തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ബാലരൂപത്തിലുള്ള സുബ്രഹ്മണ്യസ്വാമി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയുമുണ്ട്. തൃശ്ശൂർ വടക്കുന്നാഥന്റെ പുത്രനാണ് ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി എന്നാണ് വിശ്വാസം. വടക്കുന്നാഥനും സുബ്രഹ്മണ്യസ്വാമിയും ഏകദേശം പരസ്പരാഭിമുഖമായി ദർശനം നൽകുന്നു എന്നൊരു പ്രത്യേകം. അത്യപൂർവമായി ഇരിയ്ക്കുന്ന രൂപത്തിലുള്ള സുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തോടനുബന്ധിച്ച് വലിയ കുളവും പണിതിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണിത്. കുളത്തിനെതിർവശം ചെറിയൊരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. തൈപ്പൂയമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നിരവധി കാവടികളാണ് ഈ ക്ഷേത്രത്തിലെ തൈപ്പൂയത്തിന് എത്താറുള്ളത്. കൂടാതെ, എല്ലാമാസത്തെ വെളുത്തപക്ഷത്തിലെ ഷഷ്ഠിയും വിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]തൃക്കുമാരംകുടം ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ നേരെമുന്നിലായി വലിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അങ്ങനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി മാറുന്ന അരയാലിനെ എല്ലാദിവസവും രാവിലെ ഏഴുവലം വയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കിവരുന്നു. കിഴക്കേ നടയിൽ തെക്കുഭാഗത്തായി പൈപ്പ് കാണാം. ഇവിടെ കൈകാലുകൾ കഴുകാൻ സൗകര്യമുണ്ട്. ക്ഷേത്രക്കുളം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. അതിവിശാലമായ ഈ കുളം, തൃക്കുമാരംകുടം ദേശത്തെ പ്രധാന ജലസ്രോതസ്സാണ്. ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കഴിഞ്ഞ ഈ കുളം, 2023-ൽ വൃത്തിയാക്കുകയുണ്ടായി. തൃശ്ശൂർ പൂരത്തോടനുബന്ധിച്ചുള്ള ദേശസഞ്ചാരത്തിനിടയിൽ പാറമേക്കാവ് ഭഗവതിയ്ക്ക് ഇവിടെ ആറാട്ടുണ്ട്. കുളത്തിനപ്പുറം മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ് വക ഒരു ആശ്രമമുണ്ട്. നിത്യവും ഇവിടെ വിശേഷാൽ ഭജനകൾ നടത്താറുണ്ട്. ഇതിന് സമീപമാണ് തൃക്കുമാരംകുടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ ചെറിയൊരു ക്ഷേത്രമാണ് ഇത്. ഏറെക്കാലം നശിച്ചുകിടന്ന ഈ ക്ഷേത്രം 2008-ലാണ് പുനരുദ്ധരിച്ചത്.ചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലും തിടപ്പള്ളിയും കിണറും അടിയിൽ ഒരു അരയാലും മാത്രമേയുള്ളൂ. ശ്രീകൃഷ്ണൻ എന്നാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ഗുരുവായൂരപ്പന്റെ അതേ രൂപത്തിലാണ് വിഗ്രഹം. ഏകദേശം മൂന്നടി ഉയരം വരും. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശ്രീകൃഷ്ണന് ഉപദേവനായി അരയാൽച്ചുവട്ടിൽ ഗണപതി മാത്രമേയുള്ളൂ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവ്വം ഗണപതിപ്രതിഷ്ഠകളിലൊന്നാണിത്. അഷ്ടമിരോഹിണിയാണ് ഇവിടെ പ്രധാന ആഘോഷം. രണ്ട് ക്ഷേത്രങ്ങൾക്കും ഒരുമിച്ചാണ് ക്ഷേത്രക്കുളം.
കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം നീളമുള്ള ഇവിടെ ഏകദേശം മൂന്ന് ആനകളെ എഴുന്നള്ളിയ്ക്കാവുന്നതാണ്. കൊടികയറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരമില്ല. ആനക്കൊട്ടിലിൽത്തന്നെ പ്രവേശനകവാടത്തിന് മുകളിലായി ശിവകുടുംബത്തെ മുഴുവൻ ആലേഖനം ചെയ്തിട്ടുണ്ട്. നടുക്ക് സുബ്രഹ്മണ്യസ്വാമിയുടെയും, വലതുവശത്ത് ശിവപാർവ്വതിമാരുടെയും ഇടതുവശത്ത് ഗണപതിയുടെയും അയ്യപ്പന്റെയും രൂപങ്ങളാണ് കൊത്തിവച്ചിരിയ്ക്കുന്നത്.