനുമുണ്ട്. തൈപ്പൂയമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷം.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

ചെങ്ങമനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, ആ ഭാഗത്ത് ക്ഷേത്രക്കുളമാണ് സ്ഥിതിചെയ്യുന്നത്. തന്മൂലം, അവിടെനിന്ന് നേരിട്ട് നടയില്ല. പടിഞ്ഞാറുഭാഗത്താണ് പ്രധാന പ്രവേശനകവാടം. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, എൻ.എസ്.എസ്. ഓഡിറ്റോറിയം, വിവിധ കടകംബോളങ്ങൾ തുടങ്ങിയവയെല്ലാം പടിഞ്ഞാറേ നടയിലാണ് സ്ഥിതിചെയ്യുന്നത്. തെക്കുപടിഞ്ഞാറുഭാഗത്ത് ദേവസ്വം വക പാർക്കിങ് ഗ്രൗണ്ടാണ്. ഇതിനടുത്തായി ദേവസ്വം ഓഫീസും കാണാം. കേരള ഊരായ്മ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ചെങ്ങമനാട് മഹാദേവക്ഷേത്രം. ക്ഷേത്രത്തിൽ കിഴക്കുവശത്തുമാത്രമേ ഗോപുരമുള്ളൂ. രണ്ടുനിലകളോടുകൂടിയ, ചെറുതും അനാകർഷകവുമായ ഗോപുരമാണ് ഇത്. ഇതിന് നേരെമുന്നിലായാണ് അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. ഒരു മീനിന്റെ ആകൃതിയിലാണ് ഈ കുളം കാണപ്പെടുന്നത് എന്നത് ഇവിടത്തെ വലിയൊരു പ്രത്യേകതയാണ്. ഐതിഹ്യമനുസരിച്ച് ഈ കുളം നിർമ്മിച്ചത് ഒറ്റരാത്രികൊണ്ട് ഭൂതത്താന്മാരാണ്. എന്നാൽ, നേരം വെളുക്കും മുമ്പ് അവർക്ക് സ്ഥലം വിടേണ്ടിവന്നു. ഇതിനെ അനുസ്മരിപ്പിയ്ക്കും വിധത്തിലാണ് കുളത്തിന്റെ നിർമ്മാണരീതി. നിത്യവും ക്ഷേത്രത്തിലെ ശീവേലിയ്ക്ക് ഇവിടെയും ബലിതൂകാറുണ്ട് എന്ന വലിയൊരു പ്രത്യേകത കൂടി ഈ കുളത്തിനുണ്ട്. എന്നാൽ, കുറച്ചുകാലമായി ഇത് ജീർണ്ണാവസ്ഥയിലാണ്. പായലും പാഴ്ചെടികളും വന്നുമൂടി നാശോന്മുഖമായിക്കിടക്കുന്ന ഈ ജലസ്രോതസ്സ് പുനരുദ്ധരിയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന് സമീപമായി മറ്റൊരു ചെറിയ തീർത്ഥക്കുളവും പണിതിരിയ്ക്കുന്നു. കുളത്തിന് സമീപം തന്നെയാണ് ക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്ന അരയാൽമരവും സ്ഥിതിചെയ്യുന്നത്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും സ്ഥിതിചെയ്യുന്നു എന്നാണ് സങ്കല്പം. അതായത്, അരയാലിനെ ത്രിമൂർത്തികളുടെ പ്രത്യക്ഷരൂപമായി കണ്ടുവരുന്നു. നിത്യവും രാവിലെ അരയാലിന് ഏഴുവലം വയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. കുളത്തിൽ കുളിച്ച്, അരയാലിനെ വലംവച്ച് ഗോപുരത്തിലൂടെ കടക്കുമ്പോൾ തെക്കുഭാഗത്ത് ചെറിയൊരു ശ്രീകോവിലിൽ ഭദ്രകാളിയുടെ പ്രതിഷ്ഠയുണ്ട്. ഗോപുരത്തിങ്കൽ ഭഗവതി എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. സ്വയംഭൂവായ ചെറിയൊരു ശിലയിലാണ് ഉഗ്രദേവതയായ ഭദ്രകാളിയെ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. ഇതിന് വിശേഷമായ ഒരു ആകൃതിയില്ല. ചെങ്ങമനാട് ക്ഷേത്രത്തിന്റെ യഥാർത്ഥ സംരക്ഷക ഈ ഭദ്രകാളിയാണെന്ന് വിശ്വസിച്ചുവരുന്നു. ഭദ്രകാളിയ്ക്ക് നിത്യവും വിശേഷാൽ പൂജകളും എല്ലാ വർഷവും മീനമാസത്തിൽ ഗുരുതിയും കളമെഴുത്തും പാട്ടും പതിവുണ്ട്. ആദിദ്രാവിഡ സങ്കല്പത്തിലുള്ള ആരാധനയുടെ അവശേഷിപ്പായി ഈ പ്രതിഷ്ഠയെ കണ്ടുവരുന്നു.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം വൈക്കം മഹാദേവക്ഷേത്രത്തിലെ ആനക്കൊട്ടിലിന്റെ അതേ വലുപ്പവും ആകൃതിയുമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ആറാനകളെ വരെ വച്ചെഴുന്നള്ളിയ്ക്കാൻ സൗകര്യമുണ്ട്. ക്ഷേത്രത്തിലെ വിവാഹം, ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നത് ഇവിടെ വച്ചാണ്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരത്തിന്റെ ചുവട്ടിൽ പതിവുപോലെ അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. കൊടിമരത്തിനപ്പുറമാണ് ബലിക്കൽപ്പുര പണിതിരിയ്ക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. പത്തടിയോളം ഉയരം വരുന്ന അതിഗംഭീരമായ ഒരു ബലിക്കല്ലാണ് ഇവിടെയുള്ളത്. പ്രധാന ശ്രീകോവിലിന്റെ വലുപ്പം അനുസരിച്ചാണ് ബലിക്കല്ലിനും വലുപ്പം വരിക എന്നതാണ് കാരണം. ബലിക്കല്ലിന് ഉയരം കൂടുതലായതിനാൽ പുറത്തുനിന്നുനോക്കിയാൽ വിഗ്രഹം കാണാനാകില്ല. പ്രത്യേകം തീർത്ത ഒരു പീഠത്തിന് മുകളിൽ കയറിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ പ്രവേശനകവാടത്തിനുമുകളിൽ പതിവുപോലെ ഒരു ഗജലക്ഷ്മീരൂപം കാണാം. എന്നാൽ, സാധാരണ ക്ഷേത്രങ്ങളിലെ ഗജലക്ഷ്മീരൂപങ്ങളിൽ നിന്ന് വളരെയധികം വ്യത്യാസം ഇവിടത്തെ രൂപത്തിനുണ്ട്. സാധാരണയായി രണ്ട് ആനകൾക്കുനടുവിൽ താമരയിലിരിയ്ക്കുന്ന രൂപത്തിലാണ് ഗജലക്ഷ്മിയെ കാണാറുള്ളത്. എന്നാൽ, ഇവിടെ അതിനൊപ്പം തൊഴുതുനിൽക്കുന്ന ഭക്തരുടെ രൂപങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ ചിലർ തുള്ളൽ കലാകാരന്മാരും കലാകാരികളുമാണെന്നത് ശ്രദ്ധേയമാണ്. അതുവച്ചുനോക്കുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ആകണം ഈ രൂപം ആലേഖനം ചെയ്യപ്പെട്ടുകാണുക. ബലിക്കൽപ്പുരയുടെ മച്ചിലാകട്ടെ, ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. കൂടാതെ നിരവധി പുരാണകഥകൾ ഇവിടെ ശില്പരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ആകർഷിയ്ക്കുന്നവയാണ് ഇവയെല്ലാം.

