ദ്വന്ദ്വസമാസം
ദൃശ്യരൂപം
രണ്ടോ അതിലധികമോ വാക്കുകൾ തമ്മിൽ സമാസിക്കുമ്പോൾ പൂർവ്വപദങ്ങൾക്കും ഉത്തരപദങ്ങൾക്കും തുല്യപ്രാധാന്യമുണ്ടെങ്കിൽ അതിനെ ദ്വന്ദ്വസമാസം എന്നു വിളിക്കുന്നു.
ഉദാഹരണമായി അച്ഛനമ്മമാർ എന്നത് ഇവിടെ തുല്യപ്രാധാന്യമുള്ള അച്ഛൻ, അമ്മ എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്.
ദ്വന്ദസമാസം രണ്ടു വിധത്തിലുണ്ട് . ഏകവചനത്തിലാണ് പദങ്ങൾ അവസാനിക്കുന്നതെങ്കിൽ അത് സമാഹാരദ്വന്ദ്വൻ എന്ന് പറയുന്നു. ഘടകപദങ്ങൾ ബഹുവചനത്തിലാണ് അവസാനിക്കുന്നതെങ്കിൽ ഇതരേതരദ്വന്ദ്വൻ എന്നും പറയുന്നു.
ഉദാഹരണങ്ങൾ
[തിരുത്തുക]ദ്വന്ദ്വൻ
[തിരുത്തുക]- കൈകാൽ - കയ്യും കാലും
- രാപകൽ - രാവും പകലും
- വരവുചെലവ് - വരവും ചെലവും
- അടിപിടി - അടിയും പിടിയും
- ആനമയിലൊട്ടകം: ആനയും മയിലും ഒട്ടകവും
ഇതരേതരദ്വന്ദ്വൻ
[തിരുത്തുക]- ചരാചരങ്ങൾ - ചരങ്ങളും അചരങ്ങളും
- ദേവാസുരന്മാർ - ദേവന്മാരും അസുരന്മാരും
- രാമലക്ഷ്മണന്മാർ: രാമനും ലക്ഷ്മണനും
- കൈകാലുകൾ: കൈയും കാലും
- മാതാപിതാക്കൾ: മാതാവും പിതാവും
ദ്വന്ദ്വസമാസത്തിന്റെ സംസ്കൃത നിയമങ്ങൾ
[തിരുത്തുക]പൂർവപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യമുള്ള സമാസമാണ് ദ്വന്ദ്വസമാസം. മലയാളത്തിലെ നിരവധി പദങ്ങൾ സംസ്കൃതജന്യങ്ങളാണ്. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ സംസ്കൃതനിയമങ്ങളാണ് പാലിക്കേണ്ടത്. ദ്വന്ദ്വസമാസത്തിലെ പൂർവപദം ഏതായിരിക്കണമെന്നതിനെ സംബന്ധിച്ച് സംസ്കൃതത്തിൽ വ്യക്തമായ നിയമങ്ങൾ ഉണ്ട്.
- സമാസിക്കുന്ന പദങ്ങളിൽ 'ഇ'കാരത്തിലോ 'ഉ'കാരത്തിലോ അവസാനിക്കുന്ന പദങ്ങളുണ്ടെങ്കിൽ അവ പൂർവപദമായി വരണം.
- ഉദാഹരണം:
- ഹരിഹരന്മാർ (ഹരഹരിമാർ എന്നല്ല)
- വിഷ്ണുശങ്കരന്മാർ (ശങ്കരവിഷ്ണുമാർ എന്നല്ല)
- സ്വരംകൊണ്ടുതുടങ്ങുന്ന പദം പൂർവപദമാകണം
- ഉദാഹരണം:
- അശ്വരഥങ്ങൾ
- അഗ്നിവരുണന്മാർ
- അക്ഷരം കുറവുള്ള പദം ആദ്യം
- ഉദാഹരണം:
- നകുലസഹദേവന്മാർ
- കരചരണങ്ങൾ
- ഹ്രസ്വാക്ഷരം മാത്രമുള്ള പദമുണ്ടെങ്കിൽ അത് പൂർവപദമാകും
- ഉദാഹരണം:
- ധനധാന്യം
- സുഖദുഃഖം
- കൂടുതൽ ബഹുമാനമർഹിക്കുന്ന പദം ആദ്യം വരും
- ഉദാഹരണം:
- മാതാപിതാക്കൾ, വിദ്യാർഥിനീവിദ്യാർഥികൾ, ബാലിസുഗ്രീവന്മാർ, ജ്യേഷ്ഠാനുജന്മാർ, സ്ത്രീപുരുഷന്മാർ, സീതാരാമന്മാർ, ശകുന്തളാദുഷ്യന്തന്മാർ, ഭാര്യാഭർത്താക്കന്മാർ
- സംസ്കൃതത്തിലെ രീതിയനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ ബഹുമാനമർഹിക്കുന്നവരാണ്. അതിനാൽ സമാസത്തിൽ സ്ത്രീനാമങ്ങളാണ് ആദ്യം വരിക. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ ഈ നിയമം പാലിച്ചേ മതിയാകൂ. എന്നാൽ, മലയാളം പുരുഷന് പ്രാധാന്യം കൂടുതൽ നൽകുന്നു. ദേശജങ്ങളായ മലയാള പദങ്ങൾ സമാസിക്കുമ്പോൾ പുരുഷനാമം ആദ്യം വരും.
- ഉദാഹരണം
- അച്ഛനമ്മമാർ
- ആങ്ങളപെങ്ങന്മാർ