മുതുവറ മഹാദേവക്ഷേത്രം
10°33′09″N 76°10′30″E / 10.552571°N 76.174916°E
മുതുവറ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°33′18″N 76°10′16″E / 10.5549104°N 76.1710341°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
തൃശ്ശൂർ ജില്ലയിൽ അടാട്ട് ഗ്രാമപഞ്ചായത്തിൽ മുതുവറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് മുതുവറ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.[1] പടിഞ്ഞാട്ട് ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2]
ചരിത്രം
[തിരുത്തുക]ഐതിഹ്യം
[തിരുത്തുക]സതീദേവിയുടെ വിയോഗത്തെത്തുടർന്ന് സംഹാരതാണ്ഡവമാടുന്ന രൂപത്തിലാണ് ശിവപ്രതിഷ്ഠ.
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]ചെറിയ ഒരു ക്ഷേത്രമാണ് ഇത്. ചെറിയ നാലമ്പലം, രണ്ട് നടപ്പുരകൾ എന്നിവ മാത്രം കാണാം. കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല.
ശ്രീകോവിൽ
[തിരുത്തുക]രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിലാണ്. ശിവനും വിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠകൾ. പടിഞ്ഞാറോട്ടാണ് ഇരുവരുടെയും ദർശനം.
ഗോപുരങ്ങൾ
[തിരുത്തുക]ഈയടുത്തകാലത്തായി ഭക്തജനങ്ങളുടെ പങ്കാളിത്തം കാരണം ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുനേരെ ഗോപുരങ്ങൾ ഉയർന്നുവന്നു. ശിവന്റെ നടയ്ക്കുനേരെയുള്ളതാണ് വലുത്. രണ്ടുഗോപുരങ്ങളും റോഡിൽനിന്നുനോക്കിയാൽത്തന്നെ കാണാൻ കഴിയും.
നമസ്കാരമണ്ഡപം
[തിരുത്തുക]ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുനേരെ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ നടയ്ക്കുനേരെ കെടാവിളക്കുമുണ്ട്.
പ്രതിഷ്ഠകൾ
[തിരുത്തുക]സതീദേവിയുടെ ദേഹത്യാഗം മൂലം സംഹാരതാണ്ഡവമാടുന്ന ഉഗ്രമൂർത്തിയാണ് ഇവിടത്തെ ശിവൻ. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി വാഴുന്നു. ഇവിടത്തെ ശിവലിംഗത്തിന് ഏകദേശം രണ്ടരയടി പൊക്കം വരും. ഇവിടത്തെ ശിവന്റെ രൗദ്രഭാവം വളരെയധികം പ്രശ്നങ്ങൾക്ക് ഇടയാക്കി. അത് തടയാനായാണ് വിഷ്ണുപ്രതിഷ്ഠ നടത്തിയത്. ഇന്ന് രണ്ട് മൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്.
ഭക്തപ്രഹ്ലാദന്റെ പ്രാർത്ഥനകേട്ട് ശാന്തനായി നിൽക്കുന്ന നരസിംഹമൂർത്തിയുടെ സങ്കല്പത്തിലാണ് ഇവിടത്തെ വിഷ്ണുപ്രതിഷ്ഠ. രണ്ടുനിലകളോടുകൂടിയ മറ്റൊരു ചതുരശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി വാഴുന്നു. ചതുർബാഹുവായ വിഗ്രഹം ശംഖചക്രഗദാപത്മങ്ങൾ ധരിച്ചിരിയ്ക്കുന്നു.
ഉപദേവന്മാർ
[തിരുത്തുക]ക്ഷേത്രത്തിലെ ഏക ഉപദേവൻ ഗണപതിയാണ്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി വാഴുന്നു. ഗണപതിയ്ക്ക് ഒറ്റയപ്പം നേദിയ്ക്കുന്നത് അതിവിശേഷമാണ്.
പൂജാവിധികളും വിശേഷങ്ങളും
[തിരുത്തുക]നിത്യപൂജകൾ
[തിരുത്തുക]നിത്യേന മൂന്ന് പൂജകൾ ഇവിടെ പടിത്തരമാക്കിയിട്ടുണ്ട്. കീഴ്മുണ്ടയൂർ മനയ്ക്കാണ് തന്ത്രാധികാരം.
ശിവരാത്രി
[തിരുത്തുക]കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീരൻ ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്.
ഇതും കാണുക
[തിരുത്തുക]ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]തൃശ്ശൂർ നഗരത്തിൽ നിന്ന് ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിൽ 6 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രധാന മാർഗ്ഗത്തിൽ തന്നെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.