ഊർപ്പഴശ്ശി തെയ്യം

വടക്കെ മലബാറിൽ കെട്ടിയാടാറുള്ള ഒരു തെയ്യമാണ് ഊർപ്പഴശ്ശി തെയ്യം. ഊർപഴച്ചി ദൈവം എന്നും പേരുണ്ട് ഈ തെയ്യത്തിന്.
പുരാവൃത്തം
[തിരുത്തുക]മേലൂരേയും കീഴൂരേയും ദേവന്മാരും ആദിനാഥൻ വിഷ്ണു ഭഗവാനും കൂടി ചതുരംഗവും ചൂതും കളിക്കുമ്പോൾ മേലൂരിളം കന്യാവ് എന്ന കന്യക അവിടെ ചെല്ലുകയും കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിക്കുകയും ചെയ്തു. കളികളിൽ വിഷ്ണുഭഗവാന് തോൽവി സംഭവിച്ചു. സംപ്രീതനായ വിഷ്ണുഭഗവാനോട് രാജ്യം വാഴാൻ തക്കതായ ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. അവർ ലക്ഷ്യം കുറിച്ചു. ഏഴാം നാൾ മേലൂർ ഇളം കന്യാവ് ഗംഗാരൂപം ധരിച്ച് ഗംഗയിലെത്തി. മായാരൂപം ധരിച്ച് വിഷ്ണുവും എത്തി. അങ്ങനെ വയറ്റകത്ത് പ്രസാദം ലഭിച്ച ആ കന്യക തന്റെ കോട്ടയായ മേലൂർ കോട്ടയിലേക്ക് തിരിച്ച് പോന്നു. പൊന്മകൻ പിറന്നു. അവനാണ് മേലൂർ ദയരപ്പൻ എന്ന ഊർപ്പഴശ്ശി ദൈവം. ജനനം മുതൽ അവൻ അവന്റെ ദിവ്യാത്ഭുതശക്തികൾ പ്രകടിപ്പിക്കാൻ തുടങ്ങി. അവനു പാലു കാച്ചിക്കൊടുക്കുവാൻ പാൽ നൽകിയിരുന്ന അക്കമ്മയേയും ആഭരണമുണ്ടാക്കുന്നതിൽ നിന്നും സ്വർണ്ണം തട്ടിയ തട്ടാനേയും ദയരപ്പൻ ശിക്ഷിച്ചു. തന്നെ അടിച്ചതിന് ഗുരുവിനെ കുത്തിക്കൊന്നു. ഇതിനെപ്പറ്റി അവന്റെ അമ്മ ചോദിച്ചപ്പോൾ കഠാര എടുത്ത് അമ്മക്ക് നേരെയെറിയാനും ദയരപ്പൻ മടിച്ചില്ല. അമ്മ ചിത്രത്തൂണിനു മറഞ്ഞു നിന്നതുകൊണ്ട് കഠാര ചിത്രത്തൂണിലാണ് കൊണ്ടത്. കൂടാതെ തനിക് അവകാശപ്പെട്ട അങ്കവും ചുങ്കവും കൈയടക്കി വെച്ചിരുന്നവരെയെല്ലാം ദയരപ്പൻ കഠാര തറച്ച് കൊന്നു. മുപ്പത്താറാം വയസ്സിലെത്തിയപ്പോഴുക്കും അറുപത്തിനാല് കൊലപാതകം ചെയ്ത വീരനായി വാഴ്തപ്പെട്ടു. പിന്നീട് ദയരപ്പൻ ചുരിക കെട്ടി ചേകോനായി. അതിനു ശേഷം ദയരപ്പൻ ബാലുശ്ശേരി കോട്ടയിലെത്തി ചങ്ങാതി വേട്ടക്കൊരുമകനെ കാണുന്നു. പിന്നീട് മേലൂരിൽ തിരിച്ചെത്തി. പെറ്റമ്മയും വിഷ്ണു ഭഗവാനും അരിയിട്ടു വാഴിച്ചു. മേലൂർ കോട്ട, കീക്കിലൂർ കോട്ട, കീഴ്മാടം, പുഷ്പവള്ളിക്കളരി, മതിരങ്ങോട്ട് മാടം, കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്ക്കധിപനായി.
മുടിയൻ ക്ഷത്രിയരാജാവായി പന്ത്രണ്ട് കൊല്ലം വാണതായി തോറ്റം പാട്ടുകളിൽ പറയുന്നു.

വേഷം
[തിരുത്തുക]മാർച്ചമയം - പട്ടക്കുറിവട്ടം
മുഖത്തെഴുത്ത് - കൊടുംപുരികം കട്ടാരംപുള്ളി
തിരുമുടി - പീലിമുടിക്കൂമ്പ്
അവലംബം
[തിരുത്തുക]- ↑ തെയ്യം-ഡോ;എം.വി.വിഷ്ണു നമ്പൂതിരി