മാവേലിക്കര
മാവേലിക്കര | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Nickname(s): "ഓടനാട്, ഓണാട്ടുകര, ഓണനാട്" | |||||||||
രാജ്യം | ഇന്ത്യ | ||||||||
സംസ്ഥാനം | കേരളം | ||||||||
ജില്ല | ആലപ്പുഴ | ||||||||
സർക്കാർ | |||||||||
• ഭരണസമിതി | മാവേലിക്കര നഗരസഭ | ||||||||
ഉയരം | 11 മീ (36 അടി) | ||||||||
Languages | |||||||||
• Official | മലയാളം, ഇംഗ്ലീഷ് | ||||||||
സമയമേഖല | UTC+5:30 (IST) | ||||||||
Vehicle registration | KL-31 | ||||||||
Sex ratio | 1079 ♂/♀ |
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. എന്നാൽ മഹാബലിക്കര എന്ന പേര് ലോപിച്ചാണ് മാവേലിക്കര ആയത് എന്നാണ് പഴമക്കാർ പറയുന്നത്. പ്രസിദ്ധമായ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭഭരണി ഉത്സവവും ഇവിടെയാണ്.
സ്ഥലനാമോത്പത്തി
[തിരുത്തുക]വലിയ കോട്ട നിലനിന്നിരുന്ന സ്ഥലം എന്നർത്ഥമാണ് മാവേലിക്കര നൽകുന്നത്. പുരാതനകാലത്ത് സ്ഥല സംരക്ഷണത്തിനായി വേലി കെട്ടി മറച്ചിരുന്നു. പാറകൊണ്ട് ഉണ്ടാക്കുന്ന കോട്ടകൾ കേരളത്തിൽ അക്കാലത്ത് അപ്രസക്തമായിരുന്നു. വലിയ വേലികളും കുറ്റിക്കോട്ടയും ആണ് പ്രചാരത്തിലുണ്ടായിരുന്നത്. [1] അത്തരത്തിൽ മഹാ വേലി കൊണ്ട് സംരക്ഷിക്കപ്പെട്ട കരയാണ് മാവേലിക്കര.
മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാൽ മഹാലക്ഷ്മിയെന്നൊരു അർത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവൽ എന്ന അർത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവൽ നിൽക്കുന്ന നാട് എന്ന അർത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതിഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാൽ “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകൾ ആയിരുന്നുവത്രെ.[അവലംബം ആവശ്യമാണ്] അതിനാൽ, അളന്നാൽ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അർത്ഥത്തിൽ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂർ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിർത്തിയിലുൾപ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേൾക്കുന്നുണ്ട്. എന്നാൽ മാവേലിക്കരയും, മാവേലിയും തമ്മിൽ പേരിലുള്ള സമാനത മാത്രമേയുള്ളൂ എന്നാണ് ചരിത്രമതം.[2] മധുര ഉൾപ്പെട്ട പാണ്ഡ്യനാട്ടീൽ മാവേലിവാണാതിരായർ എന്ന ഒരു ഇടപ്രഭുവംശക്കാരാണ് ആലപ്പുഴയിലെ മാവേലിക്കര സ്ഥാപിച്ചതെന്നു ശങ്കു അയ്യർ വാദിക്കുന്നു. [3]
ചരിത്രം
[തിരുത്തുക]ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര ആൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള എരുവയിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.
ആദ്യകാലം
[തിരുത്തുക]ക്രിസ്തുവർഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ തിരുവനന്തപുരം മുതൽ തിരുവല്ലയുടെ വടക്കുഭാഗങ്ങൾ വരെ പരന്ന് കിടന്ന് ആയ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മാവേലിക്കര. കേരളത്തിലെ മറ്റു സ്ഥലങ്ങളെക്കാൾ കൂടുതൽ ബൗദ്ധപാരമ്പര്യം പേറുന്ന സ്ഥലമാണ് മവേലിക്കര എന്നു കരുതാം. ലോകപ്രശസ്തമായ ശ്രീമൂലവാസം എന്ന ബുദ്ധവിഹാരം മാവേലിക്കരയിലാണ് സ്ഥിതി ചെയ്തിരുന്നത്. നിരവധി ചെപ്പേടുകളും രേഖകളും ഇതിനു ഉപോൽഫലകമായി ലഭ്യമായിട്ടുണ്ട്. [4] മാവേലിക്കരയുടെ ചരിത്രത്തിലുടനീളം തമിഴ്നാട്ടിലെ സ്വാധീനം കാണാം. സംഘകാലത്തേ തന്നെ തമിഴരുമായി വ്യാപാര സാംസ്കാരിക ഇടപാടുകൾ നടന്നിരുന്നു. വേട്അർ, കുഴവർ, പരതവർ, ഉഴവർ എന്നീ വിവിധ ജാതിക്കാരായിരുന്നു മാവേലിക്കരയിൽ പ്രധാനം. [5] സംഘകാല കൃതികളിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണുവാൻ സാധിക്കും. അക്കാലത്ത് ഓടനാട് എന്നറിയപ്പെടുന്ന ഇടപ്രഭുക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശം. ഓണനാട് എന്നും ഒഡ്ഡനാട് എന്നും ഭേദമുണ്ട്. മാവേലിക്കര, കരുന്നാഗപ്പിള്ളീ, കായംകുളം, കാർത്തികപ്പള്ളി എന്നി താലൂക്കൾ ഉൽപ്പെട്ട പ്രദേശമായിരുന്നു ഈ നാടുവാഴികൾ ഭരിച്ചിരുന്നത്. തലസ്ഥാനം കണ്ടിയൂർ മറ്റവും പിന്നീട് ഏരുവായുമായി. വിദേശിയരുമായും പുരാതനകാലത്തിലേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു. [6] നെല്ലായിരുന്നു പ്രധാന കൃഷി എന്ന് ഉണ്ണുനീലി സന്ദേശം എന്ന കാവ്യത്തിലൂടെ മനസ്സിലാക്കാം. കുറുവ, ചേനൽ, പൊക്കാളി, ആനക്കോടൻ, കോയ്ലൻ, കുടുമ, മുണ്ടൻ എന്നിങ്ങനെയുള്ള വിത്തിനങ്ങളാണെന്നും കാവ്യത്തിൽ തെളിയുന്നു. [7]
അറബികൾ, ഫിനീഷ്യർ, അസ്സീറിയർ, ബാബിലോണിയർ, ഗ്രീക്കുകർ, പോർട്ടുഗീസ്, ഡച്ച്, റൊമാക്കർ , ചൈനക്കാർ എന്നിങ്ങനെ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും വ്യാപാരംബന്ധമുണ്ടായിരുന്ന സ്ഥലമാണ് മാവേലിക്കര. [8] പെരിപ്ലസിന്റെ രചയിതാവിന്റെ അഭിപ്രായത്തിൽ ബറേക്ക എന്ന സ്ഥലം ഇന്നത്തെ പുറക്കാട് ആണെന്ന് ചരിത്രകാരന്മാർ നിരൂപിച്ചിട്ടുണ്ട്. [3]
കുലശേഖര സാമ്രാജ്യം
[തിരുത്തുക]പ്രാധാന വ്യാപാരം കുരുമുളക് ആയിരുന്നു. ചൈനയിൽ നിന്നും തുണിത്തരങ്ങൾ മാവേലിക്കരയിലൂടെ ഇറക്കുമതിയുണ്ടായിരുന്നു. ഏട്ടാം നൂറ്റാണ്ടുമുതൽ ഇത് കുലശേഖര ചക്രവർത്തിമാരുടെ കീഴിലായി.[9] എട്ടാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിലെ വ്യാപാരക്കുത്തക അടക്കിവെച്ചിരുന്ന ജൂതസംഘമാണ് അഞ്ചുവണ്ണം. വേണാട്ടു രാജാവായ അയ്യനടികൾ തിരുവടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് ക്രി.വ 849-ൽ കൊടുത്ത ശാസനത്തിലാണ് ഇവരെക്കുറിച്ചുള്ള ആദ്യ പരാമർശമുള്ളത്. രാജ്യത്തെ ഉദയോഗസ്ഥപ്രമുഖരുടെയും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ കച്ചവടസംഘങ്ങളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് തരിസാപ്പള്ളി ശാസനം ചമച്ചത്. [10]
പോർട്ടുഗീസുകാരുടെയും ഡച്ചുകാരുടേയും കാലത്ത് വലിയ പണ്ടകശാലകൾ ഇവിടെ ഉണ്ടായിരുന്നു. 20 ലക്ഷം ടൺ കുരുമുളക് കയറ്റുമതി ചെയ്തിരുന്നതിന്റെ 1/5 ഇവിടെ നിന്നായിരുന്നു. മണിപ്രവാള കാവ്യങ്ങളായ ഉണ്ണുനീലി സന്ദേശത്തിലൂടെയും ഉണ്ണിയാടി ചരിതത്തിലൂടെയും പതിമൂന്നാം നൂറ്റാണ്ടിലേയും അതിനുശേഷവുമുള്ള ചരിത്രത്തിന്റെ വർണ്ണന ലഭിക്കുന്നു. കേരളം, തൃശൂർ, കൊടുങ്ങല്ലൂർ, ഓടനാട്, കിയൂർ, മറ്റം എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വർണന മനോഹരമായി കവി നിർവഹിച്ചിരിക്കുന്നു.പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്.[11] പതിനഞ്ചാം നൂറ്റാണ്ടിൽ ഓടനാട് രാജാക്കന്മാർ ആസ്ഥാനം കായംകുളത്തെ ഏരുവായിലേക്ക് മാറ്റുകയുണ്ടായി. അതിനു ശേഷമാണ് അവർ കായംകുളം രാജവംശം എന്നറിയപ്പെട്ടു തുടങ്ങിയത്.
