മുഴപ്പിലങ്ങാട്
മുഴപ്പിലങ്ങാട് | |||
രാജ്യം | ഇന്ത്യ | ||
മേഖല | മലബാർ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
ഉപജില്ല | കണ്ണൂർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് | ||
ഏറ്റവും അടുത്ത നഗരം | തലശ്ശേരി | ||
ലോകസഭാ മണ്ഡലം | കണ്ണൂർ | ||
നിയമസഭാ മണ്ഡലം | ധർമ്മടം | ||
ജനസംഖ്യ • ജനസാന്ദ്രത |
23,709 (2011—ലെ കണക്കുപ്രകാരം[update]) • 3,387/കിമീ2 (3,387/കിമീ2) | ||
സ്ത്രീപുരുഷ അനുപാതം | 1000/1162 ♂/♀ | ||
സാക്ഷരത • പുരുഷൻ • സ്ത്രീ |
96.8 4% • 98% • 95% | ||
ഭാഷ(കൾ) | മലയാളം | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം | 7 km² (3 sq mi)meter | ||
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
fine (Köppen) • 29 °C (84 °F) • 38 °C (100 °F) • 19 °C (66 °F) | ||
ദൂരം
| |||
Portal: Kerala | |||
വെബ്‌സൈറ്റ് | Official Kannur District Website |
11°48′0″N 75°27′0″E / 11.80000°N 75.45000°E
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട് (Muzhappilangad). കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടി പുഴയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപദ്വീപാണ്. കിഴക്ക് അഞ്ചരക്കണ്ടി പുഴയും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കടമ്പൂർ, പെരളശ്ശേരി,എന്നീ പഞ്ചായത്തുകളും കണ്ണൂർ കോർപ്പറേഷനും തെക്ക് അഞ്ചരക്കണ്ടി പുഴ കടലുമായിച്ചേരുന്ന അഴിമുഖവും ഈ പഞ്ചായത്തിന്റെ അതിരുകളാണ്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.[1] മുഴപ്പിലങ്ങാടുനിന്നും അഞ്ചരക്കണ്ടി പുഴക്ക് എതിരായി ധർമ്മടം ദ്വീപ് കാണാം. .
ഭൂപ്രകൃതി
[തിരുത്തുക]അറബിക്കടലിനാലും അഞ്ചരക്കണ്ടി പുഴയാലും മൂന്ന് വശവും ചുറ്റപ്പെട്ട ഒരു ഉപദ്വീപാണ് മുഴപ്പിലങ്ങാട്. പടിഞ്ഞാറ് വശത്തുള്ള കടൽത്തീരത്തിന് ഏകദേശം നാല് കിലോമീറ്റർ ദൈർഘ്യമുണ്ട്. കിഴക്ക് വശത്ത് അഞ്ചരക്കണ്ടി പുഴയാണ്. വടക്ക് കിഴക്കായി ചെങ്കൽ കുന്നുകളും തെക്ക് വശത്ത് അഴിമുഖവുമാണ്. അഴിമുഖത്തോട് ചേർന്ന് നിൽക്കുന്നതിനാൽ ധാരാളം ചതുപ്പ് നിലങ്ങളും കണ്ടൽകാടുകൾ നിറഞ്ഞ തുരുത്തുകളുമുണ്ട്. ഭൂരിഭാഗവും മണൽ (പൂഴി) നിറഞ്ഞ താഴ്ന്ന പ്രദേശമാണ്. ചെങ്കൽ കുന്നുകൾ ജൈവവൈവിധ്യക്കലവറകളാണ്. തെക്കെക്കുന്നുമ്പ്രം, കച്ചേരിമെട്ട, ഭൂതത്താൻ കുന്ന്, മമ്മാക്കുന്ന് എന്നിവയാണ് പ്രധാന ചെങ്കൽ കുന്നുകൾ. താഴ്ന്ന പ്രദേശത്ത് നിരവധി വയലുകളും തോടുകളും ഉണ്ട്. ഇളവന വയൽ, പള്ളിപ്രം വയൽ, വലിയ വയൽ, മലക്ക് താഴെ എന്നിവ വയലുകളിൽ ചിലതാണ്.
മുഴപ്പിലങ്ങാട് ബീച്ച്
[തിരുത്തുക]മുഴപ്പിലങ്ങടിലെ പ്രധാന ആകർഷണമാണ് മുഴപ്പിലങ്ങാട് ബീച്ച്. ഏകദേശം നാല് കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ ഡ്രൈവ്-ഇൻ- ബീച്ചാണ്. ഈ പ്രദേശത്തിൻറെ കാലാവസ്ഥയെയും ജനജീവിതത്തെയും ബീച്ച് ഗണ്യമായ തോതിൽ സ്വാധീനിക്കുന്നുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും, തീരത്തിലൂടെ വാഹനമോടിക്കാനും, കാറ്റുകൊള്ളാനുമായി അനേകം ആളുകൾ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരുന്നുണ്ട്.
