രാമേശ്വരം
|
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം (തമിഴ്: இராமேஸ்வரம், രാമേസ്വരം). ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.
ഉപദ്വിപീയ ഇന്ത്യയുടെ അരികിലായി മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്[അവലംബം ആവശ്യമാണ്].
രാമേശ്വരം ദ്വീപിലുള്ള ധനുഷ്കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ് ഭാരതത്തിന്റെ മുൻരാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം.
നിരുക്തം
[തിരുത്തുക]ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.
ഐതിഹ്യം
[തിരുത്തുക]ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് ദുഃഖിതനാകുകയും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
ഭൂമിശാസ്ത്രം
[തിരുത്തുക]ഭൂമിശാസ്ത്രപ്രകാരം രാമേശ്വരത്തിന്റെ സ്ഥാനം 9°17′N 79°18′E / 9.28°N 79.3°E.[1]
61.8 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട് രാമേശ്വരം ദ്വീപിന്.
മുഖ്യ തീർഥാടനസ്ഥാനങ്ങൾ
[തിരുത്തുക]ശ്രീ രാമനാഥസ്വാമി ക്ഷേത്രം
[തിരുത്തുക]ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.
ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.
ഗന്ധമാദനപർവതം
[തിരുത്തുക]രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.
ശ്രീ കോദണ്ഡരാമക്ഷേത്രം
[തിരുത്തുക]കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.
ആഞ്ജനേയക്ഷേത്രം
[തിരുത്തുക]വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.
അഗ്നിതീർഥം
[തിരുത്തുക]രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
ധനുഷ്കോടി
[തിരുത്തുക]രാമതീർഥം
[തിരുത്തുക]ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.
ലക്ഷ്മണതീർഥം
[തിരുത്തുക]ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.
സീതാതീർഥം
[തിരുത്തുക]ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.
ജടായുതീർഥം
[തിരുത്തുക]രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.
തങ്കച്ചിമഠം
[തിരുത്തുക]ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻറി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻറി.
തിരുപുല്ലാണി
[തിരുത്തുക]രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.
ദേവിപട്ടണം
[തിരുത്തുക]രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.
ആതുരാലയങ്ങൾ
[തിരുത്തുക]- റയിൽവേ സ്റ്റേഷന് സമീപമായി സർക്കാർ ആശുപതി
- വടക്കേ രഥവീഥിയിൽ ക്ഷേത്രം വക ആയുർവേദ ആശുപത്രി
- തെക്കേ രഥവീഥിയിൽ സേവാഭാരതി ആശുപത്രി.
ബാങ്കുകൾ
[തിരുത്തുക]- തെക്കേ രഥവീഥിയിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (SBI)
- വടക്കേ രഥവീഥിയിൽ ഇന്ത്യൻ ബാങ്ക്
ചിത്രശാല
[തിരുത്തുക]-
സുഗ്രീവതീർഥം, താമരക്കുളം
-
രാമേശ്വരം ക്ഷേത്രത്തിലെ പ്രസിദ്ധമായ പ്രാകാരം
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാമേശ്വരം Archived 2019-01-19 at the Wayback Machine
- Rameswaram -Tamil Nadu Tourism Site* http://www.tamilnadu-tourism.com/tamil-nadu-temples/rameshwaram-temple.html Archived 2008-09-02 at the Wayback Machine
- http://www.chennaionline.com/toursntravel/ontheroad/rameswaram.asp Archived 2008-09-15 at the Wayback Machine