തിരുവിതാംക്കൂറിന്റെ ഭാഗമായി
[തിരുത്തുക]വേണാടിന്റെ അധിപൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1734 ൽ കായംകുളം പിടിച്ചട ക്കാൻ തുടങ്ങി. . ദേശിംഗനാടിന്റെ നാടുവാഴിയായിരുന്ന ഉണ്ണി കേരളവർമ്മയ്ക്ക് കായംകുളം രാജവംശം സഹായങ്ങൾ ചെയ്തുവന്നിരുന്നു. കിഴക്കേ കല്ലട ഉണ്ണികേരളവർമ്മ വേണാടിൽ നിന്നും കയ്യടക്കി ഭരിച്ചിരുന്നത് മാർത്താണ്ഡവർമ്മയുടെ അപ്രീതിക്കിക്ക് കാരണമാകുകയും അദ്ദേഹം കല്ലട തിരിച്ച് വേണാടിനു ഏല്പിക്കാൻ കല്പന ഇറക്കുക്കയും ചെയ്തു. ഇത് ഇരുവരും തമ്മിലുള്ള യുദ്ധത്തിൽ കലാശിച്ചു.[12] കായം കുളം രാജാവിൽ നിന്നും സഹായങ്ങൾ ലഭിച്ചിട്ടു പോലും ഉണ്ണികേരളവർമ്മയെ മാർത്താണ്ഡവർമ്മ തടവുകാരനാക്കി. നിരാശനായ കായംകുളം രാജാവ് കൊച്ചി, പുറക്കാട്, വടക്കുംകൂർ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുകയും ഡച്ചുകാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മയെ കൊല്ലത്തു നിന്നും ഓടിക്കുകയും ചെയ്തു. [12]പ്രതികാരം വീട്ടനിറങ്ങിയ മാർത്താണ്ഡവർമ്മയുമായി നൂറനാട് പടനിലത്ത് വച്ച് യുദ്ധം നടക്കുകയും വിജയിക്കാമായിരുന്നിട്ടു കൂടി ചതിപ്രയോഗത്തിൽ കായംകുളം രാജാവ് മരണപ്പെടുകയും ചെയ്തു. [13] 1742 ൽ കോയിക്കൽ മാന്നാറിൽ വച്ച് മാർത്താണ്ഡവർമ്മയും കായംകുളം രാജാവുമായി സന്ധി ഉണ്ടായി. എന്നാൽ സന്ധിക്കു വിരുദ്ധമായി വീരകേരള വർമ്മ പിറ്റേ വർഷം തന്നെ മാർത്താണ്ഡവർമ്മയുമായി യുദ്ധത്തിൽ ഏർപ്പെടുകയും പരാജയം വരിക്കുകയും ചെയ്തു. ഇതേ തുടർന്ന് 1743 ൽ കായംകുളം രാജ്യം വേണാട്ടിൽ ലയിച്ചു.
ഡച്ച് എഴുത്തുകാരനായ ഗല്ലേറ്റി തന്റെ പുസ്തകമായ ദ ഡച്ച് ഇൻ മലബാർ എന്ന ഗ്രന്ഥത്തിൽ കായം കുളം രാജാവിന്റെയും മറ്റുമുള്ള വീരയോദ്ധാക്കളെ പറ്റി പറയുന്നുണ്ട്. ചാവേർപടയെക്കുറിച്ചുള്ള പ്രതിപാദ്യം ശ്രദ്ധധേയമാണ്. ഒരോ പുതിയ രാജ്യാവകാശിയേയും വാഴിക്കുന്ന വേളയിൽ ചാവേറുകളും തങ്ങളുടെ കൂറു വെളിപ്പെടുത്തുന്ന ആചാരച്ചടങങ്ങുകളും നടത്തുമായിരുന്നു. കായംകുളം രാജാവിന്റെ ചാവേറുകളിൽ പ്രധാനം പത്തിയൂർത്താാൻ, കാട്ടണാട്ടുത്താൻ, മരുത്തൂർകുളങ്ങരത്താൻ, നൂറനാട്ടുത്താൻ, പുതിയവിള വട്ടപ്പറമ്പിത്താൻ,ഏവൂർ വാഴപ്പള്ളിത്താൻ എന്നിവരായിരുന്നു.
പിന്നിട് രാമയ്യൻ ദളവ എന്ന സൈന്യാദിപന്റെ കീഴിലായി മാവേലിക്കരയുടെ ഭരണം. രാമയ്യൻ ദളവ മടത്തിൻ കൂർ വീട്ടിൽ നിന്ന് വേളി കഴിക്കുകയും കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. അദ്ദേഹം 19 വർഷക്കാലം ഭരണം നടത്തി. ഇതിനിടയിൽ മാവേലിക്കരയിൽ വെട്ടുകല്ലുകൊണ്ട് ഒരു കോട്ട അദ്ദേഹം നിർമ്മിച്ചു. ഇറ്റിനുള്ളിൽ കുരുമുളക് സംഭരിക്കാനുള്ള കേരളത്തിലെ ഏറ്റവും വലിയ പണ്ടകശാലയും അദ്ദേഹം പണികഴിപ്പിച്ചു. 1809 -ൽ ഈ കോട്ട മെക്കളെ പ്രഭു ശക്തിപ്പെടുത്തുകയുൺടായി. ഇന്നും ഈ പ്രദേശത്തെ കോട്ടയുടെ ഭാഗങ്ഗ്നൾ കോട്ടക്കകം എന്ന പേരിൽ അറിയപ്പെടുന്നു. [14]
1743 ലെ സന്ധി പൊലേ പ്രധാനപ്പെട്ട മറ്റൊരു സന്ധിയും മവേലിക്കരയിൽ വച്ച് ഒപ്പ് വക്കപ്പെടുകയുണ്ടായി. വേണാാട്റ്റ് രാജാവും കൊച്ചി രാജാവും തമ്മിലായിരുന്നു അത്. കൊച്ചിയും വേണാടും തമ്മിൽ യുദ്ധമുണ്ടാവാതിരിക്കാനായുള്ള കരാർ ആയിരുന്നു അത്.[15] 1788ന്റെ അവസാനകാലങ്ങളിൽ ടിപ്പു സുൽത്താൻ തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള പദ്ധതിയിടുന്നതായി വാർത്തകൾ പരന്നതോടെ അന്നത്തെ തിരുവിതാംകൂർ കാർത്തികാ തിരുനാൾ രാമ വർമ ധർമരാജവ്മാവേലിക്കരയിൽ തമ്പടിക്കുക പതിവാക്കി. 1766 ൽ ഹൈദരലി മലബാറിലേക്ക് പടയോട്ടം നടത്തിയപ്പോൾ മലബാറിലെ മിക്ക രാജകുടുംബാംഗങ്ങളും തിരുവിതാംകൂറിൽ അഭയം പ്രാപിച്ചിരുന്നു. ധർമ്മരാജാവ് ഇവർക്ക് അർഹിക്കുന്ന സൗകര്യം ചെയ്തു കൊടുത്തു. ടിപ്പു സുൽതാന്റെ തോൽവിക്ക് ശേഷം ചങ്കക്കോവിലകം ഒഴിച്ചുള്ള എല്ലാ രാജകുടുംബങ്ങളും തിരിച്ച് മലബാറിലേക്ക് കുടിയേറി. ചങ്കക്കോവിലകം തിരുവിതാംകൂറിൽ തന്നെ തങ്ങാൻ തീരുമാനിച്ചു. ഇവർ മൂന്ന് താവഴി ആയിരുന്നു. ഒന്ന് മാവേലിക്കരയിലും മറ്റൊന്ന് എണ്ണക്കാടും താമസമുറപ്പിച്ചു. മൂന്നാമത്തെ താവഴി തിരഞ്ഞെടുത്തത് പ്രായിക്കരയാണ്.