കുഞ്ഞിപ്പുഴ
[തിരുത്തുക]മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽനിന്നാരംഭിച്ച് അഞ്ചരക്കണ്ടിപ്പുഴയിൽ പതിക്കുന്ന, ഏകദേശം അഞ്ഞൂറ് മീറ്റർ നീളത്തിലുള്ള ഒരു തോടാണ് കുഞ്ഞിപ്പുഴ. ആരംഭത്തിൽ ഒരുമീറ്റർ വരെ മാത്രം വീതിയുള്ള കുഞ്ഞിപ്പുഴ അഞ്ചരക്കണ്ടിപ്പുഴയിൽ പതിക്കുന്ന ഭാഗത്ത് അമ്പതുമീറ്റർ വരെ വീതി കൈവരിക്കുന്നു. ഈ ഭാഗം കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പ് പ്രദേശമാണ്. ആറുഹെക്റ്റർ വിസ്തൃതിയുള്ള കുഞ്ഞിപ്പുഴയുടെ കണ്ടൽക്കാടുകൾ നിറഞ്ഞ 3.8 ഹെക്റ്റർ ഭാഗം 2015 ൽ റിസർവ്വ് കണ്ടൽ വനമായി പ്രഖ്യാപിച്ചുകൊണ്ട് കേരള വനം വകുപ്പ് വിജ്ഞാപനമിറക്കി.[2][3]. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഏക സംരക്ഷിത പ്രദേശമാണ് കുഞ്ഞിപ്പുഴ റിസർവ്വ് കണ്ടൽ വനം.
കാലാവസ്ഥ
[തിരുത്തുക]തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് നന്നായി മഴലഭിക്കുന്ന പ്രദേശമാണ്. മഴക്കാലത്ത് തീപ്രദേശങ്ങളിൽ കടലാക്രമണവും ശക്തമായ കടൽകാറ്റും ഉണ്ടാകാറുണ്ട്. മണൽ നിറഞ്ഞ പ്രദേശമായതിനാൽ വേനലിൽ ചൂട് കൂടതലാണ്. ശൈത്യകാലത്ത് തണുപ്പ് താരതമ്യേന കുറവാണ്. നെല്ല്, വെള്ളരി, തണ്ണിമത്തൻ(വത്ത), കരിമ്പ് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്.
ചരിത്രം
[തിരുത്തുക]സമ്പന്നമായ ഒരു ചരിത്ര പശ്ചാത്തലവും മുഴപ്പിലങ്ങാടിന് അവകാശപ്പെടാനുണ്ട്. 1956-ൽ കേരളപ്പിറവിക്ക് മുമ്പ് ഇത് മുഴപ്പിലങ്ങാട്, മമ്മാക്കുന്ന്, എടക്കാട് എന്നീ മൂന്ന് ദേശങ്ങൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് അംശം ആയിരുന്നു. പഴയ ചിറക്കൽ താലൂക്കിൽ ഉൾപ്പെടുന്നതാണ് ഇന്നത്തെ മുഴപ്പിലങ്ങാട് ഗ്രാമം. ഫ്യൂഡൽ ജന്മിത്ത വ്യവസ്ഥിതി നിലനിന്ന കാലത്ത് ഇവിടുത്തെ ഭൂസ്വത്ത് ചിറക്കൽ-അറക്കൽ രാജവംശങ്ങളുടെയും ഊർപ്പഴശ്ശി ദേവസ്വത്തിന്റെയും വകയായിരുന്നു. അറക്കൽ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമിയുടെ ജന്മം ചില കേയിമാരുടെ കൈവശമായിരുന്നു. കൃഷിഭൂമിയിൽ പണിയെടുത്തിരുന്ന കുടിയാന്മാർ വാരവും പാട്ടവും വെച്ചുകാണലും ഒക്കെ നൽകിയിരുന്നു.
1956-ൽ കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു വരെ ധർമ്മടം തുരുത്തിൻറെ സമീപപ്രദേശമായ കൂടക്കടവു മുതൽ മമ്മാക്കുന്നു വരെയുള്ള പ്രദേശം ജന്മിത്തറവാടായ കോയാളി തറവാടിൻറെ കൈവശം ആയിരുന്നു. 1965 കാലഘട്ടം വരെ കുടിയന്മാർക്ക് നടത്തിപ്പിനു കൊടുത്ത സ്ഥലത്തിന്റെ വാരവും പട്ടവും അളന്നു കൊടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു .ഇതിനുള്ള തെളിവാണ് പ്രശസ്ത ക്ഷേത്രമായ മുഴപ്പിലങ്ങാട് ശ്രീ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും. മുഴപ്പിലങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തിൻറെ ശ്രീമൂല സ്ഥാനം കൊയാളിത്തറവാടിനകത്താണ് നിലകൊള്ളുന്നത്. പ്രസിദ്ധ ക്ഷേത്രങ്ങളായ അണ്ടലൂർ കാവ്, ശ്രീ കൂർമ്പക്കാവ് ബന്ധപ്പെട്ട മറ്റു കോവിലുകളിലും മണ്ഡപങ്ങളിലും ഇന്നും കോയാളിത്തറവാട്ടുകാർ പ്രഥമസ്ഥാനീയരാണ് .
