Jump to content

ശൂലത്തിലേറ്റിയുള്ള വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൂലത്തിലേറ്റപ്പെട്ടയാൾ

നീളമുള്ള ഒരു കമ്പോ, കുന്തമോ, ശൂലമോ ഒരു ജീവിയുടെ ശരീരത്തിൽ തുളച്ചുകയറ്റുന്ന്തിനെയാണ് ശൂലത്തിലേറ്റൽ എന്ന് പറയുന്നത്. സാധാരണഗതിയിൽ ശരീരത്തിന്റെ മർമപ്രധാനമായ ഭാഗങ്ങളിൽ (പ്രധാനമായും ഉടൽ) തുളച്ചുകയറ്റുന്നതിനെയാണ് ഇങ്ങനെ വിവക്ഷിക്കുന്നത്. ഇത് അപകടത്തിലൂടെ സംഭവിക്കാമെങ്കിലും പീഡിപ്പിച്ചുള്ള ഒരു വധശിക്ഷാരീതി എന്ന നിലയിലുള്ള ഉപയോഗമാണ് ഈ പ്രയോഗത്തിന്റെ പ്രധാന അർത്ഥം.

ശിക്ഷാരീതി

[തിരുത്തുക]

നീളമുള്ള ഒരു കോലിൽ പ്രതിയെ കുത്തിനിർത്തുന്നതുവഴി മരണത്തിലെത്തിക്കുക എന്നതാണ് ശിക്ഷയുടെ ലക്ഷ്യം. ശരീരത്തിന്റെ വശത്തുനിന്നോ, ഗുദത്തിൽ കൂടിയോ, യോനിയിൽ കൂടിയോ വായിൽ കൂടിയോ കമ്പ് തുളച്ചുകയറ്റാം. വേദനാജനകമായ മരണമാണ് ഇതുവഴിയുണ്ടാവുക. ചിലപ്പോൾ ദിവസങ്ങളെടുത്തായിരിക്കും മരണം സംഭവിക്കുക. ശിക്ഷിക്കപ്പെടേണ്ടയാളിനെ നിലത്തു കിടത്തി ശൂലം ശരീരത്തിലേയ്ക്ക് കടത്തിയ ശേഷം കുത്തനെു ഉയർത്തി നിർത്തുന്നത് ഒരു രീതിയാണ്.

തറഞ്ഞുകയറിയ ശൂലം രക്തസ്രാവം ഭാഗികമായി തടയുകയും അതുവഴി പീഡനം നീട്ടിക്കൊണ്ടുപോവുകയും ചെയ്തേക്കാം. ഈ ഉദ്ദേശത്തോടു കൂടിയായിരിക്കും ചിലപ്പോൾ ശൂലം ശരീരത്തിൽ തുളച്ചുകയറ്റുന്നത്. പ്രതിയെ ചിലപ്പോൾ പരസ്യമായി പീഠിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മറ്റും ചെയ്തശേഷമായിരിക്കും ശൂലത്തിലേറ്റുക. മരണം താമസിപ്പിക്കാനായി ചിലപ്പോൾ ഗുഹ്യഭാഗത്ത് ഗുദത്തിനും ലിംഗത്തിനും ഇടയിലായി ഒരു മുറിവുണ്ടാക്കി അതിലൂടെ മൂർച്ചയില്ലാത്ത ഒരു കോല് ഉള്ളിൽ കടത്താറുണ്ട്. കോലിന്റെ ഉരുണ്ട അറ്റം ആന്തരാവയവങ്ങളെ മുറിവേൽപ്പിക്കാതെ വശത്തേയ്ക്ക് തള്ളിമാറ്റുകയേ ഉള്ളൂ. ഇത് മരണത്തെ വളരെ താമസിപ്പിക്കും.[1] പ്രതിയുടെ പിടച്ചിലും ഗുരുത്വാകർഷണവും ചേർന്ന് കോൽ കൂടുതൽ അകത്തേയ്ക്ക് കയറ്റും ചിലപ്പോൾ കോലിന്റെ അറ്റം ശരീരം തുളച്ച് പുറത്തുവരും.

ചരിത്രം

[തിരുത്തുക]

നിയോ അസീറിയൻ സാമ്രാജ്യത്തിലും മറ്റുമാണ് ശൂലത്തിലേറ്റിയുള്ള വധശിക്ഷ ആദ്യമായി ഉപയോഗിക്കപ്പെട്ടതായി സൂചനകളുള്ളത്. ശില്പങ്ങളിലും കൊത്തുപണികളിലും ഇത് ചിത്രീകരിച്ചിട്ടുണ്ട്.

എഴുതപ്പെട്ട പുസ്തകങ്ങളിൽ ഇതെപ്പറ്റി ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ബൈബിളിലെ പഴയനിയമത്തിൽ ശമുവേൽ 21:9-ലാണ്.

“അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു [ויקיעם]; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു." [2][3]
യഹൂദന്മാരെ ശൂലത്തിലേറ്റുന്നു നിയോ-അസീറിയൻ രചന.

ആഫ്രിക്ക

[തിരുത്തുക]

ദക്ഷിണാഫ്രിക്കയിലെ സുലു വംശജർ ശൂലത്തിലേറ്റൽ (ഉകുജോജ) ദുർമന്ത്രവാദികൾക്കും, ഭീരുക്കൾക്കും, സ്വന്തം കർത്തവ്യം ചെയ്യാത്ത സൈനികർക്കും മറ്റുമുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നു.[4]

ഈജിപ്തിൽ അധിനിവേശം നടത്തിയ ഫ്രഞ്ച് സൈന്യം ശൂലത്തിലേറ്റൽ ഒരു തവണ ഉപയോഗിച്ചിരുന്നു. ജനറൽ ജീൻ ബാപ്റ്റിസ്റ്റ് ക്ലെബർ എന്നയാളെ കൊന്ന സുലൈമാൻ അൽ-ഹലീബി എന്ന കുർദ് വംശജനായ സിറിയൻ വിദ്യാർത്ഥിയെയാണ് ഇപ്രകാരം വധിച്ചത്.

അമേരിക്കൻ ഭൂഘണ്ഡങ്ങൾ

[തിരുത്തുക]

സ്പെയിൻ ചിലിയെ ആക്രമിച്ച് കീഴടക്കിയപ്പോൾ അറൗകാനിയൻ ഗോത്രത്തലവൻ കൗപോളിക്കനെ ഒരു ശൂലത്തിൽ ഇരുത്തിയായിരുന്നു വധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ ശിക്ഷനടപ്പാക്കുന്നത് കാണാൻ നിർബന്ധിക്കുകയുമുണ്ടായി.[5] 1578-ൽ ഗോത്രത്തലവൻ ജുവാൻ ഡി ലെബുവിനെയും ഇപ്രകാരം വധിക്കുകയുണ്ടായി.

ജപ്പാൻ

[തിരുത്തുക]
കൂർത്ത മുളനാമ്പ്. ഇത് പീഡനത്തിനുപയോഗിക്കപ്പെട്ടിട്ടുണ്ട്.

രാജ്യുങ്ങൾ തമ്മിലുള്ള യുദ്ധകാലത്ത് ജപ്പാനിലെ സമുറായി നേതാക്കൾ ചിലപ്പോൾ ശൂലത്തിലേറ്റൽ ശിക്ഷാരീതി ഉപയോഗിച്ചിരുന്നു. 1561-ൽ ടോകുഗാവ ഈയേസുവിന്റെ സഖ്യസൈന്യവും ഓഡ നോബുനാഗയും ചേർന്ന് ഇമാഗാവ വംശത്തിന്റെ സൈന്യത്തെ തോൽപ്പിച്ചു. പടിഞ്ഞാറൻ മികാവ പ്രവിശ്യയിലെ ഈ യുദ്ധം കഴിഞ്ഞപ്പോൾ കിഴക്കൻ മികാവയിലെ സായിഗോ വംശം ഈയേസുവിന്റെ കീഴിലേയ്ക്ക് കൂറുമാറി. ഇതിൽ രോഷാകുലനായ ഇമാഗാവ ഉജിസേൻ, ടോയോഹാഷി ആയിചി എന്ന (കോട്ടകൊണ്ടു സംരക്ഷിക്കപ്പെട്ട) പട്ടണത്തിൽ കടന്ന് സായിഗോ മാസയോഷിയെയും മറ്റു പന്ത്രണ്ടു പേരെയും പിടികൂടുകയും യോഷിഡ കോട്ടയ്ക്കടുത്തുള്ള ഋയൂഡൻ ക്ഷേത്രത്തിനു മുന്നിൽ ശൂലത്തിലേറ്റുകയും ചെയ്തു. ഈ ശിക്ഷകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. 1570-ഓടെ ഇമാഗാവ വംശത്തിന് അധികാരം നഷ്ടപ്പെട്ടു.[6]

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ സൈനികർ തടവുകാരെ മുളകൊണ്ടു പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ടായിട്ടുണ്ട്. തടവുകാരനെ ഒരു മുളനാമ്പിനു മേൽ ബന്ധിച്ചാണ് പീഡനം നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് മുളനാമ്പ് വളർന്ന് തടവുകാരന്റെ ശരീരം തുളച്ച മറുവശത്തെത്തുമായിരുന്നുവത്രേ.

മലായ് ദ്വീപുകൾ

[തിരുത്തുക]

മലായ് ദ്വീപുകളിൽ വിവാഹേതരലൈംഗികബന്ധം നടത്തിയ കുറ്റത്തിന് പരമ്പരാഗതമായി നൽകിയിരുന്ന ശിക്ഷ ശൂലത്തിലേറ്റലായിരുന്നു. മലായ് ഭാഷയിൽ ഹുകും സൂല എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഒരു കമ്പ് ഗുദത്തിലൂടെ ഹൃദയമോ ശ്വാസകോശമോ തുളയ്ക്കും വരെ കുത്തിക്കയറ്റി നിർത്തിയായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്.

ദക്ഷിണേഷ്യ

[തിരുത്തുക]

ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളിലും ശൂലത്തിലേറ്റൽ ഒരു ശിക്ഷാരീതിയായി ഉപയോഗിക്കപ്പെട്ടിരുന്നു. ബംഗാളിൽ ശൂൽ (ബംഗാളി: শূল) എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. തമിഴ്നാട്ടിൽ, കഴുവേട്രം എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. രാജ്യദ്രോഹത്തിനു നൽകുന്ന സാധാരണ ശിക്ഷയായിരുന്നു ശൂലത്തിലേറ്റൽ. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ തനിക്കെതിരേ കലാപം നടത്തിയ ഖുസ്രു മിസ്ര എന്ന മകനെ അയാളുടെ അനുയായികളെ നിരനിരയായി ശൂലത്തിലേറ്റിയിരുന്നത് ഒരു തെരുവിലൂടെ ആനപ്പുറത്ത് നടത്തി കാട്ടിക്കൊടുത്തുവത്രേ. മദ്ധ്യകാലഘട്ടത്തിൽ കേരളത്തിൽ ഒരുതരം ശൂലത്തിലേറ്റൽ നിലവിലുണ്ടായിരുന്നുവത്രേ.[7]

