കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട് കോർപ്പറേഷൻ | |
11°16′58″N 75°47′22″E / 11.2827466°N 75.7895279°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
മേയർ | ബീനാ ഫിലിപ്പ് |
' | |
' | |
വിസ്തീർണ്ണം | 118.59 ച കി.മി[1]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 5,55,450 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കോഴിക്കോട് കോർപ്പറേഷൻ. കോഴിക്കോട് കോർപ്പറേഷന്റെ വിസ്തൃതി 118.59 ചതുരശ്രകിലോമീറ്റർ ആണ്[1].
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തൃശ്ശൂർ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവയാണ്. സി.പി.ഐ.എമ്മിലെ ബീന ഫിലിപ്പ് ഇപ്പോഴത്തെ കോഴിക്കോട് കോർപ്പറേഷൻ മേയർ[2].
ചരിത്രം
[തിരുത്തുക]1962 നവംബർ ഒന്നിനാണ് കോഴിക്കോട് കോർപ്പറേഷൻ നിലവിൽ വന്നത്[3]. അതിനു മുൻപ് 96 വർഷം കോഴിക്കോട് നഗരസഭയായിരുന്നു.
1793 മുതൽ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. മദിരാശി സർക്കാറിന്റെ ടൗൺ ഇംപ്രൂവ്‌മെന്റ് ആക്ട് പ്രകാരം 1865-ൽ നിയമാധിഷ്ഠിതമായ നഗരസഭകൾ രൂപംകൊണ്ടു. അങ്ങനെ 1866 ജൂലൈ 3-ന് കോഴിക്കോട് നഗരസഭ സ്ഥാപിതമായി. 36,602 ആയിരുന്നു ജനസംഖ്യ[3]. 19.9 ചതുരശ്ര നാഴികയായിരുന്നു അന്നു നഗരസഭയുടെ വിസ്തീർണ്ണം. മലബാർ കളക്ടർ പ്രസിഡന്റായി 11 അംഗങ്ങളാണ് 1866-ൽ രൂപീകരിച്ച നഗരസഭാ കൗൺസിലിൽ ഉണ്ടായിരുന്നത്. ഒപ്പം പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് സർജൻ യൂറോപ്യൻ വിഭാഗത്തിന്റെ ഒരു പ്രതിനിധി, രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ, ഒരു പാർസി, ഒരു മുസസ്ലിം, മറ്റു നാലു വ്യക്തികൾ, എക്‌സ് ഒഫീഷ്യോ മെമ്പറായി എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. 1866 ജൂലായ് 12-നാണ് കളക്ടർ ജി.എൻ. ബില്യാർഡിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നത്[3].
1871-ൽ നിയമ പരിഷ്കാരങ്ങൾ നടത്തൂകവഴി നഗരസഭയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നൽകി. ഇതിലൂടെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നവർക്കു മാത്രം കൗൺസിലർ ആകാനുള്ള പരിഷ്കാരം നിലവിൽവന്നു. 1884-ലെ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് നിയമത്തിലൂടെ കൗൺസിലർമാരിൽ നാലിൽ മൂന്നിനെ നികുതുദായകർ നേരിട്ടുതിരഞ്ഞെടുക്കാൻ സൗകര്യം ഉണ്ടാക്കി[3]. അതോടെ കളക്ടർ പ്രസിഡന്റാകുന്ന രീതിയും അവസാനിച്ചു. അതോടോപ്പം സർക്കാർ നിർദ്ദേശിക്കുന്നവരോ കൗൺസിലർമാർ തിരഞ്ഞെടുക്കുന്നവരോ ആയ വ്യക്തി ചെയർമാനാകുന്ന സ്ഥിതി നിലവിൽവന്നു. ഈ ചെയർമാനായിരുന്നു നഗരസഭയുടെ കാര്യനിർവഹണാധികാരി.
സ്വാതന്ത്ര്യ സമരത്തിനു അനുയോജ്യമായ നിലപാടെടുത്ത് 1942-ൽ നഗരസഭ ഒരു പ്രമേയം ഉണ്ടാക്കി. ഇതു പ്രശ്നങ്ങൾക്കു വഴിതെളിച്ചു. ഒടുവിൽ കൗൺസിലിനെ പിരിച്ചുവിട്ടു. പിന്നീട് കെ.പി. സൂര്യനാരായണ അയ്യർ ചെയർമാനായി പുതിയ കൗൺസിൽ രൂപംകൊണ്ടു[3]. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമാണ് പുതിയ കൗൺസിൽ അധികാരത്തിലെത്തിയത്. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1952-ൽ തിരഞ്ഞെടുപ്പു നടന്നു. 1956-ലെ കേരള പുനഃസംഘടന നടന്നതോടെ കോഴിക്കോട് കേരളത്തിന്റെ ഭാഗമായി മാറി. 1961 സെപ്റ്റംബർ 1-ന് യൂണിഫൈഡ് കേരള മുനിസിപ്പൽ ആക്ട് നിലവിൽ വന്നു. അതുവരെ മദ്രാസ് മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ചു പ്രവർത്തിച്ചിരുന്ന കോഴിക്കോട് നഗരസഭ കേരളത്തിലെ നിയമത്തിന്റെ കീഴിലായി[3].
1962 നവംബർ 1-ന് നഗരസഭയ്ക്ക് കോർപ്പറേഷൻ പദവി ലഭ്യമായി. പുതിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി കോർപ്പറേഷന്റെ വിസ്തീർണ്ണം 84.232 ചതുരശ്രകിലോമീറ്ററായി വർദ്ധിപ്പിച്ചു. അംഗങ്ങളുടെ എണ്ണം 45 ആയി ഉയർത്തി. ഒപ്പം കൗൺസിലിന്റെ കാലാവധി 5 വർഷമായി പുതുക്കി. 1974 മേയ് 10-ന് സഭയെ സർക്കാർ പിരിച്ചുവിടുകയും ഉദ്യോഗസ്ഥഭരണം നിലവിൽ വരികയും ചെയ്തു. പിന്നീട് 5 വർഷത്തിനു ശേഷമാണ് ജനാധിപത്യഭരണം നിലവിൽ വന്നത്. 1979 ഒക്ടോബർ മുതൽ 1997 ഒക്ടോബർ വരെയുള്ള കാലയളവിൽ രണ്ടു പ്രാവശ്യം കോർപ്പറേഷനിൽ ഉദ്യോഗസ്ഥഭരണം ഉണ്ടായിട്ടുണ്ട്[3].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-09-28. Retrieved 2011-11-26.
- ↑ "വി.കെ.സി. മമ്മദ് കോയ കോഴിക്കോട് മേയർ". Archived from the original on 2015-11-22. Retrieved 2015-12-03.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 കോഴിക്കോട് കോർപ്പറേഷന് 50 [പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗികവെബ്സൈറ്റ്
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine