കാവേരിക്കുളം
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ് കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത[1] ഒരു ചെറിയ കുളം ഉള്ളതിനാലാണ് സ്ഥലത്തിന് ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സംരക്ഷിതവനപ്രദേശമാണ്. സ്വദേശികളായ ധാരാളം സഞ്ചാരികൾ വന്നുപോകുന്ന ഒരു പ്രദേശമാണിത്.
സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യം
[തിരുത്തുക]പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന് കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ് ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻനിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]മലയിടുക്കിലെ ഈ പ്രദേശം നല്ലൊരു ആവാസവ്യവസ്ഥയാണ്. ധാരാളം പക്ഷിമൃഗാദികൾ ഉള്ളതും മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ വളരെ കുറവുള്ളതുമായ ഒരു പ്രദേശമായിരുന്നു കാവേരിക്കുളം. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയർന്ന പ്രദേശമായിട്ടുകൂടി നല്ല നീരുറവയുള്ള ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയതാണ്. സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ കരസ്ഥമാക്കി വമ്പിച്ച രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവരുന്നുണ്ട്. ഇതോടൊപ്പം കരിങ്കൽ ഖനനം നല്ലരീതിയിൽ നടക്കുന്നതിനാൽ, പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങളെ പ്രദേശവാസികൾ കൂട്ടുചേർന്ന് എതിരിക്കുന്നുണ്ട്.[2]
എത്തിച്ചേരാൻ
[തിരുത്തുക]കാഞ്ഞങ്ങാട് നിന്നും 20 കിലോമീറ്റർ അകലെയാണ് ഒടയഞ്ചാൽ. ഒടയഞ്ചാലിൽ നിന്നും ഓട്ടോറിക്ഷയിലോ ജീപ്പിലോ ആയി നരയർ എന്ന സ്ഥലത്ത് എത്തിച്ചേരുക. നരയറിൽ നിന്നും ഒരു പഞ്ചായത്ത് റോഡ് കാവേരിക്കുളത്തിലേക്ക് ഉണ്ട്. മുക്കാൽ മണിക്കൂറോളം യാത്ര ചെയ്താൽ കാവേരിക്കുളത്ത് എത്തിച്ചേരാവുന്നതാണ്.
ചിത്രങ്ങൾ
[തിരുത്തുക]-
കാവേരിക്കുളത്തിൽ ഉള്ള നീർച്ചാൽ
-
കാവേരിക്കുളത്തോട് ചേർന്ന ജണ്ട
-
സമീപത്തെ പാറകൾ
-
കാവേരിക്കുളം വള്ളിപ്പടർപ്പുകളാൽ മൂടിയത്
-
കുളത്തിനകവശം
അവലംബം
[തിരുത്തുക]- ↑ "സമഗ്രവികസന രേഖ- കോടോം ബേളൂർ പഞ്ചായത്ത്" (PDF). Archived from the original (PDF) on 2019-07-24. Retrieved 2019-07-24.
- ↑ "കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധം - മാതൃഭൂമി പത്രം". Archived from the original on 2019-07-26. Retrieved 2019-07-26.