വിയറ്റ്നാം

[തിരുത്തുക]

1960-കളുടെ അവസാനം വിയറ്റ്നാം യുദ്ധസമയത്ത് ദക്ഷിണവിയറ്റ്നാം സൈന്യത്തോടോ അമേരിക്കൻ സൈന്യത്തോടോ സഹകരിച്ച ഒരു ഗ്രാമത്തലവനെ പ്രാദേശിക വിയറ്റ് കോംഗ് പോരാളികൾ ശിക്ഷയെന്ന നിലയിൽ ശൂലത്തിലേറ്റിക്കൊന്നതായി ഒരു അവകാശവാദമുണ്ട്.[8] ഗുദത്തിലേയ്ക്ക് മൂർച്ചയുള്ള ഒരു കോൽ കുത്തിക്കയറ്റിയാണത്രേ ഇതു ചെയ്തത്. ഗ്രാമവാസികൾക്ക് കാണാൻ കോൽ നിലത്തു നാട്ടി വയ്ക്കപ്പെട്ടത്രേ. വധിക്കുന്നതിനു മുൻപ് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് വായിൽ തിരുകുകയുണ്ടായെന്നാണ് പറയപ്പെടുന്നത്.[8] മറ്റൊരു കഥയിൽ ഗ്രാമത്തലവന്റെ ഗർഭിണിയായ ഭാര്യയാണ് ശൂലത്തിലേറ്റപ്പെട്ടത്.[9] തലയിലൂടെ ശൂലം തറച്ചു കയറ്റിയതായും വിയറ്റ്നാം യുദ്ധസമയത്ത് ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഒരു ചെവിയിലൂടെ മുളക്കോൽ കയറ്റി മറുചെവിയിലൂടെ പുറത്തെടുക്കുകയായിരുന്നത്രേ. ഡാ നാങ് എന്ന സ്ഥലത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ തലവന്റെ മൂന്നു മക്കളെയാണത്രേ ഇങ്ങനെ കൊന്നത്.[10]

ശുലത്തിലേറ്റലും മറ്റ് പീഡനമുറകളും കർഷകത്തൊഴിലാളികളെ വിയറ്റ് കോംഗിനോട് സഹകരിക്കാൻ പ്രേരിപ്പിക്കാനും ദക്ഷിണ വിയറ്റ്നാം സർക്കാരിനോടോ സഖ്യകക്ഷികളോടോ സഹകരിക്കാതിരിക്കാനുള്ള മുന്നറിയിപ്പു നൽകാനുമായിരുന്നിരിക്കണം ഉപയോഗിച്ചിരുന്നത്.[9][11] ദക്ഷിണ വിയറ്റ്നാമിലെ വിയറ്റ് കോംഗ് പോരാളികൾക്കെതിരേയാണ് പൊതുവിൽ ഈ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.[9] ഉത്തര വിയറ്റ്നാം സൈന്യത്തിനെതിരേ ഒരാരോപണവും ഉണ്ടായിട്ടില്ല. സൈന്യമോ ഉത്തരവിയറ്റ്നാം സർക്കാരോ ഇത്തരം പീഡനങ്ങൾ അംഗീകരിച്ചിരുന്നതായി ഒരു തെളിവുമില്ല.

യൂറോപ്പ്

[തിരുത്തുക]

ഇംഗ്ലണ്ട്

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടുവരെ ആത്മഹത്യ ചെയ്യുന്നവരുടെ ശരീരം മരണാനന്തരശിക്ഷയായി ശൂലത്തിലേറ്റിയിരുന്നുവത്രേ. സ്വത്വത്തിനെതിരായുള്ള കുറ്റമായാണ് (ഫെലോ ഡെ സേ) നിയമം ആത്മഹത്യയെ കണ്ടിരുന്നത്. മരിച്ചയാളിന്റെ സ്വത്ത് രാജാവിന്റെ ഭണ്ഡാരത്തിലേയ്ക്ക് കണ്ടുകെട്ടപ്പെടുമായിരുന്നു. രഹസ്യവും ശവമടക്കാൻ മതപരമായി നിർണയിക്കപ്പെട്ടിട്ടില്ലാത്തതുമായ സ്ഥലത്ത് രാത്രിയിൽ ശവം മറവു ചെയ്തശേഷം മൃതദേഹത്തിന്റെ ഹൃദയത്തിലൂടെ ഒരു കോൽ കുത്തിയിറക്കുകയായിരുന്നു ചെയ്തിരുന്നത്. കവലയിലോ, തൂക്കുമരത്തിനു കീഴിലോ ആയിരുന്നു മറവു ചെയ്തിരുന്നത്. നാണംകെട്ട പ്രവർത്തിയായി ആത്മഹത്യയെ അവമതിക്കാൻ വേണ്ടിയായിരുന്നു ഇത്. മറവു ചെയ്യൽ കാണാൻ പുരോഹിതരെയോ മറ്റുള്ളവരെയോ അനുവദിക്കാറുമുണ്ടായിരുന്നില്ല.

ഹെൻട്രി ഒന്നാമൻ ഭരിച്ചിരുന്ന കാലത്ത് ബെല്ലാമെയിലെ റോബർട്ട് എന്നൊരു ശത്രു തടവിലാക്കിയവരെ പീഡിപ്പിച്ചു കൊല്ലുമായിരുന്നു (പണം വാങ്ങി തടവുകാരെ തിരിച്ചുകൊടുക്കുകയായിരുന്നു നാട്ടുനടപ്പ്). മറ്റു പീഡനമുറകൾക്കൊപ്പം ശൂലത്തിലേറ്റലും ബെല്ലാമെ ഉപയോഗിച്ചിരുന്നുവത്രേ. കോലുകൾക്കു പകരം മാംസം തൂക്കിയിടുന്നതരം കൊളുത്തുകളായിരുന്നു ബെല്ലാമെ ഉപയോഗിച്ചിരുന്നത്. ഹെൻട്രി ഒന്നാമൻ ബെല്ലാമെയെ തടവിലാക്കുകയും അയാൾ തടവിൽ മരിക്കുകയും ചെയ്തു.

റോസാപ്പൂ യുദ്ധകാലത്ത് (Wars of the Roses) ജോൺ ടിപ്ടോഫ്റ്റ് (വോർസസ്റ്ററിലെ ഒന്നാം ഏൾ) എഡ്വാർഡ് നാലാമൻ രാജാവിനെതിരെ കലാപം നടത്തിയ മുപ്പതാൾക്കാരെ തൂക്കിക്കൊല്ലുകയും വൃഷണങ്ങൾ ഛേദിക്കുകയും അതിനു ശേഷം ശിരഛേദം നടത്തുകയും ചെയ്തു. ശിരസുകൾ കോലിൽ കുത്തിയശേഷം കോലിന്റെ മറ്റേ അറ്റം ശരീരത്തിന്റെ ഗുദത്തിൽ കുത്തുകയും; നഗ്നമാക്കിയ ശരീരങ്ങൾ കടൽക്കരയിൽ തലകീഴായി തൂക്കിയിടുകയും ചെയ്തിരുന്നു. ചേദിച്ച ജനനേന്ദ്രിയങ്ങൾ ഛേദിച്ച ശിരസ്സിന്റെ വായിൽ തിരുകിവയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് പീഡനം നിയമവിധേയമായിരുന്നെങ്കിലും ഈ ശിക്ഷാരീതി വലിയ പ്രതിഷേധമുണ്ടാക്കി. ഹെൻട്രി ആറാമൻ രാജാവ് ഭരിച്ച സമയത്ത് (1470–1471) ടിപ്ടോഫ്റ്റിനെ പിടികൂടി ശിരഛേദം ചെയ്തു കൊന്നു.

റോമാ സാമ്രാജ്യം

[തിരുത്തുക]

പുരാതന റോമിൽ "കുരിശിൽ തറയ്ക്കൽ" എന്ന പ്രയോഗം "ശൂലത്തിലേറ്റൽ" എന്ന അർത്ഥത്തിലും ഉപയോഗിച്ചിരുന്നു.[12][13] കുരിശ് എന്ന വാക്കിനും കോൽ എന്ന വാക്കിനും ലത്തീനിലുള്ള സാമ്യം കാരണം കുരിശിലേറ്റലായിരുന്നോ ശൂലത്തിലേറ്റലായിരുന്നോ ശിക്ഷാരീതി എന്നത് പലപ്പോഴും വ്യക്തമാവില്ല.[14]

റൊമാനിയ

[തിരുത്തുക]
വ്ലാഡ് മൂന്നാമൻ (ഡ്രാക്കുല) കൂട്ടത്തോടെയുള്ള ശൂലത്തിൽ തറയ്ക്കൽ വീക്ഷിക്കുന്നതിന്റെ ദാരുശില്പം.

പതിനഞ്ചാം നൂറ്റാണ്ടിൽ വ്ലാഡ് മൂന്നാമൻ (ദി ഇംപേലർ) എന്ന വല്ലാച്ചിയയിലെ രാജകുമാരൻ ശൂലത്തിലേറ്റൽ ഉപയോഗിച്ച് ആൾക്കാരെ വധിച്ചിരുന്ന കാരണത്താൽ കുപ്രസിദ്ധനായിരുന്നു.[15][16] അനാധനാവുകയും, വഞ്ചിക്കപ്പെടുകയും ചെയ്ത് രാജ്യത്തിൽ നിന്ന് ഓടിപ്പോകേണ്ടിവന്ന വ്ലാഡ് 1456-ൽ വല്ലാച്ചിയ തിരികെപ്പിടിച്ചു. തന്റെ ശത്രുക്കളെ (പ്രത്യേകിച്ച് തന്റെ കുടുംബത്തെ വഞ്ചിച്ചവരെയും വല്ലാച്ചിയയുടെ ദുരിതത്തിൽ നിന്ന് ലാഭമുണ്ടാക്കിയവരെയും) വ്ലാഡ് വളരെ കർശനമായി നേരിട്ടു. പല പീഡനമുറകളും വ്ലാഡ് ഉപയോഗിച്ചിരുന്നുവെങ്കിലും ശൂലത്തിലേറ്റലാണ് അദ്ദേഹവുമായി കൂടുതൽ ബന്ധപ്പെടുത്തപ്പെട്ടിട്ടുള്ളത്. സാക്സൺ കുടിയേറ്റക്കാരും, ഒരു ശത്രുവംശക്കാരും,[17] രാജ്യത്തെ കുറ്റവാളികളും പോകെപ്പോകെ ഈ ശിക്ഷാരീതിക്ക് ഇരകളാകാൻ തുടങ്ങി. രാജ്യത്ത് അധിനിവേശം നടത്താൻ ശ്രമിച്ചിരുന്ന ഓട്ടോമാൻ തുർക്കികളുമായുള്ള യുദ്ധത്തിൽ പിടിക്കപ്പെടുന്നവരോട് ഒരു കരുണയും വ്ലാഡ് കാണിച്ചിരുന്നില്ല. വല്ലാച്ചിയയുടെ തലസ്ഥാനത്തേയ്ക്കുള്ള പാത ശൂലത്തിലേറ്റപ്പെട്ട 20,000 ആൾക്കാരുടെ ചീഞ്ഞുകൊണ്ടിരിക്കുന്ന ശവങ്ങൾ നിറഞ്ഞ ഒരു കാടായി മാറിയത്രേ. ആക്രമണത്തിനു വന്ന തുർക്കി സൈന്യം ഡാന്യൂബ് നദീതീരത്ത് ആയിരക്കണക്കിന് ശൂലത്തിലേറ്റപ്പെട്ട ആൾക്കാരുടെ ശവശരീരങ്ങൾ കണ്ട് തിരിച്ചു പോകാൻ തീരുമാനിച്ചുവത്രേ.[17] ഇക്കാലത്തെ മരത്തിൽ തീർത്ത അച്ചുകളിൽ ആൾക്കാരെ മുന്നിൽനിന്നോ പിന്നിൽ നിന്നോ ശൂലത്തിലേറ്റിയതായാണ് കാണുന്നത്. ഒരിക്കലും കുത്തനെ ശൂലത്തിലേറ്റിയതായി കാണാനാവുന്നില്ല.