തിരുവിതാംകൂർ രാജകുടുംബം മാവേലിക്കര രാജകുടുംബത്തിൽ നിന്ന് ദത്തെടുക്കുക പതിവായിരുന്നു. ആദ്യത്തെ ദത്തെടുക്കൽ 1789 ലായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. മാവേലിക്കര കൊട്ടാരത്തിൽ നിന്ന് ഭരണി തിരുനാൾ പാർവതി തമ്പുരാട്ടിയും ഉത്രം തിരുനാൾ ഉമ തമ്പുരാട്ടിയേയും ദത്തെടുത്തതായി രേഖകൾ കാണുന്നു. . 1857 രണ്ടാമത്തെ ദത്തെടുക്കൽ നടന്നു. ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണിത്. ശ്രീമൂലം തിരുനാളിന്റെ അമ്മ മരണമടഞ്ഞതോടെ ദത്തെടുക്കൽ അനിവാര്യമായിത്തീർന്നു. 1857 ഡിസംബർ 27 നു രേവതി തിരുനാൾ ആചാര്യയുടെ പേരക്കിടാങ്ങളായ ലക്ഷ്മി ബായി, ഭരണി തിരുനാൾ പാർവതി ബായ് എന്നിവരെ തിരുവിതാംകൂറിലെക്ക് ദത്തെടുത്തു. [16]
ആധുനികകാലം
[തിരുത്തുക]സ്വാതന്ത്രത്തിസമരകാലത്ത് ശക്തമായ സാന്നിധ്യമാണ് മാവേലിക്കരയിലെ ജനങ്ങൾ കാഴ്ചവച്ചത്. നിരവധി ചെറുപ്പക്കാർ സ്വാതന്ത്രയ സമരത്തിൽ പങ്കെടുത്തു. ചെന്നിത്തലയിലെ എളന്തോടത്ത് രാമൻ നായർ ഇവരിൽ പ്രമുഖനായിരുന്നു.വടക്കേതിർൽ രാമൻ നായർ 1930ൽ നിയമലംഘനപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ദണ്ഡിയാത്രയിലും അദ്ദേഹം പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1923 ൽ പുതുപ്പള്ളി ഗ്രാമത്തിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പുതിയ ശാഖ മാവേലിക്കരയിൽ ആരംഭിച്ചു. രാമൻ മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യക്ഷൻ. [17] പിന്നീട് ശ്രീമൂലം പ്രജാ സഭയുടെ സ്ഥാപനത്തിനും ഇവർ പങ്കുവഹിച്ചു.
1930 കളിൽ തിരുവിതാം കൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികളിലൊരാളായ ടി.എം. വർഗീസ് മാവേലിക്കരക്കാരനായിരുന്നു. 1935ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തി. ഉത്തരവാദിത്തഭരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയും അദ്ദേഹം അംഗമായിരുന്നു. മാവേലിക്കരയിൽ നിന്നുള്ള മറ്റൊരു പ്രമുഖ കോൺഗ്രസ് സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു എ.പി. ഉദയഭാനു.
തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്ത പ്രമുഖ നേതാവായിരുന്ന ടി.കെ. മാധവൻ മാവേലിക്കരക്കാരനായിരുന്നു. 1885 ൽ ജനിച്ച മാധവൻ വിദ്യാലയകാലത്തു തന്നെ തൊട്ടുകൂടായ്മക്കെതിരെയും തീണ്ടിക്കൂടായ്മക്കെതിരെയും ഈഴവരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ക്ഷേത്രപ്രവേശനവിളംബരം മാധവൻ ഉൾപ്പെടെയുള്ള സമരസേനാനികളുടെ കർമ്മഫലമാണ്. [18]
വൈക്കം സത്യാഗ്രഹത്തിൽ ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, വെന്നിയിൽ ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു. ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ച ശേഷം സവർണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽപെട്ട വെന്നിയിൽ ഗോവിന്ദപ്പണിക്കർ മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു. മാവേലിക്കര ചെറുകോൽ വെന്നിയിൽ കുടുംബാഗമായ പണിക്കർ ചെന്നിത്തല മഹാത്മാ ഹൈ സ്കൂൾ സ്ഥാപകരിൽ ഒരാൾ കൂടിയാണ് .
കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കരയിലെ ഓണാട്ടുകരക്കാരനാണ്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുകയും വക്കിങ്ങ് കമ്മിറ്റിയിൽ അംഗമാകുകയും ചെയ്തിരുന്നു. [19] കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിലേക്ക് ചേർന്ന യുവാക്കളിൽ മാവേലിക്കക്കരായിരുന്നു അകധികവും. പുന്നപ്ര വയലാർ സമരത്തിലും മാവേലിക്കയിൽ നിന്നുള്ളവർ കാര്യമായ പങ്കു വഹിച്ചു.
1944-45 വരെയുള്ള കാലഘട്ടത്തിൽ ദിവാനായിരുന്ന സർ സി.പി. യുടെ കാലത്ത് കോൺഗ്രസിനെ നിരോധിച്ചുവെങ്കിലും അതിനെതിരെ സമരം ചെയ്ത വള്ളികുന്നം കമ്പിശ്ശേരി കരുണാകരൻ, പേരൂർ മാധാവൻ പിള്ള, കേശവൻ പോറ്റി എന്നിവർ മാവേലിക്കരക്കാരായിരുന്നു. 1948 -ൽ മധ്യതിരുവിതാം കൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശാഖ ആരംഭിക്കുകയുണ്ടായി . [20] പുതുപ്പള്ളി രാഘവനും കമ്പിശ്ശെരിൽ കരുണാകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖരായിരുന്നു. രണ്ടുപേരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരകായിരുന്നു എങ്കിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥനത്തിലേക്ക് ചേരുകയായിരുന്നു. തോപ്പിൽ ഭാസിക്കൊപ്പമാണ് കരുണാകരൻ കമ്യൂണിസ്റ്റ് ആയത്. 1952 ൽ അദ്ദേഹം നിയമസഭയിലെത്തി. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം വളർന്നത് ഇവരുറ്റെശ്രമഫലമായാണ്. തോപ്പിൽ ഭാസിയുടെ രചനകൾ അതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ആലപ്പുഴ ജില്ലയുടെ തെക്കായി ആണ് മാവേലിക്കര സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്ര സ്ഥാനം 9°16′01″N 76°33′00″E / 9.267°N 76.55°E. മാവേലിക്കരയിൽ നിന്നും തെക്ക് അര കിലോമീറ്റർ മാറിയാണ് രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത്.
ജനസംഖ്യ
[തിരുത്തുക]2001 ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് മാവേലിക്കരയിലെ ജനസംഖ്യ 28,440 ആണ്. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. മാവേലിക്കരയുടെ സാക്ഷരതാനിരക്ക് 86% ആണ്. (ദേശീയ ശരാശരി 59.5%). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 87%-ഉം സ്ത്രീകളിൽ 85%-ഉം ആണ്. മാവേലിക്കരയിലെ ജനസംഖ്യയിൽ 10% 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ ആണ്.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66, എം.സി. റോഡ് എന്നിവയ്ക്ക് മദ്ധ്യഭാഗത്തായുള്ള പ്രദേശമാണ് മാവേലിക്കര. പന്തളം-ഹരിപ്പാട് റോഡ് മാവേലിക്കരയെ എം.സി. റോഡുമായും ദേശീയപാതയുമായും ബന്ധിപ്പിക്കുന്നു. തിരുവന്തപുരം-കോട്ടയം റൂട്ടിലെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ ഒരു പ്രധാന സ്റ്റേഷൻ ആണ്.
വിദ്യാഭ്യാസം
[തിരുത്തുക]ആയ് രാജാക്കന്മാര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്തെ വിദ്യാലയങ്ങൾ ശാല എന്നറിയപ്പെട്ടിരുന്നു. മാവേലിക്കരയിൽ ഇത്തരം ശാലകൾ ഉണ്ടായിരുന്നു. മിഷിനറി പ്രവർത്തനകാലം തൊട്ട് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്നതാണ് ഈ പ്രദേശം. കലയും ശാസ്ത്രവും പഠിപ്പിക്കുന്ന ആർട്സ് ആൻഡ് സൈയൻസ് കോളേജ്, അദ്ധ്യാപക പരീശീലന കലാലയം 9പീറ്റ് മെമ്മോറിയൽ ട്രൈനിങ് കോളേജും), രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ടസ് ,കല്ലുുമല ബിഷപ് മൂർ കോളേജും , മാർ ഇവാനിയോസ് കോളേജും നിലകൊള്ളുന്നു
മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്. ജോസഫ് പീറ്റ് എന്ന പാതിരി പള്ളിയോടൊപ്പം വിദ്യാലയവും പണി കഴിപ്പിച്ചിരുന്നു. ബെഞ്ചമിൻ ബെയിലിയോടൊപ്പം മണ്രോ തുരുത്തിലെ അടിമത്തം അവസാനിപ്പിക്കാൻ പ്രയത്നിച്ച അദ്ദേഹം മലയാളം വ്യാകരണത്തിൽ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. 1800 ൽ റാണി ലക്ഷ്മിഭായ് വിദ്യാഭ്യാസം സർക്കാറിന്റെ ഉത്തരവാദിത്തമായിരിക്കും എന്ന വിളംബരം പുറപ്പെടുവിച്ചതന്നുശേഷം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. 1800 ഒക്ടോബർ 3 വിജയദശമി നാളിൽ മാവേലിക്കര സർക്കാർ ഹൈസ്കൂൾ തുറന്നു. ഇത് അക്കാലത്തെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആയിരുന്നു. സി.എം.എസ്. മിഷണറമാരുടെ നേതൃത്വത്തിൽ 1839ൽ പെൺകുടികൾക്കായി ബിഷപ് നോയൽ എഡ്വേർഡ് ഹോഡ്ജസിന്റെ സ്മരണാർത്ഥം ഒരു സ്ക്ജൂൾ ആരംഭിച്ചു. ബിഷപ് ഹോജ്ജസ് സ്കൂൾ എന്നാണ് ഇത് അറിയപ്പെടുന്നത്. 1948ൽ സർക്കാർ ഉടമസ്ഥതയിൽ പെൺകുട്ടികൾക്കായി ഹൈസ്കൂൾ പ്രത്യേകം ആരംഭിച്ചു. 1925 ൽ പുത്തന് മഠത്തിൽ സ്കറിയ എന്ന പാതിരിയുടെ ശ്രമഫലമായി വി. ജോൺന്റെ നാമത്തിൽ ഒരു മിഡിൽ സ്കൂൾ ആരംഭിച്ചു. ഇത് പിന്നീട് ഹൈസ്കൂളായി. 1920-ൽ താഴക്കരയിൽ മലങ്കര സിറിയൻ സെമിനാരി ഹൈസ്കൂൾ ആരംഭിച്ചു. മറ്റു സ്കൂളുകൾ :മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ, ബിഷപ് മൂർ വിദ്യാപീഠം,ചെറുപുഷ്പ ബഥനി സീനിയർ സെക്കന്ററി സ്കൂൾ , ചുനക്കര , ഗവ. യു പി സ്കൂൾ, വരേണിക്കൽ, ആക്കനാട്ടുകര ബിഷപ് മൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവ. എൽ.പി.ജി.എച്ച്.എസ്, മാവേലിക്കര,ക്രോസ്സ് ലാൻഡ് പബ്ലിക് സ്കൂൾ , കുന്നം കണ്ടിയൂർ യു.പി.സ്കൂൾ എന്നീവയാണ്.
