Jump to content

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃപ്രയാർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
സ്ഥാനം
സ്ഥാനം:തൃപ്രയാർ, തൃശ്ശൂർ ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീരാമൻ (പ്രതിഷ്ഠ മഹാവിഷ്ണു)
വാസ്തുശൈലി:തെക്കേ ഇന്ത്യൻ, കേരളീയ രീതി

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ലക്ഷ്മീദേവിയേയും ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവർ ഊരകത്തമ്മയും ചേർപ്പിലമ്മയുമാണെന്ന് വിശ്വസിച്ചുവരുന്നു. തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. രാമായണമാസമായ കർക്കടകത്തിൽ ഉച്ചയ്ക്കുമുമ്പ് ഈ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് അത്യുത്തമമായി വിശ്വസിയ്ക്കപ്പെടുന്നു. നിരവധി ആളുകളാണ് തദവസരത്തിൽ ഇതിനായി എത്തിച്ചേരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുവില്വാമല‌, കടവല്ലൂർ, തിരുവങ്ങാട്, പാലാ രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, ചടയമംഗലം ജടായു രാമക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണസങ്കല്പത്തിൽ), ഹനുമാൻ, ചാത്തൻ (വിഷ്ണുമായ) എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യങ്ങൾ

[തിരുത്തുക]

സ്ഥലനാമം

[തിരുത്തുക]
  • വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.
  • തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു.
  • മറ്റൊരു ഐതിഹ്യമനുസരിച്ച് പുറയൻ എന്ന ദ്രാവിഡദേവനുമായി ബന്ധപ്പെടുത്തി തിരുപ്പുറയാർ എന്ന് സ്ഥലം അറിയപ്പെടുകയും, പിന്നീട് അത് ലോപിച്ച് തൃപ്രയാറാകുകയും ചെയ്തു.

പ്രതിഷ്ഠ

[തിരുത്തുക]

ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു. കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു. കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്റെ പൂർവ്വികർ മൂന്നുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയി. ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ്. അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി. എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു.

ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലകളിൽ ഈ വിഗ്രഹങ്ങൾ പെട്ടുപോയി. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി. ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു. ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.

വെടിവഴിപാട്

[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടിവഴിപാടിന്റെ പ്രാധാന്യവും ഒപ്പം പ്രധാനപ്രതിഷ്ഠയുടെ ശക്തിയും കാണിക്കുന്ന ഒരു ഐതിഹ്യമുണ്ട്. തന്റെ പടയോട്ടത്തിനിടയിൽ ടിപ്പു സുൽത്താൻ തൃപ്രയാർ ക്ഷേത്രപരിസരത്തെത്തിയപ്പോൾ അതിഘോരമായ വെടിശബ്ദം കേൾക്കാനിടയായി. സമീപവാസികളോടന്വേഷിച്ചപ്പോൾ അത് തൃപ്രയാർ ക്ഷേത്രത്തിലെ ശ്രീരാമസ്വാമിക്ക് വയ്ക്കുന്ന വെടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ക്ഷേത്രം തകർക്കുന്നതിന്റെ ഭാഗമായി സുൽത്താൻ പൊട്ടിക്കാൻ വച്ചിരിക്കുന്ന കതിനകളെല്ലാം കൊണ്ടുപോയി പുഴയിലെറിഞ്ഞു. എന്നിട്ട് തേവർക്ക് ശക്തിയുണ്ടെങ്കിൽ കതിനകളെല്ലാം വെള്ളത്തിൽക്കിടന്ന് പൊട്ടട്ടെ എന്നുറക്കെ പറയുകയും പറഞ്ഞ ഉടനെ കതിനകൾ വെള്ളത്തിൽക്കിടന്ന് പൊട്ടുകയും ജാള്യതയേറ്റ സുൽത്താൻ ഉടനെ സ്ഥലം വിടുകയും ചെയ്തുവെന്ന് കഥകൾ പറയുന്നു.

ചരിത്രം

[തിരുത്തുക]

ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ.[1] പിന്നീട് ശാസ്താവ് രാമനെ വേണ്ടി മരികൊടുത്തു , ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേയ്ക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. [1] ഇടക്കാലത്ത് ക്ഷേത്രം . അതിന്റെ ചില അവശേഷിപ്പുകൾ ഇന്നും ക്ഷേത്രത്തിൽ കാണാം. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു. ഇപ്പോൾ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ്.

തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ട് വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്‌ ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തുവകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്.[2]

ക്ഷേത്ര നിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ തൃപ്രയാർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ മുന്നിലൂടെ തൃപ്രയാർപ്പുഴയൊഴുകുന്നു. പുഴയ്ക്ക് കുറുകെ ഒരു പാലവുമുണ്ട്. ഇതുവഴിയാണ് തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്നവർ വരുന്നത്. ചിലർ ഇന്നും തോണി ഉപയോഗിച്ച് പുഴ കടക്കാറുണ്ട്.കിഴക്കേക്കരയിൽ തന്നെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വക വ്യൂ പോയിന്റും മറ്റുമുള്ളത്. ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് തൃപ്രയാർപ്പുഴയിൽ വള്ളംകളി നടത്തിവരുന്നുണ്ട്. 'തൃപ്രയാർ ജലോത്സവം' എന്നറിയപ്പെടുന്ന ഈ വള്ളംകളി 2004-ലാണ് തുടങ്ങിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്താണ് നാട്ടിക പഞ്ചായത്ത് ഓഫീസ്, ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ്, ശ്രീരാമ പോളിടെൿനിക് കോളേജ്, സിനിമാ തിയേറ്ററുകൾ, കടകംബോളങ്ങൾ മുതലായവ സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു ഗോപുരവും നടപ്പന്തലും പണിതിട്ടുണ്ട്. ഇരുനിലകളോടുകൂടിയ ഈ ഗോപുരത്തിൽ ഒരുവശത്ത് സേതുബന്ധനത്തിന്റെ ഒരു ചുവർച്ചിത്രം വരച്ചുചേർത്തിട്ടുണ്ട്.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ ഒരു ആനക്കൊട്ടിലൊഴിച്ച് വിശേഷിച്ചൊന്നും തന്നെ കാണാനില്ല. ദർശനവശമായ കിഴക്കുഭാഗത്ത് ആനക്കൊട്ടിലും ശീവേലിപ്പുരയും കാണാം. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. കിഴക്കുഭാഗത്ത് പുഴയിലേയ്ക്കിറങ്ങിച്ചെല്ലാൻ പടവുകളുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ മീനൂട്ടിന് ഇവിടെ പ്രത്യേകം കടവുണ്ട്. ഈ കടവിൽ ഭക്തർക്ക് കുളിയ്ക്കാൻ അവകാശമില്ല. അതിന് പ്രത്യേകം കടവുകൾ അടുത്തുണ്ട്. പുഴയിൽ എണ്ണ, സോപ്പ്, ഷാമ്പൂ മുതലയാവ തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കിഴക്കേ നടയിൽ തന്നെയാണ് ബലിക്കൽപ്പുരയും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല ഉയരമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, പുറത്തുനിന്ന് നോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. ഐതിഹ്യപ്രകാരം ഇവിടെ ബലിക്കല്ല് നിൽക്കുന്ന സ്ഥലത്താണ് ശ്രീരാമവിഗ്രഹത്തിലെ പ്രാവ് വന്നിരുന്നത്. അത് പ്രതിഷ്ഠ കഴിഞ്ഞുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ബലിക്കല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. ആദ്യം ഇളകിക്കൊണ്ടിരുന്ന ഈ ബലിക്കല്ല് ഉറപ്പിച്ചത് നാറാണത്ത് ഭ്രാന്തനാണെന്നും വിശ്വാസമുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വെടിപ്പുര സ്ഥിതിചെയ്യുന്നു. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. കേരളത്തിലെ വൈഷ്ണവദേവാലയങ്ങളിൽ വെടിവഴിപാട് നടക്കുന്നത് അത്യപൂർവ്വമാണ്. തെക്കുപടിഞ്ഞാറുഭാഗത്ത് മുഖപ്പോടുകൂടിയ പ്രത്യേകം ശ്രീകോവിലിൽ ശാസ്താവ് കുടിയിരിയ്ക്കുന്നു. അമൃതകലശധാരിയായ ശാസ്താവാണ് ഇവിടെയുള്ളത്. അതിനാൽ, സർവ്വരോഗശമനത്തിന് ഈ ശാസ്താവിനെ ഭജിയ്ക്കുന്നു. ഇവിടത്തെ ആദ്യപ്രതിഷ്ഠയും ഈ ശാസ്താവ് തന്നെയാണെന്ന് പറയപ്പെടുന്നു. പിന്നീടാണ് ശ്രീരാമപ്രതിഷ്ഠ ഉണ്ടായതത്രേ. ഇതിനടുത്താണ് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തൃപ്രയാർ ദേവസ്വം. വടക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ ശ്രീകൃഷ്ണൻ കുടിയിരിയ്ക്കുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, ശ്രീകോവിലിനുചുറ്റും ഗോശാല പണിതിട്ടുണ്ട്. അതിന്റെ നടുക്കാണ് ശ്രീകോവിൽ. 1995-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് പതിവുകൾ പുനഃക്രമീകരിയ്ക്കുകയും കൂടുതൽ വഴിപാടുകൾ തുടങ്ങുകയും ചെയ്യുകയുണ്ടായി. 2013-ൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രനിർമ്മാണത്തിൽ ചില അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശ്രീകോവിൽ പുനർനിർമ്മിയ്ക്കുകയും 2020 ജനുവരി 12-ന് പുതുക്കിയ ശ്രീകോവിൽ ഭഗവാന് സമർപ്പിയ്ക്കുകയും ചെയ്തു.

ശ്രീകോവിൽ

[തിരുത്തുക]

സാമാന്യത്തിലധികം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ട്. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി ശോഭിയ്ക്കുന്നു. അകത്തോട്ട് കടക്കാനുള്ള പടികൾ മൂന്നെണ്ണമുണ്ട്. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണുള്ളത്. അവയിൽ, പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാൽ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദർശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. ചതുർബാഹുവായ ശ്രീരാമസ്വാമി പുറകിലെ വലതുകയ്യിൽ തന്റെ വില്ലായ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും ധരിച്ചിരിയ്ക്കുന്നു. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതം കൂടിയാണ്. മേൽപ്പറഞ്ഞതുപ്രകാരം തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടുകൂടിയ മൂർത്തിയാണ്. അതായത്, ഭഗവാന്റെ കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും കോദണ്ഡം ശിവനെയും അക്ഷമാല ബ്രഹ്മാവിനെയും പ്രതിനിധീകരിയ്ക്കുന്നു. ഖരവധത്തിനുശേഷമുള്ള ഭാവമായതിനാൽ അത്യുഗ്രമൂർത്തി കൂടിയാണ് ഭഗവാൻ. ഈ ഉഗ്രത കുറയ്ക്കാനെന്ന സങ്കല്പത്തിൽ ഭഗവാന്റെ ഇരുവശവും ലക്ഷ്മി ദേവിയെയും ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് വില്വമംഗലം സ്വാമിയാർ ചെയ്തതാണെന്ന് വിശ്വസിച്ചുവരുന്നു. വിഗ്രഹത്തിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ പൂർണ്ണമായും ആവാഹിച്ചുകൊണ്ട് തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടെ, ശ്രീദേവീഭൂദേവീസമേതനായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ടും ദാരുശില്പങ്ങൾ കൊണ്ടും അലംകൃതമാണ്. കഴുക്കോലുകളുടെ നിർമ്മാണരീതി തന്നെ അത്യദ്ഭുതകരമാണ്. ഓരോ കഴുക്കോലും താങ്ങിനിർത്താൻ പാകത്തിൽ ദേവരൂപങ്ങളും മനുഷ്യരൂപങ്ങളും കാണാം. എന്നാൽ, അധികൃതരുടെ അനാസ്ഥയും തുടരെത്തുടരെയുള്ള വെടിവഴിപാടും മൂലം ഇവ നാശോന്മുഖമാണ്. ശ്രീകോവിലിന്റെ തെക്കേ നടയിൽ ദക്ഷിണാമൂർത്തിയും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. തൃപ്രയാറിലെ ശൈവചൈതന്യത്തിന്റെ പ്രതീകമാണ് രണ്ട് പ്രതിഷ്ഠകളും. പടിഞ്ഞാറേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. അവിടെ ദേവീസാന്നിദ്ധ്യവുമുള്ളതായി പറയപ്പെടുന്നു. ഇവിടെ ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഐതിഹ്യപ്രകാരം അനന്തൻകാട് തേടിപ്പോകുന്ന വഴിയിൽ തൃപ്രയാറിലെത്തിയ വില്വമംഗലം സ്വാമിയാർ, ദേവിമാർ ഭഗവാന് പൂജ നടത്തി പടിഞ്ഞാറേ വാതിലിലൂടെ ഇറങ്ങിപ്പോകാൻ നിൽക്കുന്നത് കാണുകയും തുടർന്ന് അദ്ദേഹം ഓടിച്ചെന്ന് ആരും കാണാതെ വാതിൽ കൊട്ടിയടയ്ക്കുകയും ചെയ്തു. അങ്ങനെ ദേവീസാന്നിദ്ധ്യം അവിടെ നിത്യമായി. വടക്കുഭാഗത്ത് ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ഇതിലൂടെ ഒഴുകുന്ന അഭിഷേകജലം പുണ്യജലമായി കണക്കാക്കപ്പെടുന്നു.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണിവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂര ഓവുമേഞ്ഞിട്ടുണ്ട്. ഇതിലേയ്ക്ക് കടക്കുന്നതിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. അവയിൽ തെക്കേ വാതിൽമാടം, വിശേഷാൽ പൂജകൾക്കും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങൾക്കും ഉപയോഗിച്ചുവരുന്നു. വടക്കേ വാതിൽമാടത്തിൽ നിത്യേനയുള്ള വാദ്യമേളങ്ങളും നാമജപവും നടത്താറുണ്ട്. പൂജാസമയമൊഴികെയുള്ളപ്പോൾ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. കൂടാതെ, ഘനവാദ്യങ്ങളായ ചേങ്ങിലയും ഇലത്താളവും സൂക്ഷിയ്ക്കുന്നതും ഇവിടെത്തന്നെയാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. തെക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം ശ്രീകോവിലിൽ ഗണപതിപ്രതിഷ്ഠയുണ്ട്. സാധാരണപോലെയുള്ള രൂപമാണ് ഗണപതിയ്ക്ക് ഇവിടെയുമുള്ളത്. നാലമ്പലത്തിനകത്ത് രണ്ട് ഗണപതിപ്രതിഷ്ഠകളുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ക്ഷേത്രം. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. സന്ധ്യയ്ക്ക് ഇവയിൽ തിരിയിട്ട് കത്തിയ്ക്കുമ്പോൾ കാണുന്ന കാഴ്ച ആരുടെയും മനം മയക്കുന്നതാണ്.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & സോമൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ബ്രാഹ്മി/ബ്രഹ്മാണി), മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നീ ഏഴുദേവതകളാണ് ഉത്തരമാതൃക്കൾ. പേര് സൂചിപ്പിയ്ക്കും പോലെ വടക്കുഭാഗത്താണ് (ഉത്തരദിക്ക്) ഇവർക്ക് സ്ഥാനം കല്പിയ്ക്കുന്നത്. സപ്തമാതൃക്കളുടെ വൈഷ്ണവ വകഭേദങ്ങളാണ് ഈ ദേവതകൾ. സപ്തമാതൃക്കളുടെ സംരക്ഷകരായി വീരഭദ്രനും ഗണപതിയുമുള്ളപോലെ ഇവർക്ക് സംരക്ഷകരായി ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാരുമുണ്ട്. ഇവരെ ബലിക്കല്ലുകളായി പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ, ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപം

[തിരുത്തുക]

ശ്രീകോവിലിന് നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ വലുതും മനോഹരവുമാണ് ഈ മണ്ഡപം. പതിനാറ് കാലുകളോടുകൂടിയ ഈ മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. ശ്രീരാമദാസനായ ഹനുമാൻ സ്വാമി ഈ മണ്ഡപത്തിൽ നിത്യസാന്നിദ്ധ്യം കൊള്ളുന്നുവെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന് പ്രതിഷ്ഠയില്ല. എന്നാൽ, രാമനാമം ജപിയ്ക്കുന്നയിടങ്ങളില്ലെല്ലാം ഹനുമാൻ സാന്നിദ്ധ്യമരുളുന്നുവെന്ന വിശ്വാസത്തിന് ഉപോദ്ബലകമായി ഒരു വിളക്ക് ഇവിടെ സദാ കൊളുത്തിവച്ചിട്ടുണ്ട്. നിത്യേന ഇവിടെ ഒരു ഭക്ത(ൻ) രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നു. നവക-പഞ്ചഗവ്യ കലശപൂജകൾ നടക്കുന്നതും ഇവിടെത്തന്നെയാണ്.

മുഖ്യപ്രതിഷ്ഠ

[തിരുത്തുക]

ശ്രീ തൃപ്രയാറപ്പൻ (ലക്ഷ്മിദേവി, ഭൂമിദേവി സമേതനായ ശ്രീരാമൻ)

[തിരുത്തുക]

തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഖരവധത്തിനുശേഷമുള്ള ഉഗ്രഭാവത്തിലാണ് പ്രതിഷ്ഠാസങ്കല്പം. ആറടിയിലധികം ഉയരം വരുന്ന മഹാവിഷ്ണുവിന്റെ അഞ്ജനശിലാ പ്രതിഷ്ഠയിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖവും കാണാം. മുന്നിലെ വലതുകൈ ചിന്മുദ്രാങ്കിതവുമാണ്. ഇതുവഴി തൃപ്രയാറപ്പൻ ത്രിമൂർത്തീ ചൈതന്യമുള്ള മൂർത്തിയായി കണക്കാക്കപ്പെടുന്നു. ഭഗവാന്റെ ഇരുവശവും ഐശ്വര്യത്തിന്റെ ഭഗവതിയായ ലക്ഷ്മിദേവിയെയും സർവ്വംസഹയായ ഭൂമീദേവിയെയും കാണാം. ഇവരെ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. അഞ്ജനശിലയിൽ നിർമ്മിച്ച വിഗ്രഹത്തിന് കാലാന്തരത്തിൽ കേടുപാടുകൾ പറ്റിയതിനാൽ ഇന്ന് സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. ത്രിമൂർത്തീചൈതന്യമുള്ള ഭഗവാന് മീനൂട്ട്, വെടിവഴിപാട്, കളഭാഭിഷേകം, പാൽപ്പായസം, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

[തിരുത്തുക]

ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് രണ്ട് ഗണപതിപ്രതിഷ്ഠകളുണ്ട്. ഒന്ന് ശ്രീകോവിലിന്റെ തെക്കേ വാതിലിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠയ്ക്കൊപ്പവും മറ്റേത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിലുമാണ്. ആദ്യത്തെ പ്രതിഷ്ഠ തെക്കോട്ടും രണ്ടാമത്തേത് കിഴക്കോട്ടും ദർശനമായി കുടികൊള്ളുന്നു. രണ്ടിടത്തും വിഗ്രഹങ്ങൾക്ക് ഏതാണ്ട് മൂന്നടി ഉയരം കാണും. ശിലാവിഗ്രഹങ്ങളാണ് രണ്ടും. സാധാരണരൂപത്തിൽ തന്നെയാണ് രണ്ട് വിഗ്രഹങ്ങളും. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് ഗണപതിഭഗവാന് മറ്റ് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി (ശിവൻ)

[തിരുത്തുക]

പ്രധാനശ്രീകോവിലിന്റെ തെക്കേ വാതിലിൽ തെക്കോട്ട് ദർശനമായാണ് ശിവസ്വരൂപനായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ശിവലിംഗമാണ് ദക്ഷിണാമൂർത്തീഭാവത്തിൽ പൂജിച്ചുവരുന്നത്. പ്രപഞ്ചത്തിന്റെ ആദിഗുരുവായി സങ്കല്പിയ്ക്കപ്പെടുന്ന ദക്ഷിണാമൂർത്തി തന്മൂലം വിദ്യാകാരകനാണ്. വൈഷ്ണവദേവാലയങ്ങളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ അപൂർവ്വമാണ്. സാധാരണയായി ശിവക്ഷേത്രങ്ങളിലാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ കാണപ്പെടാറുള്ളത്. തൃപ്രയാറപ്പന്റെ ശൈവചൈതന്യത്തിന്റെ പ്രതിരൂപമായി ഈ പ്രതിഷ്ഠയെ കണ്ടുവരുന്നു. ധാര, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ദക്ഷിണാമൂർത്തിയുടെ പ്രധാന വഴിപാടുകൾ.