ഏകദേശം നാലേക്കറിലധികം വിസ്തീർണ്ണം വരുന്ന ഒരു മതിലകമാണ് ചെങ്ങമനാട് ക്ഷേത്രത്തിലുള്ളത്. ഇതിനകത്ത് നിരവധി മരങ്ങളും ചെടികളും തഴച്ചുവളർന്നുനിൽക്കുന്നുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തരുടെ കണ്ണിന് വിസ്മയമുണ്ടാക്കുന്നു എന്നതിനൊപ്പം അന്തരീക്ഷവായു ശുദ്ധീകരിയ്ക്കുന്നതിലും ഇത് വലിയ പങ്കുവഹിയ്ക്കുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് മുഖപ്പോടുകൂടിയ ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനം നൽകി ശാസ്താവിന്റെ പ്രതിഷ്ഠ കാണാം. ഏകദേശം മൂന്നടി ഉയരം വരുന്ന, സ്വയംഭൂവായ ഒരു വിഗ്രഹമാണ് ഇവിടെയുള്ളത്. വിശേഷപ്പെട്ട ഒരു രൂപം ഇതിനില്ല. എന്നാൽ, അമ്പും വില്ലും ധരിച്ചുനിൽക്കുന്ന ശാസ്താവിന്റെ രൂപത്തോടുകൂടിയ ഒരു ഗോളക ഇതിൽ ചാർത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠ ഈ ശാസ്താവാണെന്ന് വിശ്വസിച്ചുവരുന്നു. ഇതിനടുത്ത് അല്പം സ്ഥലം ഉയർത്തിയെടുത്താണ് ജംഗമമുനി ശിവപ്രതിഷ്ഠ നടത്തിയതത്രേ! ഇതിന്റെ തെളിവായി ശാസ്താക്ഷേത്രം അല്പം താഴ്ന്നാണ് ഇരിയ്ക്കുന്നതെന്ന് കാണാം. ചെങ്ങമനാട്ടുനിന്നുള്ള ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. നീരാജനമാണ് ശാസ്താവിന് പ്രധാനം. ശാസ്താവിനെ തൊഴുത് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ ഒരു കൊട്ടാരം കാണാം. ചെങ്ങമനാട് ക്ഷേത്രത്തിന്റെ ഊരാളന്മാരിൽ പ്രധാനിയായിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് താമസിയ്ക്കാൻ നിർമ്മിച്ചതാണ് ഈ കൊട്ടാരമെന്ന് വിശ്വസിച്ചുവരുന്നു. നിലവിൽ, ഇത് ദേവസ്വം ഓഫീസാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് ചെങ്ങമനാട് ദേവസ്വം. കൊട്ടാരത്തിന് സമീപം തന്നെ, ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് മറ്റൊരു ചെറിയ ക്ഷേത്രം കാണാം.

ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ മറ്റൊരു ആനക്കൊട്ടിൽ പണിതിരിയ്ക്കുന്നു. ഇത് അലുമിനിയം ഷീറ്റ് മേഞ്ഞതും തന്മൂലം താരതമ്യേന പുതിയതുമാണ്. കിഴക്കേ നടയിലുള്ള ആനക്കൊട്ടിലുമായി നോക്കുമ്പോൾ വലുപ്പവും കുറവാണ് ഇതിന്. പാർവതീദേവിയുടെ സാന്നിദ്ധ്യമുള്ള ഈ നടയ്ക്കും തന്മൂലം വിശേഷാൽ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രവേശനകവാടം പടിഞ്ഞാറുനിന്നായതിനാൽ അവിടെ നിന്നുവരുന്നവർ ആദ്യം വന്ദിയ്ക്കുന്നത് ദേവിയെയാണ്. തുടർന്ന് പ്രദക്ഷിണം നടത്തിവരുമ്പോൾ വടക്കുപടിഞ്ഞാറേമൂലയിൽ ദീർഘചതുരാകൃതിയിൽ തീർത്ത മറ്റൊരു ശ്രീകോവിൽ കാണാം. മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ ഉപദേവതകളിൽ ഏറ്റവും പ്രാധാന്യം മഹാവിഷ്ണുവിനാണ്. ശ്രീകോവിലിന്റെ വലുപ്പം ആ പ്രാധാന്യത്തിന്റെ തെളിവാണ്. ഏകദേശം നാലടി ഉയരം വരുന്ന ശിലാനിർമ്മിതമായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. മഹാവിഷ്ണുശ്രീകോവിലിന് മുന്നിലും ചെറിയൊരു മുഖപ്പുണ്ട്. ഇത് പ്രതിഷ്ഠയുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കുന്നു. അഷ്ടമിരോഹിണിയും വിഷുവുമാണ് മഹാവിഷ്ണുവിന് പ്രധാന ആണ്ടുവിശേഷം. മഹാവിഷ്ണുവിന്റെ ശ്രീകോവിലിൽ നിന്ന് വീണ്ടും അല്പം മാറി ആൽമരച്ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഒപ്പം നാഗയക്ഷി, നാഗചാമുണ്ഡി, നാഗകന്യക, ചിത്രകൂടം എന്നിവരെയും ഇവിടെ കാണാം. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്തപ്പെടുന്നു.

ശ്രീകോവിൽ

[തിരുത്തുക]