തിരുവിതാംകൂറിലെ ആദ്യത്തെ അദ്ധ്യാപക പരിശീലന കളരിയായ ഗവ. ടി.ടി.ഐ. 1909 ൽ സ്ഥാപിതമായി. 1915 ൽ രവിവർമ ചിത്രകലാലയം തുറന്നു. ഇത് സ്ഥാപിച്ചത് പ്രശസ്ത ചിത്രകാരനായ രാമവർമ്മയാണ്. സുറിയാനി സെമിനാരി ടീച്ചേർസ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യ്ൂട്ട് 1963 -ൽ സ്ഥാപിക്കപ്പെട്ടു. കോളേജ് ഓഫ് അപ്പൈഡ് സർവീസർ എന്ന സർക്കാർ കലാലയം 1994 ൽ സ്ഥാപിതമായി.
സാംസ്കാരിക പ്രാധാന്യം
[തിരുത്തുക]ചരിത്രത്തിനും സംസ്കാരത്തിനും നിരവധി സംഭാവനകൾ നൽകിയിട്ടുള്ള സ്ഥലമാണ് മാവേലിക്കര. നിരവധി എഴുത്തുകാരും കവികളും ചിത്രകാരന്മാരും രാഷ്ട്രീയപ്രവർത്തകരും ഇവിടത്തുകാരായിട്ടുണ്ട്. കേരളചരിത്രത്തിൽ തന്നെ അപൂർവ സ്ഥാനം നേടിയ ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ മണിപ്രവാള കാവ്യങ്ങലുടെ രചയിതാക്കന്മാർ മാവേലിക്കരയിലാണ് ജീവിച്ചിരുന്നത്. മലയാളഗാന സാഹിത്യത്തിൽ ഹരിക്ഷേമസ്സമൊരൊൽസവ എന്ന അദ്ധ്യായമെഴുതിയഎഴുത്തുകാർ മാവേലിക്കരയിൽ നിന്നാണ്. കഥകളിക്കഥകൾ, വഞ്ചിപ്പാട്ട്, തുള്ളൽ പാട്ടുകൾ എന്നിങ്ങനെ അനവധി സാഹിത്യസംഭാവനകൾ മാവേലിക്കരയിൽ നിന്ന് ഉണ്ടായിട്ടുണ്ട്.
ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പൊഴും ഇവിടെയുണ്ട്. കൃഷ്ണസ്വാമി ക്ഷേത്രത്തിനുമുമ്പിലുള്ള ബുദ്ധവിഗ്രഹം, കറ്റാനം ഭരണിക്കാവ് ദേവിക്ഷേത്രത്തിനടുത്തുള്ള വിഗ്രഹവും ഉദഹരണങ്ങൾ. എല്ലാ വിഭാഗത്തിലും പെട്ടവർ ഇവിടെ സമാധാനത്തോടെയാണ് വസിച്ചു വന്നിട്ടുള്ളത്. ആദിയിൽ പ്രധാന വംശക്കാർ പുലയരും മറ്റും ആയിരുന്നു എങ്കിലും ബ്രാഹ്മണരുടെ അധിനിവേശത്തോടെ പ്രമുഖർ നമ്പൂതിരിമാരായിത്തീർന്നു. 64 നമ്പൂതിരി ചേരികൾ മാവേലിക്കരയിൽ ഉണ്ടയിരുന്നതിൽ മാവേലിക്കരയിൽ അധിവസച്ചത് ചെറുവായ് രാജവംശത്തോടനുബന്ധിച്ച് അധിനിവേശം ചെയ്തവരാണ്. നായർ, ഈഴവർ, പുലയർ, ക്രിസ്ത്യാനികൾ, ഇംസ്ലാം മതക്കാർ തുടങ്ങിയവർ ഇടകലർന്ന് ജീവിക്കുന്നു.
മതാനുഷ്ഠാനപരമായും അല്ലാതെയും കലകൾ വേണ്ടപോലെ പ്രോത്സാഹിപ്പിക്കപ്പെടുന്നയിടമാണ് മാവേലിക്കര.[21]
- പറവെച്ചൂത്ത്- വേലൻ സമുദായക്കാരുടെ അനുഷ്ഠാനകലയാണിത്
- ബലിക്കട - വേലൻ സമുദായക്കാരുടെ മറ്റൊരനുഷ്ഠാനകല
- അൻപൊലി ജീവത്തുള്ളൽ എന്നും വിളിക്കുന്നു. ദേവീഷേത്രങ്ങലിലെ അനുഷ്ഃആനകല
- കളമെഴുത്ത് മാവേലിക്കരയിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന ദൃശ്യകലാരൂപം
- കുത്തിയോട്ടം ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മാത്രം കാണപ്പെടുന്ന ഒരു ചടങ്ങ്
- കെട്ടുകാഴ്ച ചെട്ടിക്കുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന കലാരൂപം. ബുദ്ധമതാനുഷ്ഠാനങ്ങളുമായി ബന്ധം
- പരിചമുട്ടുകളി ക്ഷേത്രങങ്ങളിൽ ഉത്സവങ്ങളോട് ബന്ധപ്പെട്ട് നടത്തപ്പെടുന്നു.
അഭിനയകലകൾ
[തിരുത്തുക]കഥകളി
[തിരുത്തുക]കഥകളിയുടെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ രാമകഥ രചിച്ചത് കൊട്ടാരക്കര തമ്പുരാനാണ്. കഥകളിയുടെ ഈറ്റില്ലം എന്നു വേണമെങ്കിൽ മാവേലിക്കരയെ വിശേഷിപ്പിക്കാമെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. മറ്റൊരു പഴയ കഥകളി ഗ്രന്ഥമായ സുന്ദരീസ്വയംവരം എഴുതിയ ചെറുകോൽ കുന്നത്തു സുബ്രമണ്യൻ പോറ്റി മാവേലിക്കരക്കാരനാണ്. കണ്ടിയൂർ പപ്പു പിള്ള, ചെന്നിത്തല കൊചുപിള്ള പണിക്കർ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, വരാണസി മാധവൻ നമ്പൂതിരി, ചെട്ടിക്കുളങ്ങര ഉണ്ണികൃഷ്ണൻ എന്നിവർ മാവേലിക്കരയിൽ നിന്നുള്ള പ്രമുഖ കഥകളി കലാകരന്മാരാണ്.
കാക്കരശിനാടകം
[തിരുത്തുക]മാവേലിക്കരയിലെ പ്രസിദ്ധമായ ഒരു കലാരൂപമാണ് കാക്കരശ്ശിനാടകം. ഇന്നും നിരവധി ക്ഷേത്രങ്ങളിൽ ഇന്നും കാക്കരശിനാടകം കളിച്ചു വരുന്നു. പാണർ, കമ്മാളർ എന്നീ സമുദായങ്ങളാണ് ഇത് അവതരിപ്പിക്കുന്നത്. ചെറുകുന്നം എം. ടി. രാഘവൻ പ്രസിദ്ധനായ ഒരു കാക്കരശി നാടക കലാകാരനാണ്.
മറ്റു കലാരൂപങ്ങൾ
[തിരുത്തുക]- വേലകളി
- മുടിപ്പേച്ച്
- പടയണി
- കാവടിയാട്ടം
- കാളകെട്ട്
- ഓണത്തല്ല്
- കളരിപ്പയറ്റ്
പാട്ട്
[തിരുത്തുക]- ചിലമ്പുപാട്ട് മാവേലിക്കരയിലെ ആശാന്മാർ എഴുത്തുപള്ളിക്കൂടത്തിൽ ഉപയോഗിക്കുന്ന പ്രത്യേക നാടൻ പാട്ടുകളാണ്.