പുരാതനങ്ങളായ നിരവധി കാവുകളും, ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മുഴപ്പിലങ്ങാടുണ്ട്. ശ്രീ കൂർമ്പക്കാവ്, ഭഗവതി ക്ഷേത്രം, ഗണപതി മണ്ഡപങ്ങൾ, മുത്തപ്പൻ മടപ്പുര എന്നിവ ഇവിടെയുള്ള ഹൈന്ദവാരാധനാലയങ്ങളാണ്. ഇതുകൂടാതെ തെക്കെ കുന്നുമ്പുറത്ത് ഒരു പുരാതന ശിവക്ഷേത്രവും അതിന്റെ പടിഞ്ഞാറായി കുന്നിന് താഴെ ഒരു അയ്യപ്പൻകോട്ടവും ഉണ്ട്. ശ്രീ കൂർമ്പക്കാവിലെ താലപ്പൊലി മഹോത്സവം എറെ പ്രസിദ്ധമാണ്. അയൽപ്രദേശങ്ങളിൽ നിന്നുൾപ്പെടെ ധാരാളം പേര് ഈ ഉത്സവത്തില് പങ്കെടുക്കാറുണ്ട്. മുസ്ലിം പള്ളികളിൽ ഏറ്റവും പഴക്കമുള്ളത് പാച്ചാക്കരയിലുള്ള ജുമാ അത്ത് പള്ളിയാണ്. ഇതിന് മാലിക് ഇബിന് ദിനാറിന്റെ കാലത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു.
സ്ഥലനാമ ചരിത്രം
[തിരുത്തുക]ഇവിടുത്തെ സ്ഥലനാമചരിത്രവും പ്രത്യേകതകളുള്ളതാണ്. മുഴുപാലൈനാട് എന്നതിന്റെ ചുരുക്ക രൂപമാണ് മുഴപ്പിലങ്ങാട് എന്ന് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. സംഘകാലഘട്ടത്തിൽ ഇന്നത്തെ കേരളത്തെ ഭൂമി ശാസ്ത്രപരമായി അഞ്ചായി തരംതിരിച്ചിരിന്നു. അതിൽ ഒന്നാണ് പാലൈ. പാലൈ എന്നാല് മണൽ അഥവാ പൂഴി നിറഞ്ഞ തീരപ്രദേശം. മുഴുവന് പൂഴിനിറഞ്ഞ പ്രദേശമായതിനാലാണ് മുഴുപാലൈനാട് എന്ന പേരു വരാൻകാരണം. അത് പിന്നീട് മുഴപ്പിലങ്ങാട് എന്ന് മാറി. ഈ സ്ഥലനാമം പ്രാചീന തമിഴ് സംസ്കാരവുമായുള്ള മുഴപ്പിലങ്ങാടിന്റെ ബന്ധം സൂചിപ്പിക്കുന്നു. തൊട്ടയൽദേശമായ പാലയാടും (പാലൈനാട്) ഇതേ രീതിയില് പേരുവന്നതാണെന്ന് അനുമാനിക്കുന്നു. ഇവിടുത്തെ പ്രധാന കവലയാണ് കുളംബസാർ എന്ന ധർമ്മക്കുളം. ഗതാഗത സൗകര്യങ്ങള് കുറവായിരുന്ന ഇവിടെ പഴയ കാലത്ത് കാൽനട യാത്രക്കാർക്ക് വിശ്രമിക്കാനും ദാഹമകറ്റാനും വേണ്ടി ഊർപ്പഴച്ചി ദേവസ്വം ഒരു കുളവും ഒരു കിണറും ഇളനീർ നൽകാനായി ഒരു തെങ്ങിന്തോപ്പും മുഴപ്പിലങ്ങാടിന്റെ മധ്യ ഭാഗത്തായി വകയിരുത്തിയിരുന്നു. ഈ കുളമാണ് പ്രസ്തുത സ്ഥലത്തിന് ധർമ്മക്കുളമെന്ന പേര് വരാനിടയാക്കിയത്. ധർമ്മസ്ഥല, ധർമ്മശാല , ധർമ്മടം തുടങ്ങിയ സ്ഥലനാമങ്ങൾ പോലെ ധർമ്മക്കുളമെന്ന പേരും ഈ പ്രദേശത്തിൻറെ ബുദ്ധമതചരിത്രത്തിലേക്ക് വെളിച്ചം വീശുതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഭൂതത്താൻ കുന്ന് ഒരുകാലത്ത് ജൈനൻമാരുടെ കെന്ദ്രമായിരിക്കാമെന്നും അഭിപ്രായപ്പെടുന്നുണ്ട്. ("ഭൂതം" എന്ന വാക്ക് ജൈന മതവുമായി ബന്ധപ്പെട്ടതാണെന്ന് ഭാഷാപണ്ഡിതർ ചൂണ്ടിക്കാട്ടുന്നു). ഭൂതത്താൻ കുന്നിന് പടിഞ്ഞാറുഭാഗത്തുള്ള പ്രദേശമാണ് പാച്ചാക്കര. പശ്ചിമഭാഗത്തുള്ള (പടിഞ്ഞാറ് ഭാഗത്തുള്ള) കര(പ്രദേശം) എന്നർത്ഥം വരുന്ന പാശ്ചാത്ക്കര ലോപിച്ചാണ് പാച്ചാക്കര ഉണ്ടായത്. ശ്രീ കൂർമ്പക്കാവിന് മുന്നിലായി സ്ഥിതി ചെയ്യുന്ന കമ്പട്ടിവയൽ എന്നറിയപ്പെടുന്ന സ്ഥലം ഒരു കാലത്ത് കമ്പട്ടി (കണ്ണാമ്പൊട്ടി ) മരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നത്രെ. കല്ല് കെട്ടിയ വലിയ നടയുണ്ടായിരുന്ന സ്ഥലമാണ് ഇന്ന് കക്കറ്റി നട എന്നറിയപ്പെടുന്നത്.
