Jump to content

ഹെലൻ കെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helen Keller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെലൻ കെല്ലർ
A woman with full dark hair and wearing a long dark dress, her face in partial profile, sits in a simple wooden chair. A locket hangs from a slender chain around her neck; in her hands is a magnolia, its large white flower surrounded by dark leaves.
Helen Keller holdng a magnolia, ca. 1920
ജനനംHelen Adams Kellr
(1880-06-27)ജൂൺ 27, 1880
അലബാമ, അമേരിക്ക
മരണംജൂൺ 1, 1968(1968-06-01) (പ്രായം 87)
Arcan Ridge, Easton, Connecticut, U.S.
അന്ത്യവിശ്രമംWashington National Cathedral
തൊഴിൽAuthor, political activist, lecturer
വിദ്യാഭ്യാസംHarvard University (BA)
ശ്രദ്ധേയമായ രചന(കൾ)The Story of My Life
കയ്യൊപ്പ്

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലൻ ആദംസ്‌ കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968). പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവൾ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ചു. ഹെലൻ കെല്ലറുടെ ആത്മ കഥയാണ് ദി സ്റ്റോറി ഓഫ് മൈ ലൈഫ്.

കുട്ടിക്കാലം

[തിരുത്തുക]

ജനനം, കുടുംബം, കുട്ടിക്കാലം

[തിരുത്തുക]

1880 ജൂൺ 27-ന്‌ അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലൻ കെല്ലറുടെ ജനനം.[1] സ്വിറ്റ്‌സർലന്റിൽ നിന്ന്‌ അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരായിരുന്നു ഹെലന്റെ മുൻഗാമികൾ.[2] അച്ഛൻ ആർതർ.എച്ച്‌.കെല്ലർ, ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കെയ്റ്റ് ആഡംസ്‌ വീട്ടമ്മയും. കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന്‌ എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലൻ എവററ്റിന്റെ സ്മരണാർത്ഥമാണ്‌ ഹെലന്‌ ആ പേരു ലഭിച്ചത്‌. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം. വലിയ വീടും ഉദ്യാനവും അവർക്കുണ്ടായിരുന്നു. "ഐവി ഗ്രീൻ" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.[3]

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരി[4]യിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌. കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും, ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു. ഒന്നും കേൾക്കാത്തതിനാൽ ഹെലൻ‌ ഒന്നും പറയാനും പഠിച്ചില്ല. 'വ',;വ' എന്ന ശബ്ദം മാത്രമേ അവൾക്ക്‌ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ.

വിദ്യാഭ്യാസം

[തിരുത്തുക]

കുട്ടിക്കാലത്ത്‌ താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്ന്‌ ഹെലൻ അറിഞ്ഞിരുന്നില്ല. പുറത്തു പോകാൻ അവൾക്കിഷ്ടമായിരുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾ ആസ്വദിച്ചിരുന്നു. അപൂർവ്വം ചില സന്ദർഭങ്ങളിൽ, മറ്റുള്ളവർക്ക്‌ തനിക്കില്ലാത്ത എന്തോശക്തി, വായ തുറന്ന്‌ സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും, കരഞ്ഞു കൊണ്ട്‌ വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.[5]

അമ്മയുമായും സമപ്രായക്കാരിയായ മാർത്താവാഷിംഗ്ടൺ എന്ന കുട്ടിയോടും ആശയവിനിമയം നടത്താൻ അവൾക്കു കഴിഞ്ഞിരുന്നു. വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വർദ്ധിച്ചു. പലപ്പോഴും അവൾ അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു. അക്കാലത്ത്‌ ചാൾസ് ഡിക്കെൻസ്‌ എഴുതിയ അമേരിക്കൻ നോട്സ്‌ എന്ന പുസ്തകത്തിലെ ബധിരയായ പെൺകുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ, കറ്റ്‌ ആഡംസിന്‌ ചെറു പ്രതീക്ഷ നൽകി. പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാൻ അവൾക്ക്‌ വിദ്യാഭ്യാസം നൽകാൻ അവർ തീരുമാനിച്ചു.[6]

ഹെലന്‌ ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം[7] ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു.[8] ഹെലനെ പഠിപ്പിക്കാൻ ഒരു അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന്‌ അദ്ദേഹം വാക്കു നൽകി.

തന്റെ പിൽക്കാലജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച്‌ ഹെലൻ അനുസ്മരിക്കുന്നു.

