Jump to content

ഉയരത്തിൽ നിന്ന് തള്ളിയിടുക (വധശിക്ഷാരീതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആളുകളെ ഉയരത്തിൽ നിന്ന് താഴേയ്ക്കെറിഞ്ഞു കൊല്ലുക എന്നത് പുരാതനകാലം മുതൽക്കേ ഒരു വധശിക്ഷാരീതിയായി ഉപയോഗിക്കപ്പെട്ടുവന്നിട്ടുണ്ട്. വളരെ വേഗത്തിൽ നിലത്തു വീഴുമ്പോളുണ്ടാകുന്ന പരിക്കുകളാണ് ഈ രീതിയിൽ മരണകാരണമാകുന്നത്.

ചരിത്രം

[തിരുത്തുക]

പ്രാചീനകാലം

[തിരുത്തുക]

പുരാതന ഡെൽഫിയിൽ മതനിന്ദ കാട്ടുന്നവരെ ഹയാംപിയ കുന്നിനു മുകളിൽ നിന്ന് താഴേയ്ക്കെറിഞ്ഞ് കൊല്ലുമായിരുന്നു. [1]

റോമിനു മുൻപുള്ള സാർഡീനിയ രാജ്യത്തിൽ സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത പ്രായമെത്തിയ ആൾക്കാരെ ബലികൊടുക്കുമായിരുന്നുവത്രേ. ഇവരെ സാർഡോണീസിസം എന്ന നാടീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വിഷം കൊടുത്ത് മയക്കിയ ശേഷം ഉയരത്തിൽ നിന്ന് താഴേയ്ക്കിടുകയോ തല്ലിക്കൊല്ലുകയോ ചെയ്യുമായിരുന്നുവത്രേ. ഈ വിഷച്ചെടി ഹെംലോക്ക് ആയിരുന്നുവെന്ന് ചില ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. [2][3]

ടാർപിയൻ കല്ല്. പത്തൊൻപതാം നൂറ്റാണ്ടിലെ എച്ചിംഗ്

റോമൻ റിപ്പബ്ലിക്കിന്റെ കാലത്ത് ടാർപിയൻ കല്ല് എന്ന കുന്നിൻ ചരിവിൽ കൊലപാതകികളെയും രാജ്യദ്രോഹികളെയും താഴേയ്ക്ക് തള്ളിയിട്ട് കൊന്നിരുന്നു. മാനസിക രോഗമോ ശാരീരിക വൈകല്യമോ ഉള്ളവരെയും ഇപ്രകാരം വധിച്ചിരുന്നു. ഇക്കൂട്ടരെ ദൈവങ്ങൾ ശപിച്ചതാണ് വൈകല്യത്തിനു കാരണം എന്ന വിശ്വാസമായിരുന്നു ഇതിനു കാരണം. [4]

റോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ജെർമോണിയൻ പടവുകൾ ഈ ആവശ്യത്തിനുപയോഗിച്ചിരുന്നു. ടൈബീരിയസ് ചക്രവർത്തിയുടെ കാലത്താണ് ഈ സ്ഥലം വധശിക്ഷയ്ക്കായി കൂടുതൽ ഉപയോഗിച്ചിരുന്നതായി രേഖകൾ പറയുന്നത്. [5] ശിക്ഷ വിധിക്കപ്പെട്ടവരെ കഴുത്തു ഞെരിച്ച് മരണത്തിനടുത്തെത്തിച്ച ശേഷമായിരുന്നു കൈകാലുകൾ ബന്ധിച്ച് പടവുകളിലൂടെ താഴേയ്ക്കെറിഞ്ഞിരുന്നത്. റോമിലെ മറ്റു സ്ഥലങ്ങളിൽ വച്ച് വധിക്കപ്പെട്ടയാളുകളുടെ ശവശരീരങ്ങൾ ഇവിടേയ്ക്ക് പ്രദർശനത്തിനായി കൊണ്ടുവരുമായിരുന്നുവത്രേ. റോമൻ ഫോറത്തിൽ നിന്ന് കാണാവുന്ന രീതിയിൽ ശിക്ഷിക്കപ്പെട്ടവരുടെ ശവശരീരങ്ങൾ ചീയാനനുവദിക്കുക സാധാരണമായിരുന്നുവത്രേ. നായ്ക്കളും മറ്റു മൃഗങ്ങളും ശവശരീരം ഇവിടെവച്ച് ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ ശവശരീരം ടൈബർ നദിയിൽ ഒഴുക്കിക്കളയുമായിരുന്നു. പടവുകളിൽ നിന്ന് താഴെ വീണുള്ള മരണം വളരെ അപമാനകരമായാണ് കരുതിയിരുന്നതെങ്കിലും പല സെനറ്റർമാരും ഒരു ചക്രവർത്തിയും ഇവിടെ വധിക്കപ്പെട്ടിട്ടുണ്ട്.

