Jump to content

സൂക്ഷ്മജീവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൂക്ഷ്മാണുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

A cluster of Escherichia coli bacteria magnified 10,000 times

മൈക്രോസ്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഏകകോശജീവികളേയോ ബഹുകോശജീവികളേയോ സൂക്ഷ്മജീവികൾ എന്നുവിളിക്കുന്നു. മൈക്രോസ്കോപ്പ് ഉപയോഗിച്ച് 1674 ൽ ആൻറൺ വാൻ ല്യൂവൻഹോക്ക് ഇത്തരം ജീവികളെ നിരീക്ഷിച്ചതോടെയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനശാഖയായ സൂക്ഷ്മജീവിശാസ്ത്രം അഥവാ മൈക്രോബയോളജി പ്രചുരപ്രചാരത്തിലായത്.

വളരെ വൈവിധ്യപൂർണമായ ലോകമാണ് സൂക്ഷ്മജീവികളുടേത്. ബാക്ടീരിയ, ആർക്കിയ എന്നീ വിഭാഗങ്ങളിലെ എല്ലാ ജീവികളും പ്രോട്ടോസോവ വിഭാഗത്തിലെ മിക്ക ജീവികളും സൂക്ഷ്മജീവികളാണ്. പൂപ്പലുകൾ (ഫംഗസ്) പായലുകൾ (ആൽഗ) റോട്ടിഫറുകൾ എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന ചില ജീവികളും സൂക്ഷ്മജീവികളാണ്.[1] വൈറസുകളെ പൊതുവെ സൂക്ഷ്മജീവികളുടെ ഈ ഗണത്തിൽ പരിഗണിക്കില്ല. നഗ്നനേത്രങ്ങൾ കൊണ്ട് മനുഷ്യന് കാണാവുന്ന സൂക്ഷ്മജീവികളുടെ വ്യാസം 100 മൈക്രോണാണ്. 100 മൈക്രോണിലും താഴെ വലിപ്പമുള്ള ജീവികളാണ് സൂക്ഷ്മജീവികൾ.[2] സാധാരണ മൈക്രോസ്കോപ്പുകളിലൂടെ വൈറസ് ഒഴികെയുള്ള സൂക്ഷ്മജീവികളെ നേരിട്ട് നിരീക്ഷിക്കാനാകും.

ജീവമണ്ഡലത്തിന്റെ മിക്കയിടങ്ങളിലും സൂക്ഷ്മജീവികളുണ്ട്. മണ്ണിലും സമുദ്രത്തിലെ തന്നെ അഗാധഗർത്തങ്ങളിലും ഭൗമനിരപ്പിനുമുകളിൽ അനേകം മൈലുകൾ ഉയരത്തിലെ അന്തരീക്ഷത്തിലും ഇവ കാണപ്പെടുന്നു. ബഹിരാകാശത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ശൂന്യതയിലും ഇവ വസിക്കുന്നു. മണ്ണിനും മണ്ണിനുതൊട്ടടിയിലും കാണപ്പെടുന്ന ബാക്ടീരിയകളിലെ കാർബണിന്റെ അളവ് 5x1017g അഥവാ അമേരിക്കൻ ഐക്യനാടുകളുടെ മൊത്തം ഭാരമായി കണക്കാക്കുന്നു. ഭൂമിയിലെ സമുദ്രാന്തർഭാഗത്ത് ഏറ്റവും ആഴത്തിലുള്ള മറിയാന ട്രഞ്ചിലും സൂക്ഷ്മജീവികൾ കാണപ്പെടുന്നു എന്ന് ശാസ്ത്രലോകത്ത് തെളിവുകളുണ്ട്.

ഏത് ആവാസവ്യവസ്ഥയിലും വിഘാടകർ ആയി പ്രവർത്തിക്കുന്നത് സൂക്ഷ്മജീവികളായതിനാൽ പദാർത്ഥ പുനഃചംക്രമണത്തിൽ ഇവയ്ക്ക് കാര്യമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. നൈട്രജൻ ചക്രത്തിൽ പങ്കെടുക്കുന്ന ബാക്ടീരിയകളായ റൈസോബിയം, അസറ്റോബാക്ടർ എന്നിവ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ആധുനിക ജനിതക സാങ്കേതിക വിദ്യകളുപയോഗിച്ച് സൂക്ഷ്മജീവികളിൽ നിന്നും ആഹാരവും പാനീയങ്ങളും മരുന്നുകളും വാക്സിനുകളും ഉത്പാദിപ്പിക്കുന്നു. സസ്യങ്ങളലും ജന്തുക്കളിലും വിവിധതരം രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളുമുണ്ട്.

സൂക്ഷ്മജീവികളുടെ പരിണാമം

[തിരുത്തുക]

മൂന്നുമുതൽ നാലുവരെ ബില്യൺ വർഷങ്ങൾക്കുമുമ്പ് ഒറ്റക്കോശമുള്ള ജീവികളായാണ് ഭൂമുഖത്ത് ആദ്യസൂക്ഷ്മജീവികൾ രൂപപ്പെട്ടത്. തുടർന്ന് നാളുകളോളം പരിണാമപ്രക്രിയ നിശ്ചലമായിരുന്നു. പ്രീകാമ്പ്രിയൻ ഇയോണിൽ തുടർന്നുള്ള മൂന്നുബില്യൺ വർഷത്തേയ്ക്ക് മൈക്രോസ്കോപ്പിക് ജീവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ ഭൗമചരിത്രത്തിന്റെ സിംഹഭാഗവും സൂക്ഷ്മജീവികൾ കൈയടക്കി. 220 ദശലക്ഷം വർഷങ്ങൾക്കുമുമ്പുള്ള ആംബറിൽ ബാക്ടീരിയ, ആൽഗ, ഫംഗസ് എന്നിവയെ കണ്ടെത്തിയത് ട്രയാസിക് പീരീഡിനുശേഷം വളരെ ലഘുവായ മാറ്റങ്ങളേ ഇവയ്ക്ക് വന്നിട്ടുള്ളൂ എന്ന് തെളിയിക്കുന്നു. [3] സൂക്ഷ്മജീവികൾക്ക് താരതമ്യേന വളരെ വേഗത്തിലുള്ള പരിണാമനിരക്കാണുള്ളത്. മിക്ക സൂക്ഷ്മജീവികൾക്കും വളരെപ്പെട്ടെന്ന് വിഭജിക്കാനാകും. ബാക്ടീരിയകൾക്ക്, വ്യത്യസ്ത സ്പീഷീസുകൾ തമ്മിൽത്തന്നെ, കോൻജുഗേഷൻ, ട്രാൻഫോർമേഷൻ, ട്രാൻസ്ഡക്ഷൻ എന്നീ പ്രക്രിയകളിലൂടെ വളരെ വേഗത്തിൽ നേരിട്ട് ജീനുകളെ കൈമാറാനുമാകും. ഇത്തരത്തിലുള്ള തിരശ്ചീന ജീൻ കൈമാറ്റവും ഒപ്പമുള്ള ഉയർന്ന മ്യൂട്ടേഷൻ നിരക്കും മറ്റുചില ജനിതക വ്യതിയാനസാദ്ധ്യതകളും സൂക്ഷ്മജീവികളെ പ്രകൃതിനിർദ്ധാരണം വഴി വളരെ വേഗത്തിൽ പരിണമിച്ചുവരാനും വൈവിധ്യമാർന്ന ആവാസങ്ങളിൽ ജീവിക്കുന്നതിനും കാരണമാകുന്നു. സൂപ്പർബഗുകളെ രൂപപ്പെട്ടതും ആധുനിക ആന്റിബയോട്ടിക്കുൾക്ക് പ്രതിരോധം കാണിക്കുന്ന രോഗകാരികളായ ബാക്ടീരിയകൾ രൂപപ്പെട്ടതും ഈ പ്രത്യേകതകൾ കൊണ്ടാണ് എന്നത് മെഡിക്കൽ രംഗത്ത് വലിയ പ്രാധാന്യം കൈവരുത്തിയിട്ടുണ്ട്.[4]

സൂക്ഷ്മജീവിശാസ്ത്രത്തിന്റെ വളർച്ച

[തിരുത്തുക]

ആന്റണി വാൻ ല്യൂവൻഹോക്ക് ആണ് സ്വയം നിർമ്മിച്ച മൈക്രോസ്കോപ്പിലൂടെ ആദ്യമായി സൂക്ഷ്മജീവികളെ നിരീക്ഷിച്ചത്. അദ്ദേഹത്തിന് സമശീർഷനായിരുന്ന റോബർട്ട് ഹൂക്ക് സൂക്ഷ്മജീവികളുടെ ജീവനത്തെക്കുറിച്ച് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുകയും 1665 ൽ മൈക്രോഗ്രാഫിയ എന്ന പുസ്തകത്തിൽ ഈ നിരീക്ഷണഫലങ്ങൾ രേഖപ്പെടുത്തികയും സെൽ അഥവാ കോശം എന്ന പദം ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്തു. ‌ സൂപ്പിലെ സൂക്ഷ്മജീവികളെ തിളപ്പിക്കുന്നതുവഴി നശിപ്പിക്കാം എന്ന കണ്ടെത്തൽ നടത്തിയത് ലസാരോ സ്പല്ലാൻസി എന്ന ശാസ്ത്രജ്ഞനാണ്. വായുവുമായി സമ്പർക്കത്തിലെത്താതെ പുതുതായി ഇത്തരം വസ്തുക്കളിൽ സൂക്ഷ്മജീവികൾ പ്രത്യക്ഷപ്പെടുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി.

സൂക്ഷ്മജീവികളുമായി ബന്ധപ്പെട്ട സുപ്രധാനപരീക്ഷണനിരീക്ഷണങ്ങൾ നടത്തിയത് ലൂയി പാസ്ചറാണ്. സൂപ്പിനെ തിളപ്പിച്ച് സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം ഒഴിവാക്കിയതിനുശേഷം ഫിൽട്ടർ മൂടികൾ ഉള്ളതും ഇല്ലാത്തുമായ വ്യത്യസ്ത പാത്രങ്ങളിൽ സൂക്ഷിച്ചു. ഫിൽട്ടറുള്ള പാത്രത്തിലെ ഭക്ഷ്യാവശിഷ്ടത്തിൽ സൂക്ഷ്ജീവികൾ രൂപപ്പെട്ടില്ല. മൂടിവയ്ക്കാത്ത പാത്രങ്ങളിൽ സൂക്ഷ്മജീവികൾ പ്രത്യക്ഷപ്പെട്ടത് പാത്രത്തിനുപുറത്തുനിന്ന് രേണുക്കളായോ പൊടിപടലങ്ങളിലൂടെയോ എത്തിയതിനാലാണ് എന്നദ്ദേഹം അനുമാനിച്ചു.

1876 ൽ റോബർട്ട് കോക്ക് എന്ന ശാസ്ത്രജ്ഞൻ സൂക്ഷ്മജീവികൾ രോഗമുണ്ടാക്കുമെന്ന് തെളിയിച്ചു.[5] ആന്ത്രാക്സ് രോഗബാധിതരായ കന്നുകാലികളുടെ രക്തത്തിൽ ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം അദ്ദേഹം കണ്ടെത്തി. രോഗബാധിതമായ കന്നുകാലിയുടെ ശരീരത്തിലെ രക്തഘടകങ്ങൾ രോഗമില്ലാത്തവയിൽ കുത്തിവയ്പിച്ച് രോഗബാധയുണ്ടാക്കി. പോഷകമാധ്യമത്തിൽ വളർത്തിയ ബാക്ടീരിയയെ കുത്തിവച്ചാലും രോഗമുണ്ടാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മജീവികളും രോഗങ്ങളുമായുള്ള ബന്ധം വിശദീകരിക്കുന്ന ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഇത് കോക്ക്സ് പോസ്റ്റുലേറ്റ് എന്നറിയപ്പെടുന്നു. [6]

സൂക്ഷ്മജീവികളുടെ വർഗീകരണം

[തിരുത്തുക]

ആകാരതാരതമ്യശാസ്ത്രം (മോർഫോളജി), ശരീരശാസ്ത്രം (ഫിസിയോളജി), ജൈവരസതന്ത്രം (ബയോകെമിസ്ട്രി), പരിസ്ഥിതിശാസ്ത്രം (ഇക്കോളജി), ജനിതകശാസ്ത്രം (ജനറ്റിക്സ്) എന്നീ പഠനമേഖലകളിലെ സങ്കേതങ്ങളാണ് സൂക്ഷ്മജീവിവർഗീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്. ശരീരധർമശാസ്ത്രം (ഫിസിയോളജി), ജനിതകശാസ്ത്രം (ജനറ്റിക്സ്) എന്നീ പഠനമേഖലകളുപയോഗിച്ചുള്ള സൂക്ഷ്മജീവികളുടെ വർഗീകരണം എപ്പോഴും പ്രായോഗികമല്ല. ഫൈലോജനറ്റിക് മാർക്കറുകൾ ഉപയോഗിച്ചുള്ള പരിണാമപരമായ ബന്ധം വിവിധ സൂക്ഷ്മജീവിവിഭാഗങ്ങൾ തമ്മിലുള്ള പാരസ്പര്യമോ വ്യത്യാസമോ കണ്ടെത്തുന്നതിന് പര്യാപ്തമല്ല. [7] ആറുകിങ്ഡം വർഗീകരണരീതിയിൽ എല്ലാ കിങ്ഡങ്ങളിലും സൂക്ഷ്മജീവികൾക്ക് സ്ഥാനമുണ്ട്. വൈവിധ്യപൂർണവും സങ്കീർണവുമായ വിവിധ വർഗീകരണമാർഗങ്ങൾ സൂക്ഷ്മജീവികളുടെ വർഗീകരണത്തിനുപയോഗിക്കുന്നു. [8] കോശത്തിൽ നിയതമായ മർമ്മ (ന്യൂക്ലിയസ്)മില്ലാത്ത പ്രോകാരിയോട്ട് വിഭാഗത്തിലും കോശത്തിൽ നിയതമായ മർമമുള്ള യൂക്കാരിയോട്ട് വിഭാഗത്തിലും സൂക്ഷ്മജീവികളുണ്ട്.

പ്രോകാരിയോട്ടുകൾ

[തിരുത്തുക]

പ്രോകാരിയോട്ടുകളായ ബാക്ടീരിയ, ആർക്കിയ എന്നീ രണ്ട് കിങ്ഡങ്ങളിലും ഉൾപ്പെടുന്നവ പൊതുവേ സൂക്ഷ്മജീവികളാണ്. ഇവയുടെ കോശങ്ങൾക്ക് നിയതമായ മർമമോ സ്തരങ്ങളാലാവരണം ചെയ്യപ്പെട്ട കോശാംഗങ്ങളോ ഇല്ല. ഇവ മിക്കവയും ഏകകോശജീവികളാണ്. മിക്സോബാക്ടീരിയ വിഭാഗത്തിലുൾപ്പെടുന്നവ അവയുടെ ജീവിതചക്രത്തിനിടയിൽ സങ്കീർണമായ കോളനികൾ രൂപപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ ഏറ്റവുമധികം കാണപ്പെടുന്നതും ഏറ്റവും വൈവിധ്യപൂർണമായതും പ്രോകാരിയോട്ടുകളാണ്. +140 ഡിഗ്രി സെൽഷ്യസ് താപനിലയിൽവരെ പ്രോകാരിയോട്ടുകൾ വസിക്കുന്നു. ജലം, മണ്ണ്, അന്തരീക്ഷം, ഇതര ജീവികളുടെ ദഹനവ്യൂഹം, ഉഷ്ണജലപ്രവാഹങ്ങൾ (ഹോട്ട് സ്പ്രിംഗുകൾ), ഭൗമോപരിതലത്തിനടിയിലെ വളരെ ആഴത്തിലുള്ള പാറകൾ എന്നിവയിലെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ട്. [9] ഭൂമിയിലെ ജൈവപിണ്ഡത്തിന്റെ (ബയോമാസ്) പകുതിയോളം അഥവാ 5*1030 ഓളം പ്രോകാരിയോട്ടുകളാണ്.[10]പ്രതിവർഷം 1.7*1030 പ്രോകാരിയോട്ടുകോശങ്ങളാണ് രൂപപ്പെടുന്നത്.

ബാക്ടീരിയ

[തിരുത്തുക]

തയോമാർഗാരിറ്റ നമീബിയൻസിസ് എന്നയിനം സൂക്ഷ്മജീവിയൊഴിച്ച് മറ്റു ബാക്ടീരിയകളെ നഗ്നനേത്രങ്ങൾക്ക് കാണാനാകില്ല. ഒറ്റക്കോശമായോ കോശകോളനികളായോ ഇവ കാണപ്പെടുന്നു. ഡി.എൻ.എ എന്ന ജനിതക തൻമാത്ര ഒറ്റ ഇഴയുള്ള ഒരു ലൂപ്പ് ആയിമാത്രം കാണപ്പെടുന്നു. ഇതിനോടൊപ്പം ലഘു ഡി.എൻ.എ തൻമാത്രകളായ പ്ലാസ്മിഡുകളും കോശങ്ങളിലുണ്ട്. ബാക്ടീരിയൽ കോൺ‌ജുഗേഷൻ എന്ന പ്രക്രിയയിലൂടെ ഈ പ്ലാസ്മിഡുകൾ ഒരു ബാക്ടീരിയ കോശത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. കോശത്തെ പൊതിയുന്ന കോശഭിത്തി കോശത്തിന് ബലവും ദൃഢതയും നൽകുന്നു. ദ്വിവിഭജനം(ബൈനറി ഫിഷൻ), മുകുളനം (ബഡിംഗ്) എന്നീ കോശവിഭജനരീതികൾ ഇവയ്ക്കുണ്ട്. ഊനഭംഗം എന്ന കോശവിഭജനരീതി വഴിയുള്ള വിഭജനപ്രക്രിയ ഇവയിലില്ല. പ്രത്യുൽപാദനരീതിയിലല്ലാതെ, പ്രതികൂല സാഹചര്യങ്ങളിൽ നിലനിൽക്കുന്നതിന് രേണുക്കളെ (സ്പോറുകൾ) ഉത്പാദിപ്പിക്കുന്ന രീതിയുമുണ്ട്. ട്രാൻസ്ഫോർമേഷൻ, ട്രാൻസ്ഡക്ഷൻ, കോൺജുഗേഷൻ എന്നിവ ജനിതകവസ്തുക്കളുടെ കൈമാറ്റത്തിനായി ഉപയോഗിക്കുന്നുണ്ട്.

ആർക്കിയ

[തിരുത്തുക]

ന്യൂക്ലിയസില്ലാത്ത ഏകകോശജീവികളാണിവ. കാൾ വൗസ് 1990 ൽ മൂന്നു ഡൊമൈൻ വർഗീകരണം മുന്നോട്ടുവച്ചതോടെ മുമ്പ് ബാക്ടീരിയാവിഭാഗത്തിൽ പരിഗണിക്കപ്പെട്ട ഇവ ആർക്കിയ എന്ന കിങ്ഡത്തിലുൾപ്പെടുത്തപ്പെട്ടു. [11] ജനിതക, ജൈവരസതന്ത്ര പഠനങ്ങൾ ആർക്കിയകളെ ബാക്ടീരിയകളിൽ നിന്ന് വേർതിരിക്കുന്ന നിരവധി സവിശേഷതകളെ കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ കോശസ്തരത്തിൽ എസ്റ്റർ ബോണ്ടുകളുള്ള ഫോസ്ഫോഗ്ലിസറൈഡുകൾ ഉള്ളപ്പോൾ ആർക്കിയ സ്തരങ്ങളിൽ ഈഥർ ലിപ്പിഡുകളാണുള്ളത്.[12] മെഥനോജനുകൾ, ഹാലോഫൈലുകൾ, തെർമോഅസിഡോഫൈലുകൾ എന്നിങ്ങനെ അങ്ങേയറ്റം തീക്ഷ്ണമായ സാഹചര്യങ്ങളിൽ വസിക്കുന്നവയാണിവ എന്ന ധാരണയിൽ നിന്നും ലോകമെമ്പാടും എല്ലാ ആവാസങ്ങളിലും വ്യാപകമായി കാണപ്പെടുന്ന സൂക്ഷ്മജീവികളാണിവ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.[13]

യൂക്കാരിയോട്ടുകൾ

[തിരുത്തുക]