ആനി സള്ളിവനുമൊത്ത്‌:

[തിരുത്തുക]
Keller and Sullivan in 1898


1887 മാർച്ച്‌ 3[10]-ാ‍ം തീയതിയാണ്‌ ആനി സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്‌.ഐറിഷ്‌ വംശജയായിരുന്ന ആനിയ്ക്ക്‌ ഹെലനെക്കാൾ 14 വയസ്സ്‌ കൂടുതലുണ്ടായിരുന്നു. ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ അവർക്കു വളരെ പാടുപെടേണ്ടി വന്നു.

ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി, പാവ നൽകിയ ശേഷം അവളുടെ കൈയിൽ "d-o-l-l" എന്നെഴുതി.വിരലുകൾ കൊണ്ടുള്ള ആ 'കളി'യിൽ താത്പര്യം തോന്നിയ ഹെലൻ, അത്‌ ആവർത്തിയ്ക്കാൻ ശ്രമിച്ചു. അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലൻ ഒരു വാക്കു പഠിച്ചു.49 വർഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌. പതുക്കെപ്പതുക്കെ,'പിൻ','ഹാറ്റ്‌' ,'വാട്ടർ','മഗ്ഗ്‌', തുടങ്ങിയ പല വാക്കുകളും അവൾ ഹൃദിസ്ഥമാക്കി. പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി. മാല കോർക്കാനും, മരത്തിൽ കയറാനും,പട്ടം പറത്താനും അവൾ പഠിച്ചു.


ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച്‌ ഹെലൻ മനസ്സിലാക്കി. "The doll is in the bed" തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത്‌ പഠിച്ചു. ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലൻ അനായാസം സ്വായത്തമാക്കി. ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത്‌ ദൃഢമായി.

ഔപചാരിക വിദ്യാഭ്യാസം

[തിരുത്തുക]
ഹെലൻ കെല്ലർ ബിരുദം നേടിയശേഷം,1904-ലെ ചിത്രം

1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു. ഡയറക്ടറായിരുന്ന മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌. ഹെലനിലൂടെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പെരുമ വർദ്ധിയ്ക്കുമെന്ന്‌ പലരും വിശ്വസിച്ചു. എങ്കിലും ഹെലന്റെ ബാല്യകാലകൗതുകങ്ങൾ പ്രശസ്തി മൂലം നഷ്ടപ്പെടുമെന്ന്‌ ആനി ഭയന്നു. 1894ൽ അവരിരുവരും ന്യൂയോർക്കിലെ ബധിരർക്കായുള്ള റൈറ്റ്‌ ഹാമറൺ വിദ്യാലയത്തിലേയ്ക്കു പോയി. അപ്പോഴും വ്യക്തമായി സംസാരിയ്ക്കാൻ ഹെലനു കഴിഞ്ഞിരുന്നില്ല. എങ്കിലും ഇംഗ്ലീഷിൽ അവർ അഗാധ പാണ്ഡിത്യം നേടി. 14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു. ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും, പുസ്തകങ്ങൾ ബ്രെയിലി ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്‌, ജർമൻ, ലാറ്റിൻ, ഇംഗ്ലീഷ്‌,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി. 1900-ൽ റാഡ്ക്ലിഫ്‌ കോളേജിലേയ്ക്കുള്ള പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി. 24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.

ആനി പ്രശസ്തിയ്ക്കുവേണ്ടി ഹെലനെക്കൊണ്ട്‌ കൂടുതൽ കാര്യങ്ങൾ ചെയ്യിക്കുന്നുവെന്നും,ഹെലനെ അത്ഭുതസ്ത്രീയായി ചിത്രീകരിയ്ക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ അക്കാലത്ത്‌ രൂക്ഷമായി.അത്തരം ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഹെലന്റെ വിജയം.

ഹെലൻ കെല്ലറുടെ വ്യക്തിത്വം

[തിരുത്തുക]

എന്ന്‌ ഒരിയ്ക്കൽ മാർക്ക്‌ ട്വയിൻ അഭിപ്രായപ്പെടുകയുണ്ടായി.വളരെ സ്വാധീനശക്തിയുള്ളതായിരുന്നു ഹെലന്റെ വ്യക്തിത്വം.ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു ഹെലൻ കെല്ലർ.കാഴ്ചയില്ലെങ്കിലും പ്രൗഢമായി വസ്ത്രം ധരിയ്ക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.അറിവുനേടാനും,ആശയവിനിമയം നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ എപ്പോഴും കർമ്മനിരതയായിരിയ്ക്കാൻ പ്രേരിപ്പിച്ചു.