രാഷ്ട്രീയ ചരിത്രം
[തിരുത്തുക]1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ഘടകം ഇവിടെ രൂപീകരിക്കപ്പെട്ടതോടെ ദേശീയ പ്രസ്ഥാനത്തിലും മുഴപ്പിലങ്ങാട് പ്രധാനമായ ഒരു പങ്ക് വഹിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന കള്ളു ഷാപ്പ് പിക്കറ്റിങ്ങിലും, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി റെയിൽവേയുടെ ടെലിഫോൺ കമ്പി മുറിച്ച് പ്രതിഷേധ സമരത്തിലും ഇവിടുത്തെ ജനങ്ങൾ പങ്കെടുത്തു. 1948-ൽ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഘടകം രൂപീകരിക്കപ്പെട്ടതോടെ കാർഷിക രംഗത്തെ ചൂഷണങ്ങൾക്കെതിരെയും ഇവിടെ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ക്ഷേത്ര പ്രവേശന സത്യാഗ്രഹ കാലത്ത് ഹരിജനങ്ങളെ സംഘടിപ്പിച്ച് ഘോഷയാത്രയായി ശ്രീ കൂർമ്പക്കാവ്, എടക്കാടമ്പലം, ഊർപഴച്ചി കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുകയുണ്ടായി.
സമ്പദ് മേഖല
[തിരുത്തുക]കാർഷിക മേഖല
[തിരുത്തുക]നെല്ല് , വത്ത (തണ്ണിമത്തൻ ), വെള്ളരി, എന്നിവയുടെ കൃഷിക്ക് അനിയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. ഇവിടെ കൃഷി ചെയ്തിരുന്ന എടക്കാടൻ വത്ത പ്രസിദ്ധമാണ്. പടിഞ്ഞാറൻ മേഖലയിൽ റെയിൽവേ പാതയ്ക്ക് സമാന്തരമായി ഏകദേശം നൂറ് ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന വലിയവയൽ എന്നറിയപ്പെടുന്ന പ്രദേശം നെൽകൃഷിക്കും വത്തകൃഷിക്കും പ്രസിദ്ധമായിരിന്നു. (ഇന്ന് വലിയവയലിന്റെ സിംഹഭാഗവും നികത്തപ്പെട്ട കഴിഞ്ഞു). ധാരാളം തെങ്ങിൻ തോട്ടങ്ങളും ഒറ്റപ്പെട്ട കവുങ്ങിൻ തോട്ടങ്ങളും കാണപ്പെടുന്നു. മത്സ്യകൃഷിക്ക് അനിയോജ്യമായ ഭൂപ്രകൃതിയാണ്. ചെമ്മീൻ, ഞണ്ട് , കല്ലുമ്മക്കായ എന്നിവയും കൃഷി ചെയ്യപ്പെടുന്നുണ്ട്.