ശാസ്താവ് (അയ്യപ്പൻ)

[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് തെക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് താരകബ്രഹ്മമൂർത്തിയായ ശാസ്താവിന്റെ പ്രതിഷ്ഠ. അമൃതകലശം കയ്യിലേന്തിയ അപൂർവ്വപ്രതിഷ്ഠയാണ് ഇവിടെ ശാസ്താവിന്. തന്മൂലം രോഗശാന്തിയ്ക്ക് ഇവിടത്തെ ശാസ്താവിനെ ഭജിയ്ക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു. മൂന്നടി ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ശാസ്താവിന് നീരാജനമാണ് പ്രധാന വഴിപാട്. മണ്ഡലകാലത്ത് ശബരിമലയ്ക്കുപോകുന്ന തീർത്ഥാടകർ ഈ നടയിൽ വച്ചാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.

ശ്രീകൃഷ്ണൻ

[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. തന്മൂലം ശ്രീകോവിലിന് ചുറ്റും ഒരു ഗോശാലയുടെ ആകൃതിയിൽ പ്രദക്ഷിണവഴി പണിതിട്ടുണ്ട്. ഒരു കയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലുമേന്തിയ ഭാവത്തിലാണ് ഇവിടെ ശ്രീകൃഷ്ണപ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ. പാൽപ്പായസം, തൃക്കൈവെണ്ണ, ചന്ദനം ചാർത്ത്, തുളസിമാല തുടങ്ങിയവാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.

ഹനുമാൻ

[തിരുത്തുക]

ശ്രീരാമദാസനായ ഹനുമാൻസ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശ്രീലകത്ത് അദ്ദേഹം അദൃശ്യനായി കുടികൊള്ളുന്നുവെന്ന് വിശ്വസിച്ചുപോരുന്നു. രാമനാമം ജപിയ്ക്കുന്നയിടങ്ങളിലെല്ലാം ഹനുമദ്സാന്നിദ്ധ്യമുണ്ടാകുമെന്നാണ് ഹൈന്ദവവിശ്വാസം. നമസ്കാരമണ്ഡപത്തിൽ ഹനുമാനെ സങ്കല്പിച്ച് ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഹനുമദ്പ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന സുന്ദരകാണ്ഡം വായിച്ചുവരുന്നു. അവിൽ നിവേദ്യവും പ്രധാനമാണ്.

വിഷ്ണുമായ ചാത്തൻ

[തിരുത്തുക]

ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലാത്ത മറ്റൊരു സങ്കല്പമാണ് ചാത്തൻ. തൃപ്രയാറിനടത്തുള്ള പെരിങ്ങോട്ടുകര ഗ്രാമത്തിൽ കുടികൊള്ളുന്ന വിഷ്ണുമായ ചാത്തനാണ് ഈ പ്രതിഷ്ഠയെന്ന് വിശ്വസിച്ചുവരുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് തൃപ്രയാർ ക്ഷേത്രം അടച്ചശേഷമാണ് പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായ ദേവസ്ഥാനം തുറക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പേര് ചാത്തൻ ഭണ്ഡാരം എന്നാണ്. ക്ഷേത്രത്തിലെ ഭണ്ഡാരം കാക്കുന്നത് ചാത്തനാണെന്ന വിശ്വാസം കൊണ്ടാണ് ഇതിനെ ചാത്തൻ ഭണ്ഡാരം എന്ന് വിളിയ്ക്കുന്നത്. ചാത്തന്റെ ഉപദ്രവങ്ങൾ തീർക്കാൻ തൃപ്രയാറപ്പനെ ഭജിയ്ക്കുന്നത് ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു. തന്മൂലം ചാത്തൻ ബാധ കയറിയ നിരവധി ആളുകൾ ഇവിടെ ഭജനമിരിയ്ക്കാൻ വരാറുണ്ട്.

നിത്യപൂജകളും തന്ത്രവും

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെ ഭഗവാനെ പള്ളിയുണർത്തി മൂന്നരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യം നടത്തുന്നത്. തുടർന്ന് വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിച്ച് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. തുടർന്ന് നാലരയോടെ നടയടച്ച് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവുമാണ്. തുടർന്ന് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ സങ്കല്പം. അകത്ത് ഒന്നും പുറത്ത് രണ്ടും എന്നിങ്ങനെ മൂന്ന് പ്രദക്ഷിണം വച്ച് ബലിക്കല്ലുകളിലെല്ലാം ബലി തൂകിയ ശേഷം വലിയ ബലിക്കല്ലിലും ബലി തൂകി ശീവേലി സമാപിയ്ക്കുന്നു. ശീവേലി കഴിഞ്ഞാൽ നവക-പഞ്ചഗവ്യ അഭിഷേകങ്ങൾ നടത്തുന്നു. തുടർന്ന് എട്ടുമണിയോടെ പന്തീരടി പൂജ. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങൾ തദവസരത്തിൽ എണ്ണയും നെയ്യും ഉപയോഗിച്ച് കൊളുത്തിവയ്ക്കുന്ന കാഴ്ച അതിമനോഹരമാണ്. ആദ്യം തൃപ്രയാറപ്പന്നും, പിന്നീട് ശാസ്താവിനും, അതിനുശേഷം ശ്രീകൃഷ്ണന്നും ദീപാരാധന നടത്തുന്നു. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശ്ശീവേലിയും നടത്തുന്നു. തൃപ്രയാറപ്പന്റെ അത്താഴശീവേലി ദർശിയ്ക്കുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ഇന്ദ്രാദിദേവകളും തദവസരത്തിൽ ക്ഷേത്രത്തിലെത്തുമെന്നാണ് വിശ്വാസം. ശീവേലിയ്ക്കുശേഷം രാത്രി ഒമ്പതുമണിയോടെ വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങൾ മാത്രമാണ് മേൽ വിവരിച്ചത്. വിശേഷദിവസങ്ങളിൽ (ഉദാ: ആറാട്ടുപുഴ പൂരം, തൃപ്രയാർ ഏകാദശി, രാമായണമാസം) ഇവയ്ക്ക് മാറ്റമുണ്ടാകും. തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഉച്ചശീവേലി, വൈകീട്ട് കാഴ്ചശീവേലി എന്ന പേരിലാണ് നടത്തപ്പെടുന്നത്. തദവസരങ്ങളിൽ തന്നെ ക്ഷേത്രത്തിൽ രാത്രി വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. ആറാട്ടുപുഴ പൂരത്തിനും ശ്രീരാമൻചിറയിലെ സേതുബന്ധനത്തിനും സന്ധ്യയ്ക്കുതന്നെ നടയടച്ച് ഭഗവാൻ പുറപ്പെടുന്നു. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും പൂജാക്രമങ്ങളിൽ മാറ്റം വരും. അന്ന് പതിനെട്ട് പൂജകളാണുണ്ടാകുക. ഗ്രഹണദിവസങ്ങളിലും പൂജാസമയത്തിൽ മാറ്റമുണ്ടാകും. ക്ഷേത്രത്തിലെ തന്ത്രാധികാരം കേരളത്തിലെ ആദ്യ താന്ത്രിക കുടുംബമെന്ന് വിശ്വസിയ്ക്കപ്പെടുന്ന തരണനെല്ലൂർ മനയ്ക്കാണ്. മേൽശാന്തി-കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്നു.

