ഈന്തപ്പന
ഈന്തപ്പന | |
---|---|
![]() | |
ഈന്തപ്പനകൾ, മെർസൌഗ, മൊറോക്കോ | |
സുരക്ഷിതം
| |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. dactylifera
|
Binomial name | |
Phoenix dactylifera |
മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ് ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ് ഈന്തപ്പന വളരുന്നത്. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്. അറബ് രാജ്യങ്ങളിലും, മറ്റ് വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്. 15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. അറബ് നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന കൃഷിചെയ്യുന്നുണ്ട്. ഈന്തപ്പനയുമായി നല്ല സാമ്യമുള്ള മറ്റൊരു വൃക്ഷമാണ് കാട്ടീന്ത.
ഈന്തപ്പന മിസ്രയിം, ബാബിലോൺ, അറേബ്യാ മുതലായ ദേശങ്ങളിൽ ധാരാളമായി വളരുന്നു. ഈ ഉഷ്ണദേശങ്ങളിൽ നെല്ല് ഗോതമ്പ് മുതലായ ധാന്യങ്ങൾ ധാരാളമുണ്ടാകാത്തതുകൊണ്ടും ശേമ്യരൊക്കെയും ഈന്തപ്പനയെ വളരെ പ്രശംസിച്ചു, അത് വിശുദ്ധ വൃക്ഷമാണെന്നു പറഞ്ഞുവെന്നു. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് നെല്ലരിച്ചോറ് എന്നപോലെ ശേമ്യർക്ക് ഈന്തപ്പഴം ഭക്ഷണമായിരുന്നു.ഈന്തപ്പനയുടെ ഓല മെടഞ്ഞു പായ്കളും കൂട്ടകളുമുണ്ടാക്കും. അതിന്റെ നാരുകൊണ്ട് കയറുപിരിക്കും പഴത്തിലുള്ള കുരു ഇടിച്ചു ചതച്ചു കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കും. പണ്ട് പാലസ്റ്റീനിലും ഇതുണ്ടായിരുന്നു. എന്നാൽ ഇക്കാലത്തു ആ ദേശക്കാർ ഇതിനെ അവിടെ കൃഷിചെയ്യുന്നതിനു തീരെ ശ്രമം ചെയ്യാത്തതുകൊണ്ട് ഈ കൃഷി അവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടില്ല.
സൗഖ്യത്തെയും സൗന്ദര്യത്തെയും കുറിക്കുന്നതിന് ഈന്തപ്പനയെ ഉപമാനമായി പറഞ്ഞുവരുന്നു. ഈന്തപ്പനയെ പനയെന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു. ( സങ്കീ 92:12 ഉത്ത 7:7 )കൂടാരപ്പെരുനാൾ മുതലായ വിശേഷദിവസങ്ങളിൽ സന്തോഷ സൂചകമായി ഈന്തപ്പന കുരുത്തോലകളെ വീശുന്നത് സാധാരണമാണ്. ( പുറ 15:27 ലേവ്യ 23:40 സംഖ്യ 33:9 ന്യായാ 1:16, 3:13 യോഹ 12:13 വെളി 7:9 ആവ 34:8 )
പ്രത്യേകതകൾ
[തിരുത്തുക]ഒറ്റത്തടി വൃക്ഷമാണ് ഈന്തപ്പന. പനജാതിയിൽപ്പെട്ട എല്ലാ വൃക്ഷങ്ങളെയും പോലെ മുകളറ്റത്താണ് "ഓലകൾ" കാണപ്പെടുന്നത്. തെങ്ങോല പോലെ ഒരു തണ്ടിൽനിന്നും ഇരുവശത്തേക്കുമാണ് ഇലകൾ കാണപ്പെടുന്നത് (pinnate). ഓലകൾക്ക് മൂന്നു മീറ്ററോളം നീളമുണ്ടെങ്കിലും, ഇലകൾക്ക് ഒരടിയോളമേ നീളമുള്ളൂ. മാർച്ച് മാസത്തോടെ ഈന്തപ്പനകൾ പൂക്കുന്നു. ജൂലൈ മാസത്തോടെ കായകൾ പഴുക്കാൻ തുടങ്ങും. ഒരു മരത്തിൽനിന്ന് ഈ സീസണിൽ നൂറുകിലോയോളം ഈന്തപ്പഴങ്ങൾ ലഭിക്കും.