അസാമാന്യ വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ചെങ്ങമനാട് ക്ഷേത്രത്തിലുള്ളത്. കേരളത്തിൽ ഏറ്റവും വലുപ്പമുള്ള വട്ടശ്രീകോവിലുകളിലൊന്നാണിത്. ഏകദേശം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വലുപ്പം ഇതിനുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന് മുകളിലായി സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്തേയ്ക്ക് നേരിട്ടുകയറുന്ന വിധത്തിലാണ് സോപാനപ്പടികൾ പണിതിരിയ്ക്കുന്നത്. ശ്രീകോവിലിനകത്ത് രണ്ടുമുറികളുണ്ട്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇവിടെ ഗർഭഗൃഹം രണ്ടാക്കിത്തിരിച്ചിട്ടുണ്ട്. അവയിൽ ഒരുവശത്ത് ഏകദേശം ആറടി ഉയരം വരുന്ന അതിഭീമാകാരമായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു; മറുവശത്ത് ഏകദേശം നാലടി ഉയരം വരുന്ന ദാരുനിർമ്മിതമായ പാർവതീവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായും. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഏകദേശം വൈക്കത്തെ ശിവലിംഗത്തിന്റെ അതേ ഉയരമാണ് ഇതിനും. കിരാതമൂർത്തീസങ്കല്പത്തിലാണ് ഇവിടെ ഭഗവദ്പ്രതിഷ്ഠ. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. അലങ്കാരസമയത്ത് ഇതിൽ ചാർത്തുന്ന കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ ഇതിന്റെ നല്ലൊരു ഭാഗവും മൂടിക്കളയും. പാർവതീദേവിയുടെ വിഗ്രഹം ചതുർബാഹുവാണ്. ഏകദേശം തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട്. കിരാതപാർവതിയായാണ് പ്രതിഷ്ഠാസങ്കല്പം. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ദേവി, മുന്നിലെ ഇടതുകൈ അഭയമുദ്രയാക്കി താഴോട്ടും മുന്നിലെ വലതുകൈ വരദമുദ്രയാക്കി മേലോട്ടും പിടിച്ചിട്ടുണ്ട്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശിവപാർവതിമാർ ചെങ്ങമനാട്ടെ ശ്രീകോവിലിൽ വാഴുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകൾ നിലവിൽ ചുവർച്ചിത്രങ്ങളാൽ അലംകൃതമല്ല. പൂർണ്ണമായും വെള്ളപൂശിയ നിലയിലാണ് ഇത് കാണപ്പെടുന്നത്. എന്നാൽ, ധാരാളം ദാരുശില്പങ്ങൾ ഇവിടെ കാണാം. കിരാതാർജുനീയം കഥ, ശക്തിപഞ്ചാക്ഷരി, ഗംഗാവതരണം, ദശാവതാരങ്ങൾ, രാമായണം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ശ്രീകോവിലിന്റെ തെക്കുഭാഗത്തെ ഇടനാഴിയിൽ തെക്കോട്ട് ദർശനം നൽകി ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകൾ കാണാം. ഏകദേശം മൂന്നടി ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയെ പ്രതിനിധീകരിയ്ക്കുന്നത്. മഹാഗണപതിസങ്കല്പത്തിലാണ് ഇവിടെ ഗണപതിപ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം ഇവിടത്തെ വിഗ്രഹത്തിന് കാണും. ചതുർബാഹുവായ വലമ്പിരി ഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ ധരിച്ച ഗണപതി, മുന്നിലെ വലതുകൈ വരദമുദ്രയാക്കി പിടിച്ചിരിയ്ക്കുന്നു. ഇവിടെ ദർശനം നടത്തുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനവിനും ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു. തന്മൂലം, വിദ്യാർത്ഥികൾ ഇവിടെ ധാരാളമായി ദർശനം നടത്താറുണ്ട്. ശ്രീകോവിലിന് വടക്കുവശത്ത് പതിവുപോലെ ഓവ് കാണാം. സാധാരണ രൂപത്തിലുള്ള ഒരു ഓവാണ് ഇവിടെയുള്ളത്. അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഒഴുക്കിവിടുന്നത് ഇതുവഴിയാണ്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം വിധിച്ചിട്ടില്ല.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലം, പൂർണ്ണമായും ഓടുമേഞ്ഞാണ് കാണപ്പെടുന്നത്. ഇതിൽ വടക്കുകിഴക്കുഭാഗത്ത് പ്രത്യേകമായി ഒരു എടുപ്പും കാണാം. ഇത് വൈക്കം ബന്ധം ഒന്നുകൂടി വ്യക്തമാക്കുന്നു. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ആയിരത്തിനടുത്ത് വിളക്കുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ദീപാരാധനാസമയത്ത് ഇവ കൊളുത്തിവയ്ക്കുന്ന കാഴ്ച അതിമനോഹരമാണ്. നാലമ്പലത്തിനകത്തേയ്ക്കുള്ള കവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. അവയിൽ തെക്കേ വാതിൽമാടം വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുമ്പോൾ വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കുമാണ് ഉപയോഗിച്ചുവരുന്നത്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. തിടപ്പള്ളിയ്ക്ക് സമീപം തന്നെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും സ്ഥിതിചെയ്യുന്നത്. ധാര, ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, ഉദയാസ്തമനപൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. പാർവതീസമേതനായ ശിവനായതിനാൽ വിവാഹാവശ്യങ്ങൾക്കുള്ള വഴിപാടുകൾക്ക് ഇവിടെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ശ്രീകോവിലിന് മുന്നിലായി പതിനാറുകാലുകളോടുകൂടി നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. സാമാന്യം വലുപ്പമുള്ള ഈ മണ്ഡപത്തിൽ വച്ചാണ് ഉത്സവക്കാലത്തും മറ്റും കലശപൂജ നടക്കുന്നത്. മണ്ഡപത്തിന്റെ അറ്റത്തായി ഭഗവദ്വാഹനമായ നന്ദിയുടെ ഒരു കരിങ്കൽ വിഗ്രഹവും കാണാം. നന്ദിയ്ക്ക് ദിവസവും ഇവിടെ വിളക്കുവയ്പുണ്ട്. നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടെ പതിവുകാഴ്ചയാണ്. നമ്മുടെ ആഗ്രഹങ്ങൾ നന്ദിയുടെ ചെവിയിൽ പറഞ്ഞാൽ അദ്ദേഹം അത് ഭഗവാനെ ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം.

ശ്രീകോവിലിന്റെ തെക്കുവശത്ത് അതിവിശേഷമായ രണ്ട് പ്രത്യേകതകൾ നമുക്ക് കാണാൻ സാധിയ്ക്കും. ഒന്ന്, ക്ഷേത്രത്തിലെ മാതൃശാലയാണ്. സപ്തമാതൃക്കളുടെ ബലിക്കല്ലുകളെ മറയ്ക്കുന്ന ഭാഗമാണ് മാതൃശാല എന്നറിയപ്പെടുന്നത്. കേരളീയ ക്ഷേത്രങ്ങളിൽ അത്യപൂർവ്വമായി മാത്രമേ നമുക്ക് മാതൃശാല കാണാൻ സാധിയ്ക്കൂ. മറ്റുള്ള ബലിക്കല്ലുകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ് ഇത്തരമൊരു നിർമ്മിതി. മറ്റൊരു പ്രത്യേകത, സപ്തമാതൃക്കൾക്ക് വിഗ്രഹരൂപത്തിലുള്ള പ്രതിഷ്ഠയാണ്. സാധാരണയായി രുരുജിത് രീതിയിൽ ആരാധന നടക്കുന്ന ഭദ്രകാളിക്ഷേത്രങ്ങളിലാണ് സപ്തമാതൃക്കൾക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠകളുണ്ടാകുക. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പന്നയന്നാർക്കാവ്, മാടായിക്കാവ് തുടങ്ങിയവ ഉദാഹരണം. ബ്രാഹ്മി അഥവാ ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ. ഈ ക്രമത്തിൽ കിഴക്കുനിന്ന് പടിഞ്ഞാറോട്ടായാണ് ഇവരെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇവർക്ക് അകമ്പടിയായി കിഴക്കുവശത്ത് വീരഭദ്രനും പടിഞ്ഞാറുവശത്ത് ഗണപതിയും കുടികൊള്ളുന്നുണ്ട്. നിത്യവും ഇവർക്ക് വിശേഷാൽ പൂജകളും നിവേദ്യവുമുണ്ട്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റമുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിയുടെയും ഉമാമഹേശ്വരന്മാരുടെയും പ്രതിഷ്ഠകളും കാണാം. ഇതും മറ്റൊരു പ്രത്യേകതയാണ്. ഗണപതിരൂപം ഇവിടെയും സാധാരണപോലെത്തന്നെയാണ്. ഇവിടെ സവിശേഷപ്രാധാന്യമുള്ള പ്രതിഷ്ഠയാണ് ഉമാമഹേശ്വരന്മാരുടേതാണ്. പാർവ്വതീദേവിയെ ഇടത്തെത്തുടയിലിരുത്തിയിരിയ്ക്കുന്ന മഹാദേവനെയാണ് ഉമാമഹേശ്വരൻ എന്നു പറയുന്നത്. ഏകദേശം മൂന്നടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ചതുർബാഹുവായ ശിവഭഗവാന്റെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ മാനും കാണാം. മുന്നിലെ ഇടതുകൈ കൊണ്ട് പാർവ്വതീദേവിയെ ചേർത്തുപിടിച്ചിരിയ്ക്കുന്ന ഭഗവാൻ, മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. പാർവ്വതീദേവിയുടെ ഇടതുകയ്യിൽ ഒരു താമരപ്പൂവുണ്ട്. വലതുകൈ കൊണ്ട് ദേവിയും ഭക്തരെ അനുഗ്രഹിയ്ക്കുന്നു. സപ്തമാതൃക്കളുടെ വിഗ്രഹപ്രതിഷ്ഠ, നാലമ്പലത്തിനകത്തുതന്നെ മൂന്ന് ഗണപതിപ്രതിഷ്ഠകൾ, നാല് ശിവരൂപങ്ങൾ (കിരാതമൂർത്തി, ദക്ഷിണാമൂർത്തി, വീരഭദ്രൻ, ഉമാമഹേശ്വരന്മാർ) - ഇങ്ങനെ നിരവധി പ്രത്യേകതകൾ ഒരുമിച്ചുവരുന്ന ക്ഷേത്രമാണ് ചെങ്ങമനാട് മഹാദേവക്ഷേത്രം.

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചെങ്ങമനാട് മഹാദേവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകങ്ങൾ തുടങ്ങുന്നു. എണ്ണ, ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് വിഗ്രഹത്തിൽ വിശദമായ അഭിഷേകങ്ങൾ നടത്തിയശേഷം മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. ആറുമണിയ്ക്ക് ഉഷഃപൂജ തുടങ്ങുന്നു. സൂര്യോദയത്തിനുമുമ്പ് അത് അവസാനിയ്ക്കും. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ആറേമുക്കാലിന് ഉഷഃശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്കുള്ള നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ശീവേലി നടത്തുന്നത്. നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിൽ മുഴുവൻ ബലിതൂകി അവസാനം പ്രധാന ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു. പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് വാദ്യമേളങ്ങളോടുകൂടിയാണ് എഴുന്നള്ളിപ്പ്. ശീവേലിയ്ക്കുശേഷം ഏഴരയ്ക്ക് പന്തീരടിപൂജ തുടങ്ങും. സധാരണ ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പന്തീരടിപൂജയ്ക്ക് ധാരയില്ല. പകരം ഉച്ചപ്പൂജയ്ക്കുമുമ്പാണ് അത് നടത്തുന്നത്. ഏകദേശം ഒമ്പതേകാലോടെയാണ് ധാര തുടങ്ങുന്നത്. അതിനുശേഷം നവകാഭിഷേകവും നടത്തുന്നു. ഒമ്പത് കലശങ്ങളിൽ തീർത്ഥജലം നിറച്ചുനടത്തുന്ന അഭിഷേകമാണ് നവകാഭിഷേകം. ഇത് നിത്യേന നടക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. അവയിലൊന്നാണ് ചെങ്ങമനാട് ക്ഷേത്രം. അതിനുശേഷം പത്തുമണിയോടെ ഉച്ചപ്പൂജയും അതിനുശേഷം ഉച്ചശീവേലിയും നടത്തി പത്തരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങൾ മുഴുവൻ പ്രകാശിച്ചുനിൽക്കുന്ന അതിമനോഹരമായ കാഴ്ച ഈ സമയത്ത് നമുക്ക് കാണാം. ദീപാരാധന കഴിഞ്ഞാൽ മേൽശാന്തി നടതുറന്ന് കർപ്പൂരവുമായി പുറത്തുവരികയും എല്ലാവരെയും കൊണ്ട് ഉഴിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം രാത്രി ഏഴുമണിയോടെ അത്താഴപ്പൂജ തുടങ്ങും. ഏകദേശം അരമണിക്കൂർ നീണ്ടുനിൽക്കുന്ന അത്താഴപ്പൂജയ്ക്കുശേഷം ഏഴരയോടെ അത്താഴശീവേലി നടക്കുന്നു. രാവിലെയും ഉച്ചയ്ക്കും നടക്കുന്ന ശീവേലികളുടെ അതേ ക്രമത്തിലാണ് ഇതും നടത്തുന്നത്. ശീവേലി കഴിഞ്ഞാൽ ഏഴേമുക്കാലോടെ തൃപ്പുക തുടങ്ങുന്നു. മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന അവസാനത്തെ ചടങ്ങാണ് തൃപ്പുക. ശ്രീകോവിലിനകത്ത് അഷ്ടഗന്ധം പുകയ്ക്കുന്നതാണ് ചടങ്ങ്. ഭഗവാനെ/ദേവിയെ ഉറക്കുന്ന സങ്കല്പമാണ് ഇതിന്. തൃപ്പുക കഴിഞ്ഞ് രാത്രി എട്ടുമണിയോടെ നട വീണ്ടും അടയ്ക്കുന്നു.