സ്യൂട്ടോണിയസ് ടൈബീരിയസിന്റെ ഭരണത്തിന്റെ അവസാനകാലത്തുള്ള ക്രൂരതകളെപ്പറ്റി വിവരിക്കുന്നുണ്ട്. അദ്ദേഹം കാപ്രി എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ അദ്ദേഹം ആൾക്കാരെ ഒരു കുന്നിൻ ചരിവിൽ നിന്ന് കടലിലേയ്ക്ക് തള്ളിയിട്ട് കൊല്ലുന്നത് കണ്ടുനിൽക്കുമായിരുന്നത്രേ. [5] വധശിക്ഷയ്ക്ക് മുൻപ് ഇവരെ പീഡിപ്പിക്കുമായിരുന്നു. വീഴ്ച്ചയിൽ ഇവർ മരിച്ചില്ലെങ്കിൽ താഴെ തോണികളിൽ കാത്തു നിൽക്കുന്ന ആൾക്കാർ തുഴകളും തോണിയുടെ കൊളുത്തും മറ്റുമുപയോഗിച്ച് തല്ലി പ്രതികളുടെ അസ്ഥികൾ നുറുക്കുമായിരുന്നുവത്രേ.

യഹൂദമതത്തിലെ കല്ലെറിഞ്ഞുള്ള വധശിക്ഷ

[തിരുത്തുക]

താൽമണ്ട് അനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ ആൾക്കൂട്ടത്തിന്റെ കല്ലേറിൽ നിന്ന് വ്യത്യസ്തമാണ്. എഴുതപ്പെടാത്ത നിയമപ്രകാരം സാൻഹെഡ്രിൻ കുറ്റവിധി നടത്തിയ പ്രതിയെ രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് രണ്ട് സാക്ഷികളും ചേർന്ന് തള്ളി താഴെയിട്ടാണ് കൊന്നിരുന്നത്. ശരീരം ഛിന്നഭിന്നമാകാത്തവിധം മരണം ഉറപ്പായ ഉയരമാണ് ഇതെന്നായിരുന്നു വിശ്വാസം. പ്രതി വീണതിനു ശേഷം രണ്ട് സാക്ഷികളും ചേർന്ന് ഒരു വലിയ പാറ പ്രതിക്കുമേൽ തള്ളിയിടണം. വീഴ്ച്ചയിലും പാറ വീണ ആഘാതത്തിലും പ്രതി മരിച്ചില്ല എങ്കിൽ അടുത്തുള്ളയാളുകൾ കിട്ടിയ കല്ലുകൾ ഉപയോഗിച്ച് പ്രതിയെ പെട്ടെന്ന് കല്ലെറിഞ്ഞ് കൊല്ലണം എന്നായിരുന്നു കീഴ്വഴക്കം.

