കൊണ്ടാഴി തൃത്തംതളി ശിവപാർവ്വതിക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളി ശിവപാർവ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ട് പഴയന്നൂരുകളിൽ ഒന്നാണ് ഈ ക്ഷേത്രം (പഴയന്നൂർ ഇരവിമംഗലം ശിവക്ഷേത്രമാണ് മറ്റേത്), പക്ഷേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊണ്ടാഴി പഞ്ചായത്തിലാണ്. കൊണ്ടാഴി തൃത്തംതളിക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1] പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കൊണ്ടാഴി ഗ്രാമത്തിൽ നിളാനദിക്കു തെക്കായി കിഴക്കോട്ട് ദർശനം നൽകിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഐതിഹ്യം
[തിരുത്തുക]പഴയകാലത്ത് (ചേരഭരണകാലം)കേരളത്തെ പതിനെട്ടര തളികളാക്കി വിഭജിച്ച്, ഓരോ തളിയേയും ഓരോ തളിയാതിരിമാരെ ഭരണ ഭാരമേൽപ്പിച്ചു. ഓരോ തളിയുടെ ആസ്ഥാനത്തും ഓരോ പ്രധാന തളിക്ഷേത്രവും (ശിവക്ഷേത്രവും) ഉണ്ടായിരുന്നു. ഈ പതിനെട്ടര തളികളിൽ അര തളിയുടെ കേന്ദ്രസഥാനം കൊണ്ടാഴിയിലായിരുന്നു. തൃത്തംതളി ശിവക്ഷേത്രം ഈ തളിയിലെ കേന്ദ്രക്ഷേത്രമാണ്. അതിപുരാതനമായ ഈ ശിവക്ഷേത്രം ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിനുശേഷം ഏകദേശം ഇരുനൂറിൽപരം വർഷങ്ങൾ ഈ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിങ്കല്ലുകൊണ്ടുള്ള മനോഹരമായ കൊത്തളങ്ങളും അങ്ങനെതന്നെ കിടന്നിരുന്നു. അതിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്.
ക്ഷേത്രം
[തിരുത്തുക]പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളിക്ഷേത്രം. പഴയക്ഷേത്രം മൈസൂർ സുൽത്താൻ ടുപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം അടുത്തിടയാണ് ക്ഷേത്രം പുനരുദ്ധീകരിച്ചത്. ക്ഷേത്ര സംരക്ഷണത്തിനായി കൊച്ചി രാജാവിനാൽ നിർമ്മിതമായ കോട്ടയുടെ ചില അവശിഷ്ടങ്ങളും, പഴയ ക്ഷേത്രഭാഗങ്ങളും കാണുമ്പോൾ മനസ്സിലാവുന്നത് ഇവിടെ പണ്ട് വളരെ വലിയ ഒരുക്ഷേത്ര സമുച്ചയമുണ്ടായിരുന്നു എന്നാണ്.
മുഖമണ്ഡപത്തോട് കൂടിയ ഇരുനിലയിൽ പണിതീർത്തിരിക്കുന്ന ചതുരശ്രീകോവിലിലാണ് പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയുള്ളത്. ചതുരശ്രീകോവിലിനു കിഴക്കുവശത്തായി നമസ്കാരമണ്ഡപവും അതിനുചുറ്റും മനോഹരമായ നാലമ്പലവും പണിതീർത്തിട്ടുണ്ട്. നാലമ്പലത്തിൽതന്നെ തിടപ്പള്ളിയും കിഴക്കുവശത്തായി ബലിക്കൽപ്പുരയും തനതുകേരളാശൈലിയിൽ നിർമ്മിച്ചിരിക്കുന്നു. അടുത്തിടയാണ് കൊടിമരപ്രതിഷ്ഠ നടത്തി ഉത്സവം കൊണ്ടാടിയത്. പാർവ്വതീക്ഷേത്രത്തിന് പടിഞ്ഞാറേഭാഗത്തായി വലിപ്പമേറിയ കുളം നിർമ്മിച്ചിട്ടുണ്ട്. പാർവ്വതിക്ഷേത്രത്തിനരികിലൂടെയാണ് ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴ ഒഴുകുന്നത്.
പാർവ്വതിക്ഷേത്രം
[തിരുത്തുക]സാധാരണയായി ശിവക്ഷേത്രത്തിനകത്തുതന്നെ എതിർദിശയിലോ, അല്ലെങ്കിൽ ഉപദേവതാസ്ഥാനത്ത് ചെറിയക്ഷേത്രത്തിലോ ആണ് പാർവ്വതീ സാന്നിധ്യം കാണാറുള്ളത്. പക്ഷേ തൃത്തംതളിയിൽ പാർവ്വതിദേവിക്ക് പ്രത്യേകസ്ഥാനം നൽകി വേറെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗായത്രിപ്പുഴയുടെ തീരത്തോട്ട് മാറിയാണ് പാർവ്വതിക്ഷേത്രം. വളരെ മനോഹരമായി കേരളാശൈലിയിൽ പണിതീർത്തക്ഷേത്രമാണിത്. വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും, നാലമ്പലവും, തിടപ്പള്ളിയും എല്ലാം ഉപദേവതയായ പാർവ്വതി ക്ഷേത്രത്തിലും നിർമ്മിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തിനു വടക്കുമാറിയാണ് പാർവ്വതീദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. തളിദേവനൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെയാണ് ദാക്ഷായണിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്.
ഉപദേവതകൾ
[തിരുത്തുക]ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു, ഭദ്രകാളി, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ഹനുമാൻ തുടങ്ങിയവരാണ് മറ്റ് ഉപദേവതകൾ. ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ സാന്നിദ്ധ്യം ക്ഷേത്രത്തെ ശിവകുടുംബസ്ഥാനമാക്കുന്നു.
വിശേഷങ്ങൾ
[തിരുത്തുക]ഉത്സവം; താലപ്പൊലി
[തിരുത്തുക]മീനമാസത്തിൽ നടത്തപ്പെടുന്ന പത്തുദിനം നീണ്ടുനിൽക്കുന്ന ഉത്സവം, വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഈ ഉത്സവത്തിലെ മായന്നൂർകാവ് താലപ്പൊലിയാണ് ഏറ്റവും പ്രധാന ആഘോഷം.
- ശിവരാത്രി
കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഈ ദിവസം ക്ഷേത്രത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുമുണ്ടാകും. അന്ന് രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും.
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]മായന്നൂർ കൊണ്ടാഴി റൂട്ടിൽ കൊണ്ടാഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