സീസണിൽ നാലു വ്യത്യസ്ത പാകത്തിലുള്ള പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. കിമ്രി (പഴുക്കാത്തവ) ഖലാൽ (പകുതി പഴുപ്പ്, കടിച്ചു മുറിച്ച് തിന്നാം) റുത്താബ് (പഴുത്ത്, വെണ്ണപോലെ മൃദുലമായ പഴം) തമർ (ഉണക്കിയ ഈന്തപ്പഴം). ഇതിൽ റുത്താബ് ആണ് ഏറ്റവും മാധുര്യമുള്ളത്. വെണ്ണപോലെ നനുത്ത റുത്താബ് ഈന്തപ്പഴങ്ങൾ ശരിക്കും മാധുര്യമേറിയ ഒരു പഴംതന്നെയാണ്
സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക് പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്.
Dried dates, deglet noor (edible parts) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 280 kcal 1180 kJ | ||||||||||||||
| ||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
ഈന്തപ്പഴങ്ങൾ
[തിരുത്തുക]ഈന്തപ്പഴങ്ങൾ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലയ്ക്ക് അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വർണ്ണങ്ങളിലാണ് ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ് പുറപ്പെടുന്നത്, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട് പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്.

പഴങ്ങൾ പാകമാകുന്നതോടെ മാർക്കറ്റിൽ ഇവയ്ക്കായി പ്രത്യേകം സ്റ്റാളുകൾ തുറക്കും. പലവലിപ്പത്തിലും, നിറത്തിലും, രുചിയിലുമുള്ള പഴങ്ങൾ കുറഞ്ഞവിലയിൽ ധാരാളമായി സീസണിൽ ലഭിക്കും. പഴങ്ങളിൽ ജലാംശം കുറവാണ്. അതിനാൽ ഈന്തപ്പഴങ്ങൾ ഉണങ്ങിയാലും, പഴുത്തപഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.

ഉപോൽപ്പന്നങ്ങൾ
[തിരുത്തുക]ഈന്തപ്പനയോലയിൽനിന്നും, ചകിരിയിൽ നിന്നും ഉണ്ടാക്കുന്ന പായ, കുട്ടകൾ, തൊപ്പികൾ തുടങ്ങിയ കരകൗശലവസ്തുക്കൾ എന്നിവയും ഗൾഫ് നാടുകളിൽ ലഭ്യമാണ്. പണ്ടുകാലങ്ങളിൽ ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. പനയുടെ തടി പണ്ട് വീടുകളുടെ നിർമ്മാണത്തിനും, വഞ്ചികളുടെ നിർമ്മാണത്തിനും, ഇന്ധനമായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനക്കുരുവിൽനിന്നും എടുക്കുന്ന എണ്ണ; സോപ്പ്, കോസ്മെറ്റിക്സ് നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നുണ്ട്. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റകൂടിയാണ്.
പ്രജനനം
[തിരുത്തുക]ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് ഉണ്ടാകുന്നത് - അതിനാൽ ആൺപനയും പെൺപനയും ഉണ്ട്. കൃഷിത്തോട്ടങ്ങളിലും മറ്റും പെൺപനകളാണ് കൂടുതലായും നട്ടുവളർത്തുന്നത്. ഈന്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുക. ഒരു പനയുടെ ചുവട്ടിൽനിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും. ഈ കാണ്ഡങ്ങൾ വേർപിരിച്ചു നട്ടാണ് പുതിയ പനകൾ കൃഷിചെയ്യുന്നത്.

