അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°3′57″N 75°55′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പുകയൂർ, കൊട്ടംചാൽ, വലിയപറമ്പ്, ചെപ്പ്യാലം, കുന്നുംപുറം, പുതിയത്തുപ്പുറായ, പാലമഠത്തിൽചിന, ചെണ്ടപ്പുറായ ഈസ്റ്റ്, എ.ആർ നഗർ ബസാർ, കക്കാടംപുറം, കൊടക്കല്ല്, വി.കെ പടി, ഇരുമ്പുചോല, ചെണ്ടപ്പുറായ വെസ്റ്റ്, ഉള്ളാട്ട്പറമ്പ്, കൊളപ്പുറം സൌത്ത്, കൊളപ്പുറം നോർത്ത്, കൊളപ്പുറം സെൻറർ, പാലന്തറ, മമ്പുറം, വെട്ടത്തുബസാർ |
ജനസംഖ്യ | |
ജനസംഖ്യ | 30,078 (2001) |
പുരുഷന്മാർ | • 14,593 (2001) |
സ്ത്രീകൾ | • 15,485 (2001) |
സാക്ഷരത നിരക്ക് | 86.21 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221590 |
LSG | • G101001 |
SEC | • G10072 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാൻ നഗർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, മൂന്നിയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂർ, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 9 കിലോമീറ്റർ സമദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനു അയൽപഞ്ചായത്തുകളുടെ പകുതി വിസ്തൃതിയേ ഉള്ളൂ. കൊടുവായൂർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു.
പഞ്ചായത്ത് രൂപീകരണം
[തിരുത്തുക]1963 ഡിസംബർ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു.
പേരിനു പിന്നിൽ
[തിരുത്തുക]കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം. എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്.
വാർഡുകൾ
[തിരുത്തുക]- വലിയപറമ്പ്
- പുകയൂർ
- കൊട്ടൻചാൽ
- പുതിയത്ത്പുറായ
- പാലമഠത്തിൽചിന
- ചെപ്പിയാലം
- കുന്നുംപുറം
- കക്കാടംപുറം
- കൊടക്കല്ല്
- ചെണ്ടപ്പുറായ ഈസ്റ്റ്
- ഏ.ആർ.നഗർ ബസാർ
- ചെണ്ടപ്പുറം വെസ്റ്റ്
- ഉളളാട്ടുപറമ്പ്
- വി.കെ.പടി
- ഇരുമ്പുചോല
- കൊളപ്പുറം നോർത്ത്
- കൊളപ്പുറം സെൻറർ
- കൊളപ്പുറം സൗത്ത്
- മമ്പുറം
- വെട്ടത്തുബസാർ
- പാലാന്തറ