ആധുനികകാലം

[തിരുത്തുക]

ദക്ഷിണാഫ്രിക്കയിൽ കോളനിഭരണത്തിനു മുൻപുള്ള കാലത്ത് ക്സോക്സ, സുലു എന്നീ ഗോത്രവർഗ്ഗങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന കുന്നുകളുണ്ടായിരുന്നുവത്രേ. കുറ്റവാളികളെ ഇവിടെ നിന്ന് താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തുമായിരുന്നുവത്രേ. ഈ ജനവിഭാഗങ്ങളിൽ തടവിലിടുക എന്ന ശിക്ഷ നിലവിലുണ്ടായിരുന്നില്ല. അതിനാൽ ശിക്ഷ മർദ്ദനമോ, വധശിക്ഷയോ, നാടുകടത്തലോ ആയിരിക്കുമായിരുന്നു.

നമീബിയൻ സ്വാതന്ത്ര്യ സമരകാലത്ത് സൗത്ത് വെസ്റ്റ് ആഫ്രിക്കൻ പീപ്പിൾസ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ സേനാനികളെ ദക്ഷിണാഫ്രിക്കൻ സൈന്യം കടലിനു മുകളിൽ നിന്ന് ഹെലിക്കോപ്റ്ററിൽ നിന്ന് തള്ളിത്താഴെയിട്ട് കൊല്ലുമായിരുന്നുവത്രേ.

സ്വവർഗ്ഗരതിക്കുറ്റത്തിനു ശിക്ഷയായി ഇറാനിൽ ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടിരുന്നിരിക്കാം. ആംനസ്റ്റി ഇന്റർനാഷണൽ 2008-ൽ സ്വവർഗ്ഗബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ടു പേരെ [6] ഉയരത്തിൽ നിന്ന് താഴേയ്ക്കിട്ട് കൊന്നിരുന്നുവത്രേ. ഈ സംഭവത്തിൽ ഉൾപ്പെട്ട മറ്റാൾക്കാരെ ചാട്ടവാറടിക്കുകയായിരുന്നു ചെയ്തത്. ഇവർ ലൈംഗികബന്ധത്തിലേർപ്പെടാതിരുന്നതുകൊണ്ടാവണം കുറഞ്ഞ ശിക്ഷ ലഭിച്ചത്. യൂറോപ്യൻ യൂണിയൻ ഈ ശിക്ഷയെ അപലപിക്കുകയുണ്ടായി. [7]

അഗസ്റ്റോ പിനോഷെയുടെ ഭരണകാലത്ത് രാഷ്ട്രീയത്തടവുകാരെ ഹെലിക്കോപ്റ്ററിൽ നിന്ന് താഴെയിട്ട് കൊല്ലുമായിരുന്നുവത്രേ. [8]

ഇതും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. Pericles Collas (n.d.). A Concise Guide of Delphi, pp8. Athens. Cacoulides.
  2. News Scan Briefs: Killer Smile, Scientific American, August 2009
  3. G. Appendino, F. Pollastro, L. Verotta, M. Ballero, A. Romano, P. Wyrembek, K. Szczuraszek, J. W. Mozrzymas, and O. Taglialatela-Scafati (2009). "Polyacetylenes from Sardinian Oenanthe fistulosa: A Molecular Clue to risus sardonicus". Journal of Natural Products. 72 (5): 962–965. doi:10.1021/np8007717. PMC 2685611. PMID 19245244.{{cite journal}}: CS1 maint: multiple names: authors list (link)
  4. Platner (1929). A Topographical Dictionary of Ancient Rome, Tarpeius Mons, pp509-510. London. Oxford University Press.
  5. 5.0 5.1 Suetonius, The Lives of Twelve Caesars, Life of Tiberius 61.2,62.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "suetonius-twelve-caesars-61" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. Iran: UA 17/08 - Fear of imminent execution/ flogging | Amnesty International
  7. "Death Sentences in Iran". Archived from the original on 2010-06-12. Retrieved 2012-08-08.
  8. http://www.remember-chile.org.uk/inside/benavente.htm