വ്യവസായ മേഖല
[തിരുത്തുക]ഒരു തീരദേശ മത്സ്യബന്ധന മേഖലയാണ് മുഴപ്പിലങ്ങാട്. പരമ്പരാഗത വ്യവസായങ്ങളായ മത്സ്യ സംസ്കരണം, കയർ വ്യവസായം എന്നിവ ഇന്നും സജീവമാണ്. കൂടാതെ സ്വകാര്യ മേഖലയിൽ രണ്ട് വ്യവസായ കേന്ദ്രങ്ങൾ ഉണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂനിറ്റ്, സൈക്കിൾ നിർമ്മാണ യൂനിറ്റ്, കശുവണ്ടി സംസ്കരണ യൂനിറ്റ്, ഫർണിച്ചർ നിർമ്മാണ യൂനിറ്റുകൾ എന്നിവ ഇവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
ടൂറിസം
[തിരുത്തുക]ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ ഗ്രാമമാണ് മുഴപ്പിലങ്ങാട്. പ്രസിദ്ധമായ മുഴപ്പിലങ്ങാട് ബീച്ച് ഇവിടുത്തെ സമ്പദ് മേഖലയിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. ബീച്ചിനോട് ചേർന്ന് നിരവധി റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഗ്രാമത്തിൽ നിരവധി തൊഴിലവസരങ്ങൾ ടൂറിസം മേഖല പ്രദാനം ചെയ്യുന്നുണ്ട്.
തൊഴിൽ മേഖല
[തിരുത്തുക]2011 ലെ സെൻസസ് പ്രകാരം തൊഴിൽ ചെയ്യുന്നവർ ആകെ ജനസംഖ്യയുടെ 28% വരും. തീരദേശമേഖലയിലെ നല്ലൊരു ശതമാനം പുരുഷന്മാരും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും ചെയ്യുന്നവരാണ്. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ നിർമ്മാണം, കള്ള് ചെത്ത് എന്നീ മേഖലകളിൽ ചെറിയൊരു ശതമാനം പേർ തൊഴിൽ ചെയ്യുന്നു. ബീഡി തെറുപ്പ് തൊഴിൽ ചെയ്യുന്നവരിൽ നല്ലൊരു വിഭാഗം ആ മേഖലയിൽ ഉണ്ടായ പ്രതിസന്ധി മൂലം മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറിയിട്ടുണ്ട്. ദിനേശ് ബീഡിയുടെ ഒരു യൂനിറ്റ് പ്രവർത്തിക്കുന്നതിൽ പത്ത് വർഷം മുമ്പ് വരെ ഇരിന്നൂറിലധികം തൊഴിലാളികൾ ഉണ്ടായിരിന്നു. നിലവിൽ 38 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. മറ്റൊരു പ്രധാന തൊഴിൽ മേഖലയാണ് കെട്ടിട നിർമ്മാണ മേഖല. ഏകദേശം എഴുന്നൂറോളം പേർ ഈ മേഖലിയിൽ തൊഴിൽ ചെയ്യുന്നുണ്ട്. പൂർണ്ണമായും കാർഷികവൃത്തിയിൽ ഏർപ്പെട്ട 32 കുടുംബങ്ങൾ ആണുള്ളത്.[4] ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ ആസ്ഥാനവും സംഭരണശാലയും ഉള്ളതിൽ നേരിട്ടും അല്ലാതെയും നൂറോളം പേർ തൊഴിലെടുക്കുന്നുണ്ട്.
വാണിജ്യ- ഗതാഗത പ്രാധാന്യം
[തിരുത്തുക]1930-ൽ മൊയ്തുപ്പാലം പണിതതോടു കൂടിയാണ് ദേശീയപാതയിലൂടെ തലശ്ശേരിയുമായി റോഡ് ഗതാഗതം സാധ്യമാകുന്നത്. അതിന്മുമ്പ് കൂടക്കടവ് നിന്ന് ചങ്ങാടം വഴി ധർമ്മടത്ത് ചെന്നായിരുന്നു ഇവിടുത്തുകാര് തലശ്ശേരിയിൽ എത്തിയിരുന്നത്. പഴയകാലത്ത് കാളവണ്ടികൾ യാത്രക്കായി ധാരാളമായി ഉപയോഗിച്ചിരുന്നു. അയൽദേശമായ മേലൂരും, ധർമ്മടവുമായി ബന്ധപ്പെടാൻ മൂന്ന് കടത്തുകള് നിലവിലുണ്ടായിരുന്നു. 1901-ലാണ് മുഴപ്പിലങ്ങാട് വഴി ആദ്യ തീവണ്ടി കടന്ന് പോയത്. എടക്കാട് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മുഴപ്പിലങ്ങാട് ആണ്. റോഡ് ഗതാഗതം വിപുലമാകുന്നതിന് മുമ്പ് തലശ്ശേരിയിലേക്കും മറ്റും എത്താൻ തീവണ്ടി മാർഗ്ഗവും ഇവിടുത്തുകാർ ധാരാളമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഇവിടെ ധാരാളമായി ഉൽപാദിപ്പിക്കപ്പെട്ടിരുന്ന ചകിരിയും, ഉണക്കമീനും തമിഴ്നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു എടക്കാട് റെയിൽവേ സ്റ്റേഷൻ പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. ബ്രിട്ടീഷ് - മാഹി ബസ് സർവീസ് കമ്പനിയാണ് ആദ്യത്തെ ബസ് സർവീസ് ഇതിലൂടെ നടത്തിയിരുന്നത്. 1958-ൽ നിർമ്മിച്ച കുളം-കടവ് റോഡാണ് പഞ്ചായത്ത് നിർമ്മിച്ച ആദ്യ റോഡ്. മുഴപ്പിലങ്ങാടിനെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലമാണ് മമ്മാക്കുന്ന് പാലം. മുഴപ്പിലങ്ങാടിന് ഏറ്റവും അടുത്തുള്ള പട്ടണം 7 കി.മീ അകലെ സ്ഥിതിചെയ്യുന്ന തലശ്ശേരിയാണ്. കണ്ണൂർ ജില്ലാ തലസ്ഥാനം മുഴപ്പിലങ്ങാടുനിന്നും ഏകദേശം 13 കി.മീ അകലെയാണ്. ദേശീയപാത 17 മുഴപ്പിലങ്ങാടിലൂടെയാണ് കടന്നു പോകുന്നത്. ദക്ഷിണ റെയിൽവേയിലെ മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാത ദേശീയപാതക്ക് സമാന്തരമായി മുഴപ്പിലങ്ങാടിലൂടെ കടന്നുപോകുന്നു. എടക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് തീവണ്ടികൾക്ക് സ്റ്റോപ്പ് നിലവിലില്ല. തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (28 കി. മീ), കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം (105 കി. മീ) മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം (162 കി. മീ) എന്നിവയാണ് ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.