വഴിപാടുകൾ

[തിരുത്തുക]

വെടിവഴിപാട്

[തിരുത്തുക]
കതിനാവെടിയാണ്‌ ഇവിടത്തെ പ്രധാന വഴിപാട്-ദ്രാവിഡക്ഷേത്രങ്ങളിലെ ഒരാചാരമാണത്

കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്. നട തുറന്നിരിയ്ക്കുന്ന സമയം മുഴുവൻ കതിനകളുടെ ഘോരനാദം കേൾക്കാം. 10, 101, 1001 എന്നീ ക്രമത്തിൽ വഴിപാട് നടത്തിപ്പോരുന്നുണ്ട്. അതിൽ തന്നെ ചെറിയ വെടിയും വലിയ വെടിയും ഉണ്ട്. ഭക്തജനങ്ങൾ വഴിപാട് കഴിക്കേണ്ട ആളുടെ പേരും നക്ഷത്രവും അറിയിച്ച് രസീതി വാങ്ങിക്കുകയാണ് ചെയ്യുക. സാധാരണഗതിയിൽ ശിവക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും കണ്ടുവരുന്ന വെടിവഴിപാട് നടത്തുന്ന അപൂർവ്വം വൈഷ്ണവദേവാലയങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. കതിനാ വെടിവഴിപാടിൽ നിന്നും ഇത് പുരാതനമായ ബൗദ്ധ ക്ഷേത്രമായിരുന്നു എന്നു അനുമാനിയ്ക്കുന്നവരുണ്ട്. ധാരാളം ആളുകൾ ഗർഭസംബന്ധമായ പ്രശ്നങ്ങൾക്ക് വെടിവഴിപാട് നടത്തിവരുന്നു. ശബ്ദതടസ്സം മാറാനും വെടിവഴിപാട് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുഭാഗത്താണ് വെടിവഴിപാട് കൗണ്ടർ.

മീനൂട്ട്

[തിരുത്തുക]

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമൻ. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിനെ ഊട്ടുന്നുവെന്ന സങ്കൽപ്പത്തിൽ ക്ഷേത്രത്തിനു മുൻപിലുള്ള തീവ്രാനദിയിൽ അരി സമർപ്പിയ്ക്കുന്ന വഴിപാടാണ് മീനൂട്ട്. വെടിവഴിപാടുപോലെ ഇതും ഭഗവാന്റെ പ്രധാനപ്പെട്ട വഴിപാടാണ്. ഇതിനുപിന്നിലുള്ള ഐതിഹ്യം മത്സ്യാവതാരകഥയാണ്. ഭഗവാന്റെ ആദ്യാവതാരമായ മത്സ്യം പിറവിയെടുത്തത് തീവ്രാനദിയിലാണെന്നൊരു വിശ്വാസമുണ്ട്. ഭക്തരുടെ അന്നം സ്വീകരിയ്ക്കാൻ ഭഗവാൻ മത്സ്യരൂപം ധരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് മീനൂട്ട് ഉത്തമമായി കണക്കാക്കപ്പെടുന്നു.

പാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, ചാക്യാർകൂത്ത്, സുന്ദരകാണ്ഡം പാരായണം, ഉദയാസ്തമനപൂജ തുടങ്ങിയവ മറ്റുവഴിപാടുകളാണ്.

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

തൃപ്രയാർ ഏകാദശി

[തിരുത്തുക]

തൃപ്രയാർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി. സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്റെ ശൈവചൈതന്യമാണ്. വൃശ്ചികത്തിലെ വെളുത്ത ഏകാദശി ഗുരുവായൂർ ഏകാദശിയായി അറിയപ്പെടുന്നു. ഏകാദശിയോടനുബന്ധിച്ച് വിശേഷാൽ വിളക്കുകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. ഏകാദശിയ്ക്ക് രണ്ടാഴ്ച മുമ്പുതന്നെ നിറമാല തുടങ്ങും. അതിനുശേഷമാണ് വിളക്ക് തുടങ്ങുക. ഓരോ ദിവസവും വിവിധ സ്ഥാപനങ്ങളുടെയും ഭക്തജനങ്ങളുടെയും വക വിളക്കുകളുണ്ടാകും.

ഏകാദശിയോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഏകാദശിയുടെ തലേദിവസമായ ദശമി നാളിലെ എഴുന്നള്ളിപ്പാണ്. ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ശാസ്താവാണ് അന്നേദിവസം ശ്രീരാമനുപകരം എഴുന്നള്ളുന്നത്. ഇത് മറ്റൊരു ക്ഷേത്രത്തിലും പതിവില്ലാത്ത കാര്യമാണ്. മൂന്ന് ആനകളോടുകൂടിയ ശാസ്താവിന്റെ എഴുന്നള്ളത്ത് ആദ്യപ്രതിഷ്ഠ എന്ന നിലയിൽ കൊടുത്തുവരുന്ന ആദരവായി കണക്കാക്കപ്പെടുന്നു. പഞ്ചവാദ്യത്തോടുകൂടിയാണ് എഴുന്നള്ളിപ്പ്. എന്നാൽ, എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തേവർക്കുതന്നെയാണ് നടത്തുന്നത്.