- പുള്ളുവൻ പാട്ട് - നാഗ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ടു രീതിയാണിത്. പുള്ളുവൻ സമുദായത്തിൽ പെടുന്നവരാണ് ഇത് ആലപിക്കുന്നത്. മാവേലിക്കരയിൽ നിരവധി പുല്ലുവൻ സമുദായക്കാരുണ്ട്. വിവിധക്ഷേത്രങങ്ങളിലും ഇവർ പുള്ളുബാധ ഒഴിവാക്കാനായി ഈ അനുഷ്ഠാന കലാരൂപം അനുഷ്ഠിച്ചു വരുന്നു.
- വില്ലടിച്ചാൻ പാട്ട്- മാവേലിക്കരയിലെ പുല്ലാരിമംഗലത്തും ഉമ്പർനാട് എന്നീ സ്ഥലങ്ങളിൽ ഈ പാട്ട് പാടുന്നവരുടെ സംഘങ്ങൾ ഉണ്ട്.
- കുത്തിയോട്ടപ്പാട്ട്- ചെട്ടിക്കുളങ്ങര ഭരണിയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനു മുന്നോടിയായാണ് ഈ പാട്ട് പാടുന്നത്.
- തോറ്റംപാട്ട് - കാളി, കണ്ണകി എന്നീ ദ്രാവിഡ ദേവതകളെ ആരാധിച്ചു പാടുന്ന പാട്ടുകളാണിവ. മാവേലിക്കരയും കൊടുങ്ങല്ലൂരുമാണ് തോറ്റം പാട്ടുകളുടെ കേന്ദ്രങ്ങൾ. ഇതിൽനിന്നും പുരതന കാലത്ത് കൊടുങ്ങല്ലൂരും മാവേലിക്കരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ സാധിക്കും
- ഓണാട്ടുകരപാട്ട് - വിത്തുവിതയുമായി ബന്ധപ്പെട്ട് മാവേലിക്കര ഓണാട്ടുകരയിൽ നിന്ന് പ്രചരിച്ച പാട്ടുകളാണിത്.
സാംസ്കാരിക നായകന്മാർ
[തിരുത്തുക]- ദാമോദര ചാക്യാർ - 14 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത കവി. ഉണ്ണിയാടീചരിതം എഴുതിയത് ഇദ്ദേഹമാണ്.
- തിരുനീലകണ്ഠൻ- ഹരിക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂർ മറ്റം പടപ്പാട്ടിന്റെ രചയിതാവ്
- പ്രൊഫ. എ.ആർ. രാജരാജവർമ്മ (മലയാള വ്യാകരണത്തിന്റെ പിതാവായ ഇദ്ദേഹം 'കേരള പാണിനി' എന്നറിയപ്പെടുന്നു)
- തൊപ്പിൽ ഭാസി( മാവെലിക്കര താലൂക്കിലെ വല്ലികുന്നം)
- ചുനക്കര രാമൻകുട്ടി( കവി, ഗാനരചയിതാവ്)
- സി.ടി.രവികുമാർ സുപ്രീം കോടതി ജഡ്ജി
- രാജാ രവിവർമ്മ
- രവീന്ദ്രവർമ്മ (ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും വിദ്യാർത്ഥി നേതാവും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന ഇദ്ദേഹം എ.ആർ. രാജരാജവർമ്മയുടെ ചെറുമകനാണ്.)
- ഡോ. പി.സി. അലക്സാണ്ടർ - തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ മുൻ ഗവർണർ ആയിരുന്നു. ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായിരുന്നു ഇദ്ദേഹം.
- സി.എം. സ്റ്റീഫൻ (മുൻ കാബിനറ്റ് മന്ത്രി, കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവ്)
- പുതുശ്ശേരി രാമചന്ദ്രൻ (മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗ
- വേഷകനും അദ്ധ്യാപക
- )
- പത്മശ്രീ മാവേലിക്കര കൃഷ്ണൻകുട്ടി നായർ (മൃദംഗം വിദ്വാൻ)
- മാവേലിക്കര എസ് അർ രാജു മൃദംഗവിദ്വാൻ
- മാവേലിക്കരപ്രഭാകരവർമ്മ സംഗീതവിദ്വാൻ
- മാവേലിക്കര പൊന്നമ്മ (മലയാളം നാടക, ചലച്ചിത്ര നടി)
- ചിത്രമെഴുത്ത് കെ.എം. വർഗീസ്
- പ്രൊഫ. ആർ. നരേന്ദ്രപ്രസാദ് (നാടകകൃത്ത്, സിനിമാനടൻ, അദ്ധ്യാപകൻ, സാഹിത്യ നിരൂപകൻ)
- മാവേലിക്കര അച്ചുതൻ സംസ്കൃതപണ്ഡിതൻ.
- പി.ജി.എൻ. ഉണ്ണിത്താൻ (തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ദിവാനായിരുന്നു)
- സേതു ലക്ഷ്മീബായി (തിരുവിതാംകൂർ മഹാറാണി ആയിരുന്നു)
- കെ.കെ. സുധാകരൻ (എഴുത്തുകാരൻ)
- എൻ. കുഞ്ഞുകൃഷ്ണൻ ഉണ്ണിത്താൻ (മാവേലിക്കരയുടെ ആദ്യത്തെ മുനിസിപ്പൽ കമ്മീഷണറും അഭിഭാഷകനും)
- പുന്നമൂട് ദേവദാസ് (എഴുത്തുകാരൻ)
- എം.വി. ചന്ദ്രശേഖരൻ നായർ (സ്വാതന്ത്ര്യസമര സേനാനി)
- വെന്നിയിൽ ഗോവിന്ദപ്പണിക്കർ(സ്വാതന്ത്ര്യസമര സേനാനി,വൈക്കം സത്യാഗ്രഹത്തിൽ ആദ്യ അറസ്റ്റ് വരിച്ചു )
- പടനിലത്ത് കൃഷ്ണപിള്ള (ആയുർവ്വേദ വിഷചികത്സാ വൈദ്യൻ)
- പടനിലത്ത് കേശവപിള്ള (ശ്ലോക കർത്താവ്)
- മധു ശങ്കരമംഗലം (നാടക സംവിധായകൻ)
- മധു ഇറവങ്കര (ചലച്ചിത്രപ്രവർത്തകൻ)
- മജിഷ്യൻ സാമ്രാജ് (മാന്ത്രികൻ)
- കണ്ടങ്കര എൻ.കൃഷ്ണൻ ഉണ്ണിത്താൻ (കവി,അദ്ധ്യാപകൻ)
- കാട്ടൂർ നാരായണപിള്ള (തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളജിന്റെ മുൻ പ്രിൻസിപ്പൽ, ചിത്രകാരനും ചലച്ചിത്ര കലാസംവിധായകനും)
- ഇറവങ്കര ഗോപാലക്കുറുപ്പ് (രാഷ്ട്രീയപ്രവർത്തകൻ,മുൻകാല കമ്യൂണിസ്റ്റ് നേതാവ്)
- രമേശ് ചെന്നിത്തല, മുൻ കേരള ആഭ്യന്തരമന്ത്രി,മുൻ മാവേലിക്കര MP മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ.പ്രതിപക്ഷ നേതാവ്
- ജസ്റ്റിസ് സി.ടി.രവികുമാർ (സുപ്രീം കോടതി ജഡ്ജി)
- ബി അബുരാജ് (എഴുത്തുകാരനും പത്രപ്രവർത്തകനും. പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി(SIET) ഡയറക്ടർ)
- കെ രാഘവൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ)
- വിശ്വൻ പടനിലം,നോവലിസ്റ്റ്, കഥാകൃത്ത്
- റജി വി ഗ്രീൻലാൻഡ്,പുസ്തക നിരൂപണം,പ്രവാസി സാഹിത്യം
പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ
[തിരുത്തുക]കണ്ടിയൂർ മഹാദേവക്ഷേത്രം
[തിരുത്തുക]കേരളത്തിൽ ആദ്യത്തെ ശിവക്ഷേത്രമെന്ന ഖ്യാതിയുള്ള അമ്പലമാണിത്. ശിവനെ കിരാതരൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചരിത്രരേഖകളായ നിരവധി ശാസനങ്ള്ള് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ചരിത്രരൂപീകരണത്തിനു പ്രധാന പങ്കുവഹിച്ചിട്ടുള്ള ക്ഷേത്രമാണിത്. മാവേലിക്കരയിലുള്ള ദേവദാസികൾക്കായിരുന്നു ഈ ക്ഷേത്രത്തിന്റെ ആദ്യകാല അവകാശം. ഉണ്ണുനീലി ചരിതം, ഉണ്ണിയാടി ചരിതം തുടങ്ങിയ മണിപ്രവാള കവിതകൾ ഈ ക്ഷേത്രത്തെ പരാമർശിക്കുന്നവയാണ്.