ജനങ്ങൾ
[തിരുത്തുക]ഏകദേശം 7.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 4500 ഓളം കുടുംബങ്ങളിലായി 24000-ത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനസാന്ദ്രത കൂടിയ പ്രദേശമാണ് മുഴപ്പിലങ്ങാട്. സ്ത്രീ-പുരുഷാനുപാതവും സാക്ഷരതാ നിരക്കും സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ഇവിടെ. പുരുഷ സാക്ഷരത 98% ആണ്. ജനസംഖ്യയിൽ 53.67% മുസ്ലീങ്ങളും 45.75% ഹിന്ദുക്കളും 0.32% ക്രിസ്ത്യാനികളുമാണ്. [5]
പ്രധാന ജനവാസ കേന്ദ്രങ്ങൾ
[തിരുത്തുക]- പാച്ചാക്കര
- ധർമ്മക്കുളം
- മലയ്ക്കുതാഴെ
- കച്ചേരിമെട്ട
- പുതിയതെരു
- കണ്ണൻവയൽ
- ഇളവന
- മമ്മാക്കുന്ന്
- തെക്കെകുന്നുംമ്പ്രം (ലക്ഷം വീട് കോളനി)
- പള്ളിപ്രം
- മഠം (ലക്ഷം വീട് കോളനി)
- മുല്ലപ്പ്രം
- ചിറാളകണ്ടി
- കൂടക്കടവ്
- തെറിമ്മൽ
- കെട്ടിനകം
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- മുഴപ്പിലങ്ങാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ
- ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുഴപ്പിലങ്ങാട് (മുല്ലപ്രം)
- മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ
- മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്ക്കൂൾ
- മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ.പി. സ്ക്കൂൾ (പടന്നക്കണ്ടി സ്ക്കൂൾ)
- മുഴപ്പിലങ്ങാട് എൽ.പി. സ്ക്കൂൾ (മഠം)
- മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി. സ്ക്കൂൾ (പാച്ചാക്കര)
- മൗനത്തുൽ ഇസ്ലാം എൽ.പി. സ്ക്കൂൾ
- മമ്മാക്കുന്ന് വെസ്റ്റ് എൽ.പി. സ്ക്കൂൾ
സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾ
[തിരുത്തുക]- എടക്കാട് തീവണ്ടിനിലയം
- ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ ആസ്ഥാനം & ഗോഡൗൺ
- എടക്കാട് പോലീസ് സ്റ്റേഷൻ
- ബി.എസ്.എൻ.എൽ എടക്കാട് എക്സ്ചേഞ്ച്
- കാനറ ബാങ്ക് മുഴപ്പിലങ്ങാട് ശാഖ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- മത്സ്യഭവൻ
- കൃഷിഭവൻ
- മൃഗാശുപത്രി
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- ഹൈന്ദവ ആരാധനാലയങ്ങൾ
- ശ്രീ കൂർമ്പ കാവ്
- മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം
- തെക്കേക്കുന്നുമ്പ്രം ശിവക്ഷേത്രം
- ശ്രീ പോർക്കലി കാവ്
- മലാവിൽ മുത്തപ്പൻ മടപ്പുര
- പുതിയതെരു ഗണപതി മണ്ഡപം
- പഴയതെരു ഗണപതി മണ്ഡപം
- അയ്യപ്പൻ കോട്ടം
- മുസ്ലീം ആരാധനാലയങ്ങൾ
- സീതിയുടെ പള്ളി
- ബദർ പള്ളി
- മുല്ലപ്രം ജുമാമസ്ജിദ്
- കെട്ടിനകം ജുമാമസ്ജിദ്
- ശാദുലീയ ജുമാമസ്ജിദ്
- മണപ്പുറം പള്ളി
- മണൽ പള്ളി
- മമ്മാക്കുന്ന് ജുമാമസ്ജിദ്
പഞ്ചായത്ത് സ്മശാനം