ചെങ്ങമനാട് ക്ഷേത്രത്തിലെ ശീവേലിയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ ശീവേലി പൂർണ്ണമായും ക്ഷേത്രമതിലകത്താണ് നടക്കുന്നത്. നാലമ്പലത്തിനകത്തും പുറത്തുമായി കാണപ്പെടുന്ന ബലിക്കല്ലുകളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹവിസ്സ് തൂകുന്നതാണ് ഈ ചടങ്ങ്. എന്നാൽ, ഇവിടെ അല്പം വ്യത്യാസമുണ്ട്. നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണത്തിനിടയിൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിലൂടെ പുറത്തുകടന്നശേഷം ക്ഷേത്രക്കുളത്തിലും ഹവിസ്സ് തൂകാറുണ്ട്. ഈ സംഭവത്തിനുപിന്നിൽ ഒരു കഥയുണ്ട്: പണ്ട് ഈ ക്ഷേത്രക്കുളത്തിൽ 'മണികണ്ഠൻ' എന്നുപേരുള്ള ഒരു മത്സ്യം താമസിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് ആര് ഭക്ഷണവുമായി കുളക്കരയിൽ പോയി പേരുവിളിച്ചാലും മണികണ്ഠൻ പൊങ്ങിവരികയും ഭക്ഷണം കഴിയ്ക്കുകയും ചെയ്യുമായിരുന്നു. അധികസമയവും ശീവേലി കഴിഞ്ഞുള്ള ഹവിസ്സായിരിയ്ക്കും അവന് കഴിയ്ക്കാൻ കൊടുക്കുക. പിന്നീട് ശീവേലിയ്ക്ക് ഇങ്ങോട്ടുള്ള വരവ് പതിവായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും ഈ ചടങ്ങ് ഭംഗിയായി നടന്നുവരുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, ശിവരാത്രി, നവരാത്രി, മണ്ഡലകാലം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റം വരും. കൊടിയേറ്റുത്സവത്തിന് വിശേഷാൽ താന്ത്രികക്രിയകളുള്ളതിനാൽ പൂജകൾക്ക് മാറ്റം വരുമ്പോൾ ശിവരാത്രിനാളിൽ 24 മണിക്കൂറും നടതുറന്നിരിയ്ക്കുന്നയതാണ്. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ടുപൂജകളും അതിനോടനുബന്ധിച്ച് വിശേഷാൽ കലശാഭിഷേകവും പതിവാണ്. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ ഗ്രഹണത്തിന് ഒരുമണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, അതിനുശേഷം വിശേഷാൽ ശുദ്ധിക്രിയകൾ നടത്തിയശേഷമാണ് തുറക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള അണിമംഗലത്ത് മനക്കാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. ഇരിഞ്ഞാലക്കുടയിലെ പ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രമടക്കം തൃശ്ശൂർ, എറണാകുളം ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിൽ തന്ത്രാധികാരമുള്ള കുടുംബമാണിത്. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം വകയാണ്.

വിശേഷദിവസങ്ങൾ

[തിരുത്തുക]

കൊടിയേറ്റുത്സവം, തിരുവാതിര ആഘോഷം

[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ധ്വജാദിമുറയനുസരിച്ച് നടക്കുന്ന ഈ ഉത്സവത്തിനോടനുബന്ധിച്ച് വിശേഷാൽ താന്ത്രികക്രിയകളും കലാപരിപാടികളുമുണ്ടാകും. ഇതിന് മുന്നോടിയായി ശുദ്ധിക്രിയകൾ നടത്താറുണ്ട്.

ശിവരാത്രി

[തിരുത്തുക]

നവരാത്രി

[തിരുത്തുക]

മണ്ഡലകാലം

[തിരുത്തുക]