വിത്തുകൾ കിളിർപ്പിച്ചും പനംതൈകൾ വളർത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങൾക്ക് ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആൺ-പെൺ പനകൾ തിരിച്ചറിയുക പ്രായോഗികവുമല്ല. പ്രകൃത്യാ കാണപ്പെടുന്ന പനകൾ കായ്ക്കുന്നതിന് ഏഴുമുതൽ എട്ടുവരെ വർഷങ്ങൾ എടുക്കുമെങ്കിലും, ടിഷ്യു കൾച്ചർ വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന പനകൾ വളരെ ചെറിയപ്രായത്തിൽത്തന്നെ കായ്ച്ചു തുടങ്ങുന്നു.
അലങ്കാരത്തിന്
[തിരുത്തുക]ഗൾഫ് നാടുകളിലെ റോഡുകളുടെ ഓരങ്ങൾ, പാർക്കുകൾ എന്നിവ മോടിപിടിപ്പിക്കുന്നതിനും, കെട്ടിടങ്ങളുടെ ലാന്റ്‌സ്കേപ്പിംഗ് തുടങ്ങിയവയ്ക്കും ഈന്തപ്പനകൾ ധാരാളമായി ഉപയോഗിക്കുന്നു. വലിയ പനകൾ ഫാമുകളിൽനിന്നും അങ്ങനെതന്നെ പിഴുതുകൊണ്ടുവന്ന് പുതിയ സ്ഥലത്തേക്ക് നടുകയാണ് ചെയ്യുന്നത്. വളരെ വേഗത്തിൽ പുതിയ സ്ഥലത്ത് അവ വേരുപിടിക്കുകയും ചെയ്യും.
ആഹാരത്തിന്
[തിരുത്തുക]ഗൾഫ് രാജ്യങ്ങളിൽ പൊതുവേ, അറബ്‌വംശജരുടെ സൽക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങൾക്ക് സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. റംസാൻ മാസത്തോടനുബന്ധിച്ചുള്ള "നോമ്പുതുറക്കൽ" ഈന്തപ്പഴവും വെള്ളവും (അല്ലെങ്കിൽ എന്തെങ്കിലും പഴച്ചാറ്) കഴിച്ചുകൊണ്ടാണ് മുസ്ലിങ്ങൾ നിർവ്വഹിക്കുക. ഈന്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങൾ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ് ചെയ്തവ, ഈത്തപ്പഴ സിറപ്പ് അഥവാ ഈന്തപ്പഴത്തേൻ, ഈന്തപ്പഴ പേസ്റ്റ്, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിന്നാഗിരി, ഈന്തപ്പഴ ജ്യൂസ്, ഈന്തപ്പഴ ചോക്ലേറ്റ്, ഈന്തപ്പഴ ബിസ്കറ്റ് തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഉണ്ട്.
മധ്യേഷ്യയുടെ ചരിത്രത്തിൽ ഈന്തപ്പനയ്ക്കുള്ള പ്രാധാന്യം വളരെയധികമാണ്. W.H. Barreveld അതെക്കുറിച്ച് എഴുതുന്നു.
- "ഈന്തപ്പന ഇല്ലായിരുന്നെങ്കിൽ മനുഷ്യർ മധ്യേഷ്യയിലെ കൊടുംചൂടുള്ള വരണ്ട ഭൂഖണ്ടങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ പാടുപെട്ടേനേ. സാന്ദ്രീകൃതമായ ഊർജ്ജമടങ്ങിയതും സൂക്ഷിച്ചു വയ്ക്കാവുന്നതും മരുഭൂമിയിലെ ദീർഘയാത്രയിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു ഭക്ഷ്യവിഭവത്തിനുപരി വീട്ടാവശ്യങ്ങൾക്കും കൃഷി ഉപകരണങ്ങൾ ഉണ്ടാക്കുന്ന തടിയായും ഒരു മരത്തിന്റെ വേരുമുതൽ തലവരെ എല്ലാഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഉപയോഗപ്രദമാണ്." [1] അതിനാലാണ് ആ മരത്തെ കൽപ്പവൃക്ഷം എന്നു വിളിക്കുന്നത്. "അറബിനാട്ടിലെ കൽപ്പവൃക്ഷം" എന്ന പേരിന് ഈന്തപ്പന എന്തുകൊണ്ടും അർഹമാണ്.

രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം
ഗുണം :സ്നിഗ്ധം, രൂക്ഷം
വീര്യം :ശിതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഫലം [2]
ചിത്രശാല
[തിരുത്തുക]- ഈന്തപ്പനയുടെ ചിത്രങ്ങൾ
-
ആൺപൂവ് പെൺപൂവിൽ കെട്ടിയുള്ള പരാഗണം
-
ഈന്തപ്പനയുടെ പട്ടയിലുള്ള മുള്ള്
-
ഈന്തപ്പഴം
-
ഈന്തപ്പന - ചുവന്നയിനം
-
ഈന്തപ്പഴം പഴുത്ത് വരുന്നു
-
ഈന്തപ്പഴം പഴുത്ത് വരുന്നു
-
ഈന്തപ്പഴം പഴുത്ത് വരുന്നു
-
ഈന്തപ്പഴം പഴുത്ത് വരുന്നു
-
ഈന്തപ്പഴം പച്ച
അവലംബം
[തിരുത്തുക]- ↑ http://www.fao.org/docrep/t0681E/t0681e02.htm
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്