ഓട്ടോമാൻ സാമ്രാജ്യം

[തിരുത്തുക]

ഓട്ടോമാൻ സാമ്രാജ്യം 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ അവസാനമായി ആക്രമിച്ചു കീഴടക്കിയ അവസരത്തിൽ ശൂലത്തിലേറ്റൽ ഉപയോഗിച്ചിരുന്നു.[15] ഒരു പക്ഷേ ഇതിനു മുൻപേ ഈ രീതി ഉപയോഗിക്കപ്പെട്ടിരുന്നിരിക്കാം. ഓട്ടോമാൻ അധികൃതരും സൈനികരും ഈ പ്രദേശത്ത് പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ശൂലത്തിലേറ്റൽ പതിവായി ഉപയോഗച്ചിരുന്നുവത്രേ. ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്താനും ഗ്രീസിലും മറ്റും ഉണ്ടായ കലാപങ്ങളെ അടിച്ചമർത്താനുമാണ് ഈ ശിക്ഷാരീതി ഉപയോഗിച്ചിരുന്നത്.

ഗ്രീസ് ഓട്ടോമാൻ സാമ്രാജ്യത്തിനു കീഴിലായിരുന്നപ്പോൾ മനശാസ്ത്രപരമായ യുദ്ധമുറയായി ശൂലത്തിലേറ്റൽ ഉപയോഗിക്കപ്പെട്ടിരുന്നു. കർഷകത്തൊഴിലാളികളായ നാട്ടുകാരെ ഭീതിയിലാഴ്ത്താനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേയ്ക്കും വിമോചനപ്പോരാളികളായി മാറിയ കൊള്ളക്കാർ (ക്ലെഫ്റ്റുകൾ) ഓട്ടോമാൻ സർക്കാരിന് ഒരു തലവേദനയായി മാറിയിരുന്നു. പിടികൂടപ്പെടുന്ന ക്ലെഫ്റ്റുകളെയും അവരെ സഹായിച്ച കുടിയാന്മാരെയും ശൂലത്തിലേറ്റി ശിക്ഷിക്കുക പതിവായിരുന്നു. പരസ്യമായി ശൂലത്തിലേറ്റി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക സാധാരണമായിരുന്നു. ഇതുകാരണം നാട്ടുകാർ ക്ലെഫ്റ്റുകളെ സഹായിക്കില്ലെന്നു മാത്രമല്ല, അധികാരികൾക്ക് കാട്ടിക്കൊടുക്കുകയും പതിവായിരുന്നു. ശിക്ഷ കൊണ്ട് പ്രതീക്ഷിച്ച ഫലം കിട്ടിയിരുന്നെന്നർത്ഥം. 1805-ലും 1806-ലും ഈ പോരാളികളെ പിടിക്കാൻ നടത്തിയ ശ്രമങ്ങളിൽ നാട്ടുകാരെയും പങ്കെടുപ്പിക്കാൻ ഓട്ടോമാൻ സാമ്രാജ്യത്തിന് സാധിച്ചിരുന്നു.[1]

ഓട്ടോമാൻ സാമ്രാജ്യത്തിനെതിരായ സെർബിയൻ വിപ്ലവത്തിനെ (1804–1835) അടിച്ചമർത്താൻ ഉദ്ദേശം 200 സെർബിയക്കാരെ ബെൽഗ്രേഡിൽ വച്ച് 1814-ൽ ശൂലത്തിലേറ്റിയിരുന്നു.[18]

