ശംഖുമുഖം


തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പുരാതന കേരളത്തിലെ പ്രധാനപ്പെട്ട 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നായ ശംഖുംമുഖം ദേവി ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.
പ്രത്യേകതകൾ
[തിരുത്തുക]നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്. ജില്ലയിലെ പ്രസിദ്ധ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് 2.3 കിലോമീറ്റർ അകലെയാണ്. കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.
ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരത്താണ് നടന്നുവരുന്നത്. ശംഖ്‌മുഖം ദേവി ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, പൗർണമി, മലയാളമാസം ഒന്നാം തീയതി തുടങ്ങിയ ദിവസങ്ങളിൽ ധാരാളം ഭക്തർ എത്തിച്ചേരുന്നു.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. 1.എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം. 2.കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.