Jump to content

കെ.ആർ. ഗൗരിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.R. Gowri Amma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ആർ. ഗൗരിയമ്മ
കേരളത്തിന്റെ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 5 1957 – ജൂലൈ 31 1959
പിൻഗാമികെ. ചന്ദ്രശേഖരൻ
കേരളത്തിന്റെ റവന്യൂ, നിയമം, സിവിൽ സപ്ലൈസ്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 6 1967 – നവംബർ 1 1969
മുൻഗാമിടി.എ. തൊമ്മൻ, ഇ.പി. പൗലോസ്
പിൻഗാമികെ.ടി. ജേക്കബ്
കേരളത്തിന്റെ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
മുൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
കേരളത്തിന്റെ വ്യവസായം, വിജിലൻസ്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 2 1987 – ജൂൺ 17 1991
മുൻഗാമിഇ. അഹമ്മദ്,
പിൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
കേരളത്തിന്റെ കൃഷി, കയർ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 17 2001 – മേയ് 12 2006
മുൻഗാമികൃഷ്ണൻ കണിയാംപറമ്പിൽ
പിൻഗാമിമുല്ലക്കര രത്നാകരൻ, ജി. സുധാകരൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ജനുവരി 25 1980 – മേയ് 12 2006
മുൻഗാമിപി.എസ്. ശ്രീനിവാസൻ
പിൻഗാമിഎ.എം. ആരിഫ്
മണ്ഡലംഅരൂർ
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിപി.എസ്. കാർത്തികേയൻ
പിൻഗാമിപി.എസ്. ശ്രീനിവാസൻ
മണ്ഡലംഅരൂർ
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎൻ. പ്രഭാകര തണ്ടാർ
മണ്ഡലംചേർത്തല
വ്യക്തിഗത വിവരങ്ങൾ
ജനനം
കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ

(1919-07-14)ജൂലൈ 14, 1919
അന്ധകാരനഴി
മരണം11 മേയ് 2021(2021-05-11) (പ്രായം 101)
രാഷ്ട്രീയ കക്ഷിസി.പി.ഐ., ജെ.എസ്സ്.എസ്സ്, സി.പി.ഐ.എം
പങ്കാളിടി.വി. തോമസ്
മാതാപിതാക്കൾ
  • കെ.എ. രാമൻ (അച്ഛൻ)
  • ആറുമുറിപറമ്പിൽ പാർവ്വതിയമ്മ (അമ്മ)
വസതിആലപ്പുഴ
As of 12 മെയ്, 2021
ഉറവിടം: കേരള നിയമസഭ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[1][2][3] 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.[4][5][6][7][8][9]

ജീവിതരേഖ

[തിരുത്തുക]

ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്.[10] [11] [12][13] തുറവൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.[14] മഹാരാജാസിൽ ഇന്റെർമീഡിയേറ്റിനു ചേർന്നപ്പോൾ കവി ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിച്ചിരുന്നത് ഗൗരിയമ്മയോടു കൂടെ ആയിരുന്നു.[15] കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു.[14] വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു[16] വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ, 2021 മേയ് മാസം 11നു തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു.

വഹിച്ച പദവികൾ

[തിരുത്തുക]
  • 1946 : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു
  • 1947 : കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ
  • 1964 : കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ചേർന്നു
  • 1964 : മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം
  • 1960-1984 : സംസ്ഥാന പ്രസിഡൻറ്, കേരള കർഷക സംഘം
  • 1967-1976 : സംസ്ഥാന പ്രസിഡൻറ്, കേരള മഹിളാസംഘം
  • 1976-1987 : സംസ്ഥാന സെക്രട്ടറി, കേരള മഹിളാസംഘം
  • 1987-1991 : സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
  • 1991 : പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി
  • 1994-ൽ : സി.പി.എമ്മിൽ നിന്ന് പുറത്താക്കി
  • 1994-ൽ : പുതിയ പാർട്ടി ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപീകരിച്ചു.
  • 1994-2019 : ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി
  • 1994-2016 : യു.ഡി.എഫ് ഘടകകക്ഷി
  • 2016 : മുതൽ ഇടതു മുന്നണിയിൽ ക്ഷണിതാവ്
  • 1951, 1954 : തിരു-കൊച്ചി നിയമസഭാംഗം
  • 1957, 1960 : നിയമസഭാംഗം, ചേർത്തല
  • 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 : നിയമസഭാംഗം, അരൂർ
  • 1957-1959 : റവന്യൂ, എക്സൈസ് വകുപ്പ് മന്ത്രി
  • 1967-1969 : റവന്യൂ, എക്സൈസ്, പൊതുവിതരണം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
  • 1980-1981 : സാമൂഹികക്ഷേമം, കൃഷി വകുപ്പ് മന്ത്രി
  • 1987-1991 : വ്യവസായ വകുപ്പ് മന്ത്രി
  • 2001-2004 : കൃഷി, കയർ വകുപ്പ്മന്ത്രി
  • 2004-2006 : കൃഷി, മൃഗസംരക്ഷണം, കയർ വകുപ്പ് മന്ത്രി[17]
  • 1977-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനോടും 2006-ൽ അരൂരിൽ നിന്ന് സി.പി.എമ്മിലെ എ.എം.ആരിഫിനോടും[18] 2011-ൽ ചേർത്തലയിൽ നിന്ന് സി.പി.ഐയിലെ പി.തിലോത്തമനോടും പരാജയപ്പെട്ടു[19][20][21]

രാഷ്ട്രീയ റെക്കോർഡുകൾ

[തിരുത്തുക]
  • ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വനിത : 16,874 ദിവസം (43 വർഷം)
  • ഏറ്റവും കൂടുതൽ കാലം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന വനിത : 5824 ദിവസം
  • ഇതുവരെ 12 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ ആകെ 8 തവണ വിജയിക്കുകയും നാല് തവണ പരാജയപ്പെടുകയും ചെയ്തു
  • മൊത്തം 6 മന്ത്രിസഭകളിൽ അംഗമായ ഗൗരിയമ്മ 1977 ഒഴിച്ചുള്ള ഇടതുമുന്നണി സർക്കാരുകളിലും 1996 ഒഴിച്ചുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരുകളിലും മന്ത്രിയായിരുന്നു
  • 1957-ൽ ഇ.എം.എസ് സർക്കാർ മുതൽ 2001-ലെ എകെ ആൻ്റണി സർക്കാർ വരെയുള്ള കേരള നിയമസഭകളിൽ 1991 വരെ ഇടതു മുന്നണിയിലും 2001 മുതൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലും മന്ത്രിയായിരുന്നു[22]

രാഷ്ട്രീയജീവിതം

[തിരുത്തുക]
കെ.ആർ. ഗൗരിയമ്മ 2013

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു.[12][23] 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്.[12] 1957,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും അവർ അംഗമായിരുന്നു.[12] കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു് പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗം ആയിരുന്ന ഇവർ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് അവരെന്ന് പറയപ്പെടുന്നു. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്.[24]. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ[12]

[തിരുത്തുക]
  • 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിൿഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
  • 1957-ലെ ട്രാവങ്കൂർ കൊച്ചിൻ ലാന്റ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
  • 1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം)
  • 1958-ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
  • 1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം)
  • 1958-ലെ കേരള വെയ്റ്റ് & മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
  • 1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
  • 1960-ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം)
  • 1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം)
  • 1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
  • 1987-ലെ കേരളാ പബ്ലിൿ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
  • 1991-ലെ വനിതാ കമ്മീഷൻ ആക്റ്റ്

ഒന്നാം കേരള മന്ത്രിസഭയിൽ

[തിരുത്തുക]

1957ൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, 1957ലെ ഭൂപരിഷ്കരണ ബിൽ എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് അവതരിപ്പിച്ചത്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ് കാർഷിക ബന്ധ ബിൽ സഭയിൽ അവതരിപ്പിച്ചത്. വിമോചന സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ ഒന്നാം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടു.

കേരളകാർഷികപരിഷ്കരണനിയമം

[തിരുത്തുക]

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ടു്.[12][25]

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ

[തിരുത്തുക]

കേരളത്തിലെ രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ (1967 മാർച്ച് 6 - 1969 നവംബർ 1) റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതല ഗൗരിയമ്മ വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. 3.5 ദശലക്ഷം കുടിയേറ്റക്കാരും 500,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.[25][26]

ഒന്നാം നായനാർ മന്ത്രിസഭയിൽ

[തിരുത്തുക]
ഗൗരിയമ്മ ഒരു പൊതു പരിപാടിയിൽ

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ രൂപീകൃതമായ ആദ്യ മന്ത്രിസഭയിലും (1980 ജനുവരി 25 - 1981 ഒക്ടോബർ 20) ഗൗരിയമ്മ അംഗമായിരുന്നു. കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകളാണ് അവർ കൈകാര്യം ചെയ്തത്. [27]

കൃതികൾ

[തിരുത്തുക]
ഗൗരിയമ്മ 2018

ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.[28]