ശൂലത്തിലേറ്റലിന്റെ പീഡനം വർദ്ധിപ്പിക്കാൻ കോൽ തീയ്ക്കുമുകളിൽ വച്ച് പ്രതിയെ ചുടുകയും ചിലപ്പോൾ ചെയ്യുമായിരുന്നുവത്രേ.[19] ഇയോണ്ണിയ ഭരിച്ചിരുന്ന അലി പാഷ എന്ന അൽബേനിയക്കാരനായ ഒരു കുലീനൻ വിമതരെയും, കുറ്റവാളികളെയും, മാത്രമല്ല തന്നെയോ തന്റെ കുടുംബത്തെയോ പണ്ടുകാലത്ത് എതിർത്തിരുന്നവരുടെ പിൻതലമുറക്കാരെപ്പോലും ശൂലത്തിലേറ്റുകയോ ചുട്ടുകൊല്ലുകയോ ചെയ്യുമായിരുന്നുവത്രേ.[19] ഗ്രീക്ക് സ്വാതന്ത്ര്യസമരകാലത്ത് (1821–1832) പിടികൂടിയ അതാനാസിയോസ് ഡയകോസ് എന്ന ക്ലെഫ്റ്റിനെ ഇസ്ലാം മതത്തിലും ഓട്ടോമാൻ സൈന്യത്തിലും ചേരാൻ വിസമ്മതിച്ചതിനെത്തുടർന്ന് ശൂലത്തിലേറ്റുകയും ചുടുകയും ചെയ്തു. ഇയാൾ മൂന്നു ദിവസം കഴിഞ്ഞാണത്രേ മരിച്ചത്.[1] ഡയകോസിനെ പിന്നീട് ഒരു ദേശീയ പോരാളിയായി അംഗീകരിച്ചു.[20]

മറ്റു രാജ്യങ്ങൾ

[തിരുത്തുക]

കുറഞ്ഞ തോതിലാണെങ്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ശൂലത്തിലേറ്റൽ നിലവിലുണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ പോളിഷ്-ലിത്വാനിയൻ കോമൺവെൽത്തിൽ രാജ്യദ്രോഹത്തിനുള്ള ശിക്ഷ ശൂലത്തിലേറ്റലായിരുന്നു.[21]

1655 മുതൽ 1660 വരെ നടന്ന യുദ്ധത്തിലും (Second Northern War); 1675 മുതൽ 1679 വരെ നടന്ന സ്കാനിയൻ യുദ്ധത്തിലും സ്വീഡന്റെ സൈന്യം ഡെന്മാർക്കനുകൂല വിമതർക്കെതിരേ ശൂലത്തിലേറ്റൽ ഉപയോഗിച്ചിരുന്നുവത്രേ. ജീവനുള്ളപ്പോഴാണോ മരണശേഷമാണോ ശൂലത്തിലേറ്റിയിരുന്നതെന്ന് പക്ഷേ വ്യക്തമല്ല.[22]

സംസ്കാരത്തിലെ സ്വാധീനം

[തിരുത്തുക]

യൂറോപ്യൻ നാട്ടുകഥകളിൽ വാമ്പയറുകളെ (രക്തം കുടിക്കുന്ന മരണമില്ലാത്തവർ) കൊല്ലാനോ; മൃതദേഹം വാമ്പയറായി മാറാതിരിക്കാനോ ഹൃദയത്തിലൂടെ മരക്കമ്പ് തുളച്ചുകയറ്റുകയാണ് വേണ്ടത് എന്ന വിശ്വാസം കാണാവുന്നതാണ്.[23] ഒരു കഥയിൽ ജൂറെ ഗ്രാൻഡോ എന്ന ഒരു കർഷകത്തൊഴിലാളി മരിക്കുകയും 1656-ൽ മറവു ചെയ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും വാമ്പയറായി അയാൾ തിരികെവന്നുവത്രേ. ഒരു ഗ്രാമീണൻ അയാളുടെ ഹൃദയത്തിലൂടെ മരക്കമ്പ് തുളച്ചുകയറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1672-ൽ അയാളുടെ മൃതശരീരം ശിരഛേദം ചെയ്യപ്പെട്ടുവത്രേ.[24] ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെയും സിനിമയിൽ വാമ്പയറുകളും ശൂലത്തിലേറ്റലും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തുന്നുണ്ട്. 1987-ലെ ദി ലോസ്റ്റ് ബോയ്സ്; 1996-ലെ ഫ്രം ഡസ്ക് ടിൽ ഡോൺ എന്നിവ ഉദാഹരണം.

1980-ലെ ഇറ്റാലിയൻ ചലച്ചിത്രം കാനിബാൾ ഹോളോകോസ്റ്റ് ശൂലത്തിലേറ്റൽ വിശദമായി ചിത്രീകരിക്കുന്നുണ്ട്.[25] ആമസോൺ വനത്തിൽ കാണാതായ ഒരു ഡോക്യുമെന്ററി നിർമ്മാണസംഘത്തിനെ രക്ഷിക്കാൻ പോയ ഒരു സംഘത്തെയാണ് സിനിമ പിന്തുടരുന്നത്.[26] സിനിമ ഗോത്രവർഗക്കാരെ ചിത്രീകരിക്കുന്നതും, മൃഗങ്ങൾ മരിക്കുന്നതും, അക്രമം നിറഞ്ഞ രംഗങ്ങളും (ശൂലത്തിലേറ്റലുൾപ്പെടെ) വിവാദങ്ങൾക്കിടയാക്കി. നിയമപരമായ അന്വേഷണങ്ങളും, ബോയ്ക്കോട്ടുകളും, വിവിധരാജ്യങ്ങളിൽ നിരോധനവും മറ്റുമുണ്ടായി. നിരോധിക്കപ്പെടാത്ത രാജ്യങ്ങളിൽ വലിയ തോതിൽ സെൻസറിംഗുമുണ്ടായി.[25][27] ശൂലത്തിലേറ്റൽ രംഗം വളരെ യഥാതഥമായതിനാൽ ഒരു സന്ദർഭത്തിൽ സംവിധായകൻ ഡിയോഡാറ്റോ കൊലപാതകം നടത്തിയെന്ന ആരോപണവുമുണ്ടായി. ശുലത്തിലേറ്റപ്പെട്ടതായി അഭിനയിച്ച നടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് ഡിയോഡാറ്റോയ്ക്ക് തെളിയിക്കേണ്ടതായി വന്നുവത്രേ. രംഗം ചിത്രീകരിച്ചതെങ്ങിനെ എന്ന് അദ്ദേഹത്തിനു വിശദീകരിക്കേണ്ടിയും വന്നു. നടി ഒരു കോലിനു മുകളിൽ ഉറപ്പിച്ച സൈക്കിൾ സീറ്റിലിരുന്നുകൊണ്ട് ഒരു കൂർത്ത മരക്കഷണം വായിൽ പിടിച്ചായിരുന്നു രംഗം ചിത്രീകരിച്ചത്.[26]