പൂർണവളർച്ചയെത്തുമ്പോൾ മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് ഗോചരമായ ജീവികളാണ് യൂക്കാരിയോട്ടുകൾ. എന്നാൽ സൂക്ഷ്മജീവികളായ ധാരാളം യൂക്കാരിയോട്ടുകളുമുണ്ട്. വ്യക്തമായ കോശമർമ്മവും സ്തരങ്ങളാൽ പൊതിഞ്ഞിരിക്കുന്ന കോശാംഗങ്ങളും യൂക്കാരിയോട്ടുകളുടെ കോശങ്ങളുടെ പ്രത്യേകതകളാണ്. ന്യൂക്ലിയസിലെ ക്രോമസോമുകളെ അതിസങ്കീർണമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയിലെ മൈറ്റോകോൺഡ്രിയ സിട്രിക് ആസിഡ് ചക്രത്തിനും ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ എന്ന ഊർജ്ജോത്പാദനപ്രക്രിയയ്ക്കും സഹായിക്കുന്നു. യൂക്കാരിയോട്ടുകളിലുൾപ്പെടുന്ന സസ്യകോശങ്ങൾക്ക് പ്രോകാരിയോട്ടുകളായ ബാക്ടീടീരിയകൾക്കുള്ളതുപോലെ കോശഭിത്തിയും ഹരിതകണവുമുണ്ട്. ഹരിതകണങ്ങൾ പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നു.

ഏകകോശ യൂക്കാരിയോട്ടുകൾ അവയുടെ ജീവിതചക്രത്തിലെമ്പാടും ഒറ്റക്കോശം മാത്രം ഉള്ളവയായിരിക്കും. മറ്റ് ബഹുകോശ യൂക്കാരിയോട്ടുകളെല്ലാം സിക്താണ്ഡം എന്ന ഒറ്റക്കോശത്തിലൂടെ ജീവിതം ആരംഭിക്കുന്നു. അനുകൂലസാഹചര്യങ്ങളിൽ ഏകകോശയൂക്കാരിയോട്ടുകൾ ക്രമഭംഗം എന്ന കോശവിഭജനം ഉപയോഗപ്പെടുത്തുന്ന അലൈംഗികപ്രത്യുൽപാദനരീതികളിലൂടെ വംശവർദ്ധനവ് നടത്തുന്നു. എന്നാൽ പ്രതികൂലസാഹചര്യങ്ങളിൽ ഊനഭംഗം, സിൻഗമി എന്നീ ലൈംഗികപ്രത്യുൽപാദനരീതികൾ അനുവർത്തിക്കുന്നു.

എല്ലാ ജീവജാലങ്ങളിലും കൂടി നോക്കുമ്പോൾ വളരെക്കുറച്ചുജീവികൾ മാത്രമാണ് യൂക്കാരിയോട്ടുകളിലുള്ളത്. എന്നാൽ ഇവയുടെ ശരീരവലിപ്പം മൂലം ഇവയുടെ ആഗോള ജൈവപിണ്ഡം പ്രോകാരിയോട്ടുകളുടെ ജൈവപിണ്ഡത്തിനുതുല്യമാണ്. 1.6 മുതൽ 2.1 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് ഇവ ഭൂമുഖത്ത് പരിണമിച്ചെത്തിയത്.

പ്രോട്ടിസ്റ്റ

[തിരുത്തുക]

ജന്തുക്കൾ

[തിരുത്തുക]

സസ്യങ്ങൾ

[തിരുത്തുക]

ആവാസസ്ഥാനങ്ങൾ

[തിരുത്തുക]

=== എക്സ്ട്രീമോഫൈലുകൾ ===സൂക്ഷ്മ ജീവികൾ

മണ്ണിലെ സൂക്ഷ്മജീവികൾ

[തിരുത്തുക]

സിംബയോട്ടിക് ജീവികൾ

[തിരുത്തുക]

സൂക്ഷ്മജീവികളുടെ പ്രാധാന്യം

[തിരുത്തുക]

ഭക്ഷ്യോത്പാദനം

[തിരുത്തുക]

പുളിക്കൽ

[തിരുത്തുക]

ശുചിത്വം

[തിരുത്തുക]

ജലശുദ്ധീകരണം

[തിരുത്തുക]

ഊർജ്ജം

[തിരുത്തുക]

രാസവസ്തുക്കൾ

[തിരുത്തുക]

ശാസ്ത്രലോകം

[തിരുത്തുക]

യുദ്ധം

[തിരുത്തുക]

മനുഷ്യന്റെ ആരോഗ്യം

[തിരുത്തുക]

രോഗങ്ങൾ

[തിരുത്തുക]
ബാക്ടീരിയകൾ വരുത്തുന്ന ഭക്ഷ്യവിഷബാധ
[തിരുത്തുക]