അവലംബം

[തിരുത്തുക]
  1. https://www.oneindia.com/2006/05/11/k-r-gouri-beaten-in-home-turf-1147333185.html
  2. https://www.indiatoday.in/india/story/legendary-communist-leader-kr-gowri-amma-turns-100-1553350-2019-06-21
  3. https://www.newindianexpress.com/states/kerala/2020/jul/07/veteran-of-many-political-struggles-gouri-amma-turns-101-on-tuesday-2166364.html
  4. "തൊട്ടടുത്തെത്തി വഴുതിയ മുഖ്യമന്ത്രിപദം; തള്ളിപ്പറഞ്ഞ്, പുറത്താക്കി പാർട്ടി". ManoramaOnline. Retrieved 2021-05-11.
  5. MK, Vaisakhan (2021-05-11). "കെആർ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ". https://malayalam.oneindia.com. Retrieved 2021-05-11. {{cite web}}: External link in |website= (help)
  6. Radhakrishnan, S. Anil (2021-05-11). "Veteran Communist leader K R. Gouri Amma no more". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-11.
  7. "JSS leader K R Gouri Amma, 102, no more". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-11.
  8. "Veteran Kerala politician KR Gowri Amma critical, admitted to ICU". The News Minute (in ഇംഗ്ലീഷ്). 2021-05-06. Retrieved 2021-05-11.
  9. https://www.manoramaonline.com/news/latest-news/2021/05/11/kr-gowriamma-passes-away.html
  10. "കേരള നിയമസഭ". Archived from the original on 2019-01-10. Retrieved 2017-07-15.
  11. നിയമസഭ പഴയ സൈറ്റ്
  12. 12.0 12.1 12.2 12.3 12.4 12.5 നിയമനിർമ്മാണസഭയുടെ ശതോത്തരരജതജൂബിലി സ്മരണിക - രണ്ടാം ഭാഗം. തിരുവനന്തപുരം: ജി. കാർത്തികേയൻ, സ്പീക്കർ, കേരള നിയമസഭ. 2014. pp. 53, 59.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-11. Retrieved 2011-03-08.
  14. 14.0 14.1 "KR Gowri Amma". Mahilalu - power of women's movement. Retrieved 2016 മാർച്ച് 31. {{cite web}}: |archive-url= requires |archive-date= (help); Check date values in: |access-date= (help)
  15. ചങ്ങമ്പുഴയോടൊപ്പം
  16. https://thewire.in/film/malayalam-lal-salam-thomas-gowri
  17. https://www.thehindu.com/news/national/kerala/veteran-communist-leader-turns-99/article24308631.ece
  18. https://resultuniversity.com/election/aroor-kerala-assembly-constituency
  19. http://www.niyamasabha.org/codes/min17.htm
  20. https://www.newindianexpress.com/states/kerala/2011/may/14/gowri-jss-down-and-out-253061.amp
  21. https://www.thenewsminute.com/article/story-gowri-amma-one-keralas-tallest-woman-politicians-turns-100-104044
  22. https://www.onmanorama.com/news/kerala/2021/05/11/kr-gowri-comrade-of-the-masses.amp.html
  23. ശതോത്തരരജതജൂബിലി സ്മരണിക - കേരളനിയമസഭ. Vol. 1. തിരുവനന്തപുരം: സ്പീക്കർ, കേരള നിയമസഭാ സെക്രട്ടറിയേറ്റ്. 2014.
  24. "തൊണ്ണൂറ്റിയഞ്ചിലും ഗൗരിയമ്മയുടെ ചിട്ടകൾക്ക് ചെറുപ്പം". മാതൃഭൂമി ദിനപത്രം. 14 ജൂലൈ 2014. Archived from the original on 2014-07-14. Retrieved 14 ജൂലൈ 2014. {{cite web}}: Cite has empty unknown parameter: |11= (help)
  25. 25.0 25.1 Staff Reporter (Feb 18, 2008). "Land Reforms Act no longer relevant, says Industries Secretary". http://www.thehindu.com. The Hindu. {{cite web}}: External link in |website= (help)
  26. "Land reforms reshaped state: Prof P K Michael Tharakan". www.deccanchronicle.com (in ഇംഗ്ലീഷ്).
  27. "COUNCIL OF MINISTERS SINCE 1957 - SIXTH KLA - CHIEF MINISTER : SHRI. E. K. NAYANAR". കേരള നിയമസഭ. കേരള സർക്കാർ. Retrieved 2018-03-07.
  28. "Kerala Sahitya Akademi Awards announced". Retrieved 2021-05-11.
"https://ml.wikipedia.org/w/index.php?title=കെ.ആർ._ഗൗരിയമ്മ&oldid=4093421" എന്ന താളിൽനിന്ന് ശേഖരിച്ചത്