ശുലത്തിലേറ്റൽ ഒരു മാന്ത്രികവിദ്യയായും കാണിക്കാറുണ്ട്.

മൃഗങ്ങൾ

[തിരുത്തുക]
ഒരു ഓന്തിനെ സതേൺ ഗ്രേ ഷ്രൈക് എന്ന പക്ഷി (ലാനിയസ് മെരിഡിയോനാലിസ്) മരക്കൊമ്പിൽ തുളച്ചു വച്ചിരിക്കുന്നു കാനറി ദ്വീപുകൾ.

മറ്റു മൃഗങ്ങളുടെ ശരീരം തുളയ്ക്കാനുള്ള ആവശ്യമോ മാർഗങ്ങളോ മിക്ക മൃഗങ്ങൾക്കും ലഭ്യമല്ല. കാളകളും ആനകളും കൊമ്പു കൊണ്ട് എതിരാളികളെ കുത്താറുണ്ടെങ്കിലും കടന്നു കയറ്റത്തിനെതിരായ ഒരു പ്രതിരോധമാർഗ്ഗം എന്ന നിലയ്ക്കാണ് കൂടുതലും ഇത് ഉപയോഗിക്കുന്നത്. ഷ്രൈക്ക് പക്ഷി വേട്ടയാടലിനായി ശൂലത്തിലേറ്റൽ ഉപയോഗിക്കുന്നകാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ഒരു ജീവിയാണ്. ഇരയെ കൊല്ലാനായി ഷ്രൈക്ക് മൂർച്ചയുള്ള മരക്കൊമ്പോ മറ്റോ ഉപയോഗിച്ച തുളയ്ക്കുകയാണ് ചെയ്യുക. ഇര രക്ഷപെടാനാവാത്ത സ്ഥിതിയിലെത്തുമ്പോൾ പക്ഷിക്ക് സമാധാനത്തോടെ ആഹാരം കഴിക്കാനാവും.

ശൂലത്തിലേറ്റപ്പെട്ട കടന്നൽ.

മനുഷ്യർ വേട്ടയാടിപ്പിടിച്ച മൃഗങ്ങളെ മനപൂർവം ദീർഘനേരം ശൂലത്തിലേറ്റുന്നതായി ലോകത്തിലൊരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തുളച്ചു കയറുന്ന തരം ആയുധങ്ങളുമായി (കുന്തം, അമ്പ്, മൃഗങ്ങളുടെ കൊമ്പ് എന്നിവ പോലുള്ളത്) മനുഷ്യർ വേട്ടയാടാറുണ്ടെങ്കിലും ഇത് ഒരു പീഡനമുറയായി ഉപയോഗിക്കാറില്ല. പിടികൂടുന്ന മൃഗത്തെ എത്രയും പെട്ടെന്ന് കൊല്ലുകയാണ് പതിവ്.[28][29] ദക്ഷിണേഷ്യയിൽ കടുവകളെ മൂർച്ചയുള്ള കോലുകൾ നാട്ടിയ കിടങ്ങുകൾ ഉപയോഗിച്ച് കൊല്ലാറുണ്ടായിരുന്നു. ഇത് മൃഗത്തോലിന് കേടുവരുത്തുമെന്നതിനാൽ മനുഷ്യഭോജികളായ കടുവകളെ കൊല്ലാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവത്രേ.

