Jump to content

എയ്യാൽ

Coordinates: 10°39′0″N 76°7′0″E / 10.65000°N 76.11667°E / 10.65000; 76.11667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയ്യാൽ
Map of India showing location of Kerala
Location of എയ്യാൽ
എയ്യാൽ
Location of എയ്യാൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശൂർ
ഏറ്റവും അടുത്ത നഗരം കുന്നംകുളം
ലോകസഭാ മണ്ഡലം ആലത്തൂർ
നിയമസഭാ മണ്ഡലം കുന്നംകുളം
ജനസംഖ്യ 6,727 (2011—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം 1172 /
സാക്ഷരത 94.2%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് eyyal.blogspot.com

10°39′0″N 76°7′0″E / 10.65000°N 76.11667°E / 10.65000; 76.11667

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽപ്പെട്ട പുരാവസ്തുപരമായി പ്രാധാന്യമാർജിച്ചിട്ടുള്ള ഒരു ഗ്രാമമാണ് എയ്യാൽ . ഇയ്യാൽ എന്ന പേരിലും ഈ ഗ്രാമം അറിയപ്പെടുന്നു[1]. 1946-ൽ ഇവിടെ നിന്നു കുറേ റോമൻ നാണയങ്ങളും മുദ്രിത (punch marked) നാണയങ്ങളും കണ്ടുകിട്ടി.[2] മുസിരീസ്സിൽ (കൊടുങ്ങല്ലൂർ) നിന്ന് തിണ്ടിസ്സി (കടലുണ്ടി) ലേക്കുള്ള രാജപാത എയ്യാലിലൂടെ കടന്നു പോയിരുന്നു. മുസിരിസ് തുറമുഖത്തേക്ക് അയക്കാനുള്ള കുരുമുളക്, ഏലം, ചന്ദനം മുതലായവ ഇവിടെ ശേഖരിക്കപ്പെട്ടിരുന്നതായി കാണുന്നു.