[തിരുത്തുക]1950 കളുടെ അവസാനം വരെ ഈ ദേശത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ഭൂരഹിതരായിരിന്നു. ജന്മി-കുടിയാൻ വ്യവസ്ഥ സുശക്തമായിരിന്ന ആ കാലഘട്ടത്ത് മരിച്ചവരെ സംസകരിക്കാൻ ജന്മിയുടെ കാരുണ്യം തേടേണ്ടിയിരിന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് ഒരു പൊതു സ്മശാനം വേണമെന്ന ആശയം ഉദിക്കുന്നത്. 1957 ൽ സ്മശാനം രൂപീകരിക്കുന്നതിന് വേണ്ടി ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കടലിനോട് ചേർന്ന് പുറമ്പോക്ക് ഭൂമി സ്മശാനത്തിനായി നീക്കിവയ്ക്കുന്നതിന് ആ കാലത്തെ പ്രമാണിമാരായ ചിലർ കടുത്ത എതിർപ്പുകൾ ഉർത്തിയിരിന്നു. എന്നാൽ അന്നത്തെ സ്ഥലം എം.എൽ.എ.യും വ്യവസായ മന്ത്രിയുമായിരുന്ന ശ്രീ. കെ.പി. ഗോപാലന്റ ശ്രമഫലമായി സ്ഥലം അനുവദിച്ചു കിട്ടി. 2.15 ഏക്കർ വ്യാപിച്ചുകിടക്കുന്നതാണ് വിശാലമായ ഈ സ്മശാനം . മുഴപ്പിലങ്ങാട് കൂടാതെ ധർമ്മടം, കടമ്പൂർ, തേട്ടട എന്നീ പ്രദേശത്തുള്ളവരും ഈ സ്മശാനം ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങൾ
[തിരുത്തുക]- മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
- ചൊവ്വ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, മുഴപ്പിലങ്ങാട് ശാഖ
- ക്ഷീര വ്യവസായ സഹകരണ സംഘം
- കോ-ഒപ്പറേറ്റീവ് വനിതാ ബാങ്ക്
- സഹകരണ നീതി സ്റ്റോർ
കലാ-കായിക-സാംസ്കാരിക സ്ഥാപനങ്ങൾ
[തിരുത്തുക]- മഹാദേവ ദേശായി സ്മാരക വായനശാല & ഗ്രന്ഥാലയം
ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി 1942ൽ അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്മാരകമായി 1944ൽ കുളം ബസാറിൽ ആരംഭിച്ചു. പിന്നീട് പഞ്ചായത്ത് ഏറ്റെടുത്ത് പരിഷ്കരിച്ച് പഞ്ചായത്ത് സാംസ്കാരികനിലയമാക്കി മാറ്റി.
- കണ്ണൻ വൈദ്യൻ സ്മാരക വായനശാല & ഗ്രന്ഥാലയം
വടക്കേ മലബാറിലെ പ്രസിദ്ധ വൈദ്യൻ ആയിരുന്ന കാടാച്ചിറ കണ്ണൻ ഗുരിക്കളുടെ സ്മാരകമായി 1953 ൽ എടക്കാട് റെയിൽവേ സ്റ്റേഷന് മുൻവശത്ത് സ്ഥാപിതമായി. മുഴപ്പിലങ്ങാടിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ പ്രധാന സ്ഥാപനം. നിലവിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള 'എ' ഗ്രേഡ് ലൈബ്രറി ആണ്.
- സ: കെ.പി.ഗോവിന്ദൻ സ്മാരക സാംസ്കാരിക കേന്ദ്രം
1970 ന് മുമ്പ് യു.ടി.സി.ക്ക് സമീപം സ്ഥാപിതമായി. ബാലൻ സ്മാരക സ്പോർട്ട്സ് ക്ലബും വായനശാലയും പ്രവർത്തിക്കുന്നുണ്ട്. സി.പി.ഐ.(എം) മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.
- ബ്രദേഴ്സ് സ്പോർട്ട്സ് ക്ലബ്
1972 ൽ പ്രവർത്തനം തുടങ്ങിയ ബ്രദേഴ്സ് സ്പോർട്ട്സ് ക്ലബ് മുഴപ്പിലങ്ങാടിന്റെ കായിക ചരിത്രത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്പോർട്സ് കൺസിൽ അംഗീകാരമുണ്ട്.
