Jump to content

ഇലുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇലിമ്പൻ പുളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുമ്പൻ പുളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. bilimbi
Binomial name
Averrhoa bilimbi
Synonyms
  • Averrhoa abtusangulata Stokes
  • Averrhoa obtusangula Stokes
പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. കസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുുളി എന്നും അറിയപ്പെടുന്നുണ്ട്. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലുംകായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു. ജനനം ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌[1][2], എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. കണ്ണൂർ മേഖലയിൽ ബുളുമ്പി എന്നും പറയപ്പെടുന്നു

പേരിനു പിന്നിൽ

[തിരുത്തുക]

ബിലിംബിം (Bilimbim) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണീ പേരുണ്ടായത്. മലയൻ ഭാഷയിലെ ബാലെംബിങ്ങിൽ നിന്നാണ്‌ പോർത്തുഗീസ് പേരുണ്ടായത്.[3]

കൃഷിരീതി

[തിരുത്തുക]

വിത്താണ്‌ പ്രധാന നടീൽ വസ്തു. മാതൃവൃക്ഷത്തിന്റെ ചുവട്ടിൽ വിത്ത് വീണ്‌ മുളക്കുന്ന തൈകളോ നഴ്സറിയിൽ നിന്നും ലഭിക്കുന്ന തൈകളോ നടുന്നതിനായ് ഉപയോഗിക്കാം. ഏകദേശം 1മീറ്റർ നീളത്തിലും അതേ വീതിയിലും‍ ആഴത്തിലും ( 1X1X1) എടുക്കുന്ന കുഴികളിൽ ഏകദേശം 1 വർഷം പ്രായമുള്ള തൈകൾ , കുഴികളിൽ നാലിൽ മൂന്ന് ഭാഗം മേൽമണ്ണും ഒരു ഭാഗം പച്ചിലവളവും ചേർത്ത് നിറച്ചതിനുശേഷം നടാം. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മഴക്കാലമാകുന്നതോടെ പുതിയ കിളിർപ്പുകളും പൂക്കളും ഉണ്ടാകുന്നു. പൂക്കൾ‍ കുലകളായി മരത്തിന്റെ ചില്ലകളിലും തടിയിലും ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണം മൂലം കായകളായി മാറുകയും ചെയ്യുന്നു.

ഔഷധഗുണം

[തിരുത്തുക]

ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.

ഇലുമ്പി കായ് മുറിക്കാതെ ഉപ്പിലിട്ട് നാല്‌ ദിവസം കഴിഞ്ഞ്‌ ആ ലായനി കാൽ ഗ്ലാസ്സ് എടുത്ത്‌ നേർപ്പിച്ച് കുടിക്കുന്നത്‌ രക്തത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കുന്നു. . ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉത്തമം. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.[അവലംബം ആവശ്യമാണ്] ഇലുമ്പിയുടെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ അതിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സാലിക് ആസിഡ് വൃക്കയിൽ അടിഞ്ഞ് വൃക്ക തകരാറിൽ ആവുന്നത് റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്. [4]

ഉപയോഗങ്ങൾ

[തിരുത്തുക]
ഇലുമ്പി കായ്

പാചകത്തിൽ പുളിക്ക് പകരമായി ഉപയോഗിക്കുന്നു. കൂടാതെ അച്ചാറിടുന്നതിനും [5]ഉപയോഗിക്കുന്നു.

മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും. അച്ചാറുണ്ടാക്കാനും, മീൻ കറിയിൽ സാധാരണ പുളിക്ക് പകരമായും ഇലുമ്പിപുളി ഉപയോഗിക്കുന്നു. ക്ലാവ്, തുണികളിലെ തുരുമ്പ് കറ എന്നിവ കളയാൻ ഇലുമ്പി പുളിയുടെ നീര് നല്ലതാണ്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. History of cultivation എന്ന ഖണ്ഡികയിൽ[പ്രവർത്തിക്കാത്ത കണ്ണി]
  2. കർഷകശ്രീ മാസിക 2007 ഒക്ടോബർ ലക്കത്തിലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം.
  3. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.ncbi.nlm.nih.gov/pmc/articles/PMC3741977/
  5. "ഇരുമ്പൻ പുളി !". Retrieved 2023-05-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇലുമ്പി&oldid=3930978" എന്ന താളിൽനിന്ന് ശേഖരിച്ചത്