Jump to content

മുതലത്തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കണ്ണൂർ ജില്ലയിലെ ചില കാവുകളിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് മുതല തെയ്യം.തൃപ്പണ്ടാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം.മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മറ്റു തെയ്യങ്ങളെപ്പോലെ അനുഗ്രഹമായി വായ്‌വാക്കുകളൊന്നും ഈ തെയ്യം ഉരിയാടാറില്ല.

ഐതിഹ്യം

[തിരുത്തുക]

തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ്‌ ഐതിഹ്യം. മുതലയായി എത്തിയത്‌ തൃപ്പാണ്ടറത്തമ്മയാണെന്നാണ്‌ വിശ്വാസം. പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി ക്ഷേത്രത്തിലേക്ക് പുഴ കടത്തിക്കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ് മുതലത്തെയ്യത്തിന്റെ ഐതിഹ്യം. മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് മുതലത്തെയ്യം കെട്ടിയാടുന്നത്. കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനു മാത്രമായുള്ള പ്രത്യേകതയാണ്.മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നു എന്നതും ഒരു പ്രത്യേകതയാണ്.

മുഖത്തെഴുത്തിനു് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട്‌ ചുവപ്പുമാണ്‌. കുരുത്തോലയ്‌ക്ക്‌ പകരം കവുങ്ങിൻ ഓലയാണ്‌ ഉടയാട. തലയിലെ പാള എഴുത്തിന്‌ തേൾ, പല്ലി, പാമ്പ്‌, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്‌.

ഇഴജീവിശല്യത്തിൽ നിന്ന്‌ രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ്‌ വിശ്വാസം.

മുതലത്തെയ്യം കെട്ടുന്ന കാവുകൾ

[തിരുത്തുക]
  • നടുവിൽ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം- 2011-ലെ തെയ്യം നവംബർ 10-നു് നടന്നു.[1]

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി ദിനപത്രം 2011 നവംബർ 11 കണ്ണൂർ എഡീഷൻ പേജ് 12 നോക്കുക". Archived from the original on 2011-11-10. Retrieved 2011-11-11.
"https://ml.wikipedia.org/w/index.php?title=മുതലത്തെയ്യം&oldid=4109926" എന്ന താളിൽനിന്ന് ശേഖരിച്ചത്