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
[തിരുത്തുക]മാവേലിക്കരയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം. ചെട്ടികുളങ്ങര ഭരണി ഉത്സവം അതിപ്രസിദ്ധം. കേരളത്തിലെ അപൂർവമായ അനുഷ്ഠാന ചടങ്ങുകൾ ഉള്ള ഒരു ക്ഷേത്രമാണ് ചെട്ടിക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം. ആദികാല ദ്രാവിഡരുടെ സാംസ്കാരിക പ്രതിഫലനമായി കുംഭ മാസത്തിലെ ഭരണി നാളിനോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടം, രഥയോട്ടം, കെട്ടുകാഴ്ച എന്നിവയാണ് ഈ ചടങ്ങുകൾ. 1200 വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ആയിരക്കണക്കിന് ആളുകൾ ആണ് ഭരണിയോട് അനുബന്ധിച്ചു ചെട്ടികുളങ്ങരയിൽ എത്തിച്ചേരുന്നത്.
മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിൽനിന്നും തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാർത്താണ്ഡവർമ്മ സ്ഥാപിച്ച സ്തംഭവിളക്ക് ഇവിടെയാണ്. 360 അടി ചുറ്റളവുണ്ടിതിന്.
മറ്റം നരസിംഹമൂർത്തി ക്ഷേത്രം
[തിരുത്തുക]തട്ടാരമ്പലം എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ വിഷ്ണുവിന്റെ ഉഗ്രാവതാരമായ നരസിംഹമൂർത്തിയാണ്. ഓണാട്ടു രാജാവിന്റെ തേവാരമൂർത്തിയാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. നാരായിങ്ങമന്നൂർ കൊട്ടാരത്തിന്റെ ഭാഗമായാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.
പടനിലം പരബ്രഹ്മ ക്ഷേത്രം
[തിരുത്തുക]മാവേലിക്കര താലൂക്കിലെ നൂറനാട്ടാണ് പടനിലം പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ് . ഓണാട്ടുകരയുടെ തനത് പാരമ്പര്യം വിളിച്ചോതുന്ന നന്ദികേശ കെട്ടുത്സവമാണ് ഇവിടെ നടക്കുന്നത്. 50 അടി വരെ ഉയരമുള്ള നന്ദികേശന്മാർ ശിവരാത്രി നാളിലെ വിസ്മയക്കാഴ്ചയാണ്. കരക്കാരുടെ കൈക്കരുത്തോടെയും യന്ത്ര സഹായത്തോടെയും കൂടെയാണ് ഇവയെ ക്ഷേത്രത്തിൽ എത്തിക്കുന്നത്. നൂറനാട്ടെ 16 കരകളാണ് ഇവയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. കെട്ടുകാഴ്ച്ചകൾ ക്ഷേത്രത്തിന് വലം വെക്കുന്നു എന്ന അപൂർവതയും പടനിലം ശിവരാത്രിക്കുണ്ട്.
ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ പടനിലം ക്ഷേത്രം പടിഞ്ഞാറ് ദർശനമായാണ് നിലകൊള്ളുന്നത്. നൂറുകണക്കിന് ആളുകൾ ഭജനം നോക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചിക മഹോത്സാവവും ഇവിടെ പ്രധാനമാണ്. 16 കരകളിൽ നിന്നുള്ള ചിറപ്പ് ഘോഷയാത്രകൾ വൃശ്ചികം-ധനു മാസങ്ങളിലായി നടക്കും. നൂറനാട്ടെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപത്തിയെട്ടാം ഓണമഹോത്സവവും ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.
=== വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം === കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്] നാഗരാജാവായ അനന്തൻ (ആദിശേഷൻ, ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ശയിക്കുന്നു എന്നാണ് വിശ്വാസം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യങ്ങൾ ചേർന്ന സങ്കൽപ്പത്തിലാണ് അനന്തശേഷന്റെ പ്രതിഷ്ഠ. പരമശിവനോടൊപ്പം അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ ഭക്തജനങ്ങൾ തേവാരപ്പുരയും നിലവറയും സന്ദർശിക്കുന്ന ആചാരവുമുണ്ട്. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഒരു ബ്രാഹ്മണകുടുംബത്തിന് പൂജയ്ക്ക് അധികാരവും നൽകി. കന്നിമാസത്തിലെ "വെട്ടിക്കോട് ആയില്യം" ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ്. ശ്രീ പരമേശ്വരൻ നമ്പൂതിരി എന്ന കാരണവർ ഈ നാഗരാജ സ്വാമി ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.
തിരുവൈരൂർ മഹാദേവക്ഷേത്രം
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.
1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ, തൊട്ടടുത്തുള്ള മഹാലക്ഷിയുടെ രൂപം എന്നിവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്. ചുനക്കര ആറാട്ട് പ്രശസ്തമാണ്. 6 കരകളിൽ നിന്നുള്ള കെട്ടു കാഴ്ചകൾ ക്ഷേത്രത്തിലെ കളികണ്ടതിൽ (വയൽ) അണി നിരന്നു നിൽക്കുന്നത് കാണാൻ ആയിരങ്ങൾ എതതുന്നു. ശിവരാത്രി നാളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുന്ന ക്ഷേത്രം.
കീർത്തിപുരം ശ്രീകൃഷ്ണക്ഷേത്രം
[തിരുത്തുക]കണ്ടിയൂർ കീർത്തിപുരത്ത് സ്ഥിതി ചെയ്യുന്ന പുരാത ക്ഷേത്രമാണിത്. നരസിംഹമൂർത്തി ക്ഷേത്രത്തെ അഭിമുഖീകരിക്കുന്ന തരത്തിലാണിതിന്റെ നിർമ്മാണം. കർക്കിടകവാവു സമയത്ത് ബലിയർപ്പിക്കാൻ ഇവിടത്തെ ശിവന്റെ മുന്നിൽ നിരവധിപേർ എത്തിച്ചേരുന്നു.
തട്ടാരമ്പലം സരസ്വതി ക്ഷേത്രം
[തിരുത്തുക]തട്ടാരമ്പലത്ത് കിഴക്കോട്ട് ദർശനം നൽകുന്നരീതിയിൽ സ്ഥിതി ചെയ്യുന്നു. ദുർഗ്ഗയാണ് പ്രധാന പതിഷ്ഠ. 14 നൂറ്റാണ്ടിൽ എഴുതപ്പെട്ട കാവ്യമായ ഉണ്ണുനീലി സന്ദേശത്തിൽ ഈ ക്ഷേത്രത്തെ ക്കുറിച്ച് വർണ്ണനയുണ്ട്. സരസ്വതി മറ്റൊരു ഉപാസന മൂർത്തിയായതിനാൽ വിജയദശമി, നവരാത്രി എന്നീ നാളുകളാണ് ഇവിടെ ഉത്സവമായി ആചരിക്കുന്നത്. വിദ്യാരംഭം പ്രധാനം.
തൃപെരുംന്തുറ ശ്രീമഹാദേവർ ക്ഷേത്രം
[തിരുത്തുക]ചെന്നിത്തലയിലെ പുരാതന ക്ഷേത്രമാണിത്. മാന്നാർ റോഡിൽ പുതുവിളപ്പടി ജങ്ങഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ഒരു പ്രമുഖ തുറമുഖം നിലനിന്നിരുന്ന സ്ഥലമാണിത്. അതിറ്റെ അധിപനാണ് ക്ഷേത്രത്തിന്റെ പ്രതിഷഠ എന്ന് വിശ്വസിക്കുന്നു. ഉണ്ണുനീലി ചരിതത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് കവിവർണ്ണനയുണ്ട്. പുരാതനകാലത്ത് ഇതിന്റെ ഉടമസ്ഥാവകാശം നടുവിലെമഠം സ്വാമിക്കായിരുന്നു. പിന്നീട് ഇത് ഇടപ്പള്ളി തമ്പുരാനു സമർപ്പിക്കപ്പെട്ടു. അതിനു ശേഷം മാർത്താണ്ഡവർമ്മക്കധീനത്തിലുമായി.
ചാല ശ്രീമഹാദേവക്ഷേത്രം
[തിരുത്തുക]ചാല ശ്രീമഹാദേവക്ഷേത്രം മാവേലിക്കരയിൽ മാന്നാർ റോഡിൽ 1 കി.മീ തെക്കുമാറി കല്ലുമൂടിനടുത്താണ് സ്ഥിതിചെയ്യുന്നത്. ചാല എന്നത്ത് പുരാതനമായ ചന്ത നിലനിന്നിരുന്ന സ്ഥലമാണ്. തൃപ്പേന്തുറ തുറമുഖത്തിൽ എത്തിച്ചേരുന്ന വ്യാപാരികൾ അഥവാ വണിക്കുകൾ വ്യാപരം നടത്തിയിരുന്നത് ചാലയിൽ ആയിരുന്നു. പുരാതനകാലത്തെ പ്രമുഖ ബുദ്ധകേന്ദ്രങ്ങൾ ഇവിടെ നിലനിന്നിരുന്നു.