ഓർമ്മശക്തിയും മനസാന്നിധ്യവും,നർമ്മബോധവുമായിരുന്നു മറ്റു പ്രധാന സവിശേഷതകൾ.ജീവിതകാലം മുഴുവൻ ഒരു സാധാരണ സ്ത്രീയാകാനാണ്‌ ഹെലൻ ആഗ്രഹിച്ചത്‌.വൈകല്യമില്ലാത്തവർ കടന്നു ചെല്ലാൻ മടിച്ച രംഗങ്ങളിൽ പോലും,ആനിയുടെ കൈപിടിച്ച്‌ അവർ ധൈര്യപൂർവ്വം കടന്നു ചെന്നു.മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കിടുന്നതിലും ഹെലന്‌ താത്പര്യമുണ്ടായിരുന്നു.

കാഴ്ചയും കേൾവിയും ഇല്ലാത്ത എല്ലാവരെയും പോലെ ഹെലനും ഗന്ധമാസ്വദിയ്ക്കുന്നതിൽ തത്പരയായിരുന്നു.ചെസ്സും,ചീട്ടുകളിയും അവരുടെ പ്രിയവിനോദങ്ങളായിരുന്നു.യാത്രയും വായനയും ഇഷ്ടപ്പെട്ടിരുന്നു.

ആശയവിനിമയം

[തിരുത്തുക]

ആനി സള്ളിവൻ പരീക്ഷിച്ചു വിജയിച്ച, കൈയിൽ എഴുതിയുള്ള ആശയവിനിമയമായിരുന്നു ഹെലൻ ജീവിതത്തിലുടനീളം പിന്തുടർന്നത്‌.കേൾവിശക്തിയും കാഴ്ചശക്തിയുമില്ലാത്തവരെ ചുണ്ടിൽ വിരലുകൾ ചേർത്തുവച്ച്‌ ഉച്ചാരണം പഠിപ്പിക്കുന്ന രീതിയും ആനി പരീക്ഷിയ്ക്കയുണ്ടായി.എന്നാൽ,വാക്കുകൾക്കും,സന്ദർഭങ്ങൾക്കുമനുസരിച്ച്‌ ശബ്ദവ്യതിയാനം വരുത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല.എങ്കിലും,"താഴ്‌വരയിലെ ലില്ലിപുഷ്പം" എന്നു പ്രസിദ്ധയായ ഹെലന്റെ വാക്കുകൾ കേൾക്കാൻ എന്നും വലിയ ജനാവലിയുണ്ടായിരുന്നു.എഴുത്തായിരുന്നു മറ്റൊരു ശക്തമായ മാധ്യമം.അതും പൊതുജനങ്ങളെ അവരിലേയ്ക്കടുപ്പിച്ചു.

സുഹൃത്തുക്കൾ

[തിരുത്തുക]
Helen Keller, age 8, with her tutor Anne Sullivan while vacationing on Cape Cod, July 1888 (photo re-discovered in 2008)

കുട്ടിക്കാലത്ത്‌ അമ്മയും മാർത്തയുമായിരുന്നു ഹെലന്റെ സുഹൃത്തുക്കൾ.പിന്നെ ആ സ്ഥാനം ആനി ഏറ്റെടുത്തു. തന്റെ ആത്മകഥാരചനയിൽ പങ്കാളിയായ ജോൺ മേസിയെന്ന പത്രപ്രവർത്തകനായിരുന്നു മറ്റൊരു ആത്മമിത്രം.1905-ൽ ആനിയും മേസിയും വിവാഹിതരായപ്പോൾ ഏറ്റവും സന്തോഷിച്ചത്‌ ഹെലനായിരുന്നു.മേസിയുമായുള്ള സൗഹൃദം ഹെലനിൽ സോഷ്യലിസ്റ്റ്‌ ചിന്താഗതി വളർത്തി.പെർക്കിൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ അനാഗ്സോണും,അലക്സാണ്ടർ ഗ്രഹാം ബെല്ലും ഹെലന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.അവരിരുവരും നിരവധി പ്രമുഖരെ ഹെലന്‌ പരിചയപ്പെടുത്തി.മാർക്ക് ട്വൈനും ചാർളി ചാപ്ലിനും അവരിൽ ചിലരായിരുന്നു.

1913-ൽ ആനിയും മേസിയും വിവാഹമോചിതരായി.ആ സംഭവം ആനിയെ മാനസികമായി തളർത്തി.1914-ൽ ആനി ഹെലന്റെ പരിചരണത്തിനായി മേരി ആഗ്നസ്‌ തോംസൺ എന്ന പോളി തോംസണെ ചുമതലപ്പെടുത്തി.പീറ്റർ ഫാഗൻ എന്ന ചെറുപ്പക്കാരൻ ഹെലന്റെ സെക്രട്ടറിയായും ചുമതലയേറ്റു.1936 ഒക്ടോബർ20-ന്‌ നേരത്തെയുണ്ടായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച്‌ ആനി അന്തരിച്ച ശേഷം അവരിരുവരും ഹെലന്‌ താങ്ങും തണലുമായി.

തന്റെ വൈകല്യം വിവാഹജീവിതത്തിന്‌ വിലങ്ങുതടിയാകുമെന്ന്‌ ഹെലൻ കരുതിയിരുന്നു.എന്നാൽ ഹെലന്റെ സെക്രട്ടറി പീറ്റർ ഫാഗൻ ഹെലനെ വിവാഹം കഴിയ്ക്കാൻ തയ്യാറായി. പീറ്ററുടെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയും അവരിരുവരും തമ്മിലുള്ള പ്രായവ്യത്യാസവും കുടുംബാംഗങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കി.അമ്മയുടെയും സഹോദരങ്ങളുടെയും എതിർപ്പു കാരണം ഹെലൻ ആ ബന്ധത്തിൽ നിന്നു പിന്മാറാൻ നിർബന്ധിതയായി.പിന്നീട്‌ ഇതെക്കുറിച്ച്‌, "എന്റെ ജീവിതത്തിൽ സ്നേഹം നിഷേധിയ്ക്കപ്പെട്ടു,സംഗീതവും സൂര്യപ്രകാശവും നിഷെധിയ്ക്കപ്പെട്ടതുപോലെ" എന്ന്‌ അനുസ്മരിയ്ക്കയുണ്ടായി."കറുത്തിരുണ്ട പുറംകടലിലെ ഒരു ചെറുതുരുത്ത്‌" എന്നാണ്‌ ഹെലൻ ആ ചെറു പ്രണയത്തെ വിശേഷിപ്പിച്ചത്.

സാഹിത്യത്തിൽ

[തിരുത്തുക]

കുട്ടിക്കാലം മുതൽക്കേ ഹെലന്റെ ഭാവനാസമ്പത്ത്‌ എഴുത്തുകളുടെ രൂപത്തിൽ പ്രകടമായിരുന്നു.സുഹൃത്തുക്കൾക്കെല്ലാം,തനിയ്ക്കറിയാവുന്ന ഭാഷയിൽ,ആനിയിലൂടെ താൻ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച്‌ വിശദമായി എഴുതാൻ ഹെലൻ ശ്രമിച്ചിരുന്നു.പത്തു വയസ്സു മുതൽ ഹെലൻ കഥകളെഴുതാൻ തുടങ്ങിയിരുന്നു.പതിനൊന്നാം വയസ്സിൽ അവളെഴുതിയ ഒരു കഥ, അനാഗ്നോസ്‌ തന്റെ സ്ഥാപനത്തിന്റെ മുഖപത്രത്തിൽ പ്രസിദ്ധീകരിയ്ക്കയുന്റായി.എന്നാൽ അത്‌ മറ്റൊരു പ്രസിദ്ധ സാഹിത്യകാരന്റെ രചനയുടെ പകർപ്പാണെന്ന്‌ ചിലർ ആരോപിച്ചു.എന്നാൽ എവിടെയോ കേട്ടുമറന്ന കഥ ആ കൊച്ചു പെൺകുട്ടി തന്റേതായ ഭാഷയിൽ പുനരാവിഷ്കരിയ്ക്കയാണുണ്ടായതെന്ന് എന്ന്‌ പിന്നീട്‌ തെളിഞ്ഞു.

ലളിതമായ ഭാഷയിലായിരുന്നു ഹെലന്റെ എഴുത്ത്‌.വിവരണാത്മകതയും എഴുത്തിലെ സത്യസന്ധതയും മറ്റു പ്രത്യേകതകളായിരുന്നു.പരന്ന വായന ഹെലന്റെ പദസമ്പത്ത്‌ അത്ഭുതകരമാംവിധം വിപുലമാക്കിയിരുന്നു.പ്രസംഗത്തിലും അത്‌ പ്രതിഫലിച്ചു.

പ്രധാന കൃതികൾ

[തിരുത്തുക]

റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലൻ തന്റെ ആത്മകഥ എഴുതാൻ തീരുമാനിച്ചത്‌.ആനിയെക്കൂടാതെ,പിൽകാലത്ത്‌ ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ്‌ ഹൗസ്‌ ജേണൽ എന്ന മാസികയിൽ 5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.

1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേൾഡ്‌ ഐ ലിവ്‌ ഇൻ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താൻ 'കാണുന്ന' ലോകത്തെക്കുറിച്ചാണ്‌ ഹെലൻ വിവരിയ്ക്കുന്നത്‌.ആത്മീയസ്പർശമുള്ള ലൈറ്റ്‌ ഇൻ മൈ ഡാർക്ക്‌നസ്സ്‌,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്‌. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഹെലന്റെതായുണ്ട്‌.

രാഷ്ട്രീയത്തിൽ

[തിരുത്തുക]

സാഹിത്യരംഗത്ത്‌ പ്രശസ്തയായതോടെ,വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച്‌ പല രാഷ്ട്രങ്ങളും സന്ദർശിയ്ക്കാൻ ഹെലൻ കെല്ലർക്ക്‌ അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,ഹെലനിൽ സോഷ്യലിസ്റ്റ്‌ ചിന്താഗതികൾ വളർന്നു.1909-ൽ ഹെലൻ സോഷ്യലിസ്റ്റ്‌ പാർട്ടി അംഗമായി.ചില തൊഴിൽ സംഘടനകളെ പിന്തുണച്ചു കൊണ്ട്‌ അവർ പ്രസ്താവനയിറക്കി.1915-ൽ ഹെലൻ ജോർജ്ജ്‌ കെസ്ലറുമായിച്ചേർന്ന്‌ വികലാംഗക്ഷേമത്തിനായി,ഹെലൻ കെല്ലർ അന്താരാഷ്ട്രസംഘടന രൂപവത്കരിച്ചു.സ്ത്രീകൾക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവർക്കും കറുത്തവർഗ്ഗക്കാർക്കും വേണ്ടിയായിരുന്നു ആ സംഘടനയുടെ പ്രവർത്തനം.


വാർദ്ധക്യം,മരണം

[തിരുത്തുക]
Helen Keller as depicted on the Alabama state quarter

ആനിയുടെ മരണത്തോടെ മാനസികമായി തളർന്ന ഹെലനെ ആ ആഘാതത്തിൽ നിന്ന്‌ കൈപിടിച്ചു കയറ്റിയത്‌ പോളി തോംസണായിരുന്നു.അവരിരുവരും ചേർന്ന്‌ നടത്തിയ വിദേശയാത്രകൾ ഹെലന്‌ പുതുജീവൻ പകർന്നു.എന്നാൽ 1960-ൽ പോളി തോംസൺ അന്തരിച്ചതോടെ ഹെലൻ വീണ്ടും ഒറ്റപ്പെട്ടു.1961 മുതൽ ഹെലൻ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂർണമായും ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത 1968 ജൂൺ 1-ന്‌ 87-ആം വയസ്സിൽ അന്തരിച്ചു[11].വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ കത്തീഡ്രലിലായിരുന്നു ശവസംസ്കാരം[12].

ആത്മവിശ്വാസത്തിന്റെ,ദൃഢനിശ്ചയത്തിന്റെ,കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളർന്ന ആ അന്ധവനിത,അംഗവൈകല്യമുള്ള അനേകർക്ക്‌ പ്രത്യാശയായി ഇന്നും ജനമനസ്സുകളിൽ ജീവിയ്ക്കുന്നു

അവലംബം

[തിരുത്തുക]
  1. Official site of Ivy Green, Helen Keller's birthplace
  2. "American Foundation for the Blind". Archived from the original on 2008-04-09. Retrieved 2008-08-02.
  3. Virtual tour of Archived 2008-07-05 at the Wayback MachineIvy Green, Helen Keller's birthplace in america
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-07. Retrieved 2008-08-02.
  5. http://www.gutenberg.org/dirs/etext00/kelle10.txt
  6. http://www.gutenberg.org/dirs/etext00/kelle10.txt
  7. Worthington, W. Curtis. A Family Album: Men Who Made the Medical Center (Medical University of South Carolina ed.). ISBN 978-0871524447.
  8. http://www.graceproducts.com/keller/life.html
  9. The Story of My Life with introduction to the text
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-07. Retrieved 2008-08-02.
  11. http://www.findagrave.com/cgi-bin/fg.cgi?page=gr&GRid=567&ref=wvr
  12. http://www.findagrave.com/cgi-bin/fg.cgi?page=gr&GRid=567&ref=wvr
"https://ml.wikipedia.org/w/index.php?title=ഹെലൻ_കെല്ലർ&oldid=4437006" എന്ന താളിൽനിന്ന് ശേഖരിച്ചത്