Jump to content

വധശിക്ഷ ബ്രസീലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Brazil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ടൈറേഡെന്റെസ് (1792) പോലെ പല ചരിത്ര നായകന്മാർക്കും ബ്രസീലിൽ വധശിക്ഷ നൽകിയിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്. ബ്രസീൽ 1889-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ശേഷം മരണശിക്ഷ നിറുത്തലാക്കപ്പെട്ടു. കോസ്റ്റാറിക്കയ്ക്ക് (1859) ശേഷം അമേരിക്കയിൽ മരണശിക്ഷ നിറുത്തലാക്കപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. സാധാരണകുറ്റങ്ങൾക്ക് വധശിക്ഷ നിർത്തലാക്കപ്പെട്ടെങ്കിലും സൈനിക കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കാൻ ബ്രസീലിലെ നിയമങ്ങളും ബ്രസീൽ ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര കരാറുകളും അനുവദിക്കുന്നുണ്ട്.

ചരിത്രം

[തിരുത്തുക]
ദേശീയ നായകൻ ടൈറേഡെന്റസിനെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1792 ഏപ്രിൽ 21-ന് പോർച്ചുഗീസ് സാമ്രാജ്യം ക്വാർട്ടർ ചെയ്ത് കൊല്ലുകയായിരുന്നു.

ബ്രസീലിന്റെ ആധുനികചരിത്രത്തിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത് തൂക്കുകയറിലൂടെയാണ്. പട്ടാളക്കോടതിയല്ലാത്ത് ഒരു കോടതി അവസാനമായി മരണശിക്ഷ വിധിച്ചത് കറുത്ത വർഗ്ഗക്കാരൻ അടിമയായിരുന്ന ഫ്രാൻസിസ്കോ എന്നയാൾക്കായിരുന്നു. അലഗോസ് എന്ന സ്ഥലത്തുവച്ച് 1876 ഏപ്രിൽ 28-നാണ് ശിക്ഷ നടപ്പിലാക്കിയത്. അടിമയല്ലാത്ത ഒരു മനുഷ്യനെ അവസാനമായി തൂക്കിക്കൊന്നത് (ഔദ്യോഗിക രേഖകൾ പ്രകാരം) 1861 ഒക്ടോബർ 30-ന് ഗോയാസ് എന്ന സ്ഥലത്തു വച്ച് ഹോസെ പെരേര ഡി സോസ എന്നയാളെയായിരുന്നു. പെഡ്രോ രണ്ടാമൻ ചക്രവർത്തി 1876-ൽ അടിമകൾക്കും സ്വതന്ത്ര മനുഷ്യർക്കും എല്ലാ മരണ ശിക്ഷകളും ഇളവുചെയ്തുവെങ്കിലും ബ്രസീലിയൻ സാംരാജ്യത്തിന്റെ അവസാന നാളുകൾ വരെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. സാധാരണ കുറ്റങ്ങൾക്ക് മരണശിക്ഷ പൂർണ്ണമായും നിർത്തലാക്കിയത് 1889-ൽ ബ്രസീൽ റിപ്പബ്ലിക്കായി മാറിയ ശേഷമാണ്. യുദ്ധസമയത്തുള്ള ചില കുറ്റങ്ങൾക്ക് മരണശിക്ഷ ഒഴിവാക്കപ്പെട്ടിരുന്നില്ല. [1][2]

എസ്റ്റാഡോ നോവോയുടെ ഏകാധിപത്യ ഭരണകാലത്തുള്ള 1937-ലെ ഭരണഘടന പ്രകാരം ന്യായാധിപന്മാർക്ക് പട്ടാളനിയമത്തിനു പുറത്തും വധശിക്ഷ വിധിക്കാമായിരുന്നു. 1946 വരെ ഈ ഭരണഘടന നിലനിന്നുവെങ്കിലും ആ കാലഘട്ടത്ഥിൽ ആർക്കെങ്കിലും വധശിക്ഷ നൽകിയതായി രേഖയില്ല. എഴുത്തുകാരൻ ജെറാർഡോ മെല്ലോ മൗറോ എന്നയാളെ 1942-ൽ അച്ചുതണ്ട് ശക്തികൾക്ക് വേണ്ടി ചാരപ്രവർത്തി നടത്തി എന്ന കുറ്റത്തിന് വധശിക്ഷ നൽകാൻ സാദ്ധ്യതയുണ്ടായിരുന്നു എന്നൊരു ഊഹമുണ്ട്. പക്ഷേ അദ്ദേഹത്തെ ജീവപര്യന്തം തടവു ശിക്ഷയ്ക്കാണ് വിധിച്ചത്. [3]