മുള്ളിക്കുളങ്ങര ഭഗവതി ക്ഷേത്രം
[തിരുത്തുക]മാവേലിക്കരയിലെ തെക്കേക്കര പഞ്ചായത്തിലെ മുള്ളിക്കുളങ്ങര ജങ്ഷനിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മന്ത്യേത്ത്, കുളത്തൂർ, വെളുത്തേടത്ത് എന്നീ കുടുംബക്കാർ നിന്ന് കൊടുങ്ങല്ല്ലൂർ ഭഗവതിയെ കുടിയിരുത്തിയതാണ് എന്നാണ് ഐതിഹ്യം. ആദ്യം ആലുമൂട്ടിൽ തറയിൽ പതിഷ്ഠിച്ചിരുന്ന വിഗ്രഹം പിന്നീട് ക്ഷേത്രത്തിലേക്ക് മാറ്റുകയായിരുന്നു. ശ്രീകോവിൽ ചതുരാകൃതിയിലുള്ളതാണ്.
പടയണിവട്ടം ഭഗവതി ക്ഷേത്രം
[തിരുത്തുക]മാവേലിക്കരയിലെ വള്ളിക്കുന്നം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനദുർഗ്ഗ, ഭദ്രകാളി, ഗണപതി, ലക്ഷ്മി എന്നി ഉപദേവതകൾ ചുറ്റമ്പലത്തിലുള്ളിൽ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. അമ്പൊലി വഴിപാട്, താലിചാർത്തു, തേരൊലി നിവേദ്യം, പറനിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ.
പ്രായിക്കര ധന്വന്തരിക്ഷേത്രം
[തിരുത്തുക]മാവേലിക്കരയ്ക്കടുത്ത് പ്രായിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പ്രായിക്കര ശ്രീധന്വന്തരിക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണിത്. ഭാരതത്തിൽത്തന്നെ അത്യപൂർവ്വമാണ് ധന്വന്തരിക്ഷേത്രങ്ങൾ. രോഗശാന്തിക്ക് ഏറ്റവും വിശിഷ്ടമാണ് ധന്വന്തരീ ഭജനം എന്നാണ് വിശ്വാസം. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും കുലദൈവമായി മഹാവിഷ്ണുവിന്റെ അവതരമായ ധന്വന്തരിയെ കാണുന്നു. തന്മൂലം മിക്ക വൈദ്യകുടുംബങ്ങളുടെയും മാറാരോഗികളുടെയും ഉപാസനാമൂർത്തിയാണ് ധന്വന്തരി.
മാവേലിക്കരയിലെ തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭദ്രകാളിയാണ് പ്രധാനപ്രതിഷ്ഠ.800 വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട്.ഗർഭ രക്ഷക്കായി സ്ത്രീകൾ കല്ലെടുപ്പ് വഴിപാട് നടത്തുന്ന അമ്മൂമ്മക്കാവ് ഈ ക്ഷേത്രത്തിലാണ്.[അവലംബം ആവശ്യമാണ്]
ശ്രീ പരബ്രമോദയ ക്ഷേത്രം വരേണിക്കൽ
മാവേലിക്കരയിലെ തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ ശ്രീകോവിലിനായി ഒരു കെട്ടിട നിർമ്മാണവുമില്ല, കാരണം ഈ സ്ഥലത്ത് ഒരു നിർമ്മാണവും പാടില്ലായെന്ന് വിലക്കിയിട്ടുണ്ട്. മണ്ഡല സീസണിൽ ആണു ക്ഷേത്രത്തിൽ ഉത്സവം.
കാരഴ്മ ദുർഗാദേവി ക്ഷേത്രം
[തിരുത്തുക]വസൂരിമാല ദേവി ക്ഷേത്രം വടക്കേമങ്കുഴി
[തിരുത്തുക]ശാസ്താനട ക്ഷേത്രം കല്ലുമല
[തിരുത്തുക]ക്രിസ്തീയ ദേവാലയങ്ങൾ
[തിരുത്തുക]സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി, പത്തിച്ചിറ
[തിരുത്തുക]സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുതിയകാവ്
[തിരുത്തുക]മാവേലിക്കരയിലെ എറ്റവും പുരാതന ക്രിസ്തീയ ദേവാലയമാണ് സെന്റ് മേരീസ് കതീഡ്രൽ. കന്യാമേരിയുടെ നാമദേയത്തിലാണ് ഇത് അറിയപെടുന്നത്. നിലയ്ക്കൽ നിന്നും വന്ന അഭയാർത്തികളായ ക്രിസ്ത്യാനികൾ കടമ്പനാടിൽ എത്തിച്ചേരുകയും അവർ പതിയെ കായംകുളം, മാവേലിക്കര എന്നിവടങ്ങളിലായി അധിവസിക്കുകയും ചെയ്തു. കായംകുളം രാജാവ് ഇവർക്കായി പള്ളി പണിയാനുള്ള അനുമതി നൽകുകയും കണ്ടിയൂരിൽ ആദ്യ പള്ളി പണിയുകയും ചെയ്തു. എന്നാൽ കായം കുളവും മവേലിക്കര രാജ്യങ്ങൾ തമ്മിൽ ബന്ധം വഷളായപ്പോൾ മാവേലിക്കര രാജാവിന്റെ കൂടെയായിരുന്നു ക്രിസ്ത്യാനികൾ. ഇതിൽ അമർഷം പൂണ്ട കായം കുളം രാജാവ് പള്ളി നശിപ്പിച്ചു കളഞ്ഞു. പിന്നീട് മാവേലിക്കര രാജാവിന്റെ സഹായത്തോടെ പുതിയകാവിൽ 943 ൽ ഇപ്പോഴത്തെ സ്ഥാനത്ത് പള്ളി പണിയിക്കപ്പെട്ടു.
ജെർണോബിന്റെ പുസ്തകത്തിൽ 16 നൂറ്റാണ്ടിനു മുന്ന് പണീകഴിപ്പിച്ച 19 പള്ളികളെക്കുറിച്ച് വിവരിച്ചിരിക്കുന്ന കൂട്ടത്തിൽ സെന്റ് മേരിസ് പള്ളിയെക്കുറിച്ചും പറയുന്നു. 1757ൽ മാവേലിക്കര സന്ദർശിച്ച ഫ്രഞ്ച് യാത്രികൻ കായങ്കുളത്തെ പ്രമുഖ പള്ളീയായി ഇതിനെ വർണ്ണിച്ചിരിക്കുന്നു.
മാവേലിക്കര സി.എസ്.ഐ. പള്ളി.
[തിരുത്തുക]മറ്റൊരു പ്രധാന പള്ളി സി.എസ്.ഐ. പള്ളിയാണ്. ഇത് സ്ഥാപിച്ചത് ജോസഫ് പീറ്റ് എന്ന വൈദികനാണ്. 1838 ൽ മിഷണറി പ്രവർത്തനങ്ങൾക്കായി മവേലിക്കര സന്ദർശിച്ചയാളാണ് അദ്ദേഹം . ബ്രിട്ടീഷ് വാസ്തുശില്പരീതിയിലാണ് പള്ളിയുറ്റെ നിർമ്മാണം. ആൾത്താര വളരെ മനോഹരവും 93 അടി നീളവുമ് 42 അടി വീതിയും ഉള്ളതാണ്. 800 പേർക്ക് ഇരിക്കാൻ സാധിക്കുന്നതാണിത്.
പുതിയകാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി
[തിരുത്തുക]1932 മാർച്ച് 7 നു സ്ഥാപിക്കപ്പെട്ട പള്ളീയാണിത്. സ്ഥാപകൻ ഗീവർഗീസ് മാർ ഇവാനിയോസ് ആണ്. ഇദ്ദേഹം പുതുയകാവു മാവേലിക്കര പണിക്കർ കുടുംബാംഗമാണ്.
രാഷ്ട്രീയം
[തിരുത്തുക]മാവേലിക്കര ഒരു ലോകസഭാ മണ്ഡലം ആണ്. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു 2005 ലോകസഭാ വിഭജനത്തിൽ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായി നിശ്ചയിച്ചത്.
- 2009 മുതൽ കൊടിക്കുന്നിൽ സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) മാവേലിക്കര ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
- സി.പി.ഐ. (എം.) അംഗമായ ആർ.രാജേഷ് മാവേലിക്കര നിയമസഭാമണ്ഡലത്തെ 2011 മുതൽ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.