ഏകാദശിനാളിൽ പുലർച്ചെയുള്ള നിയമവെടി, അന്നേദിവസത്തെ പരിപാടികൾക്കുള്ള നാന്ദിയാകുന്നു. അന്നേദിവസത്തെ നിർമ്മാല്യദർശനം ഏറ്റവും പുണ്യകരമായി കണക്കാക്കപ്പെടുന്നു. നിരവധി ഭക്തരാണ് ഈ ദിവസം ഭഗവദ്ദർശനത്തിനായി തൃപ്രയാറിലെത്തുന്നത്. രാവിലെ എട്ടുമണിയ്ക്ക് ഇരുപത് ആനകളുടെ അകമ്പടിയോടെയുള്ള ശീവേലിയെഴുന്നള്ളിപ്പുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രം പുറത്തെടുക്കുന്ന സ്വർണ്ണക്കോലത്തിലാണ് തേവരുടെ എഴുന്നള്ളത്. പഞ്ചാരിമേളത്തോടെയാണ് ശീവേലി നടത്തുന്നത്. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലി, രാത്രി വിളക്കെഴുന്നള്ളത്ത് എന്നിവയും വിശേഷമാണ്. ഗുരുവായൂരിലേതുപോലെ തൃപ്രയാറിലും ഏകാദശിനാളിൽ ഭക്തർക്ക് ഉച്ചയ്ക്ക് ഗോതമ്പുകഞ്ഞിയും പയറും കൂട്ടിയുള്ള പ്രസാദ ഊട്ടുണ്ട്. എന്നാൽ, ഭഗവാന് സാധാരണപോലെയാണ്. ദ്വാദശിനാളിൽ പുലർച്ചെ നാലുമണിവരെ വിളക്കുണ്ട്. അതുകഴിഞ്ഞ് ഭഗവാൻ ശ്രീലകത്തേയ്ക്ക് തിരിച്ചെഴുന്നള്ളുന്നു.

ഗുരുവായൂരിലേതുപോലെ ഇവിടെയും ഏകാദശിദിവസം രാത്രിയിൽ ദ്വാദശിപ്പണം സമർപ്പണമുണ്ട്. ഗുരുവായൂർ മാതൃകയിൽ തന്നെയാണ് ഈ ചടങ്ങും. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ നമ്പൂതിരിമാർക്കാണ് ഇത് സമർപ്പിയ്ക്കുന്നത്. ഭഗവദ്പ്രതിനിധിയായി ആദ്യം ക്ഷേത്രം മേൽശാന്തി പണം കാഴ്ചവയ്ക്കുന്നു. പിന്നീട് ഭക്തർ ഓരോരുത്തരായി പണം കാഴ്ചവയ്ക്കുന്നു. രാവിലെ ഒമ്പതുമണിവരെ ചടങ്ങ് തുടരും. ഒടുവിൽ, ഉച്ചയ്ക്കുള്ള ദ്വാദശി ഊട്ടോടെ ഏകാദശി മഹോത്സവം സമാപിയ്ക്കും.

ഏകാദശിയോടനുബന്ധിച്ച് 2010-ൽ തുടങ്ങിയ നൃത്തസംഗീതോത്സവം ചുരുങ്ങിയ കാലം കൊണ്ട് വൻ വിജയമായിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആദ്യദിവസം നൃത്തോത്സവവും പിന്നീടുള്ള ദിവസങ്ങളിൽ സംഗീതോത്സവവുമാണ് നടത്തുന്നത്. നിരവധി കലാകാരന്മാർ ഇവിടെ വന്ന് കച്ചേരി അവതരിപ്പിയ്ക്കാറുണ്ട്. അവസാനദിവസം നടത്തുന്ന പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനവും വളരെ വിശേഷമാണ്.

ആറാട്ടുപുഴ പൂരം

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ദേവമേളകളിലൊന്നായ മീനമാസത്തിലെ ആറാട്ടുപുഴ പൂരം. ഈ ചടങ്ങിലെ നെടുനായകത്വം വഹിയ്ക്കുന്നത് തൃപ്രയാർ തേവരാണ്. ശാസ്താക്കന്മാരും ഭഗവതിമാരും മാത്രം പങ്കെടുക്കുന്ന ഈ മേളയിൽ വരുന്ന ഏക വൈഷ്ണവദേവനും തേവരാണ്.

മീനമാസത്തിൽ മകയിരം നാളിൽ നടക്കുന്ന മകയിരം പുറപ്പാടോടെയാണ് തൃപ്രയാർ ക്ഷേത്രത്തിൽ ചടങ്ങുകളുടെ തുടക്കം. അന്ന് ഉച്ചതിരിഞ്ഞ് കർക്കടകം രാശി ലഗ്നമായി വരുന്ന സമയത്താണ് തേവരുടെ എഴുന്നള്ളത്ത്. ക്ഷേത്രം ഊരാണ്മക്കാരായ ചേലൂർ, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി എന്നീ ഇല്ലക്കാരുടെ അനുമതിയോടെയാണ് ഉത്സവത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇവർ ക്ഷേത്രത്തിലെത്തി പാണികൊട്ടാൻ അനുമതി നൽകിയാൽ മാത്രമേ എഴുന്നള്ളിപ്പ് പാടുള്ളൂ എന്നാണ് ചിട്ട. തുടർന്ന് 'തൃക്കോൽ ശാന്തി' എന്ന സ്ഥാനപ്പേരുള്ള ശാന്തിക്കാരൻ തേവരെ ശ്രീകോവിലിന് മുന്നിലുള്ള നമസ്കാരമണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിയ്ക്കുന്നു. തദവസരത്തിൽ 101 കതിനവെടി മുഴങ്ങുന്നുണ്ടാകും. തന്ത്രിയും ശാന്തിക്കാരും ദേവസ്വം ഭാരവാഹികളും ഭക്തരും തേവരെ നിറപറയോടെയും നിലവിളക്കുകളോടെയും സ്വീകരിയ്ക്കുന്നു. ഇതോടനുബന്ധിച്ചുതന്നെ ബ്രാഹ്മണിപ്പാട്ടും നടത്തുന്നുണ്ടാകും. പിന്നീട് അഞ്ച് ആനകളുടെ അകമ്പടിയോടെ തേവർ സ്വർണ്ണക്കോലത്തിൽ പുറത്തേയ്ക്ക് എഴുന്നള്ളുന്നു. ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സേതുകുളത്തിലെ ആറാട്ടിനാണ് ഭഗവാൻ എഴുന്നള്ളുന്നത്. എഴുന്നള്ളിപ്പിന് അകമ്പടിയായി പാണ്ടിമേളമുണ്ടാകും. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന ആറാട്ടിന്റെ അതേ ചടങ്ങുകളാണ് ഇവിടെയും ആറാട്ടിന്. തേവരോടൊപ്പം നിരവധി ഭക്തരും ആറാടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തേവരെ എഴുന്നള്ളിയ്ക്കും. ഇവയോടെല്ലാം അനുബന്ധിച്ച് വിവിധ കുളങ്ങളിൽ ആറാട്ടുമുണ്ട്. തിരുവാതിര നാളിൽ രാവിലെ ക്ഷേത്രനടയിൽ തന്നെ പൂരം നടത്തുന്നു. 'നടയ്ക്കൽ പൂരം' എന്നാണ് ഇതിന്റെ പേര്. അന്ന് ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പുത്തൻകുളത്തിലാണ് ആറാട്ട്. അന്ന് ഉച്ചതിരിഞ്ഞ് കാട്ടൂർ പൂരത്തിന് തേവർ പുറപ്പെടുന്നു. തൃപ്രയാറിൽ നിന്ന് ഏറെ ദൂരെ കിടക്കുന്ന കാട്ടൂരിലേയ്ക്ക് വലപ്പാട്, ഇടത്തിരുത്തി വഴിയാണ് തേവരുടെ എഴുന്നള്ളത്ത്. പോകുന്ന വഴികളിലെല്ലാം നിയമവെടിയുണ്ടാകും. ഇടത്തുരുത്തിയിലെത്തിയാൽ എഴുന്നള്ളത്ത് തോണിയിലാണ്. തുടർന്ന് ആനപ്പുറത്തേറി അടുത്തുള്ള മുതലക്കുന്ന് മനപ്പറമ്പിലേയ്ക്കും പിന്നീട് കാട്ടൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേയ്ക്കും എഴുന്നള്ളും. പിറ്റേന്ന് (പുണർതം നാളിൽ) പുലർച്ച വരെ ചടങ്ങുകൾ തുടരും. തുടർന്ന് തിരിച്ച് തൃപ്രയാറിലേയ്ക്ക് എഴുന്നള്ളുന്ന തേവർ പുത്തൻകുളത്തിൽ വീണ്ടും ആറാടി ചടങ്ങുകൾ പൂർത്തിയാക്കുന്നു. അന്നുതന്നെയാണ് ബ്ലാഹയിൽ കുളത്തിലെയും കുറുക്കൻ കുളത്തിലെയും ആറാട്ടുകളും. സന്ധ്യയ്ക്കുള്ള കുറുക്കൻ കുളത്തിൽ ആറാട്ടിനെത്തുന്ന ആരെയും 'കുറുക്കാ' എന്നു വിളിയ്ക്കാമെന്ന് കഥയുണ്ട്. മറ്റ് ശ്രീരാമക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഭഗവാന്റെ ജന്മദിനമായ രാമനവമി വൻ ആഘോഷമായി കണ്ടുവരുന്നില്ല. അതിനുകാരണം, ഭഗവാൻ ആറാട്ടും പറയെടുപ്പുമായി യാത്രയിലായിരിയ്ക്കും എന്നതാണ്. ഇപ്പോൾ രാമനവമി വിപുലമാക്കാൻ പദ്ധതികൾ നടത്തിവരുന്നു.

