Jump to content

മാടായിപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കപ്പൂക്കൾ വിരിഞ്ഞ മാടായിപ്പാറ

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

ചരിത്രം

[തിരുത്തുക]

പ്രാക്തന കാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടത്. [1]

കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടം. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണു് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്‌. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത്‌ പോർച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ യുദ്ധം നടന്നിരുന്നു.

ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്‌. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് ജൂതർ പണിതതിനാൽ ജൂതക്കുളമെന്നും അറിയപ്പെടുന്നു. ഭാരതത്തിൽ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണു. പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്‌ 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി. പാറയുടെ മുകളിലുള്ള മാടായി കോളേജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

1765-68 കാലഘട്ടത്തിൽ ഹൈദരലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണു് മാടായിപ്പാറയിലെ പാളയം മൈതാനം.

പ്രകൃതി

[തിരുത്തുക]

മാടായിപ്പാറയുടെ പടിഞ്ഞാറ് ഭാഗത്ത് ഏഴിമലയാണ്‌. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് അടുത്തില സ്ഥിതിചെയ്യുന്നു

തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനൽകാലത്തു് പാറയിലെ പുല്ലുകൾ കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. പോർച്ചുഗീസുകാർ ലാൻഡ്‌ ഓഫ്‌ ബർണിങ്‌ ഫയർ എന്നു വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത്.

സസ്യ വൈവിദ്ധ്യം

[തിരുത്തുക]
കൽമരം, മാടായിപ്പാറയിൽ നിന്നും

ഓണക്കാലത്ത് കാക്കപൂവും , കൃഷ്ണപൂവും , കണ്ണാന്തളിയും നീറഞ്ഞ് ഒരു നീലപരവതാനി പോലെ കാണപ്പെടും ഈ പ്രദേശം.ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കുന്ന കൽമരം ( കണ്ണാംപൊട്ടി - Sapium Insigne ) ,വരണ്ട കാടുകളിൽ കാണപ്പെടുന്ന കാർക്കോട്ടി അഥവാ മോതിരക്കണ്ണി (Hugoniya Mystax),ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ചാൾസ് ഫ്ലുമേറിയയുടെ സ്മരണയ്ക്കായി പേരു നൽകിയ ഈഴച്ചെമ്പകം ( Plumeria Rubra ) , പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരിനം വന്മരമായ ആവൽ (Holoptelea integrifolia) കുറ്റിച്ചെടിയായ പാണൽ (Glycosmis pentaphylla) തുടങ്ങിയവ ഇവിടത്തെ സസ്യജാലങ്ങളിൽ ചിലതാണ്.

മാടായിച്ചൂത്

ഇവിടത്തെ സവിശേഷതയുള്ള ഒരു ജലസസ്യമാണ്‌ കൃഷ്ണകേസരം. മാടായിപ്പാറയിലും സമീപമുള്ള ചിലയിടത്തെ ചെങ്കൽപ്പാറകളിലും മാത്രം കാണപ്പെടുന്ന ഒരു ജലസസ്യമാണ് ഇത്.(ശാസ്ത്രീയനാമം: Nymphoides krishnakesara). ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരിനാധാരം. വളരെ ചുരുങ്ങിയ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്ന ഈ സസ്യം വംശനാശഭീഷണി നേരിടുന്നു. ഇവിടെ കാണപ്പെടുന്ന മറ്റൊരു ഇരപിടിയൻ സസ്യമാണ് കൊസുവെട്ടി എന്ന് അറിയപ്പെടുന്ന അക്കരപ്പുത (Drosera indica ).[2]. ഇവിടെ നിന്നും നിരവധി സസ്യങ്ങൾ പുതിയതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒന്നാണ് Eriocaulon madayiparense . [3]. മലബാർ റൊട്ടാല (Rotala malabarica),Justicia Ekakusuma,അക്കരംകൊല്ലി തുടങ്ങിയ സസ്യങ്ങളേയും ഇവിടെ കാണാം.

ജൈവ വൈവിദ്ധ്യം

[തിരുത്തുക]
Fejervarya sahyadris മാടായിപ്പാറയിൽ നിന്നും രേഖപ്പെടുത്തിയ തവള

അപൂർവം സസ്യ-ജന്തുജാലങ്ങളുള്ള ഒരു കലവറയായ മാടായിപ്പാറയിൽ 38 ഇനം പുൽച്ചെടികളും,500 ഓളം തരത്തിലുള്ള മറ്റു ചെടികളും വളരുന്നു. ഇതിൽ 24 ഇനം ഔഷധചെടികളാണ് .അപൂർവ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും ഈ പ്രദേശത്ത് കാണപ്പെടുന്നു[4]. 138 ഓളം പൂമ്പാറ്റകളെ ജന്തുശാസ്‌ത്രജ്ഞനും നാട്ടുകാരനുമായ ജാഫർ പാലോട്ട്‌ ഇവിടെ കണ്ടെത്തിയിരുന്നു.

