ഒരു രാഷ്ട്രീയക്കാരനും പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിമാരിലൊരാളുമാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് (ജനനം: 11 മാർച്ച് 1942). അണികൾക്കിടയിൽ 'ക്യാപ്റ്റൻ' എന്നറിയപ്പെടുന്ന അമരീന്ദർ സിംഗ് മുൻ കരസേനാ ഉദ്യോഗസ്ഥനും ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു.
പട്യാലയിലെ പ്രമുഖ രാജകുടുംബത്തിലെ തലവനായ അമരീന്ദർ നാഷണൽ ഡിഫൻസ് അക്കാദമി യിൽ നിന്നും ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നും ബിരുദമെടുത്ത ശേഷം 1963 ജൂണിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു.1965-ന്റ തുടക്കത്തിൽ പട്ടാളത്തിൽ നിന്നും രാജിവെച്ച ഇദ്ദേഹം 1965-ൽ പാകിസ്താനുമായി പൊട്ടിപ്പുറപ്പെട്ട ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുക്കാനായി തിരിച്ചുവരുകയും ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1999 മുതൽ 2002 വരെയും 2010 മുതൽ 2013 വരെയും 2016 മുതൽ 2017 വരെയും മൂന്ന് തവണ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അമരീന്ദർ 2002 മുതൽ 2007 വരെ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ 1,02,000 ലധികം വോട്ടിന്റെ മാർജിനിൽ പ്രമുഖ ബിജെപി നേതാവായിരുന്ന അരുൺ ജെയ്റ്റ്ലിയെ പരാജയപ്പെടുത്തി അമൃത്സർ നിന്നുള്ള ലോക്സഭ അംഗമായി. 2017 മാർച്ച്-ൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. 18 സെപ്റ്റംബർ 2021-ൽ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.[1]