Jump to content

ചാഞ്ഞോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാഞ്ഞോടി
city
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686105
ടെലിഫോൺ കോഡ്+91(0)481
Vehicle registrationKL-33

മധ്യതിരുവതാംകൂറിലെ ഒരു ചെറുഗ്രാമമാണ് ചാഞ്ഞോടി. കോട്ടയം ജില്ലയിലായാണ് സ്ഥാനം എങ്കിലും ഈ ഗ്രാമത്തിന്റെ ഒരു ചെറിയ ഭാഗം പത്തനംതിട്ടയിലുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല,മല്ലപ്പള്ളി എന്നിവയാണ് സമീപമുള്ള പ്രധാന പട്ടണങ്ങൾ. ചങ്ങനാശേരി-മല്ലപ്പള്ളി റോഡിൽ കോട്ടമുറി, മാന്താനം എന്നീ കവലകൾക്കിടയിലാണ് ഈ ഗ്രാ‍മം. തിരുവല്ലയിൽ നിന്നും വെള്ളാപ്പള്ളി-മാന്താനം വഴി മല്ലപ്പള്ളിക്കുള്ള റോഡിലൂടെയും,മാമ്മുട്ടിൽ നിന്നും വെങ്കോട്ട വഴിയും, വാഴുർ റോഡിൽ നിന്നും തെങ്ങണാ വഴിയും ഇവിടെയെത്താം. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്ററിൽ താഴെ അകലെയാണീ സ്ഥലം.

ഭാസ്ക്കര രവിവർമ്മന്റെ തൃക്കൊടിത്താനം ശാസനത്തിൽ പറയുന്ന കുലശേഖര ചക്രവർത്തിമാരുടെ ഭരണകാലത്ത് നന്റുഴൈയ് നാടിന്റെ തലസ്ഥാനമായിരുന്ന തൃക്കൊടിത്താനത്തിന്റെ കിഴക്കേ അതിരായ ചാഞ്ഞോടി മുതൽ തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ വടക്കുള്ള നടയിൽ കൂടി, ഇരുപ്പാ, തൈക്കൻകൂർ രാജാവിന്റെ വാസഗേഹമായിരുന്ന പുഴവാതിലെ നീരാഴിക്കൊട്ടാരത്തിന്റെ പ്രാന്തവും കടന്ന് കിടങ്ങറ വരെ നെടുനീളത്തില് ഭീമാകാരമായ ഒരു മൺ കോട്ടയും അതിനോട് ചേർന്ന് വടക്ക് ഭാഗത്ത് അഗാധമായ ഒരു കിടങ്ങും നില കൊണ്ടിരുന്നു എന്നു പറയപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ തെക്കൻകൂർ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യാതിർത്തിയായ കോട്ടപ്പറമ്പു മുതൽ വെങ്കോട്ട വരെ നീണ്ടു കിടന്ന കൂറ്റൻ മൺ കോട്ടകളുടെ അവശിഷ്ടങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം വരെ ചാഞ്ഞോടിയിൽ നിലനിന്നിരുന്നു. ആ കോട്ട സ്ഥിതി ചെയ്തിരുന്ന പാതയാണ് ഈ ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലൂടെയുമുള്ള പ്രധാന വീഥിയായി മാറിയത്. ചാഞ്ഞോടിക്കു സമീപമുള്ള മറ്റൊരു കവലയായ കോട്ടമുറി പ്രസ്തുത കോട്ട മുറിച്ച് ഉണ്ടായ കവല പ്രദേശമാണ്. കോട്ടമുറിക്കൽ തപാലാപ്പീസിനു കീഴിൽ വരുന്നതാണ് ചാഞ്ഞോടിയുടെ കോട്ടയം ജില്ലാ പ്രദേശങ്ങൾ.

ചാഞ്ഞോടി പള്ളിപ്പടി

പേരിനു പിന്നിൽ

[തിരുത്തുക]

ചാഞ്ഞോടി എന്ന പേരിനു പിന്നിൽ നാട്ടുകാരുടെ ഇടയിൽ പ്രചരിക്കുന്ന പ്രബലമായ ഒരൈതിഹ്യമുണ്ട്. മഹാഭാരതയുദ്ധത്തിൽ കൌരവപക്ഷം മുന്നിട്ടു നിന്ന വേളകളൊന്നിൽ പാണ്ഡവർ തൃക്കൊടിത്താനം എന്ന പ്രദേശത്ത് ഒളിവിൽ പാർത്തിരുന്നത്രേ. ഇതറിഞ്ഞ കൌരവർ അവിടെ ആക്രമണത്തിനെത്തി. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ പാണ്ഡവർ ഓടിമറയുന്നതിനിടയിൽ ഇന്നത്തെ ചാഞ്ഞോടി ഭാഗമെത്തിയപ്പോൾ മാർഗ്ഗമധ്യേ ചാഞ്ഞു നിന്ന ഒരു വൻ‌മരത്തിനടിയിലൂടെ ചെരിഞ്ഞോടേണ്ടി വന്നുവത്രേ. ചെരിഞ്ഞോടിയ ഇടം എന്ന സൂചനയിൽ ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങി. അതു പിന്നീട് ചാഞ്ഞോടിയായി എന്നാണ് ഐതിഹ്യം. മഹാഭാരത കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടു തന്നെ ഇത് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണെന്നു വ്യക്തമാണ്. എങ്കിലും തദ്ദേശവാസികൾ അഭിമാനത്തോടെ ഈ കഥ ചൊല്ലി നടക്കുന്നുണ്ട്. എന്നിരുന്നാലും കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരു നിശ്ചയച്ചിട്ടിരിക്കുന്ന കലുങ്കിനും സമീപമുള്ള പുരയിടത്തിൽ ഒരു വന്മരം നിന്നിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. ചാഞ്ഞോടിക്കു സമീപം ഉമിക്കുന്നുമല എന്നൊരു കുന്നും പ്രദേശത്തിന്റെ പേരിലും പാണ്ഡവരുടെ വനവാസവുമായി ചേർത്ത് കഥകളുണ്ട്. കൂടാതെ തൃക്കൊടിത്താനം മഹാക്ഷേത്രം സഹദേവനാൽ പ്രതിഷ്ഠിച്ചതാണെന്നതും സമീപദേശങ്ങളെ പാണ്ഡവരുമായി ബന്ധിപ്പിക്കുവാൻ കാരണമാവാം.