പാശ്ചാത്യരുമായുള്ള വാണിജ്യബന്ധം നിമിത്തം കൊടുങ്ങല്ലൂരിനുണ്ടായ ഐശ്വര്യസമൃദ്ധി എയ്യാലിനും ലഭിച്ചിരുന്നു. ഇവിടെ നിന്നു കിട്ടിയ റോമൻ സ്വർണനാണയങ്ങൾ എ. ഡി. ഒന്നാം ശതകത്തിലെ ടൈബീരിയസ്, ക്ലോഡിയസ്, നീറോ, ട്രോജൻ എന്നിവരുടേതാണ്; റോമൻ വെള്ളി നാണയങ്ങൾ മാർക്ക് ആന്റണി, അഗസ്റ്റസ്സ് സീസർ, ക്ലോഡിയസ്, നീറോ, യങ് നീറോ എന്നിവരുടെ കാല (ബി. സി. 1-ം ശതകം) ത്തേതും ഇവിടെ നിന്നു ലഭിച്ച (മുദ്രിത) വെള്ളി നാണയങ്ങൾ ഭാരതത്തിലെമ്പാടുനിന്നും ഉത്ഖനനഫലമായി കിട്ടിയിട്ടുള്ള ഇനത്തിൽ പ്പെട്ടവയാണ്. നാണയ വിഞ്ജാനികളാണ് ഇവയെ പഞ്ചമാർക്ക് എന്നു വിശേഷിപ്പിച്ചിട്ടുള്ളത്; സംസ്കൃത ഗ്രന്ഥകാരന്മാർ ഇവയ്ക്ക് പുരാണ ധരണ എന്നിപ്പേരുകൾ കൊടുത്തിരുന്നു. വലിപ്പത്തിലോ കനത്തിലോ രൂപത്തിലോ ഇവയ്ക്ക് ഐകരൂപ്യമില്ല. വർത്തുളം, ദീർഘചതുരം സമചതുരം എന്നിങ്ങനെ പല ആകാരങ്ങളിൽ ഇവ കാണപ്പെടുന്നു. വെള്ളിയും ചെമ്പും ആണ് ഇവയിലെ മുഖ്യ ലോഹഘടകങ്ങൾ. നാണയത്തിന്റെ ഒരുവശത്ത് അച്ചുപയോഗിച്ച് പലതരം മുദ്രകൾ കൊത്തിയിരിക്കും. പഴക്കം കൂടിയ നാണയങ്ങളുടെ ഒരു വശത്ത് അടയാളമൊന്നും കാണാറില്ല. എന്നാൽ മിക്കതിലും ചില ചെറിയ അടയാളങ്ങൾ കാണാറുണ്ട്. രണ്ടുവശത്തും ധാരാളം അടയാളങ്ങളുള്ള നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. പലതരത്തിലുള്ള അടയാളങ്ങളിൽ മുന്നൂറിലധികം എണ്ണം തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യർ, കൈകൾ, വൃക്ഷങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ബൗദ്ധാരാധന ചിഹ്നങ്ങൾ സൂര്യ-ചന്ദ്രന്മാർ മുതലായവ ഇക്കൂട്ടത്തിൽ സർ‌‌വസാധാരണമാണ്. ബുദ്ധ-ധർമചക്രം പൂമൊട്ട്, പൂവ്, ആന, കാള, ത്രിശൂലം, ഗ്രഹങ്ങൾ മുതലായവയും കാണപ്പെടുന്നു. 2.3 ഗ്രാം മുതൽ 2.9 ഗ്രാം വരെ തൂക്കം ഇവയ്ക്കുണ്ട്. ഇവ തനി ഭാരതീയമായ നാണയങ്ങളിൽ പഴക്കം കൂടിയവയാണെന്നാണ് നാണയ വിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അലക്സാണ്ടർ കണ്ണിങ്ഹാം ഈ നാണയങ്ങൾ മൂന്ന് കലഘട്ടങ്ങളിൽ ഉണ്ടായവയാണെന്നും ഒടുവിലത്തെ വിഭാഗം ബി. സി. 3-ം ശതകത്തിന്റെ അന്ത്യത്തിലോ 2-ം ശതകാരംഭത്തിലോ ഉണ്ടായവയാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. പഴക്കം കൂടിയവ ബി. സി. 8-ം ശതകത്തിൽ ഉണ്ടായവ ആയിരിക്കണം

എയ്യാലിൽ നിന്നു കിട്ടിയമാതിരി പഞ്ച്മാർക്ക് നാണയങ്ങൾ മുൻ തിരുവിതാംകൂർ സംസ്ഥാനത്ത് കോട്ടയം താലുക്കിൽ അകലക്കുന്നം പകുതിയിൽ എലിക്കുളം കരയിൽ നിന്നും കിട്ടിയിട്ടുണ്ട്. കേരളവും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ പുരാതനകാലത്തു നടത്തിയിരുന്ന വ്യാപാര ബന്ധങ്ങളിലേക്കു വെളിച്ചം വീശുവാൻ ഇവ തികച്ചും സഹായകമാണ്.[3]

ഗ്രന്ഥസൂചി

[തിരുത്തുക]
  • C. J. Brown, The Coin of India.
  • Parameswarilal Gupta, Coin.
  • M. K. Saran, Tribal Coin
  • Cochin Archaeological Report
  • Travancore Archaeological Report

അവലംബം

[തിരുത്തുക]
  1. https://village.kerala.gov.in/Office_websites/contactus.php?nm=1525Eyyalvillageoffice
  2. http://www.hotel-in-kerala.com/places-kerala/kodangallore-church.html Archived 2015-12-10 at the Wayback Machine. Kodangallore Church - Kerala
  3. Malayalam Encyclopedia Vol V page 229; published by State Institute of Encyclopedic publication Thiruvanathapuram
"https://ml.wikipedia.org/w/index.php?title=എയ്യാൽ&oldid=3926018" എന്ന താളിൽനിന്ന് ശേഖരിച്ചത്