- സംസ്കാര വായനശാല & ഗ്രന്ഥാലയം
മുഴപ്പിലങ്ങാട് കടവിന് സമീപം 1986 ൽ സ്ഥാപിതമായി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള 'ബി' ഗ്രേഡ് ലൈബ്രറിയാണ്. നാടൻ കലകളെ പരിപോഷിപ്പിക്കുന്നതിനായി വർഷംതോറും കോൽക്കളി പരിശീലനവും പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്.
- എവർഗ്രീൻ റിക്രിയേഷൻ ക്ലബ്
1982ൽ സ്ഥാപിതമായി. കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്. ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ക്ലബിന് കീഴിൽ സൂപ്പർ ബോയ്സ് എന്ന സെവൻസ് ഫുട്ബോൾ ടിം പ്രവർത്തിക്കുന്നുണ്ട്.
- യുവധാര കലാ-സാംസ്കാരിക കേന്ദ്രം
1986 ൽ കണ്ണൻ വയലിന് സമീപം സ്ഥാപിതമായി. ഇതിന് കീഴിൽ കാണി ശങ്കരൻ സ്മാരക വായനശാല & ഗ്രന്ഥാലയം ആരംഭിച്ച് പ്രവർത്തിക്കുന്നുണ്ട്.
- വി.പി.ആർ. ആർട്സ് & സ്പോർട്സ് ക്ലബ്
1991 ൽ കുടക്കടവ് പ്രദേശത്ത് സ്ഥാപിതമായി. നെഹ്റു യുവകേന്ദ്ര യിൽ അംഗത്വമുണ്ട്.
- യങ് ഫൈറ്റേർസ് ആർട്ട്സ് & സ്പോർട്സ് ക്ലബ്
ശ്രീ നാരായണ മഠത്തിന് സമീപം സ്ഥിതി ചെയ്യുന്നു.
- അംബേദ്കർ ലൈബ്രറി
ശ്രീ നാരായണ മഠത്തിന് സമീപം 2013ൽ സ്ഥാപിതമായി. പഞ്ചായത്തിലെ സജീവ ഗ്രന്ഥശാലകളിൽ ഒന്ന്.
- യോർക്ഷെയർ സ്പോർട്സ് ക്ലബ്
മുഴപ്പിലങ്ങാട് യു.പി.സ്കൂളിന് സമീപം പ്രവർത്തിക്കുന്നു.
- ശ്രീ നാരായണ മഠം
- എ.കെ.ജി. സ്മാരക സാംസ്കാരിക കേന്ദ്രം
- ദേശോദ്ധാരണ വായനശാല, പാച്ചാക്കര
- സൗഹാർദ്ദ ആർട്ട്സ് & സ്പോർട്സ് ക്ലബ്
- രാജീവ്ജി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം
- അക്ഷര കലാ-സാംസ്കാരിക കേന്ദ്രം
- ദീപ്തി സാംസ്കാരിക കേന്ദ്രം
- ദൃശ്യ കലാ-സാംസ്കാരിക വേദി
പ്രധാന രാഷ്ട്രീയ പാർട്ടികൾ
[തിരുത്തുക]- ഭാരതീയ ജനതാ പാർട്ടി (BJP)
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)
ചിത്രശാല
[തിരുത്തുക]-
മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്. ധർമ്മടം തുരുത്ത് ദൂരെ കാണാം.
-
മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിവൽ ദൃശ്യം
-
മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിവൽ കാലത്തെ സഞ്ചാരികൾ
-
മറ്റൊരു ദൃശ്യം
-
കടപ്പുറത്തിനടുത്ത് കൈത കായ്ച്ചുനിക്കുന്നു
-
കടപ്പുറത്തിൻറെ മറ്റൊരു ദൃശ്യം
-
മുഴുപ്പിലങ്ങാട് ബീച്ച്മ റ്റൊരു ദൃശ്യം
-
കടപ്പുറത്തെ പച്ചപ്പ്
-
ബീച്ചിലെ സൂര്യാസ്തമനം
-
ബീച്ചിൽ സംഘടിപ്പിക്കാറുള്ള സാഹസിക വിനോദ പരിപാടികൾ
-
അഞ്ചരക്കണ്ടി പുഴ
-
ഗ്രാമക്കാഴ്ചകൾ
-
ഗ്രാമത്തിലെ പഴയ തലമുറ
-
അഞ്ചരക്കണ്ടി പുഴ
ഇവയും കാണുക
[തിരുത്തുക]
- എന്റെ ഗ്രാമം Archived 2011-01-26 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-23. Retrieved 2012-08-26.
- ↑ കേരള ഗസറ്റ്, 2015 ജൂലൈ 22. വാല്യം 4, No. 1741
- ↑ കേരള സർക്കാർ, വനം വന്യജീവി (സി) വകുപ്പ്. GO (P) നമ്പർ 53/2015/വനം.
- ↑ http://www.wikivillage.in/town/kerala/kannur/edakkad/muzhappilangad[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.census2011.co.in/data/town/627249-muzhappilangad-kerala.html