പൂയം നാളിൽ രാവിലെ വെന്നിയ്ക്കലിൽ പറയെടുപ്പും കോതക്കുളത്തിൽ ആറാട്ടും നടത്തുന്ന തേവർ തുടർന്ന് സമീപഗ്രാമമായ പൈനൂരിലെ പാടത്ത് ചാലുകുത്താൻ പോകും. അന്ന് വൈകീട്ട് രാമൻകുളത്തിലാണ് ആറാട്ട്. ആയില്യം നാളിൽ സന്ധ്യയ്ക്കാണ് പുഴയുടെ കിഴക്കേക്കരയിലെ ഗ്രാമങ്ങളിൽ പ്രദക്ഷിണം നടത്താൻ തേവർ പള്ളിയോടത്തിൽ പോകുന്നത്. വിശേഷാൽ പൂജകൾക്കുശേഷം തേവരുടെ തിടമ്പ് പള്ളിയോടത്തിൽ ഇറക്കിവയ്ക്കുന്നു. കൂടെ ഒരു കുത്തുവിളക്കുമുണ്ടാകും. തൃക്കോൽ ശാന്തിയാണ് തോണി തുഴയുന്നത്. കുടശ്ശാന്തി തിടമ്പ് പിടിയ്ക്കുന്നു. തേവർ പുറപ്പെടുന്നതിന്റെ മുന്നോടിയായി 101 കതിനവെടി മുഴങ്ങും. ഈ സമയത്ത് കിഴക്കേക്കരയിൽ ഭഗവാനെ സ്വീകരിയ്ക്കാൻ നിരവധി ആളുകൾ കാത്തുനിൽക്കുന്നുണ്ടാകും.തോണി കിഴക്കേക്കരയിലെത്തുമ്പോൾ അവിടെയും കതിനവെടി മുഴങ്ങും. തുടർന്ന്, ഊരാളന്മാരുടെയും തന്ത്രിയുടെയും ഇല്ലങ്ങളിൽ പറയെടുപ്പും എഴുന്നള്ളത്തുമുണ്ടാകും. തിരിച്ചുവരുന്ന വഴിയിൽ ആനേശ്വരം ശിവക്ഷേത്രത്തിനടുത്തുകൂടെ പോകുമ്പോൾ വാദ്യമേളങ്ങൾ നിർത്തിയും ആനകളുടെ കുടമണികൾ അഴിച്ചുമാറ്റിയുമാണ് യാത്ര. ആനേശ്വരത്തപ്പനിൽ നിന്ന് തേവർ അരിയും നാളികേരവും കടം വാങ്ങിയെന്നും അത് തിരിച്ചടച്ചിട്ടില്ലെന്നുമാണ് വിശ്വാസം. മകം നാളിൽ വിശേഷാൽ ചടങ്ങുകളൊന്നും തന്നെയില്ല. പൂരം നാളിൽ സന്ധ്യയ്ക്ക് ഭഗവാൻ വീണ്ടും പള്ളിയോടം കടക്കുകയും അർദ്ധരാത്രിയോടെ ആറാട്ടുപുഴയിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ, ചിറയ്ക്കൽ എന്ന സ്ഥലത്തുവച്ച് കൂടൽമാണിക്യസ്വാമി ജ്യേഷ്ഠനായ തൃപ്രയാർ തേവരെ കണ്ടുമുട്ടുന്നു. സന്ധ്യയോടെ അത്താഴപ്പൂജ കഴിഞ്ഞ് നടയടച്ചുകൊണ്ടുള്ള വരവാണ്. ഈയൊരു സംഗമം ശ്രദ്ധേയമാണ്. അർദ്ധരാത്രി ആറാട്ടുപുഴയ്ക്കടുത്തുള്ള കൈതവളപ്പിലെത്തുന്ന തേവരെ, ആറാട്ടുപുഴ ശാസ്താവ് സ്വീകരിയ്ക്കുന്നു. പതിവുപോലെ പാണ്ടിമേളവും ആചാരവെടിയും ഇതിനുമുണ്ടാകും. അന്ന് അർദ്ധരാത്രിയുള്ള കൂട്ടിയെഴുന്നള്ളിപ്പിൽ, ചേർപ്പിലമ്മയെയും ഊരകത്തമ്മയെയും ഇരുവശങ്ങളിലും ചേർത്ത് തൃപ്രയാറപ്പൻ നടുക്കും, മറ്റുള്ള ദേവീദേവന്മാർ വശങ്ങളിലുമായി നിൽക്കുന്നു. ഭൂമീദേവിയുടെ അവതാരമായ ചേർപ്പിലമ്മ ഭഗവാന്റെ വലതും, മഹാലക്ഷ്മിയുടെ അവതാരമായ ഊരകത്തമ്മ ഭഗവാന്റെ ഇടതുമാണ് നിൽക്കുന്നത്. അവതാരരൂപം (ശ്രീരാമൻ) വിട്ട് ശ്രീ-ഭൂമീസമേതനായ മഹാവിഷ്ണുവായി തദ്സമയം തൃപ്രയാറപ്പൻ മാറുന്നു. പിറ്റേന്ന് (ഉത്രം നാൾ) രാവിലെ വരെ ചടങ്ങുകൾ തുടരും.