സമ്പദ്‌വ്യവസ്ഥ
[തിരുത്തുക]പത്ത് പഞ്ചായത്തുകളാണ് മാവേലിക്കര താലൂക്കിലുള്ളത്. ഇവയുടെ സാമ്പത്തിക ചരിത്രം വളരെ ശക്തമാണ്. ചെട്ടിക്കുളങ്ങര, തെക്കേക്കര,മ്പളമേൽ, താമരക്കുളം എന്നീ പഞ്ചായത്തുകളിൽ വിരിപ്പ് കൃഷി വളരെ വ്യാപകമായിരുന്നു. ചെന്നിത്തല പഞ്ചായത്തിൽ പുഞ്ചകൃഷിയും നടന്നു വരുന്നു. തെക്കേക്കരയിലും ചെട്ടിക്കുളങ്ങരയിലും എള്ള് കൃഷിയും അതിനോടനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രങ്ങളും നിലവിൽ ഉണ്ട്. ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ മാത്രം 240 ഹെക്റ്ററോളം എള്ള് കൃഷി ചെയ്യുന്നുണ്ട്. റബർ വെറ്റില, നാളികേരം തൂടങങ്ങിയവയാണ് മറ്റു കൃഷികൾ. നൂറനാട്ടിൽ പച്ചകൃഷി വ്യാപകമാണ്. കാലിവളർത്തൽ എല്ലാ പഞ്ചായത്തുകളിലും ചെയ്തു പോരുന്നു. ചെന്നിത്തല, പാലമ്മേൽ, വള്ളിക്കുന്നം എന്നീ പ്രദേശങ്ങളിൽ പാൽ-സംഭരണ സഹകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറച്ചിക്കോഴി വളർത്തൽ എല്ലാ പഞ്ചായത്തുകളിലും ഒരു പോലെ കാണപ്പെടുന്നു. പാരമ്പര്യരീതിയിൽ കൃഷി ചെയ്യുന്നത് ചെന്നിത്തല പഞ്ചായത്തുകളിൽ മാത്രം കാണപ്പെടുന്നുള്ളൂ. ഈ പഞ്ചായത്തിൽ തന്നെ മത്സ്യബന്ധനവും ശക്തമാണ്. അച്ചൻ കോവിലാറിന്റെ കൈവരികളും ഉള്ളതിനാൽ പുഴമീൻ മത്സ്യബന്ധനവും ഉണ്ട്. വരാൽ, കർപൂരശാല, മൂഴി, കാരി, തിരണ്ടി, കുറുവ, കല്ലുമുട്ടി, ചെമ്മീൻ എന്നിവ ഇവിടെ ലഭ്യമാണ്.
ചുടുകട്ട നിർമ്മാണം പ്രബലമാണിവിടെ. ചെന്നിത്തല പഞ്ചായത്തിൽ മാത്രം രണ്ട് ഓട്ടു ഫാക്റ്ററികളം 27 ഓളം ചൂളകളും പ്രവർത്തിക്കുന്നു. ചുനക്കര, താമരക്കുളം, തെക്കേക്കര, വള്ളിക്കുന്നം, പാലമേൽ എന്നിവിടങ്ങളിൽ കശുവണ്ടി കമ്പനികൾ പ്രവർത്തിക്കുന്നു.
മാവേലിക്കരയ്ക്കു ചുറ്റുമുള്ള ചില വ്യവസായങ്ങൾ
[തിരുത്തുക]- സിസ്കോയുടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 1959-ൽ ആരംഭിച്ച ഇവിടെ 47 ഓളം വ്യത്യസ്ത വ്യാവസായങ്ങൾ പ്രവർത്തിക്കുന്നു.
- മാന്നാറിനു സമീപമുള്ള അല്ലിൻഡ് സ്റ്റീൽ
- കുന്നത്തിനു സമീപമുള്ള ട്രാവൻകൂർ ഓക്സിജൻ
- സാങ്രോസ് ലബോറട്ടറീസ് : മാവേലിക്കരയിലുള്ള ഈ സ്ഥാപനത്തിൽ സോഫ്റ്റ് ജെലാറ്റിൻ കാപ്സ്യൂളുകൾ നിർമ്മിക്കുന്നു. ക്ലോപാസ്മൈൻ നിർമ്മിക്കുന്ന ലോകത്തിലെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.
- കെ.എസ്.ആർ.ടി.സി യുടെ ഒരു ബസ് ബോഡി നിർമ്മാണ യൂണിറ്റ് മാവേലിക്കരയിൽ പ്രവർത്തിക്കുന്നു. 300ഓളം പേർ ഇവിടെ ജോലി ചെയ്യുന്നു.
- എച്ച്. ഐ.സി. ടൈൽ ഫാക്റ്ററി.
- ഐ.സി. ഗ്ലാസ് ഫാക്റ്ററി
- കൃഷി വകുപ്പിന്റെ വിത്തുല്പാദനകേന്ദ്രം - താഴേക്കര ഗ്രാമത്തിൽ അറുനൂറ്റിമംഗലത്ത് 1963 ൽ സ്ഥാപിക്കപ്പെട്ട ഈ കേന്ദ്രം 37.66 ഹെക്റ്റർ പ്രദേശത്തുപ്രവർത്ത്തിക്കുന്നു. നൂറേക്കർ എന്നണിതിനെ വിളിച്ചുവരുന്നത്.
- ഖാദി വികസന സഹകരണ സമൂഹം - 1957-ൽ പല്ലാരിമംഗലത്ത് സ്ഥാപിതമായ ഈ സൊസൈറ്റി, ഖാദിയും അനുബന്ധവ്യവസായങ്ങളും കേന്ദ്രീകരിച്ച പ്രവർത്തിക്കുന്നു
മാവേലിക്കരയ്ക്ക് അടുത്തുള്ള പട്ടണങ്ങൾ
[തിരുത്തുക]- കിഴക്ക് - പന്തളം
- പടിഞ്ഞാറ് - ഹരിപ്പാട്
- തെക്ക് - കായംകുളം
- വടക്ക് - മാന്നാർ
- തിരുവല്ല
- വടക്ക് കിഴക്ക് - ചെങ്ങന്നൂർ
അവലംബങ്ങൾ
[തിരുത്തുക]- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2013-07-15. Retrieved 2013-01-10.
- ↑ 3.0 3.1 എസ്. ശങ്കു അയ്യർ; കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ 1963 പേജ് 113.
- ↑ Lekshmy, P L (2017 ഫെബ് 21). "Local history of Mavelikkara" (PDF). Shodhganga@INFLIBNET.
{{cite journal}}
: Check date values in:|date=
(help) - ↑ Rajan Gurukkal &Raghawa warrior , cultural History of Kerala vol I , P .162
- ↑ A.P . Ibrahim Kunju, Marthandavarma , adhunika thiruvithamkoorinte udayam, March , 1990 , p66
- ↑ Cheriyan,, Dr . P. J. Pespectives of Kerala history,. pp. p, 91.
{{cite book}}
: CS1 maint: extra punctuation (link) - ↑ Cheravally, Dr. Sasi (2007). Odanadinte Ulttudippukal,. Sky publishers. p. 23.
- ↑ Sreedhara Menon, KeralaCharitram, 1967, p, 196,
- ↑ Dr. N.M.Namboothiri,Kerala Samskaram Akkavum Puravum ,Calicut university central co-operativestore
- ↑ Suranad ,, Kunjan pillai (1956). Unniyadi charitham , The manuscripts library. university of Travancore. p. 27.
{{cite book}}
: CS1 maint: extra punctuation (link) - ↑ 12.0 12.1 T.K, Vellupillai. The Travancore state Manual , vol II. p. 275.
- ↑ chu, 83 , Olla 33. Mathilakkam Records.
{{cite book}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Nagamayya,, V. Travancore state manual, Vol.I,. p. 365.
{{cite book}}
: CS1 maint: extra punctuation (link) - ↑ Ebrahimkunju, Dr.A.P. Marthanda varma, Mavelikkarakararum Keralakarayil Dutchsakthiyude addapathanam. p. 59.
- ↑ Sharma, Dr . V
.S (1992). Tiruvithamcore Rajavamsam , October. p. 112.
{{cite book}}
: line feed character in|first=
at position 7 (help) - ↑ Chunakkara grama panchayath Samagraviksana Rekha ,. മാവേലിക്കര: ചുനക്കര ഗ്രാമ പഞ്ചായത്ത്. 2006. p. 18.
{{cite book}}
: line feed character in|title=
at position 12 (help) - ↑ George, Thazhakara (2003). Mavelikarayum Maneeshikalum , Malayala sahitya kulam,. p. 74.
- ↑ Narayana pillai, C. (1972). Tiruvithamcore Sawathathirya Samara charithram ,. p. 188.
- ↑ S.Raman, S.Ramachandran Nair ,, B. Sobhanan , K.T John (2006). The history of freedom movement in Kerala , Vol III,. pp. 9–10, .
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ Lekshmy,, P L (23-Jun-2014). "Local history of Mavelikkara". Shodhganga. Retrieved 2017 Feb 23.
{{cite journal}}
: Check date values in:|accessdate=
and|date=
(help)CS1 maint: extra punctuation (link)
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- മാവേലിക്കര താലൂക്കിന്റെ ഔദ്യോഗിക വെബ് വിലാസം
- മാവേലിക്കര രൂപതയുടെ സി.ബി.സി.ഐ. വെബ് വിലാസം Archived 2011-02-03 at the Wayback Machine
- ആലപ്പുഴ ജില്ലാ വെബ് വിലാസം
- [1]
- [2] Archived 2021-03-07 at the Wayback Machine
- Pages using the JsonConfig extension
- Pages using infobox settlement with bad settlement type
- Pages using infobox settlement with no map
- Pages using infobox settlement with no coordinates
- Pages using gadget WikiMiniAtlas
- Articles with hatnote templates targeting a nonexistent page
- ആലപ്പുഴ ജില്ലയിലെ പട്ടണങ്ങൾ