ചാഞ്ഞോടിക്കുന്നേൽ എന്നാണ് ഈ പ്രദേശത്തുള്ള പള്ളിയുടെ ആദ്യത്തെ തിരുനാളിന്റെ നോട്ടിസിൽ സ്ഥലപ്പേരായി വച്ചിരിക്കുന്നത്.

ജനവിഭാഗങ്ങൾ

[തിരുത്തുക]

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണിത്. അതിൽ തന്നെ പുരാതന സിറിയൻ കത്തോലിക്കാ വിഭാഗക്കാരാണു ബഹുഭൂരിപക്ഷവും. ഹിന്ദു മതത്തിലെ ഈഴവ, നായർ സമുദായങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഗ്രാമവാസികളിലേറെയും, കച്ചവടക്കാരോ, പട്ടാളക്കാരോ, അദ്ധ്യാപകരോ, കർഷകരോ കർഷകത്തൊഴിലാളികളോ ആണ്. പുതിയ തലമുറയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുമേറെയുണ്ട്. ഇവരിലേറെയും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയുടെ ഇതരഭാഗങ്ങൾ എന്നിവിടങ്ങളിൽ ജോലി തേടിപ്പോയിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാ ലം മുതൽ കുട്ടനാട്ടിൽ നിന്നും വൻ കുടിയേറ്റം ഈ ഭാഗത്തേക്ക് വർദ്ധിച്ചു വരുന്നുണ്ട്. ചങ്ങനാശ്ശേരിക്കടുത്ത് സഞ്ചാര സാഹചര്യവും കൂടുതലുള്ള ഗ്രാമ പ്രദേശമായതിനാലും, ക്രിസ്ത്യൻ പള്ളിയുടെ സാമീപ്യവും, സമാധാനപരമായ സാമൂഹിക ചുറ്റുപാടുകളും ഇതിനൊക്കെ ഉപരി വെള്ളപ്പൊക്കമില്ലാത്ത കര പ്രദേശവുമാണ് കുട്ടനാടുകാരെ ആകർഷിക്കുവാൻ കാരണം. ചാഞ്ഞോടിപ്പള്ളിക്കു കിഴക്കുഭാഗത്തുള്ള താഴ്ന്ന പ്രദേശം ഒരു കാലത്ത് നെൽകൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു.കോട്ടയം പത്തനംതിട്ട ജില്ലാ അതിർത്തിയായി ഉള്ള ചെറിയ കൈവരിത്തോടായിരുന്നു ഈ നെൽകൃഷിക്ക് ആവശ്യമായ ജലസ്രോതസ്സ്. ജനസാന്ദ്രത കൂടിയതും റബ്ബർ പോലെയുള്ള നാണ്യവിളകൾ പരീക്ഷണം മൂലം കൃഷിക്കാരോ കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജന വിഭാഗങ്ങളൊ ഇവിടെ ഇപ്പോൾ കുറവാണ്.

സ്ഥാ‍പനങ്ങൾ

[തിരുത്തുക]

പുരാതന സിറിയൻ കത്തോലിക്കാ വിഭാഗത്തിലെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയാണ് ചാഞ്ഞോടിയിലെ പ്രമുഖ സാമൂഹിക സ്ഥാപനം. സമീപ ഇടവകക്കാരോടുള്ള വാശിയുടെ പേരിൽ സ്ഥാപിക്കപ്പെട്ടതിനാൽ വാശിപ്പള്ളി എന്നും ഇതറിയപ്പെടുന്നു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്. സെബാസ്റ്റ്യൻസ് ലോവർ പ്രൈമറി സ്ക്കൂളാണ് മറ്റൊരു പ്രധാന സ്ഥാപനം. സ്കൂൾ ആരംഭിക്കുന്നതിനു മുൻമ്പ് പള്ളി നടത്തിയിരുന്ന നേഴ്സറി സ്കൂൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്.

വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളി, ചാഞ്ഞോടി

"https://ml.wikipedia.org/w/index.php?title=ചാഞ്ഞോടി&oldid=3307399" എന്ന താളിൽനിന്ന് ശേഖരിച്ചത്