ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ആലങ്ങാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | എറണാകുളം |
ലോകസഭാ മണ്ഡലം | എറണാകുളം |
നിയമസഭാ മണ്ഡലം | കളമശ്ശേരി |
ജനസംഖ്യ | 31,870 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 1008 ♂/♀ |
സാക്ഷരത | 91.55% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://lsgkerala.in/alangadpanchayat/ |
10°42′45″N 76°10′24″E / 10.712440°N 76.17320380°E എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആലങ്ങാട്. ചരിത്രപരമായി പലയിടത്തും പരാമർശിച്ചിട്ടുള്ള ഒരു നാമമാണ് ആലങ്ങാട് [1]. എറണാകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴെ വരുന്നതാണ് ആലങ്ങാട് എന്ന ഗ്രാമം. ആലങ്ങാട് ഗ്രാമത്തിനു നടുവിലൂടെ ആലുവ വരാപ്പുഴ റോഡ് കടന്നുപോകുന്നു. ആലങ്ങാട് വില്ലേജിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ആലങ്ങാട് പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കരുമാല്ലൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് കടുങ്ങല്ലൂർ, കരുമാല്ലൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് വരാപ്പുഴ, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളുമാണ്.
ചരിത്രം
[തിരുത്തുക]ചരിത്രത്തിൽ പലയിടത്തുമായി ആലങ്ങാട് ദേശത്തെക്കുറിച്ച് പറയുന്നുണ്ട്. ആലങ്ങാട് ദേശം എന്നത് പണ്ട് വളരെ വിസ്തൃതമായ ഒന്നായിരുന്നു. അതിന്റെ കേന്ദ്രമായിരുന്നു ഈ ഗ്രാമം. ആലങ്ങാട്, അയിരൂർ, ചെങ്ങമനാട്, കോതകുളങ്ങര, മഞ്ഞപ്ര തുടങ്ങിയ ഗ്രാമങ്ങൾ ചേർന്നതാണ് ഈ ദേശം. വികേന്ദ്രീകൃത ഭരണത്തിനായി തിരുവിതാംകൂറിൽ ആദ്യമായി രൂപീകരിക്കപ്പെട്ട വില്ലേജ് യൂണിയനുകളിൽ ഒന്നായിരുന്നു ആലങ്ങാട് വില്ലേജ് യൂണിയൻ. 1953 ലെ തിരുകൊച്ചി ആക്ട് പ്രകാരമാണ് ആലങ്ങാട് പഞ്ചായത്ത് സ്ഥാപിതമാവുന്നത്. ആലങ്ങാട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് പി.വി.ജോസഫായിരുന്നു.[2] ഇതിന്റെ ആസ്ഥാനം ഇന്നത്തെ നീറിക്കോട് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. 1953-ൽ തിരുകൊച്ചി ആക്ട് പ്രകാരം വില്ലേജ് പഞ്ചായത്ത് നിലവിൽ വന്നു.
ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള സ്ഥലമാണ് ആലങ്ങാട്. കുര്യാപ്പിള്ളി കോട്ട പിടിച്ചടക്കിയശേഷം ടിപ്പു തിരുവിതാംകൂറിനെ കീഴടക്കാൻ ആലുവയിലേക്ക് പോയത് ഈ പ്രദേശത്തുകൂടിയാണ്.[3] ആലങ്ങാട് പഞ്ചായത്തിൽ ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾ ഏകോദര ഒത്തൊരുമയോടുകൂടി വസിക്കുന്ന നല്ല അന്തരീക്ഷമാണ് നിലനിൽക്കുന്നത്. മങ്ങാട്ട് കൈമൾ എന്നുപേരുള്ള ജന്മിമാരായിരുന്നു അതുവരെ ഈ പ്രദേശം ഭരിച്ചിരുന്നത്.1756 ൽ സാമൂതിരി ആലങ്ങാട് പ്രദേശം ആക്രമിച്ചു കീഴടക്കി. അന്നുമുതൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ആലങ്ങാട് തിരുവിതാംകൂറിന്റെ സാമന്ത രാജ്യമായിരുന്നു.
ആലങ്ങാട് മുൻ കാലങ്ങളിൽ ധാരാളം കരിമ്പു കൃഷിയുണ്ടായിരുന്നു. കരിമ്പിന്റെ തമിഴ് പദമായ ആലൈക്ക് എന്നത് പരിണമിച്ചാവാം ആലങ്ങളുടെ നാട് അഥവാ ആലങ്ങാട് ഉണ്ടായതെന്നു കരുതപ്പെടുന്നു.[4] ആലങ്ങാടൻ ശർക്കരയെക്കുറിച്ച് കുഞ്ചൻ നമ്പ്യാരുടെ കൃതികളിലും പരാമർശമുണ്ട്.[5]
സുറിയാനി കത്തോലിക്കരുടെ രണ്ടാമത്തെ തദ്ദേശിയ മെത്രാപ്പോലീത്ത ആയിരുന്ന കുരിയാറ്റിൽ ഔസേപ്പ് മൽപ്പാൻ്റെ ജൻമദേശം ആലങ്ങാട് ആണ്.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് ആലങ്ങാട് ഗ്രാമപഞ്ചായത്തിനെ കുന്നുകൾ , സമതലങ്ങൾ , കുന്നിൻചരിവുകൾ , താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. ചരൽ ചേർന്ന ചെങ്കല്ലും , മണൽ ചേർന്ന കളിമണ്ണും ആണ് ഇവിടെ സാധാരണയായി കാണപ്പെടുന്നത്.
ജീവിതോപാധി
[തിരുത്തുക]പ്രധാന ജീവിതോപാധി കൃഷി തന്നെയാണ്. പലതരം കൃഷികൾ ഇവിടെ ചെയ്തുപോരുന്നു. മുഖ്യമായും നെല്ല്. ഇടവിളയായി പൊട്ടുവെള്ളരിയും , ചിലയിടങ്ങളിൽ തണ്ണിമത്തനും കൃഷിചെയ്യുന്നു. എന്നാൽ ഇതൊന്നും തന്നെ വ്യവസായികമായി ചെയ്യുന്നതല്ല. ഓരോ കുടുംബവും അവരവരുടെ ആവശ്യങ്ങൾക്കായി കൃഷി ചെയ്തുപോരുന്നു. എന്നാൽ ചിലയിടങ്ങളിൽ ആളുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി പട്ടുനൂൽപുഴുവും , വാഴയും , മറ്റും കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ പദ്ധതിയുടെ മേൽനോട്ടത്തിലാണ് ഇത്തരം പുതിയ രീതികൾ.
സ്വയം തൊഴിൽപോലുള്ള പദ്ധതികളെ പ്രോത്സാഹിപ്പിച്ച് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബാംഗങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗ്ഗം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ആലങ്ങാട് പഞ്ചായത്തിലും സജീവമാണ്.[6] കൂടാതെ എല്ലാ പഞ്ചായത്തിലും തൊഴിൽബാങ്ക് എന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിലും ഒരു തൊഴിൽ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ആരാധനാലയങ്ങൾ
[തിരുത്തുക]- ആലങ്ങാട് ഉണ്ണിയേശുവിന്റെ പള്ളി. ഇത് വളരെ പ്രശസ്തമായ ഒരു ക്രിസ്ത്യൻ ആരാധനാലയമാണ്. .യേശുദേവൻ ഉണ്ണിയായിരിക്കുമ്പോൾ ഉള്ള രീതിയിലാണ് ഇവിടെ കാണപ്പെട്ടുന്നത്. ഇത്തരം പള്ളികൾ കേരളത്തിൽ അപൂർവമത്രെ. ഇവിടുത്തെ ഉത്സവം തമുക്കു പെരുന്നാൾ എന്നറിയപ്പെടുന്നു. അരിപൊടി കൊണ്ടുണ്ടാക്കിയ അവലോസ് പൊടിയും പഴവും കൂടി കുഴച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് ഇവിടുത്തെ നേർച്ച. ഈ പലഹാരത്തെയാണ് തമുക്ക് എന്നു പറയുന്നത്. വലിയൊരു കുന്നിന്റെ മുകളിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത് , അതുകൊണ്ട് ഈ ഉത്സവം കുന്നേൽപള്ളി പെരുന്നാൾ എന്നും അറിയപ്പെടുന്നു. ജനുവരി മാസത്തിലാണ് ഈ പെരുന്നാൾ ആഘാഷിക്കുന്നത്.
- നീറിക്കോട് ശിവക്ഷേത്രം. കേരളത്തിന്റെ ചരിത്രത്തിൽ പ്രതിഷ്ഠ നേടിയ ഒരു ക്ഷേത്രം ആണിത്. ചരിത്രത്തിലാദ്യമായി കോടതിവിധിയിലൂടെ ഒരു ഈഴവൻ ശാന്തിയായി നിയമിക്കപ്പെട്ടു. കാലാകാലങ്ങളായി നമ്പൂതിരി ആളുകൾ പൂജ ചെയ്തിരുന്നിടത്ത് കോടതിവിധിയിലൂടെ ആ ജോലി ചെയ്യാനായി തയ്യാറായ ഒരാളാണ് ശ്രീ രാകേഷ്. പ്രശസ്തനായ ശ്രീ പറവൂർ ശ്രീധരൻ തന്ത്രികളുടെ മകനാണ് രാകേഷ്. കേരളമാകെ സാംസ്കാരികമായി ചലനങ്ങൾ സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി.
- സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ആലങ്ങാട്.
- ലോവർ പ്രൈമറി സ്ക്കൂൾ നീറിക്കോട്.
- ലോവർ പ്രൈമറി സ്ക്കൂൾ ഒളനാട്.
വ്യവസായം
[തിരുത്തുക]പ്രദേശത്ത ധാരാളമായി ലഭിച്ചിരുന്ന കളിമണ്ണുകൊണ്ടുള്ള ചുടുകട്ട അഥവാ ഇഷ്ടിക ആയിരുന്നു പ്രധാന വ്യവസായം. ചെറുകിടമായും , വൻകിടമായും ധാരാളം ആളുകൾ ഇത് നടത്തിപോന്നിരുന്നു. പക്ഷേ പുതിയ നിയമം മൂലം കളിമണ്ണു കുഴിച്ചെടുക്കാനാകാത്തതിനാൽ ഇത്തരം വ്യവസായങ്ങളെല്ലാം ഊർദ്ധശ്വാസം വലിക്കുകയാണ്. ==പ്രധാന വ്യക്തികൾ== മുൻനിയമസഭാ ഡെപ്യൂട്ടി സ്പീക്കർ കെ.പി.കൃഷ്ണമേനോൻ (ആലങ്ങാട്) മുൻ നിയമസഭാ സാമാജികനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രീ വർക്കി പൈനാടൻ ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോടുകാരനാണ്.
- എം.എൻ.സോമൻ - ശ്രീ നാരായണ ധർമ്മ പരിപാലനയോഗത്തിന്റെ നിലവിലുള്ള പ്രസിഡന്റാണ് ഇദ്ദേഹം. ഇദ്ദേഹം നീറിക്കോടുകാരനാണ്.
വാർഡുകൾ
[തിരുത്തുക]- നീറിക്കോട് വെസ്റ്റ്
- നീറിക്കോട് ഈസ്റ്റ്
- പഞ്ചായത്ത് ഹെഡ്ഡ്ക്വാട്ടേഴ്സ്
- കൊടുവഴങ്ങ നോർത്ത്
- ഇരവിപുരം
- കോട്ടപ്പുറം
- മാളികംപീടിക
- ആലങ്ങാട്
- തിരുവാലൂർ
- കുന്നേൽ
- കൊടുവഴങ്ങ
- പാനായിക്കുളം
- മേത്താനം
- ചിറയം
- കൊങ്ങോർപ്പിളളി ഈസ്റ്റ്
- ഒളനാട്
- തിരുമുപ്പം
- കൊങ്ങോർപ്പിള്ളി വെസ്റ്റ്
- പഴമ്പിള്ളി
- കരിങ്ങാംതുരുത്ത് സൗത്ത്
- കരിങ്ങാതുരുത്ത് നോർത്ത്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | ആലങ്ങാട് |
വിസ്തീർണ്ണം | 18.35 |
വാർഡുകൾ | 21 |
ജനസംഖ്യ | 31870 |
പുരുഷൻമാർ | 15873 |
സ്ത്രീകൾ | 15997 |
മൊത്തം സാക്ഷരത | 91.55 |
അവലംബം
[തിരുത്തുക]- ↑ ശരണമയ്യപ്പ വെബസൈറ്റ് Archived 2011-09-15 at the Wayback Machine. പത്താം ഖണ്ഡിക നോക്കുക.
- ↑ "ആലങ്ങാട് പഞ്ചായത്ത് രൂപീകരണം". തദ്ദേശസ്വയംഭരണ വകുപ്പ്.
- ↑ "ആലങ്ങാടിന്റെ ചരിത്രം". തദ്ദേശസ്വയംഭരണവകുപ്പ്. Archived from the original on 2014-01-09. Retrieved 2013-07-28.
ടിപ്പുവിന്റെ പടയോട്ടം
- ↑ "ആലങ്ങാട് എന്ന പേരിനു പിന്നിൽ". തദ്ദേശസ്വയംഭരണ വകുപ്പ്.
- ↑ "ആലങ്ങാടൻ ശർക്കര". തദ്ദേശസ്വയംഭരണവകുപ്പ് (കേരള സർക്കാർ). Archived from the original on 2014-01-09. Retrieved 2013-07-28.
ആലങ്ങാടിന്റെ ചരിത്രം
- ↑ "ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളുടെ വരുമാനമാർഗ്ഗം". തദ്ദേശസ്വയംഭരണവകുപ്പ്. Archived from the original on 2014-01-11. Retrieved 2013-07-28.
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ
- ↑ "ആലങ്ങാട് പഞ്ചായത്ത് സ്ഥിതിവിവരകണക്കുകൾ". തദ്ദേശസ്വയംഭരണവകുപ്പ്. Archived from the original on 2014-01-11. Retrieved 2013-07-28.