ആർത്രോപോഡുകളെക്കുറിച്ചുള്ള പഠനത്തിലും (ആർത്രോപോഡോളജി), എന്റമോളജിയിലും പിടികൂടുന്ന പ്രാണികളെ പ്രദർശിപ്പിക്കാൻ ശരീരം തുളച്ച് കുത്തിനിർത്തുകയാണ് ചെയ്യുക.[30][31] ഇത്തരം "ശൂലത്തിലേറ്റപ്പെട്ട" പ്രാണികളൂടെ ശേഖരങ്ങൾ ലോകമാകമാനമുണ്ട്.[32]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Aiolos (2004), "Turkish Culture: The Art of Impalement", Hellenic Lines: The National conservative newspaper, archived from the original on 2011-05-25, retrieved 9 February 2011
  2. (Adam Clarke, 1831, p. II 267)
  3. (The definition of יקע (YaQ`a) in Strong’s: “a prim. [primitive] root; prop. [properly] to sever oneself, i.e. (by impl. [implication]) to be dislocated; fig. to abandon; causat. [causatively] to impale (and thus allow to drop to pieces by rotting):- be alienated, depart, hang (up), be out of joint. The seven sons of Saul, mentioned here, are represented as a sacrifice required by God, to make an atonement for the sin of Saul. Till I get farther light on the subject, I am led to conclude that the whole chapter is not now what it would be coming from the pen of an inspired writer; and that this part of the Jewish records has suffered much from rabbinical glosses, alterations, and additions.” Clarke, 1831, p. II 267)
  4. Cmdt S.Bourquin. "The Zulu Military Organization and the Challenge of 1879". Military History Journal, Vol. 4, Num. 4. Archived from the original on 2008-01-25. Retrieved 2010-06-04. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. Jerónimo de Vivar. "Crónicas de Los Reinos de Chile, Ficha Capítulo CXXXVI". artehistoria. Archived from the original on 2008-05-24. Retrieved 2010-06-04.
  6. Kobayashi, Sadayoshi; Makino, Noboru (1994). 西郷氏興亡全史 [Complete History of the Rise and Fall of the Saigo Clan] (in ജാപ്പനീസ്). Tokyo: Rekishi Chosakenkyu-jo. p. 612.
  7. Chapter-8 MEDIEVAL KERALA History Textbook, Kerala State
  8. 8.0 8.1 Baker, Mark (2001). Nam:The Vietnam War in the Words of the Men and Women Who Fought There. Cooper Square Press. ISBN 0-8154-1122-7.
  9. 9.0 9.1 9.2 De Silva, Peer (1978). Sub Rosa: The CIA and the Uses of Intelligence. New York: Time Books. ISBN 0-8129-0745-0.
  10. Hubbel, John G. (November 1968). "The Blood-Red Hands of Ho Chi Minh". Readers Digest: 61–67.
  11. Sheehan, Neil (2009). Bright Shining Lie: John Paul Vann and America in Vietnam. New York: Modern Library.
  12. A. Walde, Lateinisches Etymologisches Wörterbuch, 3. Aufl, Heidelberg 1938, S. 297
  13. K. E. Georges, Kleines lateinisch-deutsches Handwörterbuch, 4. Aufl., Leipzig 1880, Sp. 621
  14. Brandenburger, Egon (1975). The New International Dictionary of New Testament Theology. Vol. 1. Grand Rapids, MI: Zondervan Publishing Co. p. 391.
  15. 15.0 15.1 Reid, James R. (2000). Crisis of the Ottoman Empire: prelude to collapse 1839-1878. Stuttgart: Steiner. p. 440. ISBN 3-515-07687-5.
  16. Florescu, Radu R. (1999), Essays on Romanian History, The Center for Romanian Studies, ISBN 973-9432-03-4
  17. 17.0 17.1 Axinte, Adrian, Dracula: Between myth and reality, Stanford University
  18. Sowards, Steven W. (2009). "The Serbian Revolution and the Serbian State". Twenty-Five Lectures on Modern Balkan History (The Balkans in the Age of Nationalism). Michigan State University Libraries. Retrieved 9 February 2011.
  19. 19.0 19.1 Dumas, Alexandre. "3". Celebrated Crimes: Ali Pacha. Vol. 8. Retrieved February 2011. {{cite book}}: Check date values in: |accessdate= (help)
  20. Paroulakis, Peter Harold (1984). The Greeks: Their Struggle for Independence. Hellenic International Press. ISBN 0-9590894-0-3.. {{cite book}}: Check |isbn= value: invalid character (help)
  21. Tazbir, Janusz (1993), Sława i niesława Kostki-Napierskiego (in Polish){{citation}}: CS1 maint: unrecognized language (link)
  22. Åberg, Alf (1951), Snapphanarna (in Danish), Stockholm: LTs Förlag{{citation}}: CS1 maint: unrecognized language (link)
  23. Barber, Paul (2010). Vampires, Burial, and Death: Folklore and Reality. Yale University Press. ISBN 0-300-16481-5.
  24. Caron, Richard (2001). "Dracula's Family Tree". Ésotérisme, gnoses & imaginaire symbolique: mélanges offerts à Antoine Faivre. Belgium: Peteers, Bondgenotenlaan 153. p. 598. ISBN 90-429-0955-2.
  25. 25.0 25.1 Deodato, Ruggero (2000-11-12). Cult-Con 2000. Interview with Sage Stallone. Bob Murawski. Cannibal Holocaust DVD Commentary. Tarrytown, New York. 
  26. 26.0 26.1 D'Offizi, Sergio (interviewee). In the Jungle: The Making of Cannibal Holocaust [Documentary]. Italy: Alan Young Pictures.
  27. "Films C". Refused-Classification.com. Retrieved 2007-01-15.
  28. Nuttall, Zelia (1891). The atlatl or spear-thrower of the ancient Mexicans. Cambridge, Massachusetts: Peabody Museum of American Archaeology and Ethnology. OCLC 3536622.
  29. Blackmore, Howard (2003). Hunting Weapons from the Middle Ages to the Twentieth Century. Dover. pp. 83–4. ISBN 0-486-40961-9. Retrieved 9 February 2011.
  30. Uys, V.M.; Urban, R.P. (2006). How to Collect and Preserve Insects and Arachnids (2 ed.). Pretoria, South Africa: Agricultural Research Council. p. 112. ISBN 1-86849-311-3. {{cite book}}: |work= ignored (help)
  31. Solis, M. Alma (2005). "Collecting and Preserving Insects and Mites: Tools and Techniques". United States Department of Agriculture: Agricultural Research Service. p. 8. Archived from the original on 2012-09-22. Retrieved 9 February 2011. {{cite web}}: |chapter= ignored (help)
  32. VanDyk, John K. (2005). "Collections, by Taxonomic Group". Iowa State Entomology Index of Internet Resources. Retrieved 9 February 2011. {{cite web}}: Unknown parameter |[publisher= ignored (help)