ഉത്രം നാളിൽ ക്ഷേത്രങ്ങളിൽ ഉത്രം വിളക്ക് ആഘോഷിയ്ക്കുന്നു. ഈ സമയത്ത്, ആറാട്ടുപുഴയിൽ, കരുവന്നൂർപ്പുഴയിലുള്ള മന്ദാരക്കടവിൽ ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. അന്ന് അർദ്ധരാത്രിയാണ് ആറാട്ട്. ആദ്യം, കടലാശ്ശേരി പിഷാരിയ്ക്കൽ ഭഗവതിയാണ് ആറാടുന്നത്. ജലത്തിലുള്ള സമസ്ത വിഷാണുക്കളും പിഷാരിയ്ക്കലമ്മയുടെ ആറാട്ടോടെ നീങ്ങുന്നു എന്നാണ് വിശ്വാസം. തുടർന്ന് ഓരോരുത്തരായി ആറാടുന്നു. അവസാനമാണ് തേവരുടെ ആറാട്ട്. നിരവധി ഭക്തരും ഈ സമയത്ത് ആറാടി പുണ്യം ഏറ്റുവാങ്ങുന്നു. പിന്നീട്, ഊരകത്തമ്മയും തൃപ്രയാറപ്പനും കൂടി ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു. അവസാനം യാത്രയയപ്പാണ്. ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ്, അതിഥികളെ ഓരോന്നായി യാത്രയാക്കുന്നു. ഏഴുകണ്ടം വരെ ചെന്നാണ് ഓരോരുത്തരെയും യാത്രയാക്കുന്നത്. ഇതിന് മുന്നോടിയായി ആനകൾ ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങുണ്ട്. രാജകീയചിഹ്നമായ കിരീടം ഒഴിവാക്കിയാണ് മുഖ്യാതിഥിയായ തേവരുടെ മടക്കയാത്ര. ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷി, അടുത്ത വർഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിയ്ക്കുന്നു. ആ തീയതി മനസ്സിൽ വച്ചാണ് ഓരോരുത്തരും മടങ്ങിപ്പോകുന്നത്.

ശ്രീരാമൻ ചിറയിലെ സേതുബന്ധനം

[തിരുത്തുക]

സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും കന്നിമാസത്തിലെ തിരുവോണനാളിൽ തൃപ്രയാർ തേവർ സേതു നിർമ്മിക്കുന്നയിടമാണ് തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ. ചിറ നിർമ്മാണ സമയത്ത് പങ്കെടുത്ത് സേതുബന്ധനത്തിൽ ഒരു പിടി മണ്ണ് സമർപ്പിക്കുന്നത് ഭക്തർ പുണ്യമായി കരുതുന്നു. അന്ന് മണ്ണു വാരിയിടുന്നതിന് സാധിക്കാത്തവർ പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഇവിടെ വന്ന് സ്വന്തം വാസസ്ഥലത്ത് നിന്നും ശേഖരിച്ച ഒരു പിടി മണ്ണ് സമർപ്പിക്കാറുണ്ട്. മണ്ണ് സമർപ്പിക്കുന്ന ചടങ്ങാണ് സേതുബന്ധന വന്ദനം[3]

ശ്രീരാമൻ ചിറയിൽ സേതുബന്ധനം നടത്തുന്നതിനും, ആറാട്ടുപുഴ പങ്കെടുക്കുന്നതിനും മാത്രമാണ് തൃപ്രയാർ ക്ഷേത്രനട നേരത്തെ അടയ്ക്കുന്നത്. സേതുബന്ധനത്തിനായി ക്ഷേത്രനട അടച്ചതിനു ശേഷം ആരും തന്നെ കിഴക്കേനടയിലേക്കു പ്രവേശിക്കുവാനും പാടില്ലത്രെ. തൃപ്രയാർ തേവർ മുതലപ്പുറത്ത് കയറിയാണ് ചിറകെട്ടുന്നതിനു പോകുന്നത്. നട അടയ്ക്കുന്ന സമയത്ത് മീനൂട്ടുകടവിൽ അസാധാരാണമായ തിരയിളക്കം കാണാനാവുമെന്ന് പൂർവ്വികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂരിലെ ദർശനം പൂർത്തിയാകണമെങ്കിൽ സമീപത്തുള്ള മമ്മിയൂർ ശിവ-പാർവ്വതി-വിഷ്ണുക്ഷേത്രത്തിലും പോകണമെന്ന് പറയുന്നതുപോലെ തൃപ്രയാറിലെ ദർശനം പൂർത്തിയാകണമെങ്കിൽ ശ്രീരാമൻ ചിറയിലും പോകണമെന്നാണ് ഭക്തജനവിശ്വാസം. എന്നാൽ എന്തെങ്കിലും കാരണവശാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ക്ഷേത്രദർശനം നടത്തുന്നതിനിടയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലെത്തി വടക്കുകിഴക്കേമൂലയിലേക്കുനോക്കി വന്ദിച്ചാലും മതിയെന്നും പറയപ്പെടുന്നു.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
  • ജില്ലാ ആസ്ഥാനമായ തൃശൂരിൽ നിന്ന് - വാടാനപ്പള്ളി വഴി - ഏകദേശം 24 കി.മി. ദൂരം. ഏതാണ്ട് 35 മിനിറ്റ് യാത്ര.
  • ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് - ദേശീയപാത 66 (NH 66) വഴി 23 കി.മി. ദൂരം - ഏകദേശം 35 മിനിറ്റ് അകലെ.
  • കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം - ദേശീയപാത (NH 66) വഴി ഏകദേശം 48 കി.മി. ദൂരം, ഏതാണ്ട് ഒന്നേകാൽ മണിക്കൂർ അകലെ.
  • എറണാകുളത്ത് നിന്നും - ദേശീയപാത വഴി(NH 66)- ഏതാണ്ട് 60 കി.മി. - ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ ദൂരം.
  • കാടാമ്പുഴ ഭഗവതി ക്ഷേത്രം - ഏതാണ്ട് 78 കി.മി - ദേശീയപാത NH 66 വഴി

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ഇ.പി.ഗിരീഷ് (ഒക്ടോബർ 14 2013). "സേതുബന്ധന സ്മരണയിൽ ശ്രീരാമൻചിറ". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2013-10-15. Retrieved 3 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)