1969 മുതൽ 1978 വരെ നിലനിന്ന പട്ടാള ഭരണത്തിൽ വീണ്ടും രാഷ്ട്രീയ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാം എന്ന സ്ഥിതി വന്നു. തിയോഡോമിരോ റൊമീറോ ഡോസ് സാന്റോസ് എന്ന ബ്രസീലിയൻ റെവല്യൂഷനറി കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാളിയെ ഒരു ബ്രസീലിയൻ വ്യോമസേനാ സാർജന്റിനെയും (ഇയാൾ മരിച്ചു) ഒരു ഫെഡറൽ പോലീസ് ഓഫീസറെയും വെടിവച്ചു എന്ന പേരിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. [4] 1971-ൽ അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തം തടവായി കമ്യൂട്ട് ചെയ്തു. പിൽക്കാലത്ത് ന്യായാധിപനായ സാന്റോസാണ് റിപ്പബ്ലിക്കൻ ബ്രസീലിന്റെ ചരിത്രത്തിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരേ ഒരാൾ. [4] നിയമപരമായ വധശിക്ഷകളൊന്നും നടന്നിട്ടില്ലെങ്കിലും ഭരണകൂടം നിയമത്തിനു വെളിയിൽ 300-ഓളം എതിരാളികളെ വധിച്ചിട്ടുണ്ട്. [5]

1988 ലെ ഭരണഘടന പ്രകാരം പട്ടാള നിയമപ്രകാരമുള്ളതൊഴിച്ചുള്ള എല്ലാ കുറ്റങ്ങൾക്കുമുള്ള വധശിക്ഷകളും നിറുത്തലാക്കപ്പെട്ടു. ഇപ്പോൾ യുദ്ധസമയത്തു ചെയ്യുന്ന രാജ്യദ്രോഹം, കലാപം, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, തീവ്രവാദം എന്നീ കുറ്റങ്ങൾക്കേ വധശിക്ഷ നൽകാവൂ. തൂക്കിക്കൊലയാണ് നിയമം അനുവദിക്കുന്ന ഒരേയൊരു ശിക്ഷാരീതി. മിലിട്ടറി പീനൽ കോഡ് പ്രകാരം ഈ ശിക്ഷ ഗുരുതരമായ കുറ്റങ്ങൾക്കേ നൽകാവൂ. പ്രസിഡന്റിന് ശിക്ഷിക്കപ്പെട്ട ഓഫീസറോട് ദയകാണിച്ച് ശിക്ഷയിൽ ഇളവു നൽകാമെന്നും വകുപ്പുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രസീൽ ഒരു പ്രമുഖ യുദ്ധങ്ങളിലും പങ്കെടുത്തിട്ടില്ല. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ചില കുറ്റങ്ങൾക്കെങ്കിലും മരണശിക്ഷ നിലവിലുള്ള ഒരേയൊരു രാജ്യം ബ്രസീലാണ്.

1988-ലെ ബ്രസീൽ ഭരണഘടന പീനൽ വ്യവസ്ഥയിൽ മരണശിക്ഷ വ്യക്തമായി നിരോധിച്ചിരിക്കുന്നു. [6] അന്താരാഷ്ട്ര നിയമമനുസരിച്ചുകൊണ്ടുള്ള വധശിക്ഷ പ്രഖ്യാപിത യുദ്ധസമയത്ത് നടപ്പിലാക്കാമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 84-ന്റെ പത്തൊമ്പതാം പാരഗ്രാഫ് പറയുന്നു. ജീവിതകാലം മുഴുവനുള്ള ജയിൽ ശിക്ഷയും മരണശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന അതേ ആർട്ടിക്കിൾ തന്നെ നിറുത്തലാക്കുന്നുണ്ട്. [7] വധശിക്ഷയും ജീവപര്യന്തം തടവും നിറുത്തലാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ബ്രസീലിലെ പീനൽ കോഡ് പ്രകാരം ഒരു പൗരനെ 30 വർഷത്തിൽ കൂടുതൽ തടവിലിടാൻ പാടില്ല.

മനുഷ്യാവകാശങ്ങളുടെ അമേരിക്കൻ കൺവെൻഷന്റെ മരണശിക്ഷ നിറുത്തലാക്കാനുള്ള പ്രോട്ടോക്കോളിൽ ബ്രസീലിന് അംഗത്വമുണ്ട്. 1996 ഓഗസ്റ്റ് 13-ൽ ആണ് ഇത് റാറ്റിഫൈ ചെയ്തത്.

അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധസമയത്ത് ചെയ്യുന്ന ഗുരുതരമായ കുറ്റങ്ങൾക്ക് മരണശിക്ഷ നടപ്പാക്കാൻ സാദ്ധ്യമാണ്. ഐക്യരാഷ്ട്രസഭയുടെ പൗരാവകാശങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര കോവനന്റിന്റെ രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോളിന്റെ (വധശിക്ഷ ഇല്ലാതാക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളത്) ആർട്ടിക്കിൾ രണ്ടിന്റെ ഒന്നാം പാരഗ്രാഫ് പ്രകാരം ഇത്തരം കുറ്റങ്ങളിൽ വധശിക്ഷ നിലനിർത്തിക്കൊണ്ടുതന്നെ പ്രോട്ടോക്കോൾ റാറ്റിഫൈ ചെയ്യാം.

അഭിപ്രായ വോട്ടെടുപ്പുകൾ

[തിരുത്തുക]
1991-നു ശേഷം വധശിക്ഷയെപ്പറ്റി ബ്രസീലിൽ നടന്ന അഭിപ്രായ സർവ്വേകൾ:
  Favourable
  Against
  Undefined
Source: Datafolha institute.

ഫോള ഡെ എസ്. പോളോ എന്ന പത്രവുമായി ബന്ധപ്പെട്ട ഡേറ്റാഫോള എന്ന അഭിപ്രായ വോട്ടെടുപ്പ് ഏജൻസി 1990 മുതൽ ബ്രസീൽ ജനത വധശിക്ഷയെ എന്തുമാത്രം സ്വീകരിക്കുന്നുണ്ട് എന്നറിയാൻ വാർഷിക വോട്ടെടുപ്പ് നടത്തുന്നുണ്ട്. ഭൂരിപക്ഷം വോട്ടെടുപ്പ് ഫലങ്ങളും കാണിക്കുന്നത് ഭൂരിപക്ഷം ബ്രസീലുകാർക്കും വധശിക്ഷ സ്വീകാര്യമായിത്തോന്നുന്നു എന്നാണ്. [8] 2008 മാർച്ചിൽ നടത്തിയ വോട്ടെടുപ്പിൽ രണ്ടു പക്ഷത്തിനും പക്ഷേ വ്യക്തമായ ഭൂരിപക്ഷമില്ല. [8][9] 2000-ൽ നടത്തിയ വോട്ടെടുപ്പിലും ഇതിനോട് സാമ്യമുള്ള റിസൾട്ടാണ് ലഭിച്ചത്[8]

2010 ജനുവരിയിൽ സെൻസസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം ബ്രസീലുകാർ മരണശിക്ഷയ്ക്കെതിരാണ്. [10] 2000 ആൾക്കാരുടെ അഭിപ്രായമാരാഞ്ഞതിൽ 55% പേരും ഈ അഭിപ്രായമുള്ളവരാണ്. 2001 ജനുവരിയിൽ ഇതേ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിലെ ഫലവും ഇതുതന്നെ.[10]

അവലംബം

[തിരുത്തുക]
  1. CARVALHO FILHO, Luís Francisco. Impunidade no Brasil - Colônia e Império. in: Estudos Avançados - V. 18. São Paulo, 2004; RIBEIRO, João Luiz. No meio das galinhas as baratas não têm razão. A Lei de 10 de junho de 1835. Os escravos e a pena de morte no Império do Brasil (1822 - 1889). Rio de Janeiro, Editora Renovar, 2005; RIBEIRO, João Luiz. A Violência Homicida diante do Tribunal do Júri da Corte Imperial do Rio de Janeiro UFRJ, 2008.
  2. Capital Punishment Worldwide Archived 2009-11-01 at the Wayback Machine., MSN Encarta. Archived 2009-10-31.
  3. RUY CÂMARA. "Gerardo Mello Mourão, poeta absoluto". Confraria do Vento. May-June, 2007.
  4. 4.0 4.1 Vasconcelos, Levi. "25 anos de uma obra ainda incompleta" Archived 2011-07-06 at the Wayback Machine.. A Tarde. August 28, 2004.
  5. Antonio Carlos Olivieri. "Golpe e repressão no Brasil, na Argentina e no Chile". UOL Educação. August 17, 2006.
  6. Article 5 of Brazilian Constitution (See Paragraph XLVII-a)
  7. Article 5 of Brazilian Constitution (See Paragraph XLVII-b)
  8. 8.0 8.1 8.2 Carvalho, Mário Cesar. "Cai apoio à pena de morte e país fica dividido" ("Support on the death penalty falls and nation is divided"). Folha de S. Paulo. April 6, 2008. Cotidiano - page C1.
  9. "Death Penalty Splits Views in Brazil" Archived 2008-07-05 at the Wayback Machine.. Angus Reid Global Monitor. April 12, 2008
  10. 10.0 10.1 ""Brazilians Remain Opposed to Death Penalty". Angus Reid Global Monitor. February 5, 2010". Archived from the original on 2013-01-16. Retrieved 2012-05-26.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ബ്രസീലിൽ&oldid=3790312" എന്ന താളിൽനിന്ന് ശേഖരിച്ചത്