മൂന്ന് മുഖ്യ ബാക്ടീരിയാ വിഭാഗങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. ക്ലോസ്ട്രീഡിയം ബോട്ടുലിനം, സ്റ്റഫൈലോകോക്കസ് ഓറിയസ്, ബാസില്ലസ് സീറിയസ് എന്നിവയാണവ. ഓക്സിജന്റെ അസാന്നിദ്ധ്യത്തിൽ ജീവിക്കുന്ന ക്ലോസ്ട്രീഡിയം ബാക്ടീരിയ ഭക്ഷ്യവിഷബാധയേറ്റ് പതിനെട്ടുമുതൽ മുപ്പത്തിയാറുവരെ മണിക്കൂറിനകം ശരീരതളർച്ചയും ശ്വാസതടസ്സവും ഉണ്ടാക്കി മരണത്തിനിടയാക്കാം. ബോട്ടുലിനം എന്ന മാരകമായ വിഷമാണ് ഇവ ഉത്പാദിപ്പിക്കുന്നത്. കൃത്യസമയത്ത് ആന്റിടോക്സിനുകൾ നൽകുന്നത് മരണത്തെ തടയും. ഐസ്ക്രീമുകൾ, പഫ്സ് എന്നിവയിലാണ് സ്റ്റഫൈലോകോക്കസ് ബാക്ടീരിയ രൂപപ്പെടുത്തുന്ന ടോക്സിനുകൾ അഥവാ വിഷവസ്തുക്കൾ കാണപ്പെടുന്നത്. ഈ ഭക്ഷ്യപദാർത്ഥങ്ങൾ വഹിക്കുന്ന ആൾക്കാരുടെ മൂക്കിലെ ശ്ലേഷ്മരസത്തിൽ ബാക്ടീരിയകളുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് മുപ്പതുമിനിറ്റിനകം പെട്ടെന്നുള്ള ഛർദ്ദിലും തലചുറ്റലും അനുഭവപ്പെടുന്നു. തിളപ്പിക്കുന്നതുവഴി ഈ വിഷവസ്തുക്കൾ നശിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. സാധാരണഗതിയിൽ പാകം ചെയ്ത് മുറിയിൽ അടച്ച് ഒരുരാത്രിയോളം സൂക്ഷിക്കുന്ന ചോറിലാണ് ബാസില്ലസ് സീറിയസ് ഉണ്ടാക്കുന്ന വിഷവസ്തുക്കൾ രൂപപ്പെടുക. ഛർദ്ദിയും മയക്കവുമുണ്ടാക്കുന്ന ഒരിനം വിഷവും വയറിളക്കമുണ്ടാക്കുന്ന മറ്റൊരു വിഷവും ഈ ബാക്ടീരിയകൾ നിർമ്മിക്കുന്നു. തിളപ്പിച്ചാലും വിഷവസ്തുക്കൾ നശിക്കില്ല.[14]

പരിസ്ഥിതിശാസ്ത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 1 നവംബർ 2005. Retrieved 1 നവംബർ 2005.
  2. http://www.biologydiscussion.com/microorganisms/biological-and-morphological-classification-of-microorganisms/24327
  3. https://www.ncbi.nlm.nih.gov/pmc/articles/PMC1578735/
  4. http://www.pnas.org/content/99/11/7687.long
  5. http://mpkb.org/home/pathogenesis/kochs_postulates
  6. http://www.virology.ws/2010/01/22/kochs-postulates-in-the-21st-century/
  7. http://www.ncbi.nlm.nih.gov/pmc/articles/PMC4552647/
  8. http://www.smartsciencepro.com/classification-microorganisms/
  9. http://www.pnas.org/content/89/13/6045
  10. https://www.ncbi.nlm.nih.gov/pmc/articles/PMC33863/
  11. https://www.ncbi.nlm.nih.gov/pmc/articles/PMC54159/
  12. http://mmbr.asm.org/content/50/1/70.long
  13. http://cdn.intechopen.com/pdfs-wm/28887.pdf
  14. http://www.encyclopedia.com/topic/Microorganisms.aspx

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മജീവി&oldid=3828030" എന്ന താളിൽനിന്ന് ശേഖരിച്ചത്