ഇവിടെയുള്ള പാറക്കുളത്തിനു തെക്കുഭാഗത്ത് ധാരാളം സസ്യങ്ങളും അരുവികളും കാണാം. അവിടെ ഓണക്കാലത്ത് നിരവധി പക്ഷികളും ശലഭങ്ങളും കാണപ്പെടുന്നു. ഈ പ്രദേശത്ത് വിരിയുന്ന ചെറിയ പൂക്കളാണ് ശലഭങ്ങളെ ആകർഷിക്കുന്നത്. ഇവിടെയുള്ള മനോഹരമായ ഒരു ശലഭമാണ് സുവർണ്ണ ഓക്കിലശലഭം. ഇതിന്റെ ചിറകുകൾക്ക് തീജ്വാലപോലെ തിളക്കമുണ്ട്. വെള്ളിലത്തോഴി, കുഞ്ഞുവാലൻ, നരിവരയൻ തുടങ്ങിയ ശലഭങ്ങളേയും ഇവിടെ കാണാം.അതിനാൽ അവിടം ഒരു ബട്ടർഫ്ലൈ പാർക്ക് ആയി അറിയപ്പെടുന്നു. ഇവിടെ നിന്ന് അപൂർവമായ തവളകളെയും കണ്ടെത്തിയിട്ടുണ്ട്. Fejervarya sahyadris അത്തരം തവളയാണ് .

വെല്ലുവിളികൾ

[തിരുത്തുക]
മാടായിപ്പാറയിലെ കളിമൺ ഖനനം

മാടായിപ്പാറയുടെ തെക്കു-പടിഞ്ഞാറായി നടക്കുന്ന കളിമണ്ണ് ഖനനം ഇവിടുത്തെ പരിസ്ഥിതിക്ക് വലിയൊരു ഭീഷണിയായിരുന്നു.ഖനന പ്രദേശത്തുനിന്നും ഖനന കമ്പനിയിൽ നിന്നും മുട്ടംകാവിലെ വളപ്പ് തോട്ടിലേക്ക് ഒഴുക്കുന്ന മലിനജലവും പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു[5].

ഐതിഹ്യം

[തിരുത്തുക]
കതിര് വയ്ക്കും തറ

വടക്കേ മലബാറിലെ ശാക്തേയ ആരാധനാകേന്ദ്രങ്ങളിൽ പ്രധാനമായ മാടായിക്കാവും , കണ്ണൂർ ജില്ലയിലെ പ്രസിദ്ധ ആരാധനകേന്ദ്രങ്ങളായ വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. മത്സ്യ മാംസങ്ങൾ ഭക്ഷിക്കുന്ന ഒറിയ ബ്രാഹ്മണരാണ് മാടായിക്കാവിൽ പൂജ നടത്തുന്നത്‌. ദളിതർ ഏറെയുള്ള സ്ഥലം കൂടിയാണ്‌ മാടായിയും പരിസരവും. പുലയരുടെ ദൈവമായ കാരിഗുരുക്കൾ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌. മാടായിക്കാവിലെ പൂരംകുളി ഉത്സവം ചരിത്രപ്രാധാന്യമുള്ളതാണ്.

പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്‌ ഇവിടെ കലശോത്സവം നടത്താറുണ്ട്. കർക്കിടകത്തിൽ ഇവിടെ പുലയ സമുദായയത്തിലെ പത്തു ഇല്ലങ്ങളിൽ പ്രധാന ഒരു ഇല്ലമായ 'തെക്കൻ'എന്ന ഇല്ലക്കാർ ( മാരിത്തെയ്യങ്ങളും കെട്ടിയാടാറുണ്ട്.വറുതി കാലമായ കർക്കിടക മാസത്തിൽ ഉണ്ടാവുന്ന ആധിയും വ്യാധിയും രോഗങ്ങളും മാരിത്തെയ്യങ്ങൾ ആവാഹനം നടത്തി കടലിൽ ഒഴുക്കി നാട്ടിൽ ആയുരാരോഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. കൊയ്ത്തുകാലം തുടങ്ങുന്ന ദിവസം ഇവിടെയുള്ള കതിര് വയ്ക്കും തറയിൽ നിന്നും പൂജിച്ച നെൽകതിരുകൾ കൊടുക്കാറുണ്ട്

പുറം കണ്ണികൾ

[തിരുത്തുക]

സ്ഥാപനങ്ങൾ

[തിരുത്തുക]

മാടായി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, വാദിഹുദ എന്നീ സ്ഥാപനങ്ങൾ മാടായിപാറയിൽ സ്ഥിതിചെയ്യുന്നു.

പഴയങ്ങാടിയിൽ നിന്നും മുട്ടം, വെങ്ങര, ചെമ്പല്ലിക്കുണ്ട് എന്നിവിടങ്ങളിലേക്കുള്ള പാതകൾ മാടായിപാറയിലൂടെ കടന്നുപോകുന്നു.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മാടായിപ്പാറയിൽ പൂക്കൾ വിരിയുമ്പോൾ , അജിത്ത് യു. കൂട് മാസിക ഡിസംബർ 2013
  2. http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2
  3. http://www.pensoft.net/journals/phytokeys/article/2297/abstract/eriocaulon-madayiparense-eriocaulaceae
  4. മാടായിപ്പാറ[പ്രവർത്തിക്കാത്ത കണ്ണി]
  5. "പരിസ്ഥിതി പ്രവർത്തകർ മാടായിപ്പാറ സന്ദർശിക്കും". Archived from the original on 2010-04-24. Retrieved 2010-04-23.
  1. മാടായി ഗ്രാമപഞ്ചായത്തു് Archived 2010-02-11 at the Wayback Machine
"https://ml.wikipedia.org/w/index.php?title=മാടായിപ്പാറ&oldid=3747131" എന്ന താളിൽനിന്ന് ശേഖരിച്ചത്