Jump to content

കൂർമ്മൽ എഴുത്തച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടൻ‌ തെയ്യം

വടക്കൻ കേരളത്തിലെ പ്രധാന തെയ്യങ്ങളിൽ ഒന്നായ പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിനെ ക്രമപ്പെടുത്തിയെടുത്ത വ്യക്തിയാണ് കൂർമ്മൽ എഴുത്തച്ഛൻ . കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് അജാനൂരിൽ കൂർമ്മൽ തറവാട്ടിലാണ് (കൂർമ്മൽ മൂലച്ചേരി - പടിഞ്ഞാറേക്കര) ഇദ്ദേഹം ജനിച്ചത്. മഡിയൻ കൂലോം രണ്ടില്ലം എട്ട് തറവാട്ടിൽ (മഡിയൻ, മൂലച്ചേരി) ഒന്നിലായ മൂലച്ചേരിയിൽ ഈ തറവാടു പെടുന്നു.

ജീവിതചരിത്രം

[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് എഴുത്തച്ഛൻ ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. കൂർമ്മൽ എന്നതു തറവാട്ടുപേരാണ്‌‍. പടിഞ്ഞാറേക്കരയിലെ ഒരു പ്രമുഖ നായർ‌ തറവാടാണ്‌ കൂർമ്മൽ. എഴുത്തച്ഛന്റെ പേരെന്താണെന്നു കണ്ടുപിടിക്കാൻ മതിയായ തെളിവുകൾ ഒന്നും തന്നെ കണ്ടുകിട്ടിയിട്ടില്ല. എഴുത്തച്ഛന്റെ ഭൗതികശരീരം അടക്കം ചെയ്ത അജാനൂർ പടിഞ്ഞാറേക്കരയിലുള്ള സമാധിക്കാവ് തീയ്യസമുദായക്കാരായ പൂരക്കളിപ്പണിക്കർ‌മാരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്‌. ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥ കെട്ടുകളും മറ്റും നൽകിയത് അടോട്ട് പണിക്കർ വീട് എന്ന തീയ്യ തറവാടിനായിരുന്നു. ഈ തറവാട്ടിലെ പൂരക്കളി പണിക്കർ‌മാർ പൂരക്കളിക്കു പോകുമ്പോൾ കാവിൽ‌പോയി മൗനാനുവാദം ചോദിക്കുന്ന ചടങ്ങ് ഇന്നും നിലനിൽ‌ക്കുന്നു. പരമ്പരാഗത എഴുത്തശാൻ‌ ആയിരിക്കണം കൂർമ്മൽ എഴുത്തച്ഛൻ എന്ന് വിശ്വസിക്കുന്നു. പടിഞ്ഞാറേക്കരയിൽ എഴുത്തച്ഛൻ സ്ഥാപിച്ച എഴുത്ത്കൂട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കൂടി പ്രവർത്തിച്ചിരുന്നു. അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും ലോകത്ത് ഒതുങ്ങിപ്പോയ ഒരു ജനതയിലേക്ക് വിദ്യയിലൂടെ സമത്വബോധത്തിന്റെ പ്രകാശം പരത്തിയ ഗുരുവര്യനായി എഴുത്തച്ഛൻ വാഴ്‌ത്തപ്പെടുന്നു.

പൊട്ടൻ തെയ്യത്തിന്റെ തോറ്റം

[തിരുത്തുക]

നൂറ്റാണ്ടുകളായി ഒരു സമൂഹത്തിന്റെ മനസ്സിൽ ഖനീഭവിച്ച അമർഷത്തിന്റെ അഗ്നിജ്വാലകളാണ്‌ പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലൂടെ പുറത്തു വരുന്നത്. ജാതീയതയുടെ പേരുപറഞ്ഞ് തീണ്ടാപ്പാടകലെ നിർത്തിയ താഴ്‌ന്ന ജാതിക്കാരൻ ജാതിവൈകൃതത്തിന്റേയും അയിത്താചാരങ്ങളുടേയും നിരർ‌ത്ഥകതയെ ചോദ്യം ചെയ്യുന്നവയാണ് തോറ്റം പാട്ട്. തന്റെ ചുറ്റുപാടും അധിവസിച്ചിരുന്ന കീഴാളജനവിഭാഗം അനുഭവിച്ച പീഡനവും അവഗണനയും നേരിട്ടുകണ്ട എഴുത്തച്ഛനിലുണ്ടായ വെളിപാടാണ്‌ ഈ തോറ്റം പാട്ട്. വടക്കൻ‌ കേരളത്തിലെ സാമൂഹിക മാറ്റത്തിന്റെ ആക്കം കൂട്ടാൻ ഈ തോറ്റം പാട്ടുകൾ‌ക്കായി. ജാതിഭേദമന്യേ എല്ലാ വീടുകളിലും കെട്ടിയാടുന്ന തെയ്യമാണ്‌ പൊട്ടൻ‌ തെയ്യം. ജാതിമേധാവിത്വം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ സമൂഹമനസാക്ഷിയുടെ മുമ്പിൽ വിപ്ലവകരമായ ഒട്ടേറെ ചോദ്യങ്ങൾ എറിഞ്ഞുകൊടുക്കുകയാണ്‌ ഈ തോറ്റമ്പാട്ടിലൂടെ എഴുത്തച്ഛൻ‌ ചെയ്തത്.

തോറ്റം പാട്ടിലെ ചില വരികൾ

[തിരുത്തുക]

നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര
നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര?
നാങ്കളെ കുപ്പയിൽ നട്ടോരു വാഴ
പ്പഴമല്ലോ നീങ്കടെ തേവനു പൂജ!
നാങ്കളെ കുപ്പയിൽ നട്ടോരു തൃത്താരു-
പ്പൂവല്ലേ നീങ്കടെ തേവനു മാല!

നാങ്കളെ തോണി കടന്നില്ലെ നീങ്കൾ
നാങ്കളെ തേങ്ങയുടച്ചില്ലേ നീങ്കൾ

ചന്ദനം ചാർത്തി നടപ്പുണ്ട് ചൊവ്വറ്
ചേറുമണിഞ്ഞ് നടപ്പുണ്ട് നാങ്കൾ,
വെറ്റില തിന്ന് നടപ്പുണ്ട് ചൊവ്വറ്
അല്ലിക്ക തിന്ന് നടപ്പുണ്ട് നാങ്കൾ
ആനപ്പുറത്തേറി ചൊവ്വറ് വരുമ്പം
പോത്തിൻ പുറത്തേറി നാങ്കൾ വരുവൻ
പെരിയോന്റെ കോയിക്കലെല്ലാരും ചെല്ലുമ്പം
അവിടേക്ക് നീങ്കളും നാങ്കളുമൊപ്പമല്ലേ?

അവലംബം

[തിരുത്തുക]

കാസർഗോഡ്: ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം.

"https://ml.wikipedia.org/w/index.php?title=കൂർമ്മൽ_എഴുത്തച്ഛൻ&oldid=3205460" എന്ന താളിൽനിന്